റെയില്‍വേ മന്ത്രാലയം
azadi ka amrit mahotsav

ബൈറബി-സൈറാങ് റെയിൽ പാതയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പ്രദേശത്ത് പരിശോധന നടത്തി

സംസ്ഥാന തലസ്ഥാനത്ത് നിന്ന് ദേശീയ തലസ്ഥാനത്തേക്കുള്ള ആദ്യ ട്രെയിൻ സർവീസിന് ഒരുങ്ങി മിസോറം

ബൈറബി-സൈറാങ് റെയിൽ പാതയും മൂന്ന് പുതിയ ട്രെയിനുകളും പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

Posted On: 12 SEP 2025 8:51PM by PIB Thiruvananthpuram

കേന്ദ്ര റെയിൽവേ, ഇലക്ട്രോണിക്സ്, വിവരസാങ്കേതിക, വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് മിസോറാമിലെ സൈറാങ് റെയിൽവേ സ്റ്റേഷൻ സന്ദർശിക്കുകയും ഉദ്ഘാടനത്തിന് മുന്നോടിയായി ബൈറബി-സൈറാങ് റെയിൽ പാതയുടെ പ്രാധാന്യത്തെക്കുറിച്ച് മാധ്യമങ്ങളുമായി സംവദിക്കുകയും ചെയ്തു.

പ്രദേശത്തിൻ്റെ സങ്കീർണ്ണമായ ഹിമാലയൻ ഭൗമശാസ്ത്ര ഘടനയെ പ്രതിപാദിച്ചു കൊണ്ട് പാതയുടെ നിർമ്മാണ വേളയിൽ നേരിട്ട അസാധാരണ വെല്ലുവിളികളെക്കുറിച്ച് ശ്രീ വൈഷ്ണവ് വിശദീകരിച്ചു. ജൈവപദാർത്ഥങ്ങളും അയഞ്ഞ മണലും കാരണം ഇളം പർവതങ്ങൾ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചതിനാൽ നൂതന തുരങ്ക നിർമ്മാണ രീതികൾ സ്വീകരിക്കേണ്ടി വന്നു. തുരങ്കവും പാലവും നിർമ്മിക്കുന്നതിനു മുമ്പ് ആദ്യം മണലിനെ പാറ പോലുള്ള രൂപത്തിലേക്ക് ഉറപ്പിക്കേണ്ടത് ആവശ്യമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

ബൈറബി മുതൽ സൈറാങ് വരെയുള്ള 51 കിലോമീറ്റർ ദൂരത്തിൽ 45 തുരങ്കങ്ങളും 55 പ്രധാന പാലങ്ങളും നിർമ്മിച്ചു. കുതുബ് മിനാറിനേക്കാൾ ഉയരമുള്ള ഒരു പാലവും ഇതിൽ ഉൾപ്പെടുന്നു, ഇത് ഇന്ത്യയുടെ എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തെ അടയാളപ്പെടുത്തുന്നതാണ്.

വികസനത്തിൻ്റെ വിപുലമായ സ്വാധീനം എടുത്തുകാണിച്ചുകൊണ്ട്, രാജധാനി എക്സ്പ്രസ് വഴി സംസ്ഥാന തലസ്ഥാനത്തെ ദേശീയ തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന ആദ്യ ട്രെയിൻ സർവീസിനൊപ്പം ബൈറബി-സൈറാങ് പദ്ധതിയും പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. മൂന്ന് പുതിയ ട്രെയിൻ സർവീസുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും:

* സൈറാങിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള പ്രതിവാര രാജധാനി എക്‌സ്പ്രസ്
* സൈറാങിൽ നിന്ന് കൊൽക്കത്തയിലേക്ക് ആഴ്ചയിൽ മൂന്നു പ്രാവശ്യം ഓടുന്ന മിസോറാം എക്‌സ്പ്രസ്
* സൈറാങിൽ നിന്ന് ഗുവാഹത്തിയിലേക്കുള്ള  പ്രതിദിന ഐസ്വാൾ ഇൻ്റർസിറ്റി.

ഗുഡ്‌സ് ട്രെയിൻ സർവീസ് സെപ്റ്റംബർ 14 ന് ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. പുതിയ റെയിൽവേ ലൈൻ വഴി സിമൻ്റ്, സ്റ്റീൽ, വീട്ടുപകരണങ്ങൾ എന്നിവയുടെ ഗതാഗതം സാധ്യമാകുന്നതോടെ ഈ ഉത്പന്നങ്ങൾ കുറഞ്ഞ വിലയിൽ ലഭ്യമാകുമെന്നും അതുവഴി ഈ മേഖലയിലെ ജനങ്ങൾക്ക് പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. മിസോറാമിൽ നിന്നുള്ള ജൈവ ഉത്പന്നങ്ങൾ, പച്ചക്കറികൾ, പൂക്കൾ, ഡ്രാഗൺ ഫ്രൂട്ടുപോലുള്ള പഴങ്ങൾ എന്നിവ രാജ്യത്തിൻ്റെ  മറ്റ് ഭാഗങ്ങളിലേക്ക് റെയിൽവേ ശൃംഖല വഴി എത്തിക്കുന്നതിനുള്ള സാധ്യതകളേക്കുറിച്ചും മന്ത്രി ചർച്ച ചെയ്തു. പ്രാദേശിക  സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുക, സാമ്പത്തിക അവസരങ്ങൾ വർദ്ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ട് കശ്മീരിൽ നിന്ന് ഡൽഹിയിലേക്ക് ആപ്പിൾ ഗതാഗതം വിജയകരമായി നടപ്പിലാക്കിയതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ മാതൃക. മെച്ചപ്പെട്ട കണക്റ്റിവിറ്റി വിനോദസഞ്ചാരികൾക്ക് ഈ മേഖല സന്ദർശിക്കുന്നത് എളുപ്പമാക്കുമെന്നും ഇതിനകം തന്നെ വ്യാപകമായ പ്രശംസ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വടക്കുകിഴക്കൻ മേഖലയുടെ റെയിൽവേ വികസനത്തിനായുള്ള ബജറ്റ് വിഹിതത്തിൽ ഗണ്യമായ വർദ്ധനവുണ്ടായതായും ശ്രീ വൈഷ്ണവ് ഊന്നിപ്പറഞ്ഞു. 2014 ന് മുമ്പ് പ്രതിവർഷം ഏകദേശം 2,000 കോടി രൂപയായിരുന്നത് ഇപ്പോൾ 10,000 കോടി രൂപയായി ഉയർന്നു. മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളും ഗതാഗത ബന്ധവും മെച്ചപ്പെടുത്തുന്നതിനുള്ള പ്രധാനമന്ത്രിയുടെ ശക്തമായ പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

***************


(Release ID: 2166193) Visitor Counter : 2
Read this release in: English , Gujarati , Odia , Kannada