വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുടനീളമുള്ള അടിസ്ഥാനസൗകര്യ ബൃഹദ് പദ്ധതികളുടെ അവലോകന യോഗം കേന്ദ്ര വ്യവസായ-ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്നു

Posted On: 01 SEP 2025 5:20PM by PIB Thiruvananthpuram
കർണാടക, കേരളം, തെലങ്കാന സംസ്ഥാനങ്ങളിലെ അടിസ്ഥാനസൗകര്യമേഖലയിലെ ബൃഹദ് പദ്ധതികളെ ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങൾ അവലോകനം ചെയ്യുന്നതിനായി ചേർന്ന ഉന്നതതല യോഗത്തിൽ കേന്ദ്ര വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (ഡി.പി.ഐ.ഐ.ടി) സെക്രട്ടറി ശ്രീ അമർദീപ് സിംഗ് ഭാട്ടിയ അധ്യക്ഷത വഹിച്ചു. കേന്ദ്ര മന്ത്രാലയങ്ങളിലെയും സംസ്ഥാന സർക്കാറുകളിലെയും പദ്ധതി വക്താക്കളിലെയും മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗം, പ്രോജക്ട് മോണിറ്ററിംഗ് ഗ്രൂപ്പ് (പദ്ധതി നിരീക്ഷക സംഘം) വഴി സൗകര്യമൊരുക്കുന്ന മെച്ചപ്പെട്ട അന്തർ-മന്ത്രാലയ, സംസ്ഥാന ഏകോപനത്തിലൂടെ പ്രശ്നപരിഹാരം ത്വരിതപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
 
കർണാടകയിലെ 3,658 കോടി രൂപ മൊത്തം പദ്ധതി ചെലവുള്ള അഞ്ച് പ്രധാന പദ്ധതികളിലെ അഞ്ച് പ്രശ്‌നങ്ങൾ യോഗം അവലോകനം ചെയ്തു. കേരളത്തിൽ, 5,002 കോടി രൂപയുടെ രണ്ട് പദ്ധതികളിലെ രണ്ട് പ്രശ്‌നങ്ങൾ പരിശോധിച്ചപ്പോൾ, തെലങ്കാനയിൽ, 1,934 കോടി രൂപ മൊത്തം ചെലവുള്ള മൂന്നു പദ്ധതികളിലുള്ള ആറു പ്രശ്‌നങ്ങളും യോഗം ചർച്ച ചെയ്തു.
 
 
കേരളത്തെയും തമിഴ്നാടിനെയും ഉൾക്കൊള്ളുന്ന തിരുവനന്തപുരം-കന്യാകുമാരി റെയിൽ പാത ഇരട്ടിപ്പിക്കൽ പദ്ധതി യോഗം അവലോകനം ചെയ്ത പ്രധാന പദ്ധതികളിൽ ഒന്നായിരുന്നു. 3,785 കോടി രൂപ ഏകദേശ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി, യാത്രാ സമയം കുറയ്ക്കുന്നതിനും, ട്രെയിൻ സർവീസുകൾ വർദ്ധിപ്പിക്കുന്നതിനും, മേഖലയിലുടനീളമുള്ള യാത്രാ, ചരക്ക് ഗതാഗതം മെച്ചപ്പെടുത്തുന്നതിനുമായി നിലവിലുള്ള ഒറ്റവരി പാത ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി പൂർത്തിയാവുന്നതോടെ, പ്രാദേശിക കണക്റ്റിവിറ്റി ഗണ്യമായി ശക്തിപ്പെടുത്താനും, റോഡിലെ തിക്കും തിരക്കും കുറയ്ക്കാനും, വിനോദസഞ്ചാരത്തെയും പ്രാദേശിക സാമ്പത്തിക പ്രവർത്തനങ്ങളെയും പ്രോത്സാഹിപ്പിക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഭൂമി ഏറ്റെടുക്കൽ, പാരിസ്ഥിതിക അനുമതികൾ, പ്രാദേശികമായുള്ള പ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട വെല്ലുവിളികൾ യോഗം എടുത്തുകാണിച്ചു. പദ്ധതികളുടെ സമയബന്ധിത നിർവഹണം ഉറപ്പാക്കുന്നതിനും സാമൂഹിക-സാമ്പത്തിക നേട്ടങ്ങൾ പരമാവധിയാക്കുന്നതിനും പ്രശ്‌നപരിഹാരം വേഗത്തിലാക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് യോഗം നിർദേശം നൽകി. 
 
 
 
റിലയൻസ് ജിയോയുടെ 5 ജി/4 ജി നെറ്റ് വര്ക്ക് വിപുലീകരണ സംരംഭവും അവലോകനം ചെയ്യപ്പെട്ടു. തീർപ്പാക്കാത്ത വനം, വന്യജീവി വകുപ്പ് അനുമതി സംബന്ധിച്ച വിഷയങ്ങൾ നേരത്തേ പരിഹരിക്കുന്നതിലാണ് തെലങ്കാന സർക്കാറുമായുള്ള ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചത്. നിലവിലുള്ള 4 ജി അടിസ്ഥാന സൗകര്യങ്ങൾ ശാക്തീകരിക്കുന്നതിനൊപ്പം, രാജ്യത്തുടനീളമുള്ള അനാവൃത(പരിധിയിൽ ഉൾപ്പെടാത്ത), വിദൂര മേഖലകളിലേക്ക് 5 ജി മൊബൈൽ കണക്റ്റിവിറ്റി വ്യാപിപ്പിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഈ സംരംഭം നടപ്പിലാക്കിക്കഴിഞ്ഞാൽ, തന്ത്രപരമായി സംവേദനക്ഷമവും ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടതുമായ പ്രദേശങ്ങൾ ഉൾപ്പെടെ രാജ്യവ്യാപകമായി ഡിജിറ്റൽ കണക്റ്റിവിറ്റി ഗണ്യമായി മെച്ചപ്പെടുത്തുമെന്നും അതുവഴി 'ഡിജിറ്റലായി ശാക്തീകരിക്കപ്പെട്ട ഇന്ത്യ' എന്ന കേന്ദ്രസർക്കാറിന്റെ ദർശനത്തിലേക്ക് നയിക്കുമെന്നും പ്രതീക്ഷിക്കുന്നു.
 
പദ്ധതി നിരീക്ഷണത്തിനായുള്ള സ്ഥാപന ചട്ടക്കൂട് ശക്തിപ്പെടുത്തുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധത ആവർത്തിച്ച് വ്യക്തമാക്കിയ കേന്ദ്ര വ്യവസായ-ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് സെക്രട്ടറി, തീർപ്പുകൽപ്പിക്കാത്ത പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ സജീവ സമീപനം സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകി. പദ്ധതി നിർവ്വഹണം വേഗത്തിലാക്കുന്നതിനും കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെയും സ്വകാര്യ പങ്കാളികളുടെയും സഹകരണത്തിലൂടെ ആശങ്കകൾക്ക് സമയബന്ധിതമായ പരിഹാരം ഉറപ്പാക്കുന്നതിനും, പ്രോജക്ട് മോണിറ്റങ് ഗ്രൂപ്പിന്റെ (വെബ്‌സൈറ്റ്: https://pmg.dpiit.gov.in/ ) പ്രത്യേക സംവിധാനം സ്വകാര്യ വക്താക്കൾ പ്രയോജനപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.
 
***************
 

(Release ID: 2162885) Visitor Counter : 2