ആയുഷ്
ഇന്ത്യയിലെ ആദ്യ സംയോജിത അര്‍ബുദ ഗവേഷണ പരിചരണ കേന്ദ്രത്തിന് ഗോവയിലെ അഖിലേന്ത്യ ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (എഐഐഎ) തുടക്കം കുറിച്ച് കേന്ദ്ര ആയുഷ് മന്ത്രാലയം
Posted On:
27 SEP 2025 4:49PM by PIB Thiruvananthpuram
സംയോജിത വൈദ്യശാസ്ത്രത്തിലൂടെ അര്‍ബുദ പരിചരണത്തിൽ മാറ്റം കൊണ്ടുവരുന്നതിനുള്ള സുപ്രധാന ചുവടുവെപ്പിന്റെ ഭാഗമായി പത്താമത് ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ച് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഗോവ ധർഗലിലെ അഖിലേന്ത്യാ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടില്‍ (എഐഐഎ) സംയോജിത അര്‍ബുദ ഗവേഷണ പരിചരണ കേന്ദ്രം (ഐഒആര്‍സിസി) ഉദ്ഘാടനം ചെയ്തു. പരമ്പരാഗത - ആധുനിക വൈദ്യശാസ്ത്ര സമ്പ്രദായങ്ങളെ സംയോജിപ്പിച്ച് രോഗി-കേന്ദ്രീകൃതമായും തെളിവുകളുടെ അടിസ്ഥാനത്തിലും അര്‍ബുദ ചികിത്സ നൽകാന്‍ രൂപകല്പന ചെയ്ത രാജ്യത്തെ ഇത്തരത്തിലെ ആദ്യ സ്ഥാപനമാണിത്.

ഇന്ത്യയിലെ ഇത്തരത്തിലെ ആദ്യ കേന്ദ്രം
ആയുർവേദം, യോഗ, ഫിസിയോതെറാപ്പി, ഡയറ്റ് തെറാപ്പി, പഞ്ചകർമ, ആധുനിക അര്‍ബുദ ചികിത്സ എന്നിവയെ ഒരു കുടക്കീഴിൽ സംയോജിപ്പിക്കുന്ന രാജ്യത്തെ ആദ്യ ബഹുതല കേന്ദ്രങ്ങളിലൊന്നാണ് ഐഒആർസിസി. സമഗ്ര പുനരധിവാസ സേവനങ്ങളിലൂടെ അര്‍ബുദ രോഗികളെ പിന്തുണയ്ക്കുന്നതിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് രോഗി-കേന്ദ്രീകൃത സമ്പൂര്‍ണ പരിചരണം നൽകാനാണ് കേന്ദ്രം രൂപകല്പന ചെയ്തിരിക്കുന്നത്.
ആരോഗ്യ പരിചരണരംഗത്തെ നൂതനാശയങ്ങള്‍ക്ക് ഉത്തേജകമായി ആയുഷ്
ആയുഷ് മന്ത്രാലയത്തിന്റെ വിശാല കാഴ്ചപ്പാട് കേന്ദ്രമന്ത്രി ശ്രീ പ്രതാപ്‌റാവു ജാദവ് എടുത്തുപറഞ്ഞു:
"പരമ്പരാഗത വിജ്ഞാന സമ്പ്രദായങ്ങളെ ആധുനിക വൈദ്യശാസ്ത്രവുമായി സംയോജിപ്പിക്കുന്ന മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ആയുഷ് മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. പരമ്പരാഗത അര്‍ബുദ ചികിത്സയ്ക്ക് പൂരകമായി തെളിവുകളുടെ അടിസ്ഥാനത്തില്‍ സമഗ്ര പുനരധിവാസം നല്‍കുന്ന സംയോജിത അര്‍ബുദ ഗവേഷണ പരിചരണ കേന്ദ്രം ഇതിനുദാഹരണമാണ്. ഇത് രോഗികളുടെ ജീവിതനിലവാരവും മാനസിക-സാമൂഹ്യ ക്ഷേമവും മെച്ചപ്പെടുത്തുന്നു."
ഈ കാഴ്ചപ്പാട് ആവര്‍ത്തിച്ച ശ്രീ ശ്രീപദ് യെശോ നായിക് കൂട്ടിച്ചേർത്തു:
"ഗോവയിലെ എഐഐഎയിൽ സ്വീകരിച്ച ഈ നൂതന മാതൃക സങ്കീർണ ആരോഗ്യ വെല്ലുവിളികളിലൂടെ കടന്നുപോകുന്ന അനേകം കുടുംബങ്ങൾക്ക് പുതിയ പ്രതീക്ഷ നൽകുന്നു. അര്‍ബുദത്തിന് മാത്രമല്ല, നാഡീസംബന്ധവും വളര്‍ച്ചാസംബന്ധവുമായ വൈകല്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും ഇത്തരം പുനരധിവാസ സേവനങ്ങൾ സുപ്രധാന പങ്കുവഹിക്കുന്നു."
ദേശീയ ആരോഗ്യ സംയോജനത്തിലേക്ക് ഒരു ചുവട്
പരമ്പരാഗത സമ്പ്രദായങ്ങളുടെ അറിവിനെ ആധുനിക വൈദ്യശാസ്ത്രത്തിന്റെ കൃത്യതയുമായി സംയോജിപ്പിച്ച് രാജ്യത്തെ ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുന്നതിലെ ഈ സുപ്രധാന ചുവടുവെയ്പ്പ് രാജ്യത്തുടനീളം മാതൃകയാക്കാവുന്ന രീതിയാണ് മുന്നോട്ടുവെയ്ക്കുന്നത്.
****************
(Release ID: 2172188)
Visitor Counter : 11