സാംസ്‌കാരിക മന്ത്രാലയം
azadi ka amrit mahotsav

ജ്ഞാനഭാരതം' ഇന്ത്യയുടെ കൈയെഴുത്തുപ്രതി പൈതൃകത്തെ ജീവസ്സുറ്റ പാരമ്പര്യമായി പുനരുജ്ജീവിപ്പിച്ച് ഒരു സാംസ്‌കാരിക നവോത്ഥാനത്തിന് തുടക്കമിടും- ശ്രീ. ഗജേന്ദ്ര സിങ് ഷെഖാവത്

ഡൽഹി പ്രഖ്യാപനം സ്മരണീയമായൊരു കൂട്ടായ ദൃഡനിശ്ചയത്തെ അടയാളപ്പെടുത്തുന്നു

Posted On: 13 SEP 2025 8:47PM by PIB Thiruvananthpuram

ഇന്ത്യയുടെ കൈയെഴുത്തുപ്രതി പൈതൃകം സംരക്ഷിക്കുന്നതിനും ഡിജിറ്റൽ രൂപത്തിലാക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി സമർപ്പിതമായ 'ജ്ഞാന ഭാരതം' എന്ന സുപ്രധാന ദേശീയ സംരംഭത്തിന് സാംസ്‌കാരിക മന്ത്രാലയം തുടക്കമിട്ടു. ഇതിന്‍റെ ഭാഗമായി 2025 സെപ്റ്റംബർ 11 മുതൽ 13 വരെ ന്യൂഡൽഹിയിലെ വിജ്ഞാൻഭവനിൽ 'കൈയെഴുത്തുപ്രതി പൈതൃകത്തിലൂടെ ഭാരതത്തിന്‍റെ വിജ്ഞാനപാരമ്പര്യം വീണ്ടെടുക്കൽ' എന്ന വിഷയത്തിൽ പ്രഥമ 'ജ്ഞാനഭാരതം' അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചു.  


 

ഇന്ത്യയിലും വിദേശത്തുമുള്ള പണ്ഡിതന്മാർ, വിദഗ്ധർ, സ്ഥാപനങ്ങൾ, സാംസ്‌കാരിക പ്രവർത്തകർ എന്നിവരുൾപ്പെടെ ആയിരത്തി ഒരുന്നൂറിലധികം പേർ സമ്മേളനത്തിൽ ഒത്തുചേർന്നു.


 

ഇന്ത്യയുടെ കൈയെഴുത്തുപ്രതി സമ്പത്ത് സംരക്ഷിക്കുകയും, ഡിജിറ്റൽ രൂപത്തിലാക്കുകയും ലോകവുമായി പങ്കിടുകയും ചെയ്യുന്നതിനുള്ള ചർച്ചകൾ, ആലോചനകൾ, ഭാവി മാർഗരേഖകൾ എന്നിവ രൂപപ്പെടുത്തുന്നതിനുള്ള ഒരു സഹകരണ വേദിയായിരുന്നു ഇത്.


 

കേന്ദ്ര സാംസ്‌കാരിക മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനത്തോടെയാണ് സെപ്റ്റംബർ 13-ന് ചർച്ചകൾ അവസാനിച്ചത്. മൂന്ന് ദിവസങ്ങളിലായി നടന്ന സമ്മേളനത്തിനിടെ, സെപ്റ്റംബർ 12-ന് പ്രധാനമന്ത്രി വിവിധ പ്രവർത്തകസംഘങ്ങളുടെ അവതരണത്തിൽ പങ്കെടുത്ത് സമ്മേളനത്തെ അഭിസംബോധന ചെയ്തു. സമാപനസമ്മേളത്തിൽ സാംസ്‌കാരിക മന്ത്രി ശ്രീ. ഗജേന്ദ്ര സിങ് ഷെഖാവത്ത് മുഖ്യാതിഥിയായിരുന്നു.

'ജ്ഞാനസേതു' മത്സരത്തിലെ വിജയികളെ ചടങ്ങിൽ ആദരിച്ചു. മൂന്നാം സ്ഥാനം അമ്മ-മകൻ ജോഡിയായ വെങ്കട്ട് രവി തേജ വിലയ്ക്കും, ചേതൻ അറോറയ്ക്കുമൊപ്പം ഡോ.എ.കെ. അർജുൻ ഘോഷിനും സംയുക്തമായി ലഭിച്ചു. പ്രൊഫ. രവി കിരൺ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഇൻവേഴ്സ് എ.ഐയുടെ സിഇഒ ആർ. രാമകൃഷ്ണനാണ് ഒന്നാം സ്ഥാനത്തിന് അർഹനായത്. ചടങ്ങിൽ ജ്ഞാനഭാരതം ലോഗോ അനാച്ഛാദനം ചെയ്യുകയും, ഡോ. ജയ തിവാരി സ്ഥാപിച്ച മേരി സിന്ദഗി ബാൻഡ് ജ്ഞാനഭാരതം ഗാനം അവതരിപ്പിക്കുകയും ചെയ്തു.

പ്രധാനമന്ത്രിയാൽ പ്രചോദിതവും മാർഗനിർദേശം ഉൾക്കൊണ്ടതുമായ ഈ സംരംഭം, ഇന്ത്യയുടെ സമ്പന്നമായ വിജ്ഞാന പാരമ്പര്യത്തിലേക്ക് പുതുജീവൻ പകരാനുള്ള ഒരു പരിശ്രമമാണെന്ന് ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കവെ കേന്ദ്ര സാംസ്‌കാരിക, വിനോദസഞ്ചാര മന്ത്രി ശ്രീ. ഗജേന്ദ്ര സിങ് ഷെഖാവത്ത് പറഞ്ഞു. 'ശ്രുതി', 'സ്മൃതി' എന്നിവയ്ക്ക് ശേഷം ലിഖിത രൂപത്തിൽ സംരക്ഷിക്കപ്പെട്ട വിജ്ഞാനം ഇപ്പോൾ കേന്ദ്രസർക്കാറിന്‍റെ സാംസ്‌കാരിക മന്ത്രാലയം 'ജ്ഞാനഭാരതം ദൗത്യം' വഴി പുനരുജ്ജീവിപ്പിക്കുകയാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. സമ്മേളനത്തിന്‍റെ മൂന്ന് ദിവസങ്ങളിലായി നടന്ന തുടർച്ചയായ പങ്കാളിത്തത്തെയും ചർച്ചകളെയും അഭിനന്ദിച്ച അദ്ദേഹം, വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉണ്ടായിരുന്നിട്ടും എല്ലാവരും പരസ്പര ബഹുമാനത്തോടും ഊർജ്ജസ്വലതയോടും കൂടി ഇടപഴകി സമ്മേളനത്തെ ഒരു പൊതു പരിസമാപ്തിയിലേക്ക് നയിച്ചെന്ന് ചൂണ്ടിക്കാട്ടി.

ഈ പ്രക്രിയയെ കേവലം ഒരു അക്കാദമികോദ്യമമായി കാണാതെ, സാംസ്‌കാരിക നവോത്ഥാനത്തിന്‍റെ ഭാഗമായി കാണണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. പൊതുജനങ്ങളുമായി ബന്ധപ്പെട്ടുപ്രവർത്തിച്ചാൽ മാത്രമെ കൈയെഴുത്തുപ്രതികളുടെ സംരക്ഷണം, പ്രസിദ്ധീകരണം, ഉപയോഗം എന്നിവ അർത്ഥവത്താകൂവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനെയൊരു ബഹുജന മുന്നേറ്റമാക്കി മാറ്റുന്നതിന് പണ്ഡിതരുടെയും വിദഗ്ധരുടെയും പരിശ്രമങ്ങളെ സാമൂഹിക പരിഗണനകളുമായി ബന്ധിപ്പിക്കേണ്ടതിന്‍റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഡൽഹി പ്രഖ്യാപനത്തെ കേവലമൊരു രേഖയായിട്ടല്ല, മറിച്ച് ഭാഗഭാക്കായ എല്ലാവരുടെയും കൂട്ടായ ദൃഢനിശ്ചയമായാണ് കേന്ദ്രമന്ത്രി വിശേഷിപ്പിച്ചത്. അതിന്‍റെ തുടക്കം സ്മരണീയമായിരുന്നെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, ഭാവിയിലത് കൂടുതൽ പ്രാധാന്യമർഹിക്കുന്നതാവുകയും നമുക്കുള്ള ഒരു പ്രതിജ്ഞ പോലെയാവുകയും ചെയ്യുമെന്ന് വ്യക്തമാക്കി.

ഓരോ ഇന്ത്യക്കാരനും അവരുടെ പൂർവ്വികരുടെ ഈ ബൗദ്ധിക പൈതൃകത്തിൽ അഭിമാനിക്കാൻ പ്രാപ്തമാക്കുന്ന വിധത്തിൽ ആധുനിക സാങ്കേതികവിദ്യയിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും കൈയെഴുത്തുപ്രതികൾ സംരക്ഷിക്കുക, പ്രസിദ്ധീകരിക്കുക, പ്രാപ്യമാക്കുക എന്നതാണ് നമ്മുടെ വ്യക്തമായ ലക്ഷ്യമെന്ന് പ്രസംഗം ഉപസംഹരിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.
ഈ അറിവ് സാധാരണക്കാരുടെ പ്രായോഗിക ഉപയോഗവുമായി ബന്ധപ്പെടുന്നതുവരെ, ഈ മുന്നേറ്റം അപൂർണ്ണമായി തുടരും. അതിനാൽ, ഈ പൈതൃകം ഭാവി തലമുറകളിലേക്ക് എത്തിച്ചേരുന്നുവെന്നും, കൈയെഴുത്തുപ്രതി പാരമ്പര്യത്തിൽ ഇന്ത്യയുടെ ആഗോള നേതൃത്വത്തെ മുന്നോട്ട് കൊണ്ടുപോകുന്നുവെന്നതും നമുക്ക് ഒരുമിച്ച് ഉറപ്പാക്കാമെന്ന് അദ്ദേഹം പറഞ്ഞു.

സെപ്റ്റംബർ 11 മുതൽ 13 വരെ നടന്ന ത്രിദിന ജ്ഞാനഭാരതം അന്താരാഷ്ട്ര സമ്മേളനത്തിന്‍റെ സമാപന സെഷനിൽ സാംസ്‌കാരിക മന്ത്രാലയ സെക്രട്ടറി ശ്രീ. വിവേക് അഗർവാൾ സമ്മേളന റിപ്പോർട്ട് അവതരിപ്പിച്ചു. എട്ട് പ്രവർത്തകസംഘങ്ങളും വിശദമായ ചർച്ചകളിൽ ഏർപ്പെടുകയും അവതരണങ്ങൾ സമർപ്പിക്കുകയും ചെയ്തുവെന്നും ബഹുമാനപ്പെട്ട പ്രധാനമന്ത്രി അവ ശ്രദ്ധാപൂർവ്വം സ്വീകരിക്കുകയും ചിന്താപൂർവ്വം മാർഗദർശനമേകുകയും ചെയ്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ ക്ലിക്കുചെയ്യുക.

***************


(Release ID: 2166473) Visitor Counter : 2
Read this release in: English , Hindi