പാരമ്പര്യേതര, പുനരുല്‍പ്പാദക ഊര്‍ജ്ജ മന്ത്രാലയം
azadi ka amrit mahotsav

പ്രഥമ ഹരിത ഹൈഡ്രജൻ ഗവേഷണ വികസന സമ്മേളനം കേന്ദ്രമന്ത്രി പ്രൾഹാദ്‌ ജോഷി ഉദ്ഘാടനം ചെയ്തു; സ്റ്റാർട്ടപ്പുകൾക്കുള്ള ₹100 കോടിയുടെ ധനസഹായ പദ്ധതിയ്ക്കും തുടക്കം

प्रविष्टि तिथि: 11 SEP 2025 8:09PM by PIB Thiruvananthpuram
കേന്ദ്ര നവ, പുനരുപയോഗ ഊർജ്ജ മന്ത്രാലയം ന്യൂഡൽഹിയിൽ സംഘടിപ്പിച്ച പ്രഥമ വാർഷിക ഹരിത ഹൈഡ്രജൻ ഗവേഷണ വികസന സമ്മേളനം കേന്ദ്ര നവ, പുനരുപയോഗ ഊർജ്ജ മന്ത്രി ശ്രീ പ്രൾഹാദ്‌ ജോഷി ഉദ്ഘാടനം ചെയ്തു. ഹൈഡ്രജൻ ഉത്പാദനമേഖലയിലെ നൂതനാശയങ്ങളിൽ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനുള്ള ₹100 കോടിയുടെ ധനസഹായ പദ്ധതിയ്ക്കും തുടക്കമായി. നൂതന ഹൈഡ്രജൻ ഉത്പാദനം, സംഭരണം, ഗതാഗതം, പ്രായോഗിക സാങ്കേതികവിദ്യകൾ എന്നിവയിലെ പരീക്ഷണങ്ങൾക്കായി ഒരു പദ്ധതിക്ക് ₹5 കോടി വരെ നൽകും. ഇലക്ട്രോലൈസർ നിർമ്മാണം മുതൽ AI-ഡ്രിവൺ  ഒപ്റ്റിമൈസേഷൻ, ബയോളജിക്കൽ ഹൈഡ്രജൻ സൊല്യൂഷനുകൾ വരെയുള്ള മേഖലകളിലെ 25 സ്റ്റാർട്ടപ്പുകൾ സമ്മേളനത്തിൽ സ്വന്തം നൂതനാശയങ്ങൾ   പ്രദർശിപ്പിച്ചു.
 


 
ഗവേഷകർ, സ്റ്റാർട്ടപ്പുകൾ, വ്യവസായ പ്രമുഖർ, നയരൂപകർത്താക്കൾ എന്നിവരെ അഭിസംബോധന ചെയ്യവേ  ശ്രീ ജോഷി, ആശയങ്ങൾ പങ്കിടുക മാത്രമല്ല, വ്യവസായങ്ങൾക്ക് ഊർജ്ജം പകരാനും, നഗരങ്ങൾ വൃത്തിയാക്കാനും, ഇന്ത്യയിലുടനീളം ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിയുന്ന പ്രായോഗിക പരിഹാരങ്ങളായി ഗവേഷണത്തെ പരിവർത്തനം ചെയ്യാൻ ലക്ഷ്യമിട്ടാണ് ഈ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കി. 2023 ൽ ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യത്തിന് (NGHM) തുടക്കം കുറിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മുന്നോട്ട് വച്ച ദർശനം, ഇന്ത്യൻ ഊർജ്ജ ഭൂമികയെ മാറ്റിമറിക്കുന്നതും ഹരിത ഹൈഡ്രജന്റെ ആഗോള കേന്ദ്രമാക്കി രാജ്യത്തെ പരിവർത്തനം ചെയ്യുന്നതുമാണെന്ന്  അദ്ദേഹം ആവർത്തിച്ചു. ₹19,744 കോടി രൂപ അടങ്കലുള്ള ഈ ദൗത്യം നയ-നിയന്ത്രണ ചട്ടക്കൂട്, ആവശ്യകതാ സൃഷ്ടി, ഗവേഷണ-വികസന, നൂതനാശയ, അടിസ്ഥാന സൗകര്യങ്ങൾ എന്നീ നാല് സ്തംഭങ്ങളിലാണ് നിലകൊള്ളുന്നത്.
 


 
NGHM പ്രകാരമുള്ള ഗവേഷണ-വികസന പുരോഗതി

ഗവേഷണ-വികസന മേഖലയിലെ പുരോഗതി ഉയർത്തിക്കാട്ടിക്കൊണ്ട്, NGHM പ്രകാരമുള്ള സമർപ്പിത ഗവേഷണ-വികസന പദ്ധതി, ആദ്യ റൗണ്ടിൽ ഇതിനോടകം 23 പദ്ധതികൾക്ക് അനുമതി നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സുരക്ഷയും സംയോജനവും, ബയോമാസിൽ നിന്നുള്ള ഹൈഡ്രജൻ ഉത്പാദനം, ഹൈഡ്രജന്റെ ഉപയോഗങ്ങൾ , നോൺ-ബയോമാസ് ഹൈഡ്രജൻ ഉത്പാദന മാർഗ്ഗങ്ങൾ തുടങ്ങിയ പ്രധാന മേഖലകൾ ഇതിൽ ഉൾപ്പെടുന്നു. പ്രമുഖ IIT കൾ, IISER കൾ, CSIR ലാബുകൾ, വ്യവസായ പങ്കാളികൾ അടക്കമുള്ളവരാണ് ഈ പദ്ധതികൾ നടപ്പിലാക്കുന്നത്. 2025 ജൂലൈ 14 ന് ആരംഭിച്ച രണ്ടാം റൗണ്ട് ഗവേഷണ-വികസന നിർദ്ദേശങ്ങൾ 2025 സെപ്റ്റംബർ 15 വരെ പരിഗണിക്കും. അന്താരാഷ്ട്ര തലത്തിൽ, EU-ഇന്ത്യ ട്രേഡ് ആൻഡ് ടെക്നോളജി കൗൺസിലിന് കീഴിൽ സഹകരണം വികസിക്കുകയാണ്. മാലിന്യത്തിൽ നിന്നുള്ള ഹൈഡ്രജൻ ഉത്പാദനത്തെക്കുറിച്ച് 30-ലധികം സംയുക്ത നിർദ്ദേശങ്ങൾ ലഭിച്ചു.

ഹരിത ഹൈഡ്രജൻ ആവാസവ്യവസ്ഥയുടെ സൃഷ്ടി: ദർശനം കർമ്മപഥത്തിൽ  

ഇന്ത്യയിലെ ഹരിത ഹൈഡ്രജൻ ആവാസവ്യവസ്ഥ ഇതിനോടകം കേവലം ദർശനമെന്നതിൽ നിന്ന് കർമ്മപഥത്തിലേക്ക് മുന്നേറുകയാണെന്ന് ശ്രീ ജോഷി വ്യക്തമാക്കി. ഇന്ത്യയിലെ ആദ്യത്തെ തുറമുഖാധിഷ്ഠിത ഹരിത ഹൈഡ്രജൻ പരീക്ഷണ പദ്ധതി തമിഴ്‌നാട്ടിലെ വി.ഒ. ചിദംബരനാർ തുറമുഖത്ത് ആരംഭിച്ചു.

140-ലധികം അന്താരാഷ്ട്ര മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്ന ഹരിത ഹൈഡ്രജൻ സ്റ്റാൻഡേർഡ് ആൻഡ് സർട്ടിഫിക്കേഷൻ സ്കീം, അഞ്ച് പുതിയ പരീക്ഷണ സൗകര്യങ്ങൾ,  5,600-ലധികം ട്രെയിനികൾക്ക്   ഹൈഡ്രജനുമായി ബന്ധപ്പെട്ട യോഗ്യതാ സർട്ടിഫിക്കേഷൻ, ട്രാൻസ്മിഷൻ ചാർജ് ഇളവുകൾ, കാര്യക്ഷമമായ ക്ലിയറൻസ്‌, നിയന്ത്രണ ഇളവുകൾ  ഉൾപ്പെടെ ഇതിനോടകം നിലവിൽ വന്നതും പ്രവർത്തനക്ഷമവുമായ ഘടകങ്ങൾ മന്ത്രി എടുത്തുപറഞ്ഞു. കയറ്റുമതി മേഖലയിലെ ഇന്ത്യയുടെ മത്സരക്ഷമത ശക്തിപ്പെടുത്തുന്നതിനായി കാണ്ട്‌ല, പാരദീപ്, തൂത്തുക്കുടി തുറമുഖങ്ങളിൽ സമർപ്പിത ഹൈഡ്രജൻ ഹബ്ബുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. NTPC, റിലയൻസ്, IOCL തുടങ്ങിയ വൻകിട സംരംഭങ്ങളും സ്റ്റാർട്ടപ്പുകളും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളും ഹൈഡ്രജനിൽ വൻതോതിൽ നിക്ഷേപം നടത്തുന്നുണ്ടെന്നും, ശക്തമായ മൂല്യ ശൃംഖല കെട്ടിപ്പടുക്കുന്നുണ്ടെന്നും, ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2030 ആകുമ്പോഴേക്കും പ്രതിവർഷം അഞ്ച് ദശലക്ഷം മെട്രിക് ടൺ ഹരിത ഹൈഡ്രജൻ ഉത്പാദനം, 125 ജിഗാവാട്ട് നവ, പുനരുപയോഗ ഊർജ്ജ ശേഷി, 8 ലക്ഷം കോടി രൂപയുടെ നിക്ഷേപം, ആറ് ലക്ഷം പുതിയ തൊഴിലവസരങ്ങൾ, പ്രതിവർഷം 50 ദശലക്ഷം ടൺ നിരക്കിൽ CO₂ ബഹിർഗമനത്തിൽ കുറവ് എന്നിവയാണ് NGHM ലക്ഷ്യമിടുന്നതെന്ന് ഇന്ത്യയുടെ പ്രതിബദ്ധത ആവർത്തിച്ചുകൊണ്ട് ശ്രീ ജോഷി പറഞ്ഞു.

സമ്മേളനത്തിന്റെ ഭാഗമായി നടന്ന സ്റ്റാർട്ടപ്പ് പ്രദർശനവും കേന്ദ്രമന്ത്രി പ്രൾഹാദ്‌ ജോഷി ഉദ്ഘാടനം ചെയ്തു.
 
SKY
 
*********************

(रिलीज़ आईडी: 2165880) आगंतुक पटल : 16
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी