ഭൗമശാസ്ത്ര മന്ത്രാലയം
ഇന്ത്യൻ മഹാസമുദ്രത്തിലെ കാൾസ്ബർഗ് റിഡ്ജിൽ (ടെക്റ്റോണിക് പ്ലേറ്റുകളുടെ അതിർത്തി) ഇരുമ്പ്, ചെമ്പ്, സിങ്ക്, വെള്ളി, സ്വർണ്ണം, പ്ലാറ്റിനം തുടങ്ങിയ വിലയേറിയ ലോഹങ്ങൾ അടങ്ങിയ പോളിമെറ്റാലിക് സൾഫൈഡുകളുടെ പര്യവേക്ഷണത്തിനുള്ള പ്രത്യേക അവകാശം ഇന്ത്യ നേടിയതായി ശാസ്ത്ര മന്ത്രി ഡോ. ജിതേന്ദ്ര സിംഗ്
ഇന്റർനാഷണൽ സീബെഡ് അതോറിറ്റിയുമായി (ISA) പോളിമെറ്റാലിക് സൾഫൈഡുകളുടെ പര്യവേക്ഷണത്തിനുള്ള (PMS) രണ്ട് കരാറുകളിൽ ഏർപ്പെടുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി; മേഖലയിലെ മുൻനിര നിക്ഷേപക രാജ്യമായി അംഗീകരിക്കപ്പെട്ടു
Posted On:
20 SEP 2025 4:11PM by PIB Thiruvananthpuram
ഇന്ത്യൻ മഹാസമുദ്രത്തിലെ കാൾസ്ബർഗ് റിഡ്ജിൽ (ടെക്റ്റോണിക് പ്ലേറ്റുകളുടെ അതിർത്തി) അനുവദിച്ച 10,000 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് ഇരുമ്പ്, ചെമ്പ്, സിങ്ക്, വെള്ളി, സ്വർണ്ണം, പ്ലാറ്റിനം തുടങ്ങിയ വിലയേറിയ ലോഹങ്ങൾ അടങ്ങിയ പോളിമെറ്റാലിക് സൾഫൈഡുകൾ (PMS) പര്യവേക്ഷണം ചെയ്യുന്നതിനുള്ള പ്രത്യേക അവകാശങ്ങൾക്കായി ഭൗമ ശാസ്ത്ര മന്ത്രാലയവും (MoES) ഇന്റർനാഷണൽ സീബെഡ് അതോറിറ്റിയും (ISA) തമ്മിൽ 15 വർഷത്തെ കരാറിൽ ഒപ്പുവെച്ചതായി കേന്ദ്ര ഭൗമ ശാസ്ത്ര; ശാസ്ത്ര സാങ്കേതിക സഹമന്ത്രി (സ്വതന്ത്ര ചുമതല) പ്രധാനമന്ത്രിയുടെ ഓഫീസ്, ഉദ്യോഗസ്ഥ കാര്യ, പൊതു പരാതി, പെൻഷൻ, ആണവോർജ്ജ, ബഹിരാകാശ വകുപ്പുകളുടെ സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് അറിയിച്ചു.
ഇതോടെ, PMS പര്യവേക്ഷണത്തിനായി ISA യുമായി രണ്ട് കരാറുകൾ ഒപ്പുവെക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഇന്ത്യ മാറി. ഇത് ആഴക്കടൽ വിഭവ പര്യവേക്ഷണത്തിലും ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപരമായ സാന്നിധ്യത്തിലും രാജ്യത്തിൻറെ സുപ്രധാന മുന്നേറ്റം ഊട്ടിയുറപ്പിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ച ആഴക്കടൽ പര്യവേക്ഷണ ദൗത്യം ( Deep Ocean Mission) വിഭാവനം ചെയ്യുന്ന ദർശനം സാക്ഷാത്കരിക്കുന്നതിൽ സുപ്രധാന ചുവടുവയ്പ്പാണ് പുതിയ കരാറെന്ന് ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. കടൽത്തീര ധാതു പര്യവേക്ഷണം, ഖനന സാങ്കേതിക വികസനം, ഇന്ത്യയുടെ 'നീല സമ്പദ് വ്യവസ്ഥാ സംരംഭങ്ങളുടെ' ശക്തിപ്പെടുത്തൽ എന്നിവയിൽ ദൗത്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. "കാൾസ്ബർഗ് റിഡ്ജിൽ PMS പര്യവേക്ഷണത്തിനുള്ള പ്രത്യേക അവകാശങ്ങൾ ഔപചാരികമായി സ്വന്തമാക്കുന്നതിലൂടെ, ആഴക്കടൽ ഗവേഷണത്തിലും പര്യവേക്ഷണത്തിലും ഉള്ള നേതൃത്വം ഇന്ത്യ ഊട്ടിയുറപ്പിച്ചു. ഇത് നമ്മുടെ സമുദ്ര സാന്നിധ്യവും ഭാവിയിലെ വിഭവ വിനിയോഗത്തിനുള്ള ദേശീയ ശേഷിയും വർദ്ധിപ്പിക്കും" എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പോളിമെറ്റാലിക് സൾഫൈഡുകളിൽ ഇരുമ്പ്, ചെമ്പ്, സിങ്ക്, വെള്ളി, സ്വർണ്ണം, പ്ലാറ്റിനം തുടങ്ങിയ വിലയേറിയ ലോഹങ്ങൾ അടങ്ങിയിട്ടുണ്ട്. സമുദ്രത്തിന്റെ അടിത്തട്ടിലെ താരതമ്യേന പ്രായം കുറഞ്ഞ പാളിയിലെ ചൂടുള്ള ഹൈഡ്രോതെർമൽ ദ്രാവകങ്ങളുടെ അവക്ഷിപ്തങ്ങളാണ് പോളിമെറ്റാലിക് സൾഫൈഡുകൾ. അവയുടെ തന്ത്രപരവും വാണിജ്യപരവുമായ സാധ്യതകൾ ആഗോള ശ്രദ്ധ ആകർഷിക്കുന്നു എന്നതും ആഴക്കടൽ വിഭവ പര്യവേക്ഷണ ദൗത്യത്തിലെ ഇന്ത്യയുടെ താത്പര്യം വർദ്ധിപ്പിച്ചു.
ISA യുമായുള്ള ഇന്ത്യയുടെ ദീർഘകാല പങ്കാളിത്തത്തെ ഉയർത്തിക്കാട്ടിക്കൊണ്ട്, അന്താരാഷ്ട്ര ജലാശയങ്ങളിൽ പോളിമെറ്റാലിക് നോഡ്യൂൾ പര്യവേക്ഷണത്തിന് ഒരു പ്രദേശം ലഭിക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യയെന്നും "മുൻ നിര നിക്ഷേപക രാജ്യം" ആയി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഡോ. ജിതേന്ദ്ര സിംഗ് അനുസ്മരിച്ചു. സെൻട്രൽ ഇന്ത്യൻ റിഡ്ജിലും സൗത്ത് വെസ്റ്റ് ഇന്ത്യൻ റിഡ്ജിലും കാൾസ്ബർഗ് റിഡ്ജിലും രണ്ട് PMS കരാറുകൾ ഇപ്പോൾ നിലവിലുണ്ട്. അന്താരാഷ്ട്ര സമുദ്രാടിത്തട്ടിൽ PMS നായി അനുവദിച്ച ഏറ്റവും വലിയ പര്യവേക്ഷണ മേഖലയും ഇന്ത്യയ്ക്കാണ്.
"ISA മായുള്ള ഇന്ത്യയുടെ 30 വർഷത്തെ ബന്ധം അഭിമാനകരമാണ്, ISA അതിന്റെ 30-ാം വാർഷികം ആഘോഷിക്കുമ്പോൾ, മാനവരാശിയുടെ പൊതു പൈതൃകത്തിനായുള്ള അതിന്റെ ദൗത്യം നിറവേറ്റുന്നതിനായി ISA മായി ചേർന്ന് പ്രവർത്തിക്കാനുള്ള പ്രതിബദ്ധത ഇന്ത്യ ഊട്ടിയുറപ്പിക്കുന്നു," ഡോ. സിംഗ് പറഞ്ഞു. കടൽത്തീര പര്യവേക്ഷണത്തിൽ ഇന്ത്യയുടെ നേതൃത്വപരമായ പങ്കിൽ മറ്റൊരു നാഴികക്കല്ല് അടയാളപ്പെടുത്തുന്ന എട്ടാമത് ISA ആന്വൽ കോൺട്രാക്ടേഴ്‌സ് മീറ്റിങ് സെപ്റ്റംബർ 18 മുതൽ 20 വരെ ഗോവയിൽ സംഘടിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
***
(Release ID: 2169155)
Visitor Counter : 10