ഷിപ്പിങ് മന്ത്രാലയം
azadi ka amrit mahotsav

"സുസ്ഥിര സമുദ്ര വളർച്ചയ്ക്കായി ഇന്ത്യയുടെ പദ്ധതി, 2047 ഓടെ ആഗോള നേതൃത്വം ലക്ഷ്യം: കേന്ദ്ര മന്ത്രി ശ്രീ സർബാനന്ദ സോനോവാൾ

Posted On: 16 SEP 2025 6:55PM by PIB Thiruvananthpuram

ഒരു പരിവർത്തനത്തിന് വിധേയമാകുകയാണ് ഇന്ത്യയുടെ സമുദ്ര മേഖല. ഭാവിയിൽ, ഒരു ആഗോള സമുദ്ര ശക്തി കേന്ദ്രമായി രാജ്യത്തെ മാറ്റുകയാണ് ഗവൺമെൻ്റിൻ്റെ ലക്ഷ്യം. 2047 ഓടെ വികസിത ഭാരതം എന്ന ദർശനവുമായി യോജിപ്പിച്ച്കൊണ്ട് അഭിലാഷകരമായ നിക്ഷേപങ്ങൾ, ആധുനിക അടിസ്ഥാന സൗകര്യങ്ങൾ, സുസ്ഥിര പരിഷ്കാരങ്ങൾ എന്നിവയിലൂടെ ശക്തവും പരിസ്ഥിതി സൗഹൃദവുമായ ഒരു സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് രാജ്യത്തിൻ്റെ തീരങ്ങളുടെയും ജലപാതകളുടെയും ശക്തി ഗവൺമെൻ്റ് പ്രയോജനപ്പെടുത്തുന്നു.

 'സമുദ്ര മേഖലയുമായി ബന്ധപ്പെട്ട അമൃത് കാലത്തിൻ്റെ ദർശനം 2047' പ്രകാരം ഇന്ത്യ 80 ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങൾ ആകർഷിക്കാനും 1.5 കോടിയിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഹരിത ഷിപ്പിംഗ് രീതികൾ പ്രോത്സാഹിപ്പിക്കാനും തയ്യാറെടുക്കുന്നതായി കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത വകുപ്പ് മന്ത്രി (MoPSW) ശ്രീ സർബാനന്ദ സോനോവാൾ പറഞ്ഞു.

"സമൃദ്ധി, സുസ്ഥിരത, നമ്മുടെ പൈതൃകത്തിലുള്ള അഭിമാനം എന്നിവയിൽ അധിഷ്ഠിതമാണ് ഇന്ത്യയുടെ സമുദ്ര വളർച്ചാഗാഥ" -ശ്രീ സർബാനന്ദ സോനോവാൾ പറഞ്ഞു. "കാര്യക്ഷമമായ തുറമുഖങ്ങൾ മുതൽ ഡിജിറ്റൽ ഷിപ്പിംഗ് വരെയുള്ള ഓരോ സംരംഭവും സാമ്പത്തിക ശക്തിയും പാരിസ്ഥിതിക ഉത്തരവാദിത്വവും സംയോജിപ്പിക്കുക എന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെ ദർശനത്തെ പ്രതിഫലിപ്പിക്കുന്നു."അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ, ഇന്ത്യയുടെ നീല സമ്പദ്‌വ്യവസ്ഥ ₹80 ലക്ഷം കോടിയുടെ നിക്ഷേപവും അമൃത് കാലത്തിൻ്റെ ദർശനത്തിന് കീഴിൽ 1.5 കോടി തൊഴിലവസരങ്ങളും നേടാൻ ലക്ഷ്യമിടുന്നതിനാൽ ഞങ്ങൾ ഇതിനകം തന്നെ പദ്ധതി രൂപരേഖ നിശ്ചയിച്ചിട്ടുണ്ട്."

 ഗവൺമെൻ്റിൻ്റെ പ്രധാന പദ്ധതിയായ 'സാഗർമാല' പരിപാടി ഈ മാറ്റത്തിന് നേതൃത്വം നൽകുന്നു. ₹5.8 ലക്ഷം കോടിരൂപയുടെ 840 പദ്ധതികൾ 2035 ഓടെ പൂർത്തീകരിക്കാൻ ലക്ഷ്യമിട്ട് നടപ്പിലാക്കുകയാണ്. ഇതിനകം, 1.41 ലക്ഷം കോടിരൂപയുടെ 272 പദ്ധതികൾ പൂർത്തിയായി. ആഗോളതലത്തിൽ മികച്ച 10 കണ്ടെയ്‌നർ തുറമുഖങ്ങളിൽ ഒന്നായി വിഭാവനം ചെയ്തിരിക്കുന്ന, മഹാരാഷ്ട്രയിൽ സ്ഥാപിതമാകുന്ന ₹76,000 കോടിയുടെ വാധവൻ തുറമുഖം 12 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിലെ കയറ്റിറക്ക് സമയം 0.9 ദിവസമായി കുറഞ്ഞു. ഇത് യുഎസ്, ജർമ്മനി, സിംഗപ്പൂർ എന്നിവിടങ്ങളിലെ ആഗോള മാനദണ്ഡങ്ങളേക്കാൾ വേഗത്തിലാണ്. ലോകത്തിലെ മികച്ച 100 തുറമുഖങ്ങളുടെ പട്ടികയിൽ ഒമ്പത് ഇന്ത്യൻ തുറമുഖങ്ങൾ ഇപ്പോൾ ഇടം നേടിയിട്ടുണ്ട്.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദർശനം ദ്രുത ഗതിയിൽ നടപ്പിലാക്കുന്നതിനായി നയപരമായി അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ഗവൺമെൻ്റിൻ്റെ ആശയം ചൂണ്ടിക്കാണിച്ചുകൊണ്ട് ശ്രീ സർബാനന്ദ സോനോവാൾ ഇപ്രകാരം പറഞ്ഞു: "ഞങ്ങളുടെ നയ പരിഷ്കാരങ്ങൾ ഒരു നിക്ഷേപക സൗഹൃദ അന്തരീക്ഷം രൂപപ്പെടുത്തുകയാണ്. സഹകരണ ഫെഡറലിസത്തിൻ്റെ സത്ത ഉൾക്കൊണ്ട് പങ്കാളികളുടെ വിപുലമായ കൂടിയാലോചനകൾക്ക് ശേഷം, രാജ്യത്തിൻ്റെ സമുദ്ര ഭൂപ്രകൃതിയെ ശാശ്വതമായി മാറ്റിമറിക്കാൻ സഹായിക്കുന്ന നാഴികക്കല്ലായ 5 നിയമങ്ങൾ ഞങ്ങൾ അടുത്തിടെ നടപ്പിലാക്കി. ഇത് ശക്തവും ബിസിനസ്- പരിസ്ഥിതി സൗഹൃദവും ആഗോളതലത്തിൽ അനുയോജ്യവുമായ നിയമനിർമ്മാണ ചട്ടക്കൂട് സ്ഥാപിച്ചു. ₹25,000 കോടിരൂപയുടെ മാരിടൈം ഡെവലപ്‌മെൻ്റ് ഫണ്ട് (MDF) ഉപയോഗിച്ച്, ഞങ്ങളുടെ ഗവൺമെൻ്റ് കപ്പൽ നിർമ്മാണം, വലിയ കപ്പലുകൾക്ക് അടിസ്ഥാന സൗകര്യ പദവി, ഉൾനാടൻ കപ്പലുകൾക്ക് ടണ്ണേജ് നികുതി ആനുകൂല്യങ്ങൾ എന്നിവ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഇവ, മത്സരശേഷിയും ആഗോള മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടലും വർദ്ധിപ്പിക്കുന്നു. യുപിഎ ഭരണകൂടത്തിൻ്റെ "വീക്ഷണരഹിതം" എന്നതിൽ നിന്ന്, നമ്മുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നമുക്ക് - മാരിടൈം ഇന്ത്യ വിഷൻ 2030, മാരിടൈം അമൃത് കാൽ വിഷൻ 2047 എന്നിങ്ങനെ രണ്ട് "മഹത്തായ ദർശനങ്ങൾ" നൽകിയിട്ടുണ്ട്. സമുദ്ര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ വികസിത ഭാരതമായി മാറ്റുന്നതിനുമുള്ള
 ഒരു ശക്തി വർദ്ധക ഘടകമായി ഈ ദർശന രേഖകൾ, ഞങ്ങളുടെ തന്ത്രത്തെയും ആസൂത്രണത്തെയും രൂപപ്പെടുത്തിയിട്ടുണ്ട്."

ഈ സമുദ്ര പുനരുജ്ജീവനത്തിൻ്റെ പ്രധാന ചാലകശക്തിയായി കേരളം ഉയർന്നുവന്നിട്ടുണ്ട്. 2024 മുതൽ പ്രവർത്തനക്ഷമമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇന്ത്യയിലെ ആദ്യത്തെ പൂർണ്ണ ഓട്ടോമേറ്റഡ് ട്രാൻസ്ഷിപ്പ്മെൻ്റ് ഹബ്ബാണ്. ഇതിനകം 10.6 ലക്ഷം ടിഇയു ചരക്ക് ശേഷിയും ഏകദേശം 500 കപ്പലുകളും ഇവിടെ കൈകാര്യം ചെയ്തിട്ടുണ്ട്. ഐഎൻഎസ് വിക്രാന്തിൻ്റെ നിർമ്മാതാവായ കൊച്ചിൻ ഷിപ്പ്‌യാർഡ്, കപ്പൽ നിർമ്മാണത്തിലും അറ്റകുറ്റപ്പണികളിലും ആഗോളതലത്തിൽ സാന്നിധ്യം അടയാളപ്പെടുത്തുകയാണ്.

ആഗോള സമുദ്രശക്തിയാകാനുള്ള ഇന്ത്യയുടെ മുന്നേറ്റത്തിൽ കേരളം വഹിക്കുന്ന പ്രധാന പങ്കിനെക്കുറിച്ച് സംസാരിച്ച ശ്രീ സർബാനന്ദ സോനോവാൾ ഇങ്ങനെ പറഞ്ഞു: “2047 ഓടെ ആഗോള സമുദ്രശക്തിയാകുക എന്ന ഇന്ത്യയുടെ ദർശനത്തിന് കേരളം കരുത്തുപകരുന്നു. വർദ്ധിച്ചുവരുന്ന ചരക്ക് നീക്കം ഉൾക്കൊള്ളുന്നതിനായി കൊച്ചി തുറമുഖവും വല്ലാർപാടം ട്രാൻസ്ഷിപ്പ്മെൻ്റ് ടെർമിനലും കൂടുതൽ വികസനത്തിന് ഒരുങ്ങുകയാണ്. സാഗർമാലയ്ക്ക് കീഴിൽ, ₹24,000 കോടിയുടെ 54 പദ്ധതികൾ കേരളത്തിൽ നടപ്പിലാക്കുന്നുണ്ട്, അതിൽ 20 എണ്ണം ഇതിനകം പൂർത്തിയായി. കൊച്ചി, കണ്ണൂർ, തൃശൂർ എന്നിവിടങ്ങളിലെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾക്ക് നേരിട്ട് പ്രയോജനം നൽകുന്ന നവീകരിച്ച മത്സ്യബന്ധന തുറമുഖങ്ങൾ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ സംസ്ഥാനത്തിൻ്റെ സമുദ്ര സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും സമുദ്രമേഖലയിലെ ആഗോള മികവ് എന്ന വലിയ ലക്ഷ്യം കൈവരിക്കുന്നതിനുള്ള അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനും ലക്ഷ്യമിടുന്നു.”

ഏഷ്യയിലെ ഏറ്റവും വലിയ സംയോജിത ജലഗതാഗത സംവിധാനമായ കൊച്ചി ജല മെട്രോ, 78 ഇലക്ട്രിക്-ഹൈബ്രിഡ് കപ്പലുകളുമായി 10 ദ്വീപ് സമൂഹങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് നഗര ഗതാഗത സംവിധാനത്തിൽ  വിപ്ലവം സൃഷ്ടിക്കുകയാണ്. കേരളത്തിലെ ജലപാതകൾ സാമ്പത്തിക ഇടനാഴികളായും വികസിപ്പിക്കപ്പെടുന്നു. ദേശീയ ജലപാത 3 ഉം കൊച്ചിയിലെ അന്താരാഷ്ട്ര ക്രൂയിസ് ടെർമിനലും വിനോദസഞ്ചാര, ലോജിസ്റ്റിക്സ് അവസരങ്ങൾ നൽകുന്നു. കേവലം മൂന്ന് വർഷത്തിനുള്ളിൽ 105 ക്രൂയിസ് കപ്പലുകളെയും 1.4 ലക്ഷം യാത്രക്കാരെയും ഈ ടെർമിനൽ സ്വാഗതം ചെയ്തു.

ഈ ഒക്ടോബറിൽ മുംബൈയിൽ നടക്കാനിരിക്കുന്ന 'ഇന്ത്യ സമുദ്രവാരം ' 2025ൽ, ശക്തമായ അന്താരാഷ്ട്ര പങ്കാളിത്തവും പുതിയ നിക്ഷേപങ്ങളും ഗവൺമെൻ്റ് പ്രതീക്ഷിക്കുന്നു. കാർബൺ ബഹിർഗമനം കുറയ്ക്കൽ, വിതരണ ശൃംഖലയുടെ പ്രതിരോധശേഷി, സൈബർ സുരക്ഷ, സുസ്ഥിര ഷിപ്പിംഗ് തുടങ്ങിയ വിഷയങ്ങളിൽ ആഗോള പങ്കാളികൾ ചർച്ചകൾ നടത്തണമെന്ന് സോനോവാൾ അഭ്യർത്ഥിച്ചു.

“സമുദ്രശക്തിയുടെ ഒരു പുതിയ യുഗം ആരംഭിച്ചു,” -ശ്രീ സോനോവാൾ പറഞ്ഞു. “2047 ആകുമ്പോഴേക്കും ആഗോള സമുദ്രശക്തി കേന്ദ്രവും വികസിത ഭാരതവുമായി മാറാനുമുള്ള യാത്രയ്ക്ക് ശക്തി പകരാൻ, ഇന്ത്യയുടെ സമുദ്ര മേഖലയ്ക്ക് പാരമ്പര്യത്തെ സാങ്കേതികവിദ്യയുമായും ചരിത്രത്തെ ആധുനികതയുമായും സംയോജിപ്പിക്കാൻ കഴിയുമെന്നതിൻ്റെ തെളിവാണ് കേരളത്തിൻ്റെ വിജയം.” -അദ്ദേഹം പറഞ്ഞു.

********************

 

(Release ID: 2167404) Visitor Counter : 2
Read this release in: Urdu , Hindi , English