വിദ്യാഭ്യാസ മന്ത്രാലയം
azadi ka amrit mahotsav

ഡിജിറ്റല്‍ യുഗത്തില്‍ സാക്ഷരത പ്രോത്സാഹിപ്പിക്കുക' എന്ന പ്രമേയത്തോടെ 2025 ലെ അന്താരാഷ്ട്ര സാക്ഷരതാദിനം (ILD), വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ആഘോഷിച്ചു

Posted On: 08 SEP 2025 6:32PM by PIB Thiruvananthpuram

കേന്ദ്ര നൈപുണ്യ വികസന- സംരംഭക (സ്വതന്ത്ര ചുമതല), വിദ്യാഭ്യാസ സഹമന്ത്രി ശ്രീ ജയന്ത് ചൗധരി ഇന്ന് ന്യൂഡല്‍ഹിയിലെ ഡോ. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ സ്‌കൂള്‍ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് (DoSEL) സംഘടിപ്പിച്ച 2025 ലെ അന്താരാഷ്ട്ര സാക്ഷരതാദിന (ILD) ആഘോഷ പരിപാടിയെ അഭിസംബോധന ചെയ്തു.

രാജ്യത്തുടനീളം വായന, എഴുത്ത്, ഗണിതം, ആജീവനാന്ത പഠന ശേഷി എന്നിവ പ്രാപ്തമാക്കുന്നതില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ നിര്‍ണായക പങ്ക് എടുത്തുകാണിക്കുന്ന 'ഡിജിറ്റല്‍ യുഗത്തില്‍ സാക്ഷരത പ്രോത്സാഹിപ്പിക്കുക' എന്നതായിരുന്നു ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ പ്രമേയം.

ത്രിപുര, മിസോറാം, ഗോവ എന്നിവയ്ക്ക് പിന്നാലെ പ്രവര്‍ത്തനക്ഷമമായ സമ്പൂര്‍ണ്ണ സാക്ഷരത കൈവരിക്കുന്ന നാലാമത്തെ സംസ്ഥാനമായി ഹിമാചല്‍ പ്രദേശ് മാറി. 2024 ജൂണ്‍ 24 ന് ലഡാക്കിനെ പൂര്‍ണ്ണ സാക്ഷരത നേടിയ ആദ്യത്തെ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ചു.

 ഈ അവസരത്തില്‍, സാര്‍വത്രിക സാക്ഷരതയ്ക്കുള്ള ഇന്ത്യയുടെ മുന്നേറ്റവും കാഴ്ചപ്പാടും ഉയര്‍ത്തിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധര്‍മ്മേന്ദ്ര പ്രധാന്‍ യോഗത്തെ വെര്‍ച്വല്‍ ആയി അഭിസംബോധന ചെയ്തു. സാക്ഷരത എന്നാല്‍ വായനയ്ക്കും എഴുത്തിനുമുപരിയാണെന്ന് ശ്രീ പ്രധാന്‍ എടുത്തുപറഞ്ഞു. അന്തസ്സിനും ശാക്തീകരണത്തിനും സ്വാശ്രയത്വത്തിനുമുള്ള ഒരു മാര്‍ഗമാണിത്. ഇന്ത്യയുടെ സാക്ഷരതാ നിരക്ക് 2011ലെ 74 ശതമാനത്തില്‍ നിന്ന് 2023-24ല്‍ 80.9 ശതമാനമായി ഉയര്‍ന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ സാക്ഷരത എന്നത് ഓരോ പൗരനും ഒരു ജീവിത യാഥാര്‍ത്ഥ്യമാകുമ്പോള്‍ മാത്രമേ ശരിയായ പുരോഗതി കൈവരിക്കാനാകൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മൂന്ന് കോടിയിലധികം പഠിതാക്കളും 42 ലക്ഷം സന്നദ്ധ പ്രവര്‍ത്തകരും ഭാഗമായിട്ടുള്ള ഉല്ലാസ് നവ് ഭാരത് സാക്ഷരതാ കാര്യക്രമത്തിന്റെ പരിവര്‍ത്തനാത്മക പങ്കിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഏകദേശം 1.83 കോടി പഠിതാക്കള്‍ ഇതിനകം അടിസ്ഥാന സാക്ഷരത നേടുകയും ഗണിത മൂല്യനിര്‍ണയത്തെ നേരിടുകയും അവരില്‍ 90 ശതമാനവും വിജയിക്കുകയും ചെയ്തു. സാക്ഷരതയെ യഥാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്നതാക്കുന്നതിന് 26 ഇന്ത്യന്‍ ഭാഷകളില്‍ ഇപ്പോള്‍ പഠനോപകരണങ്ങള്‍ ലഭ്യമാക്കുന്നു. പൂര്‍ണ്ണ സാക്ഷരത നേടിയതിന് ലഡാക്കിനേയും മിസോറാം, ഗോവ, ത്രിപുര, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളേയും മന്ത്രി അഭിനന്ദിച്ചു. ഗവണ്‍മെന്റ്, സമൂഹം, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ കൂട്ടായ ശക്തിയെ ഈ വിജയം ആവര്‍ത്തിച്ചുറപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. യുവാക്കളും വിദ്യാര്‍ത്ഥികളും സാക്ഷരതാ ദൗത്യത്തിന് സംഭാവന നല്‍കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അത്തരം ശ്രമങ്ങളെ അക്കാദമിക് ക്രെഡിറ്റുകളുമായി സംയോജിപ്പിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. നാഗരികതയുടെ അടിത്തറയാണ് വിദ്യാഭ്യാസമെന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് ശ്രീ പ്രധാന്‍ ആവര്‍ത്തിച്ചു. സാക്ഷരവും സ്വാശ്രയവും, വികസിതവുമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള നവീകരിച്ച പ്രതിജ്ഞാബദ്ധതയ്ക്ക് അദ്ദേഹം ആഹ്വാനം ചെയ്തു.

മിസോറാം, ഗോവ, ത്രിപുര, ലഡാക്ക് എന്നിവയ്‌ക്കൊപ്പം ഹിമാചല്‍ പ്രദേശും സമ്പൂര്‍ണ സാക്ഷരത നേടിയതില്‍ ശ്രീ ജയന്ത് ചൗധരി സന്തുഷ്ടി പ്രകടിപ്പിച്ചു. ദുര്‍ഘടമായ ഭൂപ്രകൃതിയുള്ള സംസ്ഥാനങ്ങള്‍  നാഴികക്കല്ലായ ഈ നേട്ടം ആദ്യം തന്നെ കൈവരിച്ചത് പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. സ്‌കൂളുകള്‍, അധ്യാപകര്‍, വിഭവങ്ങള്‍ എന്നിവയുടെ പരിമിതമായ ലഭ്യത എന്ന വെല്ലുവിളിക്കള്‍ക്കിടയിലും, ഈ സംസ്ഥാനങ്ങളില്‍ സമൂഹങ്ങള്‍ സ്വയം സംഘടിക്കുകയും സന്നദ്ധപ്രവര്‍ത്തകര്‍ മുന്നോട്ട് വരികയും ഗവണ്‍മെന്റുകള്‍ ആവശ്യമായ പിന്തുണ നല്‍കുകയും ചെയ്തു. ഈ കൂട്ടായ നേട്ടം, ഭൂമിശാസ്ത്രപരമായ വെല്ലുവിളികളെ എങ്ങനെ ദൃഢനിശ്ചയത്തിലൂടെ നേരിടാന്‍ കഴിയുമെന്നും അംഗീകാരവും അഭിനന്ദനവും നേടാനാകും എന്നും തെളിയിക്കുന്നതായി മന്ത്രി അഭിപ്രായപ്പെട്ടു.

ഇന്ത്യയില്‍ സാക്ഷരത എന്ന ആശയം ഡിജിറ്റല്‍ സാക്ഷരതയിലേക്ക് വികസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസത്തെയും ഉള്‍പ്പെടുത്തലിനെയും പ്രോത്സാഹിപ്പിക്കുന്നതിന് ശക്തമായ ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ഇന്ത്യ ലോകത്തിന്, പ്രത്യേകിച്ച് ഗ്ലോബല്‍ സൗത്തിന് ഒരു മാതൃക സൃഷ്ടിച്ചു, അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യയുടെ ഡിജിറ്റല്‍ നവീകരണങ്ങളിലൂടെ അമ്പത് വര്‍ഷമെടുത്തേക്കാവുന്ന നേട്ടങ്ങള്‍ ഒരു ദശകത്തിനുള്ളില്‍ സാക്ഷാത്കരിക്കപ്പെട്ടു.

ഡോ. ബി. ആര്‍. അംബേദ്കറിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ട്, വിദ്യാഭ്യാസത്തിന്റെ ഏറ്റവും ശക്തരായ വക്താക്കളില്‍ ഒരാളായി അംബേദ്കര്‍ മാറിയതെങ്ങനെയെന്ന് മന്ത്രി അനുസ്മരിച്ചു. അജ്ഞതയെ സാക്ഷരതയിലൂടെ തകര്‍ക്കണമെന്നും വിദ്യാഭ്യാസത്തിലേക്കുള്ള സ്വതന്ത്രവും തുല്യവുമായ പ്രവേശനം അനിവാര്യമാണെന്നുമുള്ള അംബേദ്കറുടെ കാഴ്ചപ്പാട് അദ്ദേഹം ആവര്‍ത്തിച്ചു.

ഭാവിയിലേക്ക് മൂന്ന് പ്രധാന മുന്‍ഗണനകള്‍ മന്ത്രി വിശദീകരിച്ചു:

പൗരന്മാര്‍ പരസ്പരം പഠനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോള്‍ സാക്ഷരതാ പ്രവര്‍ത്തനം വളരെ വേഗത്തിലാവുന്നതിനാല്‍, സന്നദ്ധപ്രവര്‍ത്തനത്തിന്റെ ആവേശം നിലനിര്‍ത്തുക.

• സാക്ഷരതയെ നൈപുണ്യവും ഉപജീവനമാര്‍ഗ്ഗങ്ങളുമായും സംയോജിപ്പിക്കുന്നത് വ്യക്തികള്‍ക്ക് വളരെ വേഗത്തിലും പ്രായോഗികവുമായ നേട്ടങ്ങള്‍ അനുഭവപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നു

• ഡിജിറ്റല്‍ ഉപകരണങ്ങള്‍, സാമ്പത്തിക സാക്ഷരത, പൗരന്മാരുടെ അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ചുള്ള അവബോധം എന്നിവയടങ്ങുന്ന സാക്ഷരതയുടെ നിര്‍വചനം നിരന്തരം വിശാലമാക്കുക.


 

ഇന്ത്യയുടെ സമ്പന്നമായ ഭാഷാ, സാംസ്‌കാരിക, സാമൂഹിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന അധ്യാപന, പഠന സാമഗ്രികളുടെ സമാഹാരം പ്രദര്‍ശിപ്പിക്കുന്ന 'ഉല്ലാസ് കോമ്പന്‍ഡിയം ' ചടങ്ങില്‍ പുറത്തിറക്കി. സമ്പൂര്‍ണ സാക്ഷരത കൈവരിക്കുന്നതിലെ അവരുടെ അനുഭവങ്ങളും മികച്ച രീതികളും ലഡാക്കില്‍ നിന്നും ഗോവയില്‍ നിന്നുമുള്ള പ്രതിനിധികള്‍ പങ്കുവെച്ചു. അനുഭവങ്ങള്‍ പങ്കിടല്‍ സെഷനില്‍ ഇത് വിലപ്പെട്ട ഉള്‍ക്കാഴ്ചകളും തന്ത്രങ്ങളും നല്‍കി.

ഇതോടനുബന്ധിച്ച്, 2025 സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ കേന്ദ്ര ഗവണ്‍മെന്റ് 'ഉല്ലാസ് സാക്ഷരതാ വാരം 2025' സംഘടിപ്പിച്ചു. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുടനീളം നിരക്ഷരര്‍, സന്നദ്ധപ്രവര്‍ത്തകര്‍, നവ പഠിതാക്കള്‍ എന്നിവരെ രജിസ്റ്റര്‍ ചെയ്യുന്നതിനായി രാജ്യവ്യാപകമായി ഒരു സാക്ഷരതാ യജ്ഞം നടത്തി. 2025 ലെ അന്താരാഷ്ട്ര സാക്ഷരതാ ദിനാചരണം, സമ്പൂര്‍ണ്ണ സാക്ഷര ഭാരതം എന്ന ലക്ഷ്യം കൈവരിക്കാനും വികസിത ഭാരതം എന്ന സമഗ്ര ലക്ഷ്യത്തിലേക്ക് സംഭാവന ചെയ്യാനുമുള്ള ഇന്ത്യയുടെ ദൃഢനിശ്ചയത്തെ ആവര്‍ത്തിച്ചുറപ്പിക്കുന്നു.

*********************


(Release ID: 2164817) Visitor Counter : 2
Read this release in: Tamil , English , Urdu , Hindi