ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
ട്യൂണ, കടൽപ്പായൽ, അലങ്കാര മത്സ്യങ്ങൾ എന്നിവയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചുള്ള നിക്ഷേപകരുടെയും കയറ്റുമതിക്കാരുടെയും സംഗമം 2025 നവംബറിൽ ലക്ഷദ്വീപിൽ നടക്കും -കേന്ദ്ര ഫിഷറീസ് മന്ത്രി ശ്രീ രാജീവ് രഞ്ജൻ സിംഗ്
Posted On:
20 SEP 2025 6:43PM by PIB Thiruvananthpuram
ലക്ഷദ്വീപ് ദ്വീപുകളിലെ മത്സ്യബന്ധന മേഖലയുടെ വികസനത്തെക്കുറിച്ചുള്ള ഉന്നതതല കൂടിയാലോചനാ യോഗം ഇന്ന് കൊച്ചിയിൽ നടന്നു. ട്യൂണ മത്സ്യബന്ധനം, കടൽപ്പായൽ, അലങ്കാര മത്സ്യബന്ധനം എന്നിവയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു യോഗം. കേന്ദ്ര മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി ശ്രീ രാജീവ് രഞ്ജൻ സിംഗ്, കേന്ദ്ര മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി ശ്രീ ജോർജ്ജ് കുര്യൻ, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ പ്രഫുൽ പട്ടേൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ട്യൂണ മത്സ്യബന്ധനം, കടൽപ്പായൽ, അലങ്കാര മത്സ്യബന്ധനം എന്നിവയിൽ നിക്ഷേപവും കയറ്റുമതിയും പ്രോത്സാഹിപ്പിക്കുന്നതിനായി 2025 നവംബറിൽ ലക്ഷദ്വീപിൽ വെച്ച് നിക്ഷേപകരുടേയും കയറ്റുമതിക്കാരുടേയും സംഗമം സംഘടിപ്പിക്കുമെന്ന് കേന്ദ്ര മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി ശ്രീ രാജീവ് രഞ്ജൻ സിംഗ് പ്രഖ്യാപിച്ചു. "മത്സ്യസമ്പത്ത് വർദ്ധിച്ചാൽ ലക്ഷദ്വീപിൻ്റെ സമ്പദ്‌വ്യവസ്ഥ വികസിക്കുകയും അതിലൂടെ രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥ വളരുകയും ചെയ്യും. 2047 ഓടെ വികസിത ഭാരതമെന്ന പ്രധാനമന്ത്രിയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ഇത് സഹായിക്കും" -അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയുടെ (EEZ) ഏകദേശം 20 ശതമാനം നിയന്ത്രിക്കുകയും വിശാലമായ ആഴക്കടൽ വിഭവങ്ങൾ, പ്രത്യേകിച്ച് ഉയർന്ന മൂല്യമുള്ള ട്യൂണ മത്സ്യബന്ധനം എന്നിവ ലഭ്യമാക്കുകയും ചെയ്യുന്ന തന്ത്രപ്രധാന മത്സ്യബന്ധന കേന്ദ്രമെന്ന നിലയിൽ ലക്ഷദ്വീപിൻ്റെ സവിശേഷമായ സ്ഥാനം മന്ത്രി എടുത്തുപറഞ്ഞു. പോൾ-ആൻഡ്-ലൈൻ, ഹാൻഡ്‌ലൈൻ ട്യൂണ മത്സ്യബന്ധനം പോലുള്ള ലക്ഷദ്വീപിൻ്റെ സുസ്ഥിര മത്സ്യബന്ധന രീതികൾ പരിസ്ഥിതി സൗഹൃദവും ബൈക്യാച്ച് രഹിതവുമായ സമീപനത്തിന് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ആഴക്കടൽ മത്സ്യബന്ധന പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന് ലക്ഷദ്വീപിൻ്റെ തന്ത്രപ്രധാനമായ സ്ഥാനം ഗണ്യമായ സാധ്യതകൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ട്യൂണ മൂല്യ ശൃംഖലയുടെ വികസനം, കടൽപ്പായൽ, അലങ്കാര മത്സ്യബന്ധനം എന്നിവയിൽ സംരംഭകത്വ പരിപാടികൾ ആരംഭിക്കൽ, മത്സ്യ കർഷക-ഉത്പാദക സംഘടനകളെ (FFPO) ശാക്തീകരിക്കൽ എന്നിവയ്ക്ക് മന്ത്രി ഊന്നൽ നല്കി. സർട്ടിഫിക്കേഷനും നിരീക്ഷണ സംവിധാനങ്ങളും സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ട്യൂണ കയറ്റുമതിയെ പിന്തുണയ്ക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. തീർപ്പാക്കാത്ത നിർദ്ദേശങ്ങളും സാങ്കേതിക ആവശ്യങ്ങളും പരിഹരിക്കുന്നതിന് കേന്ദ്ര സർക്കാരും ലക്ഷദ്വീപ് ഭരണകൂടവും തമ്മിൽ ഒരു സംയുക്ത പ്രവർത്തക സംഘം രൂപീകരിക്കുന്നതിന് അദ്ദേഹം ആഹ്വാനം ചെയ്തു. ഉത്പാദനത്തിലും കയറ്റുമതിയിലും കൂടുതൽ പങ്ക് വഹിക്കാൻ ലക്ഷദ്വീപ് സജ്ജമാണെന്ന് പറഞ്ഞ മന്ത്രി ആത്മനിർഭർ ഭാരത് സൃഷ്ടിക്കുന്നതിൽ എല്ലാ പങ്കാളികളും സംഭാവന നൽകണമെന്നും അഭ്യർത്ഥിച്ചു.

കേന്ദ്ര മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി ശ്രീ ജോർജ്ജ് കുര്യൻ നടത്തിയ പ്രസംഗത്തിൽ ഇന്ത്യയുടെ മത്സ്യബന്ധന മേഖലയിലെ ലക്ഷദ്വീപിൻ്റെ തന്ത്രപരമായ പങ്കിനെക്കുറിച്ച് എടുത്തുപറഞ്ഞു. ഇന്ന് ഭാവ്‌നഗറിൽ പ്രധാനമന്ത്രി പങ്കുവെച്ച "സമുദ്ര സേ സമൃദ്ധി" (സമുദ്രത്തിലൂടെ സമൃദ്ധി) എന്ന ദർശനത്തെ ഇത് പ്രതിഫലിപ്പിച്ചു. ദേശീയ പതാകയിലെ നീല ചക്രം ഇന്ത്യയുടെ സമുദ്ര സമ്പദ്‌വ്യവസ്ഥയുടെ നീല വിപ്ലവത്തെ പ്രതിനിധീകരിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന മന്ത്രി ആവർത്തിച്ചു. ഐ.ടി മേഖല കഴിഞ്ഞാൽ, ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ വളരുന്ന രണ്ടാമത്തെ മേഖല മത്സ്യബന്ധനമാണെന്നും അതിനാൽ കൂടുതൽ നയപരമായ ശ്രദ്ധ ഈ മേഖല അർഹിക്കുന്നുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ സ്വാശ്രയത്വം ശക്തിപ്പെടുത്തുന്നതിന് മേഖലയെ ആത്മനിർഭർ ഭാരത്, വോക്കൽ ഫോർ ലോക്കൽ, സ്വദേശി എന്നീ ലക്ഷ്യങ്ങളുമായി സമന്വയിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അലങ്കാര മത്സ്യബന്ധന മേഖലയിൽ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനo (CMFRI), കൃഷി വിജ്ഞാൻ കേന്ദ്രം (KVK) എന്നിവ ലക്ഷദ്വീപിൽ നടത്തുന്ന പ്രവർത്തനങ്ങളെ കേന്ദ്ര മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി ശ്രീ ജോർജ്ജ് കുര്യൻ അഭിനന്ദിക്കുകയും അതിൻ്റെ സാധ്യതകളെക്കുറിച്ച് പരാമർശിക്കുകയും ചെയ്തു. പ്രാദേശിക മത്സ്യത്തൊഴിലാളികളെ ശാക്തീകരിക്കുന്നതിന് ആധുനിക അടിസ്ഥാന സൗകര്യങ്ങൾ, കോൾഡ് ചെയിൻ സംവിധാനങ്ങൾ, മൂല്യവർദ്ധിത സംസ്കരണം എന്നിവയിൽ കൂടുതൽ നിക്ഷേപം നടത്തേണ്ടതിൻ്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
പ്രധാന ഭൂപ്രദേശവുമായി പരിമിതമായ കണക്റ്റിവിറ്റിയുള്ളതും ചരിത്രപരമായി വികസന വെല്ലുവിളികൾ നേരിട്ടതുമായ ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശമാണ് ലക്ഷദ്വീപ് എന്ന് ചടങ്ങിൽ സംസാരിച്ച ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ പ്രഫുൽ പട്ടേൽ പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾ കഴിഞ്ഞിട്ടും സുരക്ഷിതമായ കുടിവെള്ളം ഒരു പ്രധാന പ്രശ്നമായി തുടരുന്നുണ്ടെങ്കിലും പ്രധാനമന്ത്രിയുടെ ഇടപെടലിൻ്റെ ഫലമായി ഇപ്പോൾ എല്ലാ ദ്വീപുകളിലും ഉപ്പുവെള്ള ശുദ്ധീകരണ പ്ലാൻ്റുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലക്ഷദ്വീപിലെ എല്ലാ ക്ലാസ് മുറികളും ഇപ്പോൾ സ്മാർട്ട് ക്ലാസ് മുറികളാണെന്നും, ഇത് കുട്ടികളെ ആഗോളതലത്തിൽ മത്സരിക്കാൻ പ്രാപ്തരാക്കുന്നുവെന്നും ആശുപത്രികളും വിമാനത്താവളങ്ങളും വികസിപ്പിക്കുകയാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
വകുപ്പുതല പദ്ധതികളുടെ വ്യാപക പങ്കാളിത്തം ഉറപ്പാക്കുന്നതിന് ഘടനാപരമായ ഔട്ട്റീച്ച് പദ്ധതിക്കൊപ്പം കപ്പൽ സാങ്കേതികവിദ്യ, മത്സ്യ സംസ്കരണം എന്നിവയുമായി ബന്ധപ്പെട്ട പരിശീലനത്തിൻ്റേയും അവബോധത്തിൻ്റേ യും ആവശ്യകത അഡ്മിനിസ്ട്രേറ്റർ ഊന്നിപ്പറഞ്ഞു. മൂല്യവർദ്ധനവ് വർദ്ധിപ്പിക്കുന്നതിന് കോൾഡ് സ്റ്റോറേജ് സൗകര്യങ്ങൾക്ക് മുൻഗണന നൽകണമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. മത്സ്യബന്ധന മേഖലയിലെ സ്വകാര്യ നിക്ഷേപം ആകർഷിക്കുന്നതിനായി ലക്ഷദ്വീപിൽ ഒരു നിക്ഷേപക സംഗമം സംഘടിപ്പിക്കാൻ അദ്ദേഹം നിർദ്ദേശിക്കുകയും ചെയ്തു.
പ്രധാനമന്ത്രി മത്സ്യ സമ്പദ യോജനയ്ക്ക് (PMMSY) കീഴിൽ ലക്ഷദ്വീപിൻ്റെ മത്സ്യബന്ധന മേഖലയ്ക്ക് നല്കുന്ന വിവിധ പിന്തുണകളെക്കുറിച്ച് കേന്ദ്ര മത്സ്യബന്ധന വകുപ്പ് സെക്രട്ടറി ഡോ. അഭിലക്ഷ് ലിഖി തൻ്റെ പ്രസംഗത്തിൽ പരാമർശിക്കുകയും ആഗോള മത്സരക്ഷമതയ്ക്കായി ഉത്പാദനം വർദ്ധിപ്പിക്കേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെയുള്ള കടൽപ്പായൽ കൃഷിക്കായി ഓഫ്‌ഷോർ ക്ലസ്റ്ററുകളുടെ ആവശ്യകത അദ്ദേഹം എടുത്തുപറഞ്ഞു. യന്ത്രവൽകൃത മത്സ്യബന്ധനം വർദ്ധിപ്പിക്കുന്നതിന് സ്മാർട്ട്, സംയോജിത തുറമുഖങ്ങൾ വികസിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ട്യൂണ മൂല്യ ശൃംഖല ശക്തിപ്പെടുത്തലും ലൈവ് ബെയ്റ്റ് വളർച്ച വർദ്ധിപ്പിക്കുന്നതിന് കൃത്രിമ പാറകൾ അവതരിപ്പിക്കുന്നതിനേക്കുറിച്ചുമുള്ള വിവരങ്ങൾ ലക്ഷദ്വീപ് ഭരണകൂടത്തിൻ്റെ ഫിഷറീസ് സെക്രട്ടറി ശ്രീ. രാജ് തിലക് എസ് തൻ്റെ പ്രസംഗത്തിൽ പങ്കുവെച്ചു. പ്രാദേശിക മത്സ്യത്തൊഴിലാളികളുമായി പതിവായി പങ്കിടുന്ന സാധ്യതയുള്ള മത്സ്യബന്ധന മേഖലകളുടെ ഡാറ്റ ഇന്ത്യൻ നാഷണൽ സെൻ്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസ് (INCOIS) നല്കുന്നുണ്ടെന്നും, ലൈവ്ബെയ്റ്റ് ലഭ്യത വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ആഴക്കടൽ മത്സ്യബന്ധനം, ഉത്പാദനം
ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റഫ്രിജറേറ്റഡ് മത്സ്യ ജല ടാങ്കുകൾ അവതരിപ്പിക്കുന്നത് ഹിസ്റ്റാമിൻ ഉള്ളടക്കത്തെ വിലയിരുത്താൻ സഹായിച്ച് വിളവെടുപ്പിനു ശേഷമുള്ള നഷ്ടം കുറയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലക്ഷദ്വീപ് ഭരണകൂടം, കേന്ദ്ര മത്സ്യബന്ധന വകുപ്പ്, കേന്ദ്ര ആഭ്യന്തര മന്ത്രാലയം, കേന്ദ്ര തുറമുഖ-ഷിപ്പിംഗ്-ജലപാത മന്ത്രാലയം, ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയം, വനം-പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, ഭൗമ ശാസ്ത്ര മന്ത്രാലയം, സമുദ്ര ഉൽപ്പന്ന കയറ്റുമതി വികസന അതോറിറ്റി ( MPEDA), ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ICAR), നീതി ആയോഗ്, ദേശീയ സഹകരണ വികസന കോർപ്പറേഷൻ (NCDC), നബാർഡ് എന്നിവയിൽ നിന്നുള്ള പ്രതിനിധികൾ ഈ കൂടിയാലോചന യോഗത്തിൽ പങ്കെടുത്തു.
****************
(Release ID: 2169066)