രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ചർച്ചകൾ പരാജയപ്പെടുമ്പോൾ ഇന്ത്യ കരുത്തിൻ്റെ പാത തിരഞ്ഞെടുക്കുന്നു എന്നതിൻ്റെ തെളിവാണ് ഓപ്പറേഷൻ സിന്ദൂർ,2016 ലെ സർജിക്കൽ സ്ട്രൈക്ക്,2019 ലെ ബാലാക്കോട്ട് വ്യോമാക്രമണം എന്നിവയെന്ന് രാജ്യരക്ഷാ മന്ത്രി

Posted On: 17 SEP 2025 3:33PM by PIB Thiruvananthpuram
"ഓപ്പറേഷൻ സിന്ദൂർ,2016 ലെ സർജിക്കൽ സ്ട്രൈക്ക്,2019 ലെ ബാലാക്കോട്ട് വ്യോമാക്രമണം എന്നിവ ബലഹീനതയല്ല മറിച്ച് ക്ഷമയാണ് ഇന്ത്യയുടെ ശക്തി എന്നതിൻ്റെ തെളിവാണ്.ചർച്ചകളിലൂടെ പരിഹാരം  കണ്ടെത്താൻ കഴിയാതെ വരുമ്പോൾ ഇന്ത്യ കരുത്തിൻ്റെ പാത തിരഞ്ഞെടുക്കും." 2025 സെപ്റ്റംബർ 17 ന് നടന്ന ഹൈദരാബാദ് വിമോചന ദിന പരിപാടിയിൽ സംസാരിക്കവേ രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ശക്തവും ദൃഢനിശ്ചയമുള്ളതുമായ പുതിയ ഇന്ത്യ സംഭാഷണങ്ങളിൽ വിശ്വസിക്കുന്നുണ്ടെങ്കിലും സമാധാനത്തിൻ്റേയും സൗഹാർദ്ദത്തിൻ്റേയും ഭാഷ മനസ്സിലാക്കാൻ പരാജയപ്പെടുന്നവർക്ക് തക്കതായ മറുപടി നല്കാൻ അറിയാമെന്നും തെലങ്കാനയിലെ ഹൈദരാബാദിൽ സംസാരിച്ച അദ്ദേഹം വ്യക്തമാക്കി.

പഹൽഗാമിൽ തീവ്രവാദികൾ അവരുടെ ധർമ്മത്തിൻ്റെ അടിസ്ഥാനത്തിൽ നിരപരാധികളായ പൗരന്മാരെ കൊലപ്പെടുത്തിയപ്പോൾ,ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ സായുധ സേന അവരുടെ കർമ്മത്തിൻ്റെ  അടിസ്ഥാനത്തിൽ പാകിസ്ഥാനിലേയും പാക് അധീന കശ്മീരിലേയും തീവ്രവാദികളെ കൊലപ്പെടുത്തുകയും  അവരുടെ ഒളിത്താവളങ്ങൾ നശിപ്പിക്കുകയും ചെയ്തുവെന്ന് രക്ഷാ മന്ത്രി ചൂണ്ടിക്കാട്ടി.വിജയകരമായ നിർവ്വഹണം നടപ്പിലാക്കിയ സായുധ സേനയുടെ വീര്യത്തിനും സമർപ്പണത്തിനും അംഗീകാരം നല്കിക്കൊണ്ട്
ഓപ്പറേഷൻ നിർത്തിവച്ചിരിക്കുകയാണെന്നും അതിർത്തിക്കപ്പുറത്ത് നിന്ന് മറ്റൊരു ഭീകര പ്രവർത്തനം ആസൂത്രണം ചെയ്താൽ അത് പൂർണ്ണ ശക്തിയോടെ പുനരാരംഭിക്കുമെന്നും അദ്ദേഹം ആവർത്തിച്ചു. ഓപ്പറേഷൻ സിന്ദൂറിനിടെ വെടിനിർത്തൽ സംബന്ധിച്ച മൂന്നാം കക്ഷിയുടെ ഇടപെടൽ ഇന്ത്യ നിരസിച്ചുവെന്നും ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ ഒരിക്കലും മൂന്നാം കക്ഷിക്ക് ഇടപെടാൻ കഴിയില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഉത്തരേന്ത്യയേയും ദക്ഷിണേന്ത്യയേയും ഒന്നിപ്പിക്കുന്നതിൽ ഇന്ത്യയുടെ 'ഉരുക്കുമനുഷ്യൻ' ആയ സർദാർ വല്ലഭായ് പട്ടേൽ വഹിച്ച പങ്കിനെ ശ്രീ രാജ്നാഥ് സിംഗ് പ്രശംസിച്ചു.ഹൈദരാബാദ് വിമോചന ദിനവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനവും സെപ്റ്റംബർ 17 ന് ആണെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, "സർദാർ പട്ടേലിനെപ്പോലെ നമ്മുടെ പ്രധാനമന്ത്രിയും ഇന്ത്യയെ സാംസ്കാരികമായും സാമൂഹികമായും ആത്മീയമായും സാമ്പത്തികമായും ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്നു" എന്ന് പറഞ്ഞു.

രാജ്യത്തെ പരിവർത്തനം ചെയ്തതിന് പ്രധാനമന്ത്രി മോദിയെ പ്രശംസിച്ച രക്ഷാ മന്ത്രി,ഇന്ത്യ ഉടൻ തന്നെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.“ഇന്ന് ഇന്ത്യ മറ്റാരുടേയും നിർദ്ദേശപ്രകാരം പ്രവർത്തിക്കുന്നില്ല,മറിച്ച് സ്വന്തമായി തിരക്കഥ എഴുതുകയാണ്,” അദ്ദേഹം പറഞ്ഞു.

ഓപ്പറേഷൻ പോളോയിൽ പങ്കെടുത്തവരുടെ ധൈര്യത്തെ ശ്രീ രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു.അത്  വെറുമൊരു സൈനിക നടപടിയല്ലായിരുന്നുവെന്നും രജാക്കർമാരുടെ ഗൂഢാലോചന തകർത്തുകൊണ്ട്  ഹൈദരാബാദിനെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നത് സർദാർ പട്ടേലിൻ്റെ  നിർണായക പ്രഹരമാണെന്നും അദ്ദേഹം പറഞ്ഞു.ഓപ്പറേഷൻ പോളോയുടെ വിജയവും ഹൈദരാബാദിനെ ഇന്ത്യയുമായി ലയിപ്പിച്ചതും ഐക്യം സംരക്ഷിക്കുന്നതിൽ ഇന്ത്യ എപ്പോഴും കഴിവുള്ളതും ശക്തവുമാണെന്ന് ലോകത്തിന് മുന്നിൽ തെളിയിച്ച മഹത്തായ അധ്യായമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

"1948-ൽ രജാക്കർമാരുടെ ഗൂഢാലോചന തകർന്നത് പോലെ,പാകിസ്ഥാൻ സ്പോൺസർ ചെയ്ത ഭീകരവാദവും  അവരുടെ ഏജൻ്റുമാരും ഇന്ന് പരാജയപ്പെട്ടു.ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ വീണ്ടും ഉചിതമായ മറുപടി നല്കി.ഐക്യവും സാംസ്കാരിക വൈവിധ്യവുമാണ് നമ്മുടെ ഏറ്റവും വലിയ ശക്തിയെന്ന് നാം വീണ്ടും തെളിയിച്ചു," രക്ഷാ മന്ത്രി കൂട്ടിച്ചേർത്തു.

പരിപാടിയുടെ ഭാഗമായി, ഹൈദരാബാദിലെ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ സംഘടിപ്പിച്ച ഹൈദരാബാദ് വിമോചന ദിന ഫോട്ടോ പ്രദർശനവും ശ്രീ രാജ്‌നാഥ് സിംഗ് സന്ദർശിച്ചു.കേന്ദ്ര സാംസ്കാരിക, ടൂറിസം മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, കൽക്കരി-ഖനി മന്ത്രി ശ്രീ ജി.കിഷൻ റെഡ്ഡി, ആഭ്യന്തര സഹമന്ത്രി ബന്ദി സഞ്ജയ് കുമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
 
***

(Release ID: 2167650)