വിദ്യാഭ്യാസ മന്ത്രാലയം
ശ്രീ ധർമ്മേന്ദ്ര പ്രധാൻ, അഡെക്(ADEK) ചെയർപേഴ്‌സൺ ശ്രീമതി സാറാ മുസല്ലമുമായി കൂടിക്കാഴ്ച നടത്തി
ഇന്ത്യ-യുഎഇ വിദ്യാഭ്യാസ ബന്ധം വിപുലീകരിക്കുന്നതിനെ കുറിച്ചും സ്കൂൾ വിദ്യാർത്ഥികളുടെ ഇരു രാജ്യങ്ങളിലേക്കും ഉള്ള വിനിമയ പരിപാടികൾ,ഇന്ത്യൻ പാഠ്യപദ്ധതിയിലുള്ള സ്കൂളുകൾ എന്നിവയെക്കുറിച്ചും ചർച്ച ചെയ്തു
വിദേശത്തെ പ്രഥമ അടൽ ഇൻകുബേഷൻ സെന്റർ ഐഐടി ഡൽഹിയുടെ അബുദാബി കാമ്പസിൽ കേന്ദ്രവിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്തു
Posted On:
10 SEP 2025 9:01PM by PIB Thiruvananthpuram
യുണൈറ്റഡ് അറബ് എമിറേറ്റ്സിലേക്കുള്ള രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ആദ്യ ദിനത്തിൽ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ അഡെക് ചെയർപേഴ്‌സൺ ശ്രീമതി സാറാ മുസല്ലമുമായി കൂടിക്കാഴ്ച നടത്തി. ഐഐടി ഡൽഹി അബുദാബി കാമ്പസ് സ്ഥാപിക്കുന്നതിലും യുഎഇയിൽ ഇന്ത്യൻ പാഠ്യപദ്ധതി സ്കൂളുകൾക്ക് നൽകുന്ന പിന്തുണയ്ക്കും ശ്രീ പ്രധാൻ അവരോടും അഡെക്കിനോടും നന്ദി അറിയിച്ചു
വിദ്യാഭ്യാസപരമായ മുൻഗണനകളെക്കുറിച്ച് ഇരുപക്ഷവും ഫലപ്രദമായ ചർച്ചകളിൽ ഏർപ്പെട്ടു. രാജ്യത്തെ സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ ജിജ്ഞാസയും സർഗ്ഗാത്മകതയും വളർത്തിയെടുക്കുന്നതിലും അടൽ ടിങ്കറിങ് ലാബുകൾ വിജയകരമായതായി ശ്രീ പ്രധാൻ അഭിപ്രായപ്പെട്ടു.യുഎഇയിലെ ഇന്ത്യൻ സ്കൂളുകളിൽ അടൽ ഇൻകുബേഷൻ ലാബുകൾ നടപ്പിലാക്കുന്നതിനുള്ള പദ്ധതിയും ശ്രീ പ്രധാൻ പങ്കുവെച്ചു. ഇന്ത്യൻ പ്രവാസികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി യുഎഇയിൽ ഇന്ത്യൻ പാഠ്യപദ്ധതി അടിസ്ഥാനമാക്കിയുള്ള കൂടുതൽ സ്കൂളുകൾ ആരംഭിക്കുക, ഇരു രാജ്യങ്ങളിലേക്കുള്ള വിദ്യാർത്ഥി വിനിമയ പരിപാടി സ്കൂൾ തലം മുതൽ തന്നെ സാധ്യമാക്കുക തുടങ്ങി വിദ്യാഭ്യാസ മേഖലയിലെ സഹകരണം കൂടുതൽ വിപുലീകരിക്കുന്നതിനെക്കുറിച്ചും ഇരുവരും ഫലപ്രദമായ സംഭാഷണങ്ങൾ നടത്തി. വിദ്യാഭ്യാസ സഹകരണം ശക്തിപ്പെടുത്തുന്നതിനും ഉഭയകക്ഷി ബന്ധത്തിന്റെ ഏറ്റവും ശക്തമായ സ്തംഭങ്ങളിൽ ഒന്നായി വിദ്യാഭ്യാസത്തെ സ്ഥാപിക്കുന്നതിനുമുള്ള ശ്രീമതി സാറാ മുസല്ലത്തിന്റെ താല്പര്യത്തെ ശ്രീ പ്രധാൻ അഭിനന്ദിച്ചു.
ഐഐടി ഡൽഹിയുടെ അബുദാബി ക്യാമ്പസിലെ അക്കാദമിക് - ഭാവി പദ്ധതികളെ കുറിച്ചുള്ള അവതരണം ശ്രീ പ്രധാൻ വീക്ഷിച്ചു. വ്യവസായവുമായി ബന്ധപ്പെട്ട എഞ്ചിനീയറിംഗ് പ്രോഗ്രാമുകളും മികച്ച വിദ്യാഭ്യാസവും നൽകുന്നതിന് അവർ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഐഐടി ഡൽഹി അബുദാബി ഒരു ലോകോത്തര സ്ഥാപനമായി വികസിക്കുകയും എഞ്ചിനീയറിംഗ്, സാങ്കേതികവിദ്യ, ഊർജ്ജം, സുസ്ഥിരത, AI, മറ്റ് ഭാവി മേഖലകൾ എന്നിവയിൽ ആഗോള നേതൃനിരയെ വാർത്തെടുക്കുകയും ചെയ്യുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഐഐടി ഡൽഹി അബുദാബി കാമ്പസിൽ അടൽ ഇൻകുബേഷൻ സെന്റർ (AIC) ശ്രീ പ്രധാൻ ഉദ്ഘാടനം ചെയ്തു.വിദേശത്ത് ഒരു ഇന്ത്യൻ സ്ഥാപനം നടത്തുന്ന ആദ്യ AIC ആണിത്. ഐഐടി ഡൽഹി അബുദാബിയിലെ അടൽ ഇൻകുബേഷന്‍ സെന്റർ, ഇന്ത്യയിലെയും യുഎഇയിലെയും നൂതനാശയ വിദഗ്ധരുടെ സംയുക്ത സ്റ്റാർട്ടപ്പുകളെയും ഗവേഷണ സംരംഭങ്ങളെയും പരിപോഷിപ്പിക്കുമെന്നും ഡീപ് ടെക്, നിർമ്മിത ബുദ്ധി,ശുദ്ധ ഊർജ്ജം , ആരോഗ്യ സംരക്ഷണം , പരസ്പര പ്രാധാന്യമുള്ള മറ്റ് മേഖലകൾ എന്നിവയിൽ ഉഭയകക്ഷി സഹകരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് ശ്രീ പ്രധാൻ അഭിപ്രായപ്പെട്ടു. ലോകോത്തര ഇൻകുബേഷൻ സൗകര്യങ്ങൾ നൽകുന്ന AIC,ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്കും നൂതനാശയ വിദഗ്ധർക്കും മിഡിൽ-ഈസ്റ്റ് വിപണികളിലേക്കുള്ള ഒരു കവാടമായി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐഐടി ഡൽഹി അബുദാബിയിൽ കെമിക്കൽ എഞ്ചിനീയറിംഗ്, ഊർജ്ജവും സുസ്ഥിരതയും എന്നീ വിഷയങ്ങളിൽ ബി.ടെക്, പിഎച്ച്.ഡി പ്രോഗ്രാമുകൾ ശ്രീ പ്രധാൻ ആരംഭിച്ചു.
വൈകുന്നേരം, യുഎഇയിൽ വിജയകരമായി ഒരു വർഷം പൂർത്തിയാക്കിയ സിംബയോസിസ് സർവകലാശാലയുടെ ദുബായ് കാമ്പസിന്റെ ഒന്നാം വാർഷിക ആഘോഷ ചടങ്ങിൽ അദ്ദേഹം പങ്കെടുത്തു.
(Release ID: 2165527)
Visitor Counter : 2