വിദ്യാഭ്യാസ മന്ത്രാലയം
'പ്രത്യേക കാമ്പെയ്ൻ 5.0'-ന് വിദ്യാഭ്യാസ മന്ത്രാലയം ഒരുങ്ങി
Posted On:
17 SEP 2025 6:33PM by PIB Thiruvananthpuram
കേന്ദ്ര ഗവൺമെന്റ് 2025 ഒക്ടോബർ 2 മുതൽ ഒക്ടോബർ 31 വരെ സംഘടിപ്പിക്കുന്ന 'പ്രത്യേക കാമ്പെയ്ൻ 5.0'-ൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് (DoHE) സജീവമായി പങ്കെടുക്കും. ഗവൺമെന്റ് ഓഫീസുകൾ,സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ശുചിത്വം മെച്ചപ്പെടുത്തുന്നതിനാണ് ക്യാമ്പയിൻ ലക്ഷ്യമിടുന്നത്. ഓഫീസുകളിലെയും കേന്ദ്ര ധനസഹായമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും (HEIs) കെട്ടിക്കിടക്കുന്ന ഫയലുകളും വസ്തുവകകളും കുറയ്ക്കുന്നതിലൂടെ തൊഴിലിട അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും എല്ലാ ഓഫീസുകളിലും സ്വച്ഛത (ശുചിത്വം) പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പ്രത്യേക കാമ്പെയ്ൻ 5.0 ലക്ഷ്യമിടുന്നത്.
ഈ വിഷയവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഡോ. വിനീത് ജോഷി 12.09.2025-ന് ഹൈബ്രിഡ് രീതിയിൽ നടന്ന ഒരു യോഗത്തിൽ അധ്യക്ഷത വഹിച്ചു. കേന്ദ്ര ധനസഹായമുള്ള സ്ഥാപനങ്ങളുടെ മേധാവികൾ / അധ്യാപകർ , യുജിസി, എഐസിടിഇ, ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ 170-ലധികം പേർ യോഗത്തിൽ പങ്കെടുത്തു. പ്രത്യേക കാമ്പെയ്ൻ 5.0-ന്റെ വിജയം ഉറപ്പാക്കുന്നതിനും സമാനമായി മുൻപ് നടന്ന കാമ്പെയ്‌നുകളിൽ കൈവരിച്ച നേട്ടങ്ങളെ ഇത്തവണ മറികടക്കുന്നതിനും വൃത്തിയുള്ളതും കൂടുതൽ സംഘടിതവും പ്രതികരണശേഷിയുള്ളതുമായ ഒരു ഗവൺമെന്റ് സംവിധാനം സൃഷ്ടിക്കുന്നതിനും ആവശ്യമായ മുൻകൂർ നടപടികൾ സ്വീകരിക്കുന്നതിന് യോഗത്തിൽ ധാരണയായി.
2025 സെപ്റ്റംബർ 15 മുതൽ സെപ്റ്റംബർ 30 വരെ തയ്യാറെടുപ്പ് ഘട്ടം, തുടർന്ന് 2025 ഒക്ടോബർ 2 മുതൽ ഒക്ടോബർ 31 വരെ നടപ്പാക്കൽ ഘട്ടം എന്നിങ്ങനെ പ്രത്യേക കാമ്പെയ്ൻ 5.0 രണ്ട് ഘട്ടങ്ങളിലായാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കേന്ദ്ര ധനസഹായമുള്ള സ്ഥാപനങ്ങളുടെ മേധാവികളോടും അധ്യാപകരോടും, യുജിസി, എഐസിടിഇ, ഡിഒഎച്ച്ഇ ഉദ്യോഗസ്ഥർ എന്നിവരോടും തയ്യാറെടുപ്പ് ഘട്ടത്തിൽ പ്രത്യേക ലക്ഷ്യങ്ങൾ നിശ്ചയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
തീർപ്പാക്കാത്ത നടപടികൾ, ശുചീകരണ പ്രവർത്തനങ്ങൾ അനിവാര്യമായ ഇടങ്ങൾ എന്നിവ തിരിച്ചറിയാനും സ്ഥലപരിപാലനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനും അഭ്യർത്ഥിച്ചിട്ടുണ്ട്. രേഖകളുടെ പരിപാലനം , കാലഹരണപ്പെട്ട വസ്തുക്കളുടെയും ഇ-മാലിന്യങ്ങളുടെയും നിർമാർജനം , ഓഫീസുകളുടെ സൗന്ദര്യവൽക്കരണം എന്നിവയിൽ പ്രത്യേക ശ്രദ്ധ നൽകും.
ഇനിയും പരിഹരിക്കാത്ത കാര്യങ്ങൾ തീർപ്പാക്കുന്നതിനായിരിക്കും ക്യാമ്പയിനിന്റെ നടപ്പാക്കൽ ഘട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. '#SpecialCampaign5.0 'എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും പൊതുജന ഇടപെടൽ വളർത്തുന്നതിനും കാമ്പെയ്ൻ ലക്ഷ്യമിടുന്നു.
കഴിഞ്ഞ വർഷം, തീർപ്പാക്കാത്ത വിഷയങ്ങൾ പരിഹരിക്കുന്നതിന് പ്രത്യേക കാമ്പെയ്ൻ (SCDPM 4.0) വഴി DoHE ഗണ്യമായ ശ്രമങ്ങൾ നടത്തി. രാജ്യത്തുടനീളമുള്ള ഏകദേശം 1,094 കേന്ദ്രങ്ങൾ പരിപാടിയിൽ വിജയകരമായി പങ്കെടുത്തു.
(Release ID: 2167939)