വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ഇന്ത്യൻ സിനിമയ്ക്ക് നൽകിയ അതുല്യ സംഭാവനകള്‍ക്ക് 2023-ലെ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ഇതിഹാസ ചലച്ചിത്ര താരവും സംവിധായകനും നിർമാതാവുമായ മോഹൻലാലിന് 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങിൽ സമ്മാനിക്കും
മോഹൻലാലിന്റെ സിനിമകൾ കേരളം മുതൽ ലോകമെങ്ങും പ്രേക്ഷകർക്ക് മുന്നില്‍ രാജ്യത്തിന്റെ സംസ്കാരം ആഘോഷിക്കുകയും അഭിലാഷങ്ങള്‍ വിപുലീകരിക്കുകയും ചെയ്തു; അദ്ദേഹത്തിന്റെ സംഭാവനകൾ ഭാരതത്തിന്റെ സർഗാത്മകതയെ തുടർന്നും പ്രചോദിപ്പിക്കും: ശ്രീ അശ്വിനി വൈഷ്ണവ്
Posted On:
20 SEP 2025 7:52PM by PIB Thiruvananthpuram
ദാദാസാഹിബ് ഫാൽക്കെ പുരസ്കാര തിരഞ്ഞെടുപ്പ് സമിതിയുടെ ശിപാർശ പ്രകാരം 2023-ലെ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ശ്രീ മോഹൻലാലിന് സമ്മാനിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇന്ത്യൻ ചലച്ചിത്രമേഖലയ്ക്ക് നൽകിയ അതുല്യമായ സംഭാവനകള്‍ കണക്കിലെടുത്താണ് ഇതിഹാസ താരവും സംവിധായകനും നിർമാതാവുമായ മോഹന്‍ലാലിന് പുരസ്കാരം നല്‍കി ആദരിക്കുന്നത്. 2025 സെപ്റ്റംബർ 23-ന് 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരദാന ചടങ്ങിൽ അവാര്‍ഡ് സമ്മാനിക്കും.
ഇന്ത്യൻ ചലച്ചിത്ര മേഖലയ്ക്ക് മോഹൻലാൽ നൽകിയ മികച്ച സംഭാവനകള്‍ക്ക് അംഗീകാരമായി പുരസ്കാരം പ്രഖ്യാപിച്ചതിൽ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ, റെയിൽവേ, ഇലക്ട്രോണിക്സ് - വിവരസാങ്കേതിക മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് സന്തോഷം പ്രകടിപ്പിച്ചു.
ചലച്ചിത്ര രംഗത്തെ മോഹൻലാലിന്റെ അസാധാരണ യാത്ര തലമുറകളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ അതുല്യ പ്രതിഭയും ബഹുമുഖ നൈപുണ്യവും കഠിനാധ്വാനവും ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിൽ സുവർണ്ണ മാതൃക സൃഷ്ടിച്ചു.
മോഹൻലാലിനെക്കുറിച്ച്
1960 മെയ് 21-ന് കേരളത്തിൽ ജനിച്ച മോഹൻലാൽ വിശ്വനാഥൻ നായർ മലയാള ചലച്ചിത്രങ്ങളിലൂടെ പ്രശ്സ്തനായ ഇന്ത്യൻ നടനും നിർമാതാവും പിന്നണി ഗായകനുമാണ്. ‘സമ്പൂർണ നടൻ’ (The Complete Actor) എന്നറിയപ്പെടുന്ന മോഹന്‍ലാല്‍ അഞ്ച് പതിറ്റാണ്ടോളം നീണ്ടുനിന്ന ചലച്ചിത്ര ജീവിതത്തിനിടെ കിരീടം, ഭരതം, വാനപ്രസ്ഥം, ദൃശ്യം തുടങ്ങിയ സിനിമകളില്‍ അതുല്യവും ശ്രദ്ധേയവുമായ പ്രകടനം കാഴ്ചവെയ്ക്കുകയും 360-ലേറെ ചലച്ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു.
അഞ്ച് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും നിരവധി കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയ മോഹൻലാൽ ഇന്ത്യയിലും വിദേശത്തുമായി മറ്റ് നിരവധി ബഹുമതികളും കരസ്ഥമാക്കി. 1999-ൽ പുറത്തിറങ്ങിയ 'വാനപ്രസ്ഥം' എന്ന ചിത്രം കാൻ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുകയും അദ്ദേഹത്തിന് അന്താരാഷ്ട്ര അംഗീകാരം നേടിക്കൊടുക്കുകയും ചെയ്തു.
ചലച്ചിത്ര മേഖലയ്ക്കപ്പുറം 2009-ൽ അദ്ദേഹത്തിന് ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ഓണററി ലെഫ്റ്റനന്റ് കേണൽ പദവി ലഭിച്ചു. 2001-ൽ പത്മശ്രീയും 2019-ൽ പത്മഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ബഹുമുഖ നൈപുണ്യവും ലോക സിനിമയ്ക്ക് നൽകിയ സംഭാവനകളും കാരണം രാജ്യത്ത് ഏറ്റവുമധികം ആദരിക്കപ്പെടുന്ന സാംസ്കാരിക വ്യക്തിത്വങ്ങളിലൊരാളായി മോഹൻലാൽ തുടരുന്നു.
ദാദാസാഹിബ് ഫാൽക്കെ പുരസ്കാരത്തെക്കുറിച്ച്
1913-ൽ രാജ്യത്തെ ആദ്യ മുഴുനീള കഥാചിത്രമായ 'രാജാ ഹരിശ്ചന്ദ്ര' സംവിധാനം ചെയ്ത ദാദാസാഹിബ് ഫാൽക്കെ ചലച്ചിത്രമേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ഏര്‍പ്പെടുത്തിയ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം 1969-ൽ ദേവിക റാണിയ്ക്കാണ് ആദ്യമായി സമ്മാനിച്ചത്. 'ഇന്ത്യൻ സിനിമയുടെ വളർച്ചയ്ക്കും വികാസത്തിനും നല്‍കുന്ന സമഗ്ര സംഭാവനകള്‍’ അംഗീകരിക്കുന്നതിന് ചലച്ചിത്ര രംഗത്ത് നല്‍കുന്ന ഏറ്റവും ഉയർന്ന പുരസ്കാരമാണിത്. പുരസ്കാര ജേതാവിന് സുവർണ കമലവും, ഷാളും 10 ലക്ഷം രൂപയും സമ്മാനിക്കും
ദാദാസാഹിബ് ഫാൽക്കെ പുരസ്കാര തിരഞ്ഞെടുപ്പ് സമിതി അംഗങ്ങൾ:
ശ്രീ മിഥുൻ ചക്രവർത്തി
ശ്രീ ശങ്കർ മഹാദേവൻ
ശ്രീ അശുതോഷ് ഗോവാരിക്കർ
SKY
********************
(Release ID: 2169079)