ടെക്‌സ്റ്റൈല്‍സ് മന്ത്രാലയം
azadi ka amrit mahotsav

മാഞ്ചസ്റ്റർ റോഡ്‌ഷോയിൽ സാങ്കേതിക തുണിത്തരങ്ങളിലെ രാജ്യത്തിൻ്റെ കരുത്ത് പ്രദർശിപ്പിച്ച് ഇന്ത്യൻ ടെക്‌സ്റ്റൈൽ പ്രതിനിധി സംഘം; സുസ്ഥിരതയും വർത്തുള സാമ്പത്തിക മാതൃകയും ഇന്ത്യ-യുകെ ടെക്‌സ്റ്റൈൽ വ്യാപാരത്തെ കൂടുതൽ ആഴത്തിലാക്കുന്നു.

Posted On: 25 SEP 2025 8:27PM by PIB Thiruvananthpuram

യു.കെ യിലെ മാഞ്ചസ്റ്ററിൽ നടന്ന സാങ്കേതിക തുണിത്തരങ്ങളുമായി ബന്ധപ്പെട്ട പ്രത്യേക റോഡ്‌ഷോയിൽ കേന്ദ്ര ടെക്‌സ്റ്റൈൽസ് മന്ത്രാലയം സെക്രട്ടറി ശ്രീമതി നീലം ഷാമി റാവുവിൻ്റെ  നേതൃത്വത്തിലുള്ള ഉന്നതതല ഇന്ത്യൻ പ്രതിനിധി സംഘം സാങ്കേതിക തുണിത്തര മേഖലയിലെ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ശക്തി പ്രദർശിപ്പിച്ചു. ടെക്‌സ്റ്റൈൽസ് മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും മനുഷ്യനിർമ്മിത ഫൈബർ, സാങ്കേതിക തുണിത്തരങ്ങൾ, ടെക്‌സ്‌പ്രോസിൽ ഉൾപ്പെടെയുള്ള മറ്റ് പ്രധാന തുണിത്തര വിഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഉൾപ്പെടുന്ന പ്രതിനിധി സംഘം ഇന്ത്യയുടെ ശക്തമായ കഴിവുകളും നവീകരണത്താൽ നയിക്കപ്പെടുന്നതും സുസ്ഥിരവുമായ വളർച്ചയ്ക്കുള്ള പ്രതിബദ്ധതയും അടിവരയിട്ടു.
 


 

നവീകരണം, സുസ്ഥിരത, സമഗ്ര സാമ്പത്തിക വ്യാപാര കരാർ എന്നീ വിഷയങ്ങളിലൂന്നിയുള്ള സെക്രട്ടറിയുടെ അഭിസംബോധന

ഗവേഷണവും വികസനവും, ഉന്നത നിലവാരത്തിലുള്ള ഉത്പാദനം, വർത്തുള സാമ്പത്തിക മാതൃക എന്നിവയാൽ നയിക്കപ്പെടുന്ന സാങ്കേതിക തുണിത്തരങ്ങൾ ഇന്ത്യയിലെ അതിവേഗം വളരുന്ന മേഖലകളിൽ  ഒന്നാണെന്ന് ശ്രീമതി നീലം ഷാമി റാവു തൻ്റെ മുഖ്യ പ്രഭാഷണത്തിൽ എടുത്തുപറഞ്ഞു. ദീർഘകാല മത്സരക്ഷമത ശക്തിപ്പെടുത്തുന്നതിനായി ദേശീയ സാങ്കേതിക തുണിത്തര ദൗത്യത്തിൻ്റെ കീഴിൽ സുസ്ഥിരത, ഹരിത ഉത്പാദനം, മാലിന്യ ലഘൂകരണം എന്നിവയിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.

ഇന്ത്യ-യു.കെ സമഗ്ര സാമ്പത്തിക വ്യാപാര കരാർ യു.കെയ്ക്ക് സുരക്ഷിതവും സുസ്ഥിരവുമായ ഉറവിടവും സാങ്കേതിക പങ്കാളിത്തവും ഇന്ത്യയ്ക്ക് മെച്ചപ്പെട്ട വിപണി പ്രവേശനം, തീരുവ കുറവ്, മാനദണ്ഡങ്ങളുടെ പരസ്പര അംഗീകാരം, നിക്ഷേപകരുടെ വിശ്വാസം എന്നിവയും വാഗ്ദാനം ചെയ്യുന്ന ഒരു വിൻ-വിൻ ചട്ടക്കൂട് സൃഷ്ടിക്കുന്നുണ്ടെന്ന് അവർ അഭിപ്രായപ്പെട്ടു. മത്സരാധിഷ്ഠിതവും നവീകരണ നേതൃത്വത്തിലുള്ളതുമായ  ആവാസവ്യവസ്ഥയുമായി ചേർന്ന് ശക്തവും സുസ്ഥിരവുമായ വിതരണ ശൃംഖലകൾ രൂപീകരിക്കാൻ ചില്ലറ വ്യാപാരികളോടും വ്യാവസായിക ഉപയോക്താക്കളോടും ശ്രീമതി റാവു ആഹ്വാനം ചെയ്തു .




 

തന്ത്രപരമായ ഇടപെടലുകൾ

നൂതന വസ്തുക്കൾ, സുസ്ഥിര സാങ്കേതിക തുണിത്തരങ്ങൾ, വർത്തുള ഫാഷൻ മാതൃകകൾ എന്നിവയിലെ പങ്കാളിത്തം പര്യവേക്ഷണം ചെയ്യുന്നതിനായി പ്രതിനിധി സംഘം മാഞ്ചസ്റ്റർ മെട്രോപൊളിറ്റൻ സർവ്വകലാശാലയിലെ മാഞ്ചസ്റ്റർ ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ട്, മാഞ്ചസ്റ്ററിലെ ഗ്രാഫീൻ എഞ്ചിനീയറിംഗ് ഇന്നൊവേഷൻ സെൻ്റർ എന്നിവയുൾപ്പെടെയുള്ള പ്രമുഖ ഇന്നൊവേഷൻ ഹബ്ബുകൾ സന്ദർശിച്ചു.


2024–25 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ സാങ്കേതിക തുണിത്തര കയറ്റുമതിയുമായി ബന്ധപ്പെട്ട സംക്ഷിപ്ത അവലോകനം താഴെക്കൊടുക്കുന്നു.

ആഗോള കയറ്റുമതി: 2.92 ബില്യൺ യുഎസ് ഡോളർ
പ്രധാന കയറ്റുമതി വിഭാഗങ്ങൾ: പാക്ക്‌ടെക് (37.5%), ഇൻഡ്യൂടെക് (28%)
യു.കെ യിലേക്കുള്ള കയറ്റുമതി: 136 ദശലക്ഷം യു.എസ് ഡോളർ (4.7% വിഹിതം)


 

 

മുന്നോട്ടുള്ള യാത്ര

ഇന്ത്യയും യു.കെയും തമ്മിലുള്ള കൂടുതൽ വ്യാപാര അവസരങ്ങൾ, സംയുക്ത സംരംഭങ്ങൾ, നിക്ഷേപം, സാങ്കേതിക പങ്കാളിത്തം എന്നിവയ്ക്ക് ഈ സന്ദർശനം സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു. പി.എം മിത്ര മെഗാ ടെക്സ്റ്റൈൽ പാർക്കുകൾ, പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെൻ്റിവ്  (PLI)പദ്ധതി, ദേശീയ സാങ്കേതിക തുണിത്തര ദൗത്യം തുടങ്ങിയ മുൻനിര പദ്ധതികൾ ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും പ്രാപ്തമായ ബിസിനസ് അന്തരീക്ഷവും സൃഷ്ടിക്കുന്നു. സമഗ്ര സാമ്പത്തിക വ്യാപാര കരാറിലൂടെ ലഭിക്കുന്ന വിപണി പ്രവേശന സാധ്യതകളുമായി സംയോജിപ്പിച്ച് 2030 ഓടെ ടെക്സ്റ്റൈൽ കയറ്റുമതി ഇരട്ടിയാക്കുക എന്ന ദർശനം ഇന്ത്യ മുന്നോട്ട് കൊണ്ടുപോകുന്നു. അതേസമയം പരസ്പരം പ്രയോജനകരവും സുസ്ഥിരവും ഭാവിയിൽ തയ്യാറാകുന്നതുമായ ഇന്ത്യ-യുകെ ടെക്സ്റ്റൈൽ വ്യാപാര പങ്കാളിത്തവും ഇതിലൂടെ ഉറപ്പാക്കുന്നു.

 

************************


(Release ID: 2171511) Visitor Counter : 5
Read this release in: English