നിതി ആയോഗ്
‘പുരോഗതിയുടെ പാതകള്‍: ഇന്ത്യയുടെ നൂതനാശയ വിജയഗാഥയുടെ വിലയിരുത്തലും ഉള്‍ക്കാഴ്ചകളും’ - സുപ്രധാന റിപ്പോര്‍ട്ട് പുറത്തിറക്കി നീതി ആയോഗ്
प्रविष्टि तिथि:
23 SEP 2025 6:00PM by PIB Thiruvananthpuram
‘പുരോഗതിയുടെ പാതകള്‍: ഇന്ത്യയുടെ നൂതനാശയ വിജയഗാഥയുടെ വിലയിരുത്തലും ഉള്‍ക്കാഴ്ചകളും’ സമഗ്ര റിപ്പോര്‍ട്ട് നീതി ആയോഗ് ഇന്ന് പുറത്തിറക്കി. ശാസ്ത്രം, സാങ്കേതികവിദ്യ, നൂതനാശയങ്ങൾ എന്നീ രംഗങ്ങളിലെ ഇന്ത്യയുടെ ശ്രദ്ധേയ മുന്നേറ്റം അടയാളപ്പെടുത്തുന്ന റിപ്പോര്‍ട്ടില്‍ ആഗോള നൂതനാശയ കേന്ദ്രമെന്ന നിലയിൽ അതിൻ്റെ സ്ഥാനം ശക്തിപ്പെടുത്താന്‍ രാജ്യത്തിൻ്റെ നേട്ടങ്ങളും വെല്ലുവിളികളും സാധ്യതകളും വിശദമായി വിലയിരുത്തുന്നു.
സംരംഭകരുടെ കഴിവുകൾ വളർത്താനും വന്‍തോതില്‍ നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കാനും രാജ്യത്തുടനീളം ഊര്‍ജസ്വലമായ സ്റ്റാർട്ടപ്പ് സംസ്കാരം സൃഷ്ടിക്കാനും അടൽ ഇന്നൊവേഷൻ മിഷൻ വഹിച്ച പങ്ക് ഡയറക്ടർ ഡോ. ദീപക് ബഗ്ല ചടങ്ങില്‍ വിശദീകരിച്ചു.
ഇന്ത്യയിലെ നൂതനാശയങ്ങൾ അതിവേഗം വളരുന്ന സാങ്കേതികവിദ്യകളിൽ മാത്രം ഒതുങ്ങുന്നില്ലെന്ന് കേന്ദ്ര ശാസ്ത്ര-സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ഗവേഷണം മെച്ചപ്പെടുത്താനും സാങ്കേതികവിദ്യയുടെ വികസനം പ്രോത്സാഹിപ്പിക്കാനും എല്ലാ മേഖലകളിലും നൂതനാശയങ്ങളുടെ വാണിജ്യവൽക്കരണത്തിന് സൗകര്യമൊരുക്കാനും സർക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. യഥാർത്ഥ ജീവിതത്തിലെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനൊപ്പം ആഗോളതലത്തിൽ മത്സരിക്കാനും സുസ്ഥിരവും തുല്യവുമായ വളർച്ച കൈവരിക്കാനുമുള്ള ഇന്ത്യയുടെ ശേഷി വർധിപ്പിക്കാന്‍ സഹായകമായതും എല്ലാവരെയും ഉൾക്കൊള്ളുന്നതും സന്ദർഭോചിതവുമായ നൂതനാശയങ്ങളുടെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു.
ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ ശക്തമായ നൂതനാശയ മേഖല കെട്ടിപ്പടുക്കുന്നതിലെ ഇന്ത്യയുടെ പുരോഗതി സംബന്ധിച്ച് മുഖ്യപ്രഭാഷണത്തില്‍ പ്രത്യേകം പരാമര്‍ശിച്ചു. അറിവ്, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയിൽ ഭാരതത്തെ മികവിൻ്റെ ആഗോള ബ്രാൻഡായി ഉയർത്തേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം വ്യക്തമാക്കി. വിപുലവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ നൂതനാശയങ്ങളിലൂടെ ഇന്ത്യയെ മുന്നോട്ടുനയിക്കുന്നതിന് രാജ്യത്തെ യുവജനങ്ങളെയും പ്രതിഭാശാലികളെയും സ്ഥാപനശേഷിയെയും പ്രയോജനപ്പെടുത്താൻ അദ്ദേഹം ആഹ്വാനം ചെയ്തു.
ഇന്ത്യയുടെ നൂതനാശയ മേഖലയെക്കുറിച്ച് സമഗ്ര ചിത്രം നൽകുന്ന റിപ്പോർട്ടില്‍ - ദേശീയ, സംസ്ഥാന തലങ്ങളിലെ പദ്ധതികള്‍, വ്യാവസായിക - സാധാരണ തലങ്ങളിലെ നൂതനാശയങ്ങൾ, സ്റ്റാർട്ടപ്പുകൾ, സർവകലാശാല-വ്യാവസായിക-സർക്കാർ സഹകരണങ്ങൾ ആഗോള നൂതനാശയ റാങ്കിംഗുകളിലെ ഇന്ത്യയുടെ സ്ഥാനം എന്നിവ ഉൾപ്പെടുന്നു. വിജയകരമായ മാതൃകകളുടെ വിപുലീകരണം, അത്യാധുനിക സാങ്കേതിക വിദ്യാധിഷ്ഠിത നൂതനാശയങ്ങളുടെ വികാസം, വിജ്ഞാന വളര്‍ച്ചയുടെ ശാക്തീകരണം, ആഗോള ഉദ്ഗ്രഥനം വർധിപ്പിക്കല്‍, സംസ്ഥാനങ്ങളിൽ നൂതനാശയ ശേഷി കെട്ടിപ്പടുക്കല്‍ എന്നിവയടങ്ങുന്ന ഭാവി രൂപരേഖ പങ്കുവെയ്ക്കുന്ന റിപ്പോര്‍ട്ടില്‍ വ്യവസ്ഥാപരമായ വെല്ലുവിളികളും വിശദീകരിക്കുന്നു. റിപ്പോർട്ട് പുറത്തിറക്കുന്നതിലൂടെ വിജ്ഞാനാധിഷ്ഠിതവും നൂതനാശയ കേന്ദ്രീകൃതവുമായ സമ്പദ്‌വ്യവസ്ഥ പരിപോഷിപ്പിക്കാനും, ശാസ്ത്രം, സാങ്കേതികവിദ്യ, സംരംഭകത്വം എന്നിവയുടെ ആഗോള കേന്ദ്രമായി മുന്നേറുകയെന്ന ഇന്ത്യയുടെ ലക്ഷ്യം സാക്ഷാത്ക്കരിക്കാനും നീതി ആയോഗ് പ്രതിബദ്ധത ആവര്‍ത്തിക്കുന്നു.
(रिलीज़ आईडी: 2170398)
आगंतुक पटल : 26