വാണിജ്യ വ്യവസായ മന്ത്രാലയം
മെയ്ക്ക് ഇൻ ഇന്ത്യ സംരംഭം ഒരു ദശകം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി മെയ്ക്ക് ഇൻ ഇന്ത്യ സ്മാരക നാണയം കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ പുറത്തിറക്കി
Posted On:
20 SEP 2025 6:50PM by PIB Thiruvananthpuram
മെയ്ക്ക് ഇൻ ഇന്ത്യ സംരംഭം ഒരു ദശകം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി മെയ്ക്ക് ഇൻ ഇന്ത്യ സ്മാരക നാണയം കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ ന്യൂഡൽഹിയിൽ പുറത്തിറക്കി.കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ, ഈ സംരംഭം നിക്ഷേപം സുഗമമാക്കുകയും, നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുകയും, ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുകയും, ഉത്പാദനം, രൂപകൽപ്പന, നൂതനാശയങ്ങൾ എന്നിവയുടെ ആഗോള കേന്ദ്രമായി ഇന്ത്യയെ മാറ്റുകയും ചെയ്തു. ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിലും, നൂതനാശയങ്ങളെ പരിപോഷിപ്പിക്കുന്നതിലും, നൈപുണ്യ വികസനം മെച്ചപ്പെടുത്തുന്നതിലും, വിദേശ നിക്ഷേപം സുഗമമാക്കുന്നതിലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഈ സംരംഭം നിർണ്ണായക പങ്ക് വഹിച്ചു.
2014 സെപ്റ്റംബർ 25 ന് മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി പ്രധാനമന്ത്രി അവതരിപ്പിച്ചപ്പോൾ, ഉത്പാദനം, രൂപകൽപ്പന, നൂതനാശയങ്ങൾ എന്നിവയുടെ ആഗോള കേന്ദ്രമായി ഇന്ത്യയെ മാറ്റുക എന്നതായിരുന്നു ലക്ഷ്യമെന്ന് ഉദ്ഘാടന വേളയിൽ ശ്രീ ഗോയൽ പറഞ്ഞു.
"ഇന്ന്, ഈ പ്രയാണത്തിന്റെ ഒരു ദശകം ആഘോഷിക്കുന്ന വേളയിൽ, പ്രതിരോധശേഷിയും സ്വാശ്രയത്വവും ആഗോളതലത്തിൽ മത്സരാധിഷ്ഠിതവുമായ ഒരു സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയുടെ ശക്തിയെന്ന് നാം ആവർത്തിച്ചുറപ്പിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.. കഴിഞ്ഞ ദശകത്തിൽ, ഈ സംരംഭം ഇന്ത്യയുടെ ഉത്പാദന മേഖലയുടെ ആത്മവിശ്വാസത്തെ ജ്വലിപ്പിച്ചു. പ്രാഥമികമായി സേവനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയായി വീക്ഷിക്കപ്പെട്ടിരുന്ന ഇന്ത്യയെ അംഗീകരിക്കപ്പെട്ട ആഗോള ഉത്പാദനകേന്ദ്രമാക്കി പരിവർത്തനം ചെയ്തു. 2014 നും 2024 നും ഇടയിൽ, ഇന്ത്യയ്ക്ക് 667 ബില്യൺ യുഎസ് ഡോളർ നേരിട്ടുള്ള വിദേശ നിക്ഷേപം ലഭിച്ചു. ഇത് ഉദാരവത്ക്കരണത്തിനു ശേഷമുള്ള മൊത്തം നിക്ഷേപത്തിന്റെ മൂന്നിൽ രണ്ട് ഭാഗത്തോളം വരും. ബിസിനസ്സ് സുഗമമാക്കുന്നതിലും രാജ്യം ഗണ്യമായ പുരോഗതി കൈവരിച്ചു, 2014 ൽ 142-ാം സ്ഥാനത്ത് നിന്ന് ലോക ബാങ്കിന്റെ 2020 ലെ ഡൂയിംഗ് ബിസിനസ് (ബിസിനസ് സൗഹൃദ) റിപ്പോർട്ടിൽ 63-ാം സ്ഥാനത്തേക്ക് ഉയർന്നു. 2024-25 സാമ്പത്തിക വർഷത്തിൽ ചരക്ക് കയറ്റുമതി 437.42 ബില്യൺ യുഎസ് ഡോളറിലെത്തിയതോടെ ഇന്ത്യ ആഗോള വ്യാപാരത്തിലെ നിർണ്ണായക പങ്കാളിയായി സ്ഥാപിക്കപ്പെട്ടു.
ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ 1.80 ലക്ഷത്തിലധികം DPIIT അംഗീകൃത സ്റ്റാർട്ടപ്പുകളിലേക്ക് വളർന്നു, ഇത് അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നിൽ ആഗോളതലത്തിൽ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയാക്കി ഇന്ത്യയെ മാറ്റി. 2025 ലെ കണക്കനുസരിച്ച് 118 യൂണികോണുകൾ മുഖേന 17.6 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. 14 മേഖലകളിലായി ₹1.97 ലക്ഷം കോടി അടങ്കലുള്ള ഉത്‌പാദന ബന്ധിത പ്രോത്സാഹന പദ്ധതി (Production Linked Incentives-PLI) ഏകദേശം ₹1.88 ലക്ഷം കോടിയുടെ നിക്ഷേപം ആകർഷിച്ചു. 806 അംഗീകൃത അപേക്ഷകൾ നടപ്പിലാക്കുകയും 12 ലക്ഷത്തിലധികം പ്രത്യക്ഷ, പരോക്ഷ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. വ്യാവസായിക ശേഷി വർദ്ധിച്ചു. ആഗോളതലത്തിൽ രണ്ടാമത്തെ വലിയ മൊബൈൽ ഫോൺ നിർമ്മാതാക്കളായി ഇന്ത്യ മാറി. 99 ശതമാനം സ്മാർട്ട്‌ഫോണുകളും ഇപ്പോൾ ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നു. വന്ദേ ഭാരത് ട്രെയിനുകൾ, INS വിക്രാന്ത് തുടങ്ങിയ തദ്ദേശീയ പദ്ധതികൾ എഞ്ചിനീയറിംഗ് മികവ് പ്രകടമാക്കുന്നു, അതേസമയം പ്രതിരോധ ഉത്പാദനം 2024-25 ൽ ₹1.51 ലക്ഷം കോടിയായി വികസിച്ചു, ₹23,622 കോടിയുടെ കയറ്റുമതി 80-ലധികം രാജ്യങ്ങളിലേക്ക് വികസിച്ചു. 5,500-ലധികം ഇനങ്ങൾ ഉൾക്കൊള്ളുന്ന അഞ്ച് തദ്ദേശീയവത്ക്കരണ പട്ടികകൾ പ്രസിദ്ധീകരിച്ചു. യുദ്ധവിമാനങ്ങൾ, ടാങ്കുകൾ, പീരങ്കികൾ, കോർവെറ്റുകൾ, സോണാർ സംവിധാനങ്ങൾ, ഹെലികോപ്റ്ററുകൾ എന്നിവയുൾപ്പെടെ 3,000 ഇനങ്ങൾ ഇതിനോടകം തദ്ദേശീയവത്ക്കരണ പട്ടികയിലുൾപ്പെടുത്തി.
ഔഷധ, മെഡിക്കൽ ഉപകരണ നിർമ്മാണ മേഖലയിൽ, ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതിയ്ക്ക് (Production Linked Incentives-PLI) കീഴിലുള്ള 21 സ്ഥാപനങ്ങൾ MRI മെഷീനുകൾ, CT സ്കാനറുകൾ, ഹൃദയ വാൽവുകൾ, സ്റ്റെന്റുകൾ, ഡയാലിസിസ് മെഷീനുകൾ എന്നിവയുൾപ്പെടെ 54 ഉപകരണങ്ങൾ നിർമ്മിക്കുന്നു. എയർ കണ്ടീഷണറുകൾക്കും LED ലൈറ്റുകൾക്കും വേണ്ട പ്രധാന ഘടകങ്ങളുടെ ആഭ്യന്തര ഉത്പാദനവും ഇന്ത്യ ആരംഭിച്ചു, ഇത് ഇറക്കുമതി ആശ്രിതത്വം ഗണ്യമായി കുറയ്ക്കുകയും ആഭ്യന്തര ഉത്പാദന ശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നു. സെമികണ്ടക്ടർ മേഖലയിൽ, ഇന്ത്യ ആദ്യത്തെ 2 nm ചിപ്പ് നിർമ്മിക്കുന്നതിലേക്ക് മുന്നേറുന്നു. ഇത് മുൻകാലത്തെ 7, 5, 3 nm സാങ്കേതികവിദ്യകളിൽ നിന്നുള്ള ശ്രദ്ധേയമായ മുന്നേറ്റമാണ്. നിർമ്മിത ബുദ്ധി, സ്മാർട്ട്‌ഫോണുകൾ, ഉയർന്ന പ്രകടനശേഷിയുള്ള സംവിധാനങ്ങൾ, ദേശസുരക്ഷ, ബഹിരാകാശ ആപ്ലിക്കേഷനുകൾ എന്നീ മേഖലകളിലെ ഭാവി വികസനത്തെ ഇത് പിന്തുണയ്ക്കും. ഈ നേട്ടങ്ങൾ മൊത്തത്തിൽ വിലയിരുത്തുമ്പോൾ കഴിഞ്ഞ ദശകത്തിലെ മേക്ക് ഇൻ ഇന്ത്യയുടെ പരിവർത്തനാത്മക സ്വാധീനം വ്യക്തമാകുന്നു. ഭാവിസജ്ജമായ ഇന്ത്യയ്ക്ക് ശക്തമായ അടിത്തറ പാകുകയും വികസിത് ഭാരത് @ 2047 എന്ന ദർശനത്തിന് സംഭാവന നൽകുകയും ചെയ്യുന്നു.
Make in India:
https://drive.google.com/file/d/172OyVTX2wJRuhbPhjuHqFpBVv6erzgRo/view?usp=drive_link
****
(Release ID: 2169156)