രാജ്യരക്ഷാ മന്ത്രാലയം
റെയിൽ അധിഷ്ഠിത മൊബൈൽ ലോഞ്ചർ സിസ്റ്റത്തിൽ നിന്നുള്ള മധ്യദൂര അഗ്നി പ്രൈം മിസൈല്‍ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി DRDO
Posted On:
25 SEP 2025 9:34AM by PIB Thiruvananthpuram
സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡുമായി (SFC) സഹകരിച്ച്, DRDO, രൂപകല്പനചെയ്ത റെയില്‍ അധിഷ്ഠിത മൊബൈല്‍ ലോഞ്ചറില്‍നിന്നുള്ള മധ്യദൂര അഗ്നി-പ്രൈം മിസൈലിന്റെ വിക്ഷേപണം 2025 സെപ്റ്റംബർ 24 ന് വിജയകരമായി പൂർത്തിയാക്കി. 2,000 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഈ പുതുതലമുറ മിസൈൽ വിവിധ നൂതന സവിശേഷതകളാൽ സജ്ജീകരിച്ചിരിക്കുന്നു.
പ്രത്യേകമായി രൂപകൽപ്പന ചെയ്ത റെയിൽ അധിഷ്ഠിത മൊബൈൽ ലോഞ്ചറിൽ നിന്നുള്ള ആദ്യ വിക്ഷേപണമാണിത്. റെയില്‍ ശൃംഖലയിലൂടെ വലിയ തയ്യാറെടുപ്പുകള്‍ ഇല്ലാതെ യഥേഷ്ടം വിന്യസിക്കാനാവുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇത് എളുപ്പത്തിൽ രാജ്യവ്യാപകമായ വിന്യാസം ഉറപ്പാക്കുന്നു. കുറഞ്ഞ ദൃശ്യപരതയോടെ കുറഞ്ഞ പ്രതികരണ സമയത്തിനുള്ളിൽ വിക്ഷേപിക്കാനുള്ള ശേഷിയുമുണ്ട്. ഇത് സ്വയംപര്യാപ്തമാണെന്ന് മാത്രമല്ല അത്യാധുനിക ആശയവിനിമയ സംവിധാനങ്ങളും സംരക്ഷണ സംവിധാനങ്ങളും ഉൾപ്പെടെ എല്ലാ സ്വതന്ത്ര വിക്ഷേപണ സവിശേഷതകളും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.
മിസൈലിന്റെ സഞ്ചാരപഥം വിവിധ ഗ്രൗണ്ട് സ്റ്റേഷനുകൾ നിരീക്ഷിച്ചു, എല്ലാ ദൗത്യ ലക്ഷ്യങ്ങളും നിറവേറ്റിയ ഒരു വിക്ഷേപണമായിരുന്നു അത്. ഈ വിജയകരമായ വിക്ഷേപണം റെയിൽ അധിഷ്ഠിത സംവിധാനങ്ങളെ സൈനിക സേവനങ്ങളിൽ ഉൾപ്പെടുത്താൻ സഹായിക്കും. DRDO യിലെ മുതിർന്ന ശാസ്ത്രജ്ഞരും സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡിലെ ഉദ്യോഗസ്ഥരും വിക്ഷേപണത്തിന് സാക്ഷ്യം വഹിച്ചു.
വിജയകരമായ പരീക്ഷണ പറക്കലുകൾക്ക് ശേഷം റോഡ് യാത്രയിൽ വിക്ഷേപിക്കാവുന്ന അഗ്നി-പി ഇതിനോടകം സൈനിക സേവനത്തിനായി ഉൾപ്പെടുത്തിയിട്ടുണ്ട്.
മധ്യദൂര അഗ്നി-പ്രൈം മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ DRDO, SFC, സൈന്യം എന്നിവയെ രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു. റെയിൽ ശൃംഖലയിൽ നിന്ന് വിക്ഷേപിക്കാവുന്ന കാനിസ്റ്ററൈസ്ഡ് ലോഞ്ച് സിസ്റ്റം വികസിപ്പിച്ച ചുരുക്കം രാജ്യങ്ങളുടെ പട്ടികയിൽ ഇതോടെ ഇന്ത്യ അംഗമായതായും അദ്ദേഹം പറഞ്ഞു.
പ്രതിരോധ ഗവേഷണ വികസന വകുപ്പ് സെക്രട്ടറി കൂടിയായ DRDO ചെയർമാൻ ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിച്ചു.
SKY
******************************
(Release ID: 2171118)
Visitor Counter : 20