ഷിപ്പിങ് മന്ത്രാലയം
ആത്മനിർഭർ ഭാരതത്തിലേക്ക് മുന്നേറുന്ന കൊച്ചി കപ്പൽശാല; ദീർഘകാല കപ്പൽ നിർമ്മാണ സഹകരണത്തിനായി HD കൊറിയയുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു.
കൊച്ചിയിലെ ബ്ലോക്ക് ഫാബ്രിക്കേഷൻ ഫെസിലിറ്റി (BFF): 1,20,000 മെട്രിക് ടൺ വാർഷിക ശേഷിയും ₹3,700 കോടി നിക്ഷേപവുമുള്ള 80 ഏക്കർ പ്ലാന്റ്
കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL), തമിഴ്‌നാട്ടിൽ കപ്പൽ നിർമ്മാണ ക്ലസ്റ്ററുകൾ വികസിപ്പിക്കുകയും ₹15,000 കോടിയുടെ കപ്പൽശാല സ്ഥാപിക്കുകയും 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും
Posted On:
23 SEP 2025 1:44PM by PIB Thiruvananthpuram
ആത്മനിർഭർ ഭാരതത്തിലേയ്ക്ക് മുന്നേറുന്ന കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL) ദീർഘകാലാടിസ്ഥാനത്തിൽ കപ്പൽ നിർമ്മാണ സഹകരണത്തിനായി HD കൊറിയ ഷിപ്പ് ബിൽഡിംഗ് ആൻഡ് ഓഫ്‌ഷോർ എഞ്ചിനീയറിംഗുമായി (HD KSOE) ധാരണാപത്രത്തിൽ (MoU) ഒപ്പുവച്ചു. 2025 സെപ്റ്റംബർ 20 ശനിയാഴ്ച ഗുജറാത്തിലെ ഭാവ്‌നഗറിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത "സമുദ്ര സേ സമൃദ്ധി - ഇന്ത്യൻ സമുദ്ര മേഖലയുടെ പരിവർത്തനം" എന്ന സുപ്രധാന പരിപാടിയിലാണ് ധാരണാപത്രം കൈമാറിയത്.
രണ്ട് ധാരണാപത്രങ്ങളും ഒപ്പുവെച്ച സമയത്ത്, കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത മന്ത്രി ശ്രീ സർബാനന്ദ സോനോവാളും സഹമന്ത്രി ശ്രീ ശന്തനു ഠാക്കൂറും സന്നിഹിതരായിരുന്നു. ഹ്യുണ്ടായിയുടെ ഗ്ലോബൽ ബിസിനസ് മാനേജ്‌മെന്റ് വിഭാഗം മേധാവിയും സീനിയർ വൈസ് പ്രസിഡന്റുമായ ജംഗ് ചാംഗിൻ, കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് CMD ശ്രീ മധു എസ്. നായർ എന്നിവരും പങ്കെടുത്തു.
CSL ന്റെ പാരമ്പര്യം, അടിസ്ഥാന സൗകര്യങ്ങൾ, ആഭ്യന്തര വൈദഗ്ധ്യം എന്നിവയും HD KSOE യുടെ നൂതന സാങ്കേതികവിദ്യയും ആഗോള അനുഭവവും സമന്വയിപ്പിക്കുക എന്നതാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ കപ്പൽ നിർമ്മാണ ശേഷി ശക്തിപ്പെടുത്തുന്നതിൽ ഇത് ഒരു സുപ്രധാന ചുവടുവയ്പ്പാണ്. ധാരണാപത്രപ്രകാരം, 2024 ജനുവരി 17 ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത CSL ന്റെ 310 മീറ്റർ പുതിയ ഡ്രൈ ഡോക്ക്, പ്രതിവർഷം ആറ് കപ്പലുകൾ വരെ ഉൾക്കൊള്ളാൻ ശേഷിയുള്ള സൂയസ്മാക്സ് ടാങ്കറുകൾ, കണ്ടെയ്നർ കപ്പലുകൾ, കേപ്സൈസ് ബൾക്ക് കാരിയറുകൾ തുടങ്ങിയ വലിയ കപ്പലുകൾ നിർമ്മിക്കാൻ ഉപയോഗിക്കും.
ഇതിനെ പിന്തുണയ്ക്കുന്നതിനായി, കൊച്ചിയിൽ ഏകദേശം 80 ഏക്കറിൽ 1,20,000 മെട്രിക് ടൺ വാർഷിക ശേഷിയുള്ള ഒരു പ്രത്യേക ബ്ലോക്ക് ഫാബ്രിക്കേഷൻ ഫെസിലിറ്റി (BFF) ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിനായി ഏകദേശം 3,700 കോടി രൂപയുടെ നിക്ഷേപം നടത്തും. നിർദ്ദിഷ്ട സൗകര്യത്തിന്റെയും ലേഔട്ടിന്റെയും വിശദാംശങ്ങൾ ചടങ്ങിൽ അവതരിപ്പിച്ചു. ലോജിസ്റ്റിക്സ്, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ (MSME), വിതരണ ശൃംഖല, അനുബന്ധ വ്യവസായങ്ങൾ തുടങ്ങിയ മേഖലകളിൽ ഏകദേശം 2,000 പ്രത്യക്ഷ തൊഴിലവസരങ്ങളും 2 മുതൽ 5 മടങ്ങ് വരെ പരോക്ഷ തൊഴിലവസരങ്ങളും സംരംഭം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പരിവർത്തന ഘട്ടത്തിൽ CSL ന്റെ നിലവിലുള്ള സൗകര്യങ്ങളിലെ കപ്പൽ നിർമ്മാണ പദ്ധതികളുടെ സംയുക്ത നിർവ്വഹണത്തിലും സഹകരണം ശ്രദ്ധ കേന്ദ്രീകരിക്കും. അതോടൊപ്പം പുതിയ ബിസിനസ് അവസരങ്ങൾ, ഗ്രീൻഫീൽഡ് കപ്പൽശാലകൾ, നൈപുണ്യ വികസനം എന്നീ മേഖലകളും പര്യവേക്ഷണം ചെയ്യും. ഉത്പാദന കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിലൂടെയും പുതു തലമുറ കപ്പലുകൾ വിതരണം ചെയ്യുന്നതിലൂടെയും, മാരിടൈം ഇന്ത്യ വിഷൻ (MIV) 2030, മാരിടൈം അമൃത് കാൽ വിഷൻ (MAKV) 2047 തുടങ്ങിയ ദേശീയ സംരംഭങ്ങളുമായുള്ള പങ്കാളിത്തത്തിലൂടെ, ഇന്ത്യയെ ഒരു ആഗോള കപ്പൽ നിർമ്മാണ കേന്ദ്രമായി സ്ഥാപിക്കുക എന്നതാണ് ദൗത്യം.
ഒപ്പം, കപ്പൽ നിർമ്മാണ ക്ലസ്റ്ററുകൾ വികസിപ്പിക്കുന്നതിനുള്ള ഭാരത സർക്കാരിന്റെ കാഴ്ചപ്പാടിന് അനുസൃതമായി, തമിഴ്‌നാട് സർക്കാരിന്റെ നോഡൽ ഏജൻസിയായ ഗൈഡൻസുമായി CSL രണ്ടാമത്തെ ധാരണാപത്രത്തിൽ ഒപ്പുവച്ചു. CSL CMD ശ്രീ മധു എസ് നായർ, ഗൈഡൻസ് തമിഴ്‌നാടിന്റെ MD & CEO യുമായ ഡോ. ഡാരെസ് അഹമ്മദ് എന്നിവർ ഒപ്പുവെക്കൽ ചടങ്ങിൽ പങ്കെടുത്തു. ദീർഘകാല വളർച്ചാ തന്ത്രത്തിന്റെ ഭാഗമായി, കൊറിയൻ പങ്കാളിയുമായി സഹകരിച്ച് തമിഴ്‌നാട്ടിൽ ഒരു അത്യാധുനിക കപ്പൽശാല സ്ഥാപിക്കുന്നതിന് ഏകദേശം ₹15,000 കോടിയുടെ ഗ്രീൻഫീൽഡ് നിക്ഷേപം CSL പരിഗണിക്കുന്നു. ആദ്യ ഘട്ടത്തിൽ, പദ്ധതി ഏകദേശം 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു - ഇതിൽ 4,000 പ്രത്യക്ഷ തൊഴിലവസരങ്ങളും 6,000 പരോക്ഷ തൊഴിലവസരങ്ങളും ഉൾപ്പെടുന്നു - കൂടാതെ ഒരു ആധുനിക കപ്പൽ അറ്റകുറ്റപ്പണി സൗകര്യവും പദ്ധതിയിൽ ഉൾപ്പെടുത്തിയേക്കും.
SKY
*****
(Release ID: 2170121)