ന്യൂനപക്ഷകാര്യ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം കേരളത്തിലെ കൊച്ചിയില്‍ സംഘടിപ്പിച്ച ലോക് സംവര്‍ദ്ധന്‍ പര്‍വിന്റെ അഞ്ചാം പതിപ്പ് വിജയകരമായി സമാപിച്ചു

Posted On: 08 SEP 2025 8:51PM by PIB Thiruvananthpuram
2025 ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ 4 വരെ കേരളത്തിലെ കൊച്ചി മറൈന്‍ ഡ്രൈവ് എക്‌സിബിഷന്‍ ഏരിയയില്‍ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം ലോക് സംവര്‍ദ്ധന്‍ പര്‍വിന്റെ അഞ്ചാം പതിപ്പ് സംഘടിപ്പിച്ചു. ന്യൂനപക്ഷ സമുദായങ്ങളിലെ കരകൗശല തൊഴിലാളികള്‍, കരകൗശല വിദഗ്ധര്‍, നെയ്ത്തുകാര്‍, പാചക വിദഗ്ധര്‍ എന്നിവര്‍ക്ക് വിപണി ബന്ധങ്ങള്‍, കൂടുതല്‍ പ്രചാരണം, സാമ്പത്തിക ശാക്തീകരണം എന്നിവയ്ക്കായി ഒരു സംഘടിത വേദി നല്കുക എന്ന ലക്ഷ്യത്തോടെ പ്രധാന്‍ മന്ത്രി വിരാസത് കാ സംവര്‍ദ്ധന്‍ (PM VIKAS)ചട്ടക്കൂടിന് കീഴിലാണ് പരിപാടി നടന്നത്.

2025 ഓഗസ്റ്റ് 27ന് കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി ശ്രീ. ജോര്‍ജ് കുര്യന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

25 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള 100 സ്റ്റാളുകളില്‍ നീല മണ്‍പാത്രങ്ങള്‍
(രാജസ്ഥാന്‍),ചന്നപട്ടണ കളിപ്പാട്ടങ്ങള്‍ (കര്‍ണാടക),നെറ്റിപ്പട്ടം (കേരളം),ബനാറസി സാരി, ചിക്കന്‍കാരി (ഉത്തര്‍പ്രദേശ്), ഫുല്‍കാരി(പഞ്ചാബ്), ബസ്തര്‍ ഇരുമ്പ് കരകൗശല വസ്തുക്കള്‍ (ഛത്തീസ്ഗഡ്), മധുബനി പെയിന്റിങ്ങുകള്‍ (ബീഹാര്‍), മര കൊത്തുപണികള്‍, എംബ്രോയിഡറി, ചണം കൊണ്ടുള്ള വസ്തുക്കള്‍, ലാക്വര്‍ ആര്‍ട്ട്, മുത്തുകള്‍, കയര്‍, ഗോത്ര നെയ്ത്ത് തുടങ്ങിയ വൈവിധ്യമാര്‍ന്ന പരമ്പരാഗത കരകൗശല വസ്തുക്കളുടെ വിപുലമായ ശ്രേണി പ്രദര്‍ശിപ്പിച്ചു.

കൂടാതെ ആറ് സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള 14 ഭക്ഷണ സ്റ്റാളുകളിലായി രാജസ്ഥാന്‍, ബീഹാര്‍, ഗുജറാത്ത്, കേരളം, യുപി, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആധികാരിക പലഹാരങ്ങള്‍ ഒരുക്കിയിരുന്നു. കൂടാതെ സ്ട്രീറ്റ് ഫുഡ്, ബേക്കറി ഉത്പന്നങ്ങള്‍, അച്ചാറുകള്‍, ആയുര്‍വേദ ഉത്പന്നങ്ങള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

പരിപാടിയില്‍ 49 വനിതാ കരകൗശല വിദഗ്ധര്‍, 50 പുരുഷ കരകൗശല വിദഗ്ധര്‍, ഒരു ട്രാന്‍സ്‌ജെന്‍ഡര്‍, 8 സ്ത്രീകളും 6 പുരുഷന്മാരും ഉള്‍പ്പെടെയുള്ള പാചക വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുത്തുകൊണ്ട് പരിപാടിയുടെ സമഗ്ര സ്വഭാവം പ്രകടമാക്കി. ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം സന്ദര്‍ശകര്‍ക്ക് കാണാന്‍ കഴിയുന്ന തരത്തില്‍  വിവിധ ദിവസങ്ങളില്‍ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിച്ചു.

പത്ത് ദിവസം നീണ്ടുനിന്ന പരിപാടിയില്‍ 46,000 ത്തിലധികം സന്ദര്‍ശകര്‍ പങ്കെടുത്തു. ഇത് ശക്തമായ പൊതുതാത്പര്യവും പ്രശംസയും പ്രതിഫലിപ്പിച്ചു. പങ്കെടുത്ത കരകൗശല വിദഗ്ധര്‍ 66 ലക്ഷത്തിലധികം
രൂപയുടെ വില്‍പ്പന നടത്തിയപ്പോള്‍ പാചക വിദഗ്ധര്‍ 12 ലക്ഷത്തിലധികം രൂപയുടെ വില്‍പ്പന നടത്തിയതായി റിപ്പോര്‍ട്ട് ചെയ്തു. ഇതിലൂടെ പരിപാടിയില്‍ പങ്കെടുത്ത കരകൗശല വിദഗ്ധര്‍ക്കും പാചക വിദഗ്ധര്‍ക്കും യഥാര്‍ത്ഥവും പ്രായോഗികവുമായ സാമ്പത്തിക നേട്ടങ്ങള്‍ ലഭിച്ചു.

ന്യൂനപക്ഷ സമുദായങ്ങളുടെ പരമ്പരാഗത കരകൗശല വസ്തുക്കള്‍, കഴിവുകള്‍, പാചകരീതി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പ്രധാന വേദിയായി ലോക് സംവര്‍ദ്ധന്‍ അതിന്റെ തുടര്‍ച്ചയായ പതിപ്പുകളിലൂടെ മാറിക്കഴിഞ്ഞു. സുസ്ഥിരമായ ബിസിനസ് അവസരങ്ങളും സാംസ്‌കാരിക വിനിമയവും സൃഷ്ടിക്കുന്നതിലൂടെ എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം, എല്ലാവരുടെയും പരിശ്രമം എന്ന കേന്ദ്ര സര്‍ക്കാര്‍ ദര്‍ശനത്തെ ലോക് സംവര്‍ദ്ധന്‍ പര്‍വ് പിന്തുണയ്ക്കുന്നു. സമഗ്ര വളര്‍ച്ച, ഉപജീവന സൃഷ്ടി, സാംസ്‌കാരിക നിലനില്‍പ്പ് എന്നിവയ്ക്കുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയെ കൊച്ചിയില്‍ നടന്ന അഞ്ചാം പതിപ്പ് കൂടുതല്‍ ശക്തിപ്പെടുത്തുകയും അതിലൂടെ ആത്മനിര്‍ഭര്‍ ഭാരത് എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് നീങ്ങുകയും ചെയ്യുന്നു.
 

****************************


(Release ID: 2164818) Visitor Counter : 2
Read this release in: English , Urdu , Hindi