വാണിജ്യ വ്യവസായ മന്ത്രാലയം
സമഗ്രവും സുസ്ഥിരവും ഊർജ്ജസ്വലവുമായ വളർച്ചയ്ക്ക് പ്രതിജ്ഞാബദ്ധമായ ലോകത്തിലെ അതിവേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ
Posted On:
10 SEP 2025 8:41PM by PIB Thiruvananthpuram
ലോകത്തെ അതിവേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥ എന്ന നിലയിലുള്ള ഇന്ത്യയുടെ ശ്രദ്ധേയമായ യാത്രയും എല്ലാവരേയും ഉൾക്കൊള്ളുന്നതും,സുസ്ഥിരവും,ഊർജ്ജസ്വലവുമായ വളർച്ചയ്ക്കുള്ള രാജ്യത്തിൻ്റെ പ്രതിബദ്ധതയും വീണ്ടും ഊട്ടിയുറപ്പിക്കുന്നതായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ പറഞ്ഞു.എഫ് ഐ സി സി ഐ (FICCI) ലീഡ്‌സ് 2025 ൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രാജ്യങ്ങൾ തമ്മിൽ ഒത്തുചേരുകയും,ഒരുമിച്ച് പ്രവർത്തിക്കുകയും നിലകൊള്ളുകയും വളരുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണെന്ന് മന്ത്രി പറഞ്ഞു. നേതൃത്വം, മികവ്, പൊരുത്തപ്പെടുത്തൽ,വൈവിധ്യം, സുസ്ഥിരത എന്നിവയെക്കുറിച്ചുള്ള ആഗോള സംഭാഷണത്തിന് നേതൃത്വം നൽകുന്ന എഫ് ഐ സി സി ഐ (FICCI)യുടെ നേതൃത്വത്തെ അദ്ദേഹം പ്രശംസിച്ചു.ഇന്ത്യയുടെ വികസന അജണ്ടയുടെ കേന്ദ്രബിന്ദുവാണ് സുസ്ഥിരതയെന്നും അത് ഇന്ത്യൻ ജീവിതരീതിയിൽ ഉൾക്കൊണ്ടിരിക്കുന്നതും,2047 ഓടെ വികസിത ഭാരതം എന്ന രാജ്യത്തിൻ്റെ അഭിലാഷങ്ങളുമായി പൂർണ്ണമായും പൊരുത്തപ്പെടുന്നതുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ വളർച്ചയുടെ കഥ മൂന്ന് സ്തംഭങ്ങളിൽ അധിഷ്ഠിതമാണെന്ന് ശ്രീ ഗോയൽ ഊന്നിപ്പറഞ്ഞു.ഒന്നാമതായി ഇന്ത്യ പ്രതിസന്ധികളെ നിരന്തരം അവസരങ്ങളാക്കി മാറ്റി.Y2K മുതൽ ആഗോള സാമ്പത്തിക പ്രതിസന്ധി തുടങ്ങി കോവിഡ്-19 വരെ ഇന്ത്യ പ്രതിരോധ ശേഷി തെളിയിച്ചു.കോവിഡ്-19 സമയത്ത് ഇന്ത്യ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുകയും 2.5 ബില്യൺ വാക്സിനുകൾ നല്കുകയും ഒരു പൗരനും പട്ടിണി മൂലം മരിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തുകൊണ്ട് അതിവേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയായി ഉയർന്നുവന്നു.
രണ്ടാമതായി, ഇന്ത്യയുടെ വളർച്ച എല്ലാവരെയും ഉൾക്കൊള്ളുന്നതാണ്.കഴിഞ്ഞ 10 വർഷത്തിനിടെ 40 ദശലക്ഷം കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ സൗജന്യ വീടുകൾ ലഭ്യമാക്കി.കുടിവെള്ളം,വൈദ്യുതി,ഡിജിറ്റൽ കണക്റ്റിവിറ്റി,പാചക വാതകം,റോഡ് സൗകര്യം എന്നിവയും ഇതിൽ ഉൾപ്പെടുന്നു.ഇത് ജീവിതങ്ങളെ മാറ്റിമറിക്കുകയും സമൂഹങ്ങളെ ഉയർത്തുകയും ചെയ്തു.കൂടാതെ 250 ദശലക്ഷം ഇന്ത്യക്കാരെ ദാരിദ്ര്യത്തിൽ നിന്ന് കരകയറാൻ സഹായിക്കുകയും ചെയ്തു.വർദ്ധിച്ചുവരുന്ന അഭിലാഷങ്ങൾ,വരുമാനം,അടിസ്ഥാന സൗകര്യങ്ങൾ എന്നിവ എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയ്ക്ക് കരുത്ത് പകരുന്നു.
മൂന്നാമതായി,പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള പ്രവർത്തനപരമായ നേതൃത്വം ആത്മവിശ്വാസത്തോടെയും ശക്തിയോടെയും ലോകവുമായി ഇടപഴകാൻ കഴിവുള്ള രാജ്യമാക്കി ഇന്ത്യയെ മാറ്റി.മൗറീഷ്യസ്,യു.എ.ഇ,ഓസ്‌ട്രേലിയ,ഇ എഫ് ടി എ(EFTA)രാഷ്ട്രങ്ങൾ എന്നിവയുമായി ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറുകൾ(FTAs) വിജയകരമായി പൂര്‍ത്തിയാക്കി.യു എ ഇ യുമായുള്ള കരാർ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ സാധിച്ചപ്പോൾ ഓസ്ട്രേലിയയുമായുള്ള കരാറിൻ്റെ ആദ്യഘട്ടം നടപ്പിലാക്കി കഴിഞ്ഞു,രണ്ടാം ഘട്ടം ഉടൻ നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.അടുത്ത 15 വർഷത്തിനുള്ളിൽ ഇന്ത്യയിൽ 100 ബില്യൺ യു.എസ് ഡോളർ നിക്ഷേപിക്കാനും ഒരു ദശലക്ഷം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇ എഫ് ടി എ(EFTA)കരാർ അംഗരാജ്യങ്ങളെ പ്രതിജ്ഞാബദ്ധമാക്കുന്നു.
യുണൈറ്റഡ് കിംഗ്ഡവുമായി ശക്തവും നീതിയുക്തവും സന്തുലിതവുമായ ഒരു സ്വതന്ത്ര വ്യാപാര കരാർ ഇന്ത്യ കഴിഞ്ഞ മാസം പൂർത്തിയാക്കി.യൂറോപ്യൻ യൂണിയനുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.കൂടാതെ ഒമാനുമായുള്ള കരാറുകൾ ഉടൻ അന്തിമമാകുമെന്ന് പ്രതീക്ഷിക്കുന്നു.അമേരിക്ക,ന്യൂസിലാൻഡ്,ഖത്തർ, ചിലി,പെറു തുടങ്ങിയ നിരവധി രാജ്യങ്ങളുമായി സജീവമായ സംഭാഷണങ്ങൾ നടക്കുന്നുണ്ട്.വരും മാസങ്ങളിൽ ഇത് വേഗത്തിൽ മുന്നോട്ട് പോകും.ഈ കരാറുകൾ നവീകരണം,ഉത്പ്പാദനം,സേവനങ്ങൾ തുടങ്ങിയ മേഖലകളിലായി കുറഞ്ഞത് 500 ബില്യൺ യു.എസ് ഡോളർ( 45 ലക്ഷം കോടി രൂപ)നിക്ഷേപം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.
ഇത്തരത്തിലുള്ള കരാറുകൾ ആഭ്യന്തര പരിഷ്കാരങ്ങളുമായി ചേർന്ന് വളർച്ച,സംരംഭകത്വം,നവീകരണം എന്നിവയ്‌ക്കുള്ള ഒരു ചലനാത്മക ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നുണ്ടെന്ന് മന്ത്രി എടുത്തുപറഞ്ഞു.കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യയുടെ ഓഹരി വിപണികൾ ആഗോളതലത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഒന്നാണെന്നും ഇത് ഇന്ത്യയുടെ സാമ്പത്തിക അടിസ്ഥാനങ്ങളിലുള്ള ആഗോള വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ ശക്തമായ ജനാധിപത്യ ചട്ടക്കൂട്, സുരക്ഷിതമായ നിക്ഷേപ അന്തരീക്ഷം, അഭിലാഷങ്ങളാൽ മുന്നേറുന്ന യുവജനസംഖ്യ എന്നിവയെക്കുറിച്ച് പരാമർശിച്ച ശ്രീ ഗോയൽ, വരും ദശകങ്ങളിൽ ലോകത്തെ അതിവേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരുമെന്ന് പറഞ്ഞു.ഇന്ത്യയുടെ വളർച്ചയുടെ കഥ ആഭ്യന്തര പുരോഗതിയെ സംബന്ധിക്കുന്നത് മാത്രമല്ല, മറിച്ച് ആഗോള അഭിവൃദ്ധി,സ്വതന്ത്ര വ്യാപാരം, ലോകമെമ്പാടുമുള്ള ജനങ്ങളുടെ ഉയർന്ന ജീവിത നിലവാരം എന്നിവയ്ക്ക് സംഭാവന നൽകുന്നതിനെ സംബന്ധിക്കുന്നത് കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
SKY
******
(Release ID: 2165530)
Visitor Counter : 2