വിനോദസഞ്ചാര മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയം 'വിനോദസഞ്ചാരവും സുസ്ഥിര പരിവർത്തനവും' എന്ന പ്രമേയത്തിൽ ലോക വിനോദസഞ്ചാര ദിനം ആഘോഷിച്ചു

Posted On: 27 SEP 2025 12:55PM by PIB Thiruvananthpuram

'വിനോദസഞ്ചാരവും സുസ്ഥിര പരിവർത്തനവും' എന്ന പ്രമേയത്തിൽ  ശനിയാഴ്ച (2025 സെപ്റ്റംബർ 27) കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയം, 2025-ലെ ലോക വിനോദസഞ്ചാര ദിനം ആഘോഷിച്ചു. ഐക്യരാഷ്ട്രസഭയുടെ ലോക വിനോദസഞ്ചാര സംഘടന(യുഎൻ ഡബ്ല്യു.ടി.ഒ)യുടെ പ്രമേയത്തെ പ്രതിഫലിപ്പിക്കുന്ന ഈ പരിപാടി, സുസ്ഥിര പരിവർത്തനത്തിൽ വിനോദസഞ്ചാരത്തിന്റെ പങ്കിനെയും 'വികസിത ഭാരതം 2047' എന്ന ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയിൽ അതിനുള്ള പ്രാധാന്യത്തെയും എടുത്തുകാണിച്ചു.

സുസ്ഥിര വിനോദസഞ്ചാരത്തിന് ജൈവവൈവിധ്യത്തെ എങ്ങനെ സംരക്ഷിക്കാനും ഉപജീവനമാർഗ്ഗങ്ങൾ സൃഷ്ടിക്കാനും കഴിയുമെന്ന് ആഗോളതലത്തിൽ വിവിധ രാജ്യങ്ങൾ തെളിയിച്ചിട്ടുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച നീതി ആയോഗ് വൈസ് ചെയർപേഴ്സൺ പറഞ്ഞു. ഇന്ത്യയ്ക്കും ഇതേ സാധ്യതകളുണ്ട്. പക്ഷെ നമ്മുടെ നയരൂപീകരണ വൈദഗ്ധ്യത്തിന്റെ ഭാഗമായല്ല, മറിച്ചു, കാതലായ ഭാഗത്ത് തന്നെ സുസ്ഥിരത ഉൾപ്പെടുത്തണം. ഈ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി നമുക്ക് സംയോജനം ആവശ്യമാണ്: ഗതാഗതം, നഗരവികസനം, ഡിജിറ്റൽ സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ കൈകോർത്ത് പ്രവർത്തിക്കേണ്ടതുണ്ട്. 

2047 ലെ വികസിത ഭാരതത്തിലേക്ക് ഉറ്റുനോക്കവെ,  ഹരിതവും, എല്ലാവരെയും ഉൾച്ചേർക്കുന്നതും, ഭാവിയ്ക്ക് അനുയോജ്യവുമായ ഒരു വിനോദസഞ്ചാര മേഖലയായിരിക്കണം നാം വിഭാവനം ചെയ്യേണ്ടത്. അവിടെ സമൂഹങ്ങളെന്നത് പങ്കാളികൾ മാത്രമല്ല, ഗുണഭോക്താക്കളുമാണ്. അവിടെ ഇന്ത്യയുടെ സാംസ്‌കാരികവും പ്രകൃതിദത്തവുമായ സമ്പത്ത് ലോകത്തിന് മുമ്പാകെ അഭിമാനത്തോടെ പ്രദർശിപ്പിക്കപ്പെടുന്നു.

സ്വദേശ് ദർശൻ 2.0,  തീർഥാടന പുനരുജ്ജീവന ആത്മീയ പൈതൃക മെച്ചപ്പെടുത്തൽ യജ്ഞം(പിൽഗ്രിമേജ് റീജുവനേഷൻ ആൻഡ് സ്പിരിച്ച്വൽ, ഹെറിറ്റേജ് ആഗ്മെന്റേഷൻ ഡ്രൈവ്) തുടങ്ങിയ പദ്ധതികൾ ഉയർത്തിക്കാട്ടിക്കൊണ്ട്, പരിസ്ഥിതി സൗഹൃദ താമസസൗകര്യങ്ങൾ, ഗ്രാമീണ, ഗ്രാമ വിനോദസഞ്ചാരം, നവീകരിച്ച ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ സാങ്കേതിക പുരോഗതി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ഇന്ത്യയുടെ സുസ്ഥിരമായ ശ്രമങ്ങളെ കേന്ദ്ര വിനോദസഞ്ചാര സഹമന്ത്രി ഊന്നിപ്പറഞ്ഞു.

 

നെറ്റ്ഫ്‌ളിക്‌സ്, അതിഥി ഫൗണ്ടേഷൻ, പ്രമുഖ ഓൺലൈൻ ട്രാവൽ ഏജൻസികൾ (ഒ.ടി.എ) എന്നിവരുമായി ധാരണാപത്രങ്ങളിൽ ഒപ്പുവച്ചത് വിനോദസഞ്ചാര ദിനാഘോഷത്തിന്റെ പ്രധാന പരിണതഫലങ്ങളിൽ ഉൾപ്പെട്ടു. 

വിനോദസഞ്ചാര അടിസ്ഥാനസൗകര്യ പദ്ധതികളുടെ തത്സമയ നിരീക്ഷണത്തിനും നിർവഹണത്തിനുമായി കാര്യക്ഷമതയും സുതാര്യതയും വർധിപ്പിക്കുന്നതിനുള്ള ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോം ലഭ്യമാക്കിക്കൊണ്ട്, പദ്ധതി നിർവഹണ വിവര സംവിധാനം (പ്രോജക്ട് മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം) ചടങ്ങിൽ ആരംഭിച്ചു. 

കൂടാതെ, അന്താരാഷ്ട്ര, ആഭ്യന്തര വരവുകൾ, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, ശക്തമായ സാമ്പത്തിക സംഭാവനകൾ എന്നിവ രേഖപ്പെടുത്തുന്ന ഇന്ത്യൻ വിനോദസഞ്ചാര ഡാറ്റ സംഗ്രഹ (ഇന്ത്യ ടൂറിസം ടാറ്റ കോമ്പെൻഡിയം)ത്തിന്റെ 66-ാമത് പതിപ്പ് മന്ത്രാലയം പുറത്തിറക്കി. അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ വരവിൽ ഇന്ത്യ ഇപ്പോൾ ആഗോളതലത്തിൽ 20-ാം സ്ഥാനത്താണ്, കൂടാതെ വിനോദസഞ്ചാര അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നത് തുടരുകയും ചെയ്യുന്നു.

ജൻ സമർഥ് പോർട്ടൽ വഴി വായ്പയ്ക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് ഘട്ടം ഘട്ടമായി മാർഗ്ഗനിർദ്ദേശം നൽകുന്ന ബുക്ക്‌ലെറ്റ്, 'ഹോംസ്റ്റേകൾക്കുള്ള മുദ്ര വായ്പകൾക്കായുള്ള വഴികാട്ടി' എന്ന ശീർഷകത്തിൽ പുറത്തിറക്കി.

 

സുസ്ഥിരവും, എല്ലാവരെയും ഉൾച്ചേർക്കുന്നതും, സമൃദ്ധവുമായ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള ഒരു മുന്നേറ്റമായി വിനോദസഞ്ചാരത്തെ  മാറ്റാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയം 2025-ലെ ലോക വിനോദസഞ്ചാര ദിനാചരണം വീണ്ടും ഉറപ്പിച്ചു. നൂതാനാശയങ്ങൾ, വിവിധ മേഖലകളിലെ സമന്വയം, ജനകേന്ദ്രീകൃത വികസനം എന്നിവ സ്വീകരിച്ചുകൊണ്ട് അത് ലോക വേദിയിൽ രാജ്യത്തിന്റെ നേതൃത്വം പ്രകടമാക്കുന്നു.

ഇന്ത്യയുടെ 2025-ലെ വിനോദസഞ്ചാര സ്ഥിതിവിവരണക്കണക്ക് സംഗ്രഹം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഹോം-സ്‌റ്റേകൾക്കായി മുദ്ര വായ്പകൾക്കുള്ള മാർഗ്ഗനിർദ്ദേശം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

*************************


(Release ID: 2172172) Visitor Counter : 15
Read this release in: English , Urdu , Hindi , Tamil