രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ഭീകരതയുടെയും പകർച്ചവ്യാധികളുടെയും പ്രാദേശിക സംഘർഷങ്ങളുടെയും ഇന്നത്തെ കാലഘട്ടത്തിൽ, പ്രതിരോധത്തിൽ സ്വയംപര്യാപ്തത എന്നത് വെറുമൊരു താല്പര്യം മാത്രമല്ല, അതിജീവനത്തിനും പുരോഗതിക്കും വേണ്ടിയുള്ള ഉപാധിയാണ്": രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ്

Posted On: 30 AUG 2025 1:06PM by PIB Thiruvananthpuram

"ഭീകരത, പകർച്ചവ്യാധികൾ, പ്രാദേശിക സംഘർഷങ്ങൾ എന്നിവ നിറഞ്ഞ ഇന്നത്തെ കാലഘട്ടത്തിൽ, പ്രതിരോധത്തിൽ സ്വാശ്രയത്വം എന്നത് വെറുമൊരു താല്പര്യം മാത്രമല്ല, അതിജീവനത്തിനും പുരോഗതിക്കും വേണ്ടിയുള്ള ഒരു ഉപാധിയാണ്. ഇത് സംരക്ഷണവാദത്തെക്കുറിച്ചല്ല, പരമാധികാരത്തെയും ദേശീയ സ്വയംഭരണത്തെയും കുറിച്ചാണ്" -'21-ാം നൂറ്റാണ്ടിലെ യുദ്ധം' എന്ന വിഷയത്തിൽ 2025 ഓഗസ്റ്റ് 30ന് ന്യൂഡൽഹിയിൽ നടന്ന പ്രതിരോധ കോൺക്ലേവിൽ രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു. സംഘർഷങ്ങളും വ്യാപാരയുദ്ധങ്ങളും അസ്ഥിരതയും ആഗോള സാഹചര്യങ്ങൾ രൂപപ്പെടുത്തുമ്പോൾ, മാസങ്ങൾക്ക് മുമ്പ് ഇന്ത്യയുടെ സായുധ സേന ഓപ്പറേഷൻ സിന്ദൂരിലൂടെ തങ്ങളുടെ ശക്തി  തെളിയിച്ച സുപ്രധാന നിമിഷത്തിലാണ് ഈ കോൺക്ലേവ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രതിരോധത്തിനായി മറ്റുള്ളവരെ ആശ്രയിക്കുന്നത് ഇനി ഗുണകരമല്ലെന്ന് ഭൗമരാഷ്ട്രീയ മാറ്റങ്ങൾ രാഷ്ട്രത്തിന് കാണിച്ചുകൊടുത്തുവെന്ന് ശ്രീ രാജ്‌നാഥ് സിംഗ് അടിവരയിട്ടു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലെ ഗവണ്മെന്റ്, ഒരു സ്വാശ്രയ ഇന്ത്യയ്ക്ക് മാത്രമേ തന്ത്രപരമായ സ്വയംഭരണം സംരക്ഷിക്കാൻ കഴിയൂ എന്ന് എല്ലായിപ്പോഴും വിശ്വസിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വികസിത രാജ്യങ്ങൾ സംരക്ഷണവാദ നടപടികളിലേക്ക് തിരിയുന്നുണ്ടെന്നും, വ്യാപാര യുദ്ധത്തിന്റെയും താരിഫ് യുദ്ധത്തിന്റെയും സാഹചര്യത്തിൽ ഇത് കൂടുതൽ ഗുരുതരമാകുന്നുണ്ടെന്നും രാജ്യരക്ഷാ മന്ത്രി പറഞ്ഞു. പ്രതിരോധത്തിൽ സ്വാശ്രയത്വത്തെ ഒറ്റപ്പെടലുമായി കൂട്ടിക്കുഴയ്ക്കരുതെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. "ഇത് സംരക്ഷണവാദമല്ല, പരമാധികാരത്തെക്കുറിച്ചാണ് പറയുന്നത്. യുവത്വത്തിന്റെയും ഊർജ്ജത്തിന്റെയും സാങ്കേതികവിദ്യയുടെയും സാധ്യതകളുടെയും ഒരു രാഷ്ട്രം സ്വാശ്രയത്വത്തിലേക്ക് നീങ്ങുമ്പോൾ, ലോകം അത് സാകൂതം വീക്ഷിക്കുന്നു. ആഗോള സമ്മർദ്ദങ്ങളെ ചെറുക്കാനും കൂടുതൽ ശക്തരാകാനും ഇന്ത്യയെ പ്രാപ്തമാക്കുന്ന ശക്തിയാണിത്" -അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തിൻറെ വളരുന്ന തദ്ദേശീയ പ്രതിരോധ ശേഷിയുടെ തിളക്കമാർന്ന ഉദാഹരണമായി ശ്രീ രാജ്‌നാഥ് സിംഗ് ഓപ്പറേഷൻ സിന്ദൂരിനെ പ്രശംസിച്ചു. കാഴ്ചപ്പാട്, സുദീർഘമായ തയ്യാറെടുപ്പ്, ഏകോപനം എന്നിവയില്ലാതെ ഒരു ദൗത്യവും വിജയിക്കില്ലെന്ന് തദ്ദേശീയ ഉപകരണങ്ങൾ ഉപയോഗിച്ച് സായുധ സേന ലക്ഷ്യസ്ഥാനങ്ങളിൽ നടത്തിയ കൃത്യമായ ആക്രമണങ്ങൾ തെളിയിച്ചതായി അദ്ദേഹം പറഞ്ഞു. "ഓപ്പറേഷൻ സിന്ദൂർ കുറച്ച് ദിവസത്തെ യുദ്ധത്തിന്റെയും ഇന്ത്യയുടെ വിജയത്തിന്റെയും പാകിസ്ഥാന്റെ പരാജയത്തിന്റെയും കഥയായി തോന്നിയേക്കാം, പക്ഷേ വർഷങ്ങളുടെ തന്ത്രപരമായ തയ്യാറെടുപ്പും പ്രതിരോധ പ്രവർത്തനങ്ങളും ഇതിന് പിന്നിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്" -അദ്ദേഹം കൂട്ടിച്ചേർത്തു. വർഷങ്ങളുടെ കഠിനാധ്വാനത്തിലൂടെയും തദ്ദേശീയ ആയുധങ്ങളെ ആശ്രയിച്ചും ഇന്ത്യൻ സൈന്യം ഫലപ്രദവും നിർണ്ണായകവുമായി കർത്തവ്യം നിർവഹിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തിൻറെ ഭാവി സുരക്ഷയ്ക്കായുള്ള തന്ത്രപരമായ പുതിയ ചുവടുവെപ്പായാണ് സുദർശൻ ചക്ര ദൗത്യത്തെ രാജ്യരക്ഷാ മന്ത്രി വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഈ ദൗത്യം, അടുത്ത ദശകത്തിനകം  രാജ്യത്തുടനീളമുള്ള നിർണായക സ്ഥലങ്ങളിൽ പ്രതിരോധ, ആക്രമണ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പൂർണ്ണമായ വ്യോമ സംരക്ഷണം ഉറപ്പാക്കുക എന്നത് വിഭാവനം ചെയ്യുന്നു. ഓപ്പറേഷൻ സിന്ദൂരിൽ നിന്നുള്ള പാഠങ്ങൾ ഉദ്ധരിച്ച്, ആധുനിക യുദ്ധത്തിൽ വ്യോമ പ്രതിരോധത്തിന്റെ വർദ്ധിച്ചുവരുന്ന പ്രാധാന്യത്തെ അദ്ദേഹം അടിവരയിട്ടു. 2025 ഓഗസ്റ്റ് 23 ന് ഡിആർഡിഒ ഒരു തദ്ദേശീയ സംയോജിത വ്യോമ പ്രതിരോധ ആയുധ സംവിധാനം വിജയകരമായി പരീക്ഷിച്ചുവെന്നും അത് ഒരേസമയം മൂന്ന് ലക്ഷ്യങ്ങളിൽ പതിച്ചതായും ശ്രീ രാജ്‌നാഥ് സിംഗ് പരാമർശിച്ചു. പ്രധാനമന്ത്രിയുടെ ദർശനം സാക്ഷാത്കരിക്കുന്നതിനുള്ള ആദ്യപടിയായി ഇത് മാറി. പൂർണ്ണമായി നടപ്പാക്കാൻ സമയമെടുക്കുമെങ്കിലും, പ്രതിരോധ മന്ത്രാലയം ഈ ദിശയിൽ ഇതിനകം തന്നെ നിർണായകമായി മുന്നോട്ട് പോയിട്ടുണ്ടെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

"നമ്മുടെ എല്ലാ യുദ്ധക്കപ്പലുകളും ഇപ്പോൾ ഇന്ത്യയിൽ നിർമ്മിക്കപ്പെടുന്നു. നൂതന ആയുധങ്ങളും ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങളും ഉൾക്കൊള്ളുന്ന ഐഎൻഎസ് ഹിമഗിരി, ഐഎൻഎസ് ഉദയഗിരി എന്നീ സ്റ്റെൽത്ത് ഫ്രിഗേറ്റുകൾ അടുത്തിടെ കമ്മീഷൻ ചെയ്തത് വിദേശത്ത് നിന്ന് ഒരു യുദ്ധക്കപ്പലും വാങ്ങില്ലെന്ന നമ്മുടെ നാവികസേനയുടെ ദൃഢനിശ്ചയത്തെ പ്രതിഫലിപ്പിക്കുന്നു. ഈ കപ്പലുകൾ ലോകോത്തര നിലവാരമുള്ളവയാണ്. അവ ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ഇന്ത്യയുടെ ശക്തി വർദ്ധിപ്പിക്കും"- നിർമ്മാണത്തിൽ പൂർണ്ണ സ്വാശ്രയത്വം എന്നതുപോലുള്ള തദ്ദേശീയവൽക്കരണ നാഴികക്കല്ലുകളെ എടുത്തുകാണിച്ചുകൊണ്ട് ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു.

ശക്തമായ ഒരു തദ്ദേശീയ വ്യോമ എഞ്ചിൻ വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്യുക എന്ന വെല്ലുവിളി സർക്കാർ ഏറ്റെടുത്തിട്ടുണ്ടെന്ന് രാജ്യരക്ഷാ മന്ത്രി പ്രഖ്യാപിച്ചു. വളരെക്കാലമായി ഇന്ത്യ പരിമിതമായ വിജയം മാത്രം നേരിട്ടിരുന്ന ഈ മേഖലയിൽ ഇപ്പോൾ നിർണായക പദ്ധതിക്കുള്ള തയ്യാറെടുപ്പുകൾ ഏതാണ്ട് പൂർത്തിയായെന്നും പ്രവർത്തന ഫലം ഉടൻ തന്നെ താഴെത്തട്ടിൽ ദൃശ്യമാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. രാജ്യത്തിന് ഇത്രയും നൂതന സംവിധാനങ്ങൾ നിർമ്മിക്കാൻ കഴിയുമോ എന്ന ചോദ്യമായിരുന്നു മുമ്പ് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് അവ എത്ര വേഗത്തിൽ വിന്യസിക്കാൻ കഴിയും എന്നാണ് ചോദിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

തദ്ദേശീയവൽക്കരണത്തിലേക്കും നവീകരണത്തിലേക്കുമുള്ള ഒരു പ്രധാന ചുവടുവയ്പ്പായി ഉത്തർപ്രദേശിലും തമിഴ്‌നാട്ടിലും പ്രതിരോധ വ്യാവസായിക ഇടനാഴികൾ സൃഷ്ടിക്കുന്നത് ശ്രീ രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാട്ടി. ഈ ഇടനാഴികൾ ഇതിനകം തന്നെ മികച്ച ഫലങ്ങൾ നൽകിത്തുടങ്ങിയിട്ടുണ്ടെന്നും മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള സാധ്യതകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ നിർമ്മാണത്തിന്റെയും നവീകരണത്തിന്റെയും ക്ലസ്റ്ററുകൾ വളർത്തിയെടുക്കുന്നതിലൂടെ, ഇടനാഴികൾ പുരോഗതിയുടെ എഞ്ചിനുകളായി മാറുകയും പ്രതിരോധ മേഖലയിൽ രാജ്യത്തിൻറെ ആത്മനിർഭർ ഭാരത് എന്ന കാഴ്ചപ്പാടിനെ ശക്തിപ്പെടുത്തുകയും ചെയ്യും.

ഇറക്കുമതിയിൽ നിന്ന് കയറ്റുമതിയിലേക്കുള്ള രാജ്യത്തിൻറെ പരിവർത്തനത്തെ പരാമർശിച്ചുകൊണ്ട്, പ്രതിരോധ കയറ്റുമതി 2014 ൽ 700 കോടി രൂപയിൽ താഴെയായിരുന്നത് 2025 ൽ ഏകദേശം 24,000 കോടി രൂപയായി ഉയർന്നതായി രാജ്യരക്ഷാ മന്ത്രി എടുത്തുപറഞ്ഞു. “ഇന്ത്യ ഇനി ഒരു ഉപഭോക്‌തൃരാജ്യം മാത്രമല്ല, കയറ്റുമതിരാജ്യമാണ്. പൊതുമേഖലാ യൂണിറ്റുകൾ മാത്രമല്ല, സ്വകാര്യ വ്യവസായം, സ്റ്റാർട്ടപ്പുകൾ, സംരംഭകർ എന്നിവയുടെ സംഭാവനയും ഈ വിജയത്തിന് വഴിതെളിച്ചു.” -അദ്ദേഹം പറഞ്ഞു.

പ്രതിരോധത്തിൽ സ്വാശ്രയത്വം പ്രോത്സാഹിപ്പിക്കുന്നതിൽ അനുകൂലമായ തദ്ദേശീയവൽക്കരണ പദ്ധതികളുടെ സ്വാധീനം ശ്രീ രാജ്‌നാഥ് സിംഗ് അടിവരയിട്ടു. ഈ പദ്ധതികളുടെ ഫലമായി, 5,500 ൽ അധികം ഇനങ്ങൾ ഇനി നാം ഇറക്കുമതി ചെയ്യില്ല. മറിച്ച് ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ ഇന്ത്യയിൽ നിർമ്മിക്കുമെന്ന് തീരുമാനിച്ചു. ഇതുവരെ, വിദേശത്ത് നിന്ന് കൊണ്ടുവന്ന 3,000 ത്തിലധികം ഇനങ്ങൾ ഇപ്പോൾ തദ്ദേശീയമായി ഉത്പാദിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പ്രതിരോധത്തിന്റെ സാമ്പത്തിക പങ്കിനെക്കുറിച്ച് പരാമർശിക്കവേ ഈ മേഖല വളർച്ചയുടെ ഒരു സ്തംഭമായി മാറിയിരിക്കുന്നുവെന്ന് രാജ്യരക്ഷാ മന്ത്രി അടിവരയിട്ടു. "ആഭ്യന്തര പ്രതിരോധ ഉൽപ്പാദനം 1.5 ലക്ഷം കോടി രൂപ കവിഞ്ഞു. അതിൽ 25% സ്വകാര്യ മേഖലയിൽ നിന്നാണ്. പ്രതിരോധം വെറും ചെലവല്ല, മറിച്ച് തൊഴിലവസരങ്ങളുടെയും, നവീകരണത്തിന്റെയും, വ്യാവസായിക വളർച്ചയുടെയും ഒരു ചാലകശക്തിയായ പ്രതിരോധ സാമ്പത്തിക ശാസ്ത്രമാണ്. ഐടി അല്ലെങ്കിൽ ഓട്ടോമൊബൈൽ പോലെ, പ്രതിരോധം ഇന്ന് വളർച്ചയുടെ ഗുണിതമാണ്" -അദ്ദേഹം കൂട്ടിച്ചേർത്തു. നിർമ്മാണം, ഗവേഷണ വികസനം, അനുബന്ധ പ്രവർത്തങ്ങൾ എന്നിവയിൽ ലക്ഷക്കണക്കിന് ആളുകൾ നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടിരിക്കുന്നുണ്ടെന്ന് അദ്ദേഹം പരാമർശിച്ചു.

പ്രതിരോധ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിഷ്കാരങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട്‌ സർക്കാർ കാര്യമായ നയമാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു. “പ്രതിരോധ ലൈസൻസിംഗ് പ്രക്രിയ ലളിതമാക്കി, എഫ് സിഐ പരിധി 74% ആയി ഉയർത്തി, സ്വകാര്യ മേഖലയുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി മെയ്ക്ക് ഇൻ ഇന്ത്യ പ്രക്രിയ ലളിതമാക്കി” -അദ്ദേഹം ചൂണ്ടിക്കാട്ടി.

“ആദ്യമായി, നമ്മുടെ യുവാക്കൾക്ക് പ്രതിരോധ നവീകരണത്തിൽ  അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള ഒരു വേദി ലഭ്യമായി. iDEX പദ്ധതി ഈ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ വരുത്തി. ഇന്ന്, സ്റ്റാർട്ടപ്പുകളും നവീന സംരംഭകരും രാജ്യത്തിനാവശ്യമായ പരിഹാരങ്ങൾ നൽകുന്നു. മുമ്പ് ഇതിന് നാം മറ്റുള്ളവരെയാണ് ആശ്രയിച്ചിരുന്നത്. നമ്മുടെ യുവാക്കളോട്, നിങ്ങൾ നവീന ആശയങ്ങൾ കൊണ്ടുവരൂ, ആവശ്യമുള്ളിടത്തെല്ലാം, സർക്കാർ നിങ്ങളോടൊപ്പമുണ്ടെന്ന് നമ്മൾ പറയുന്നു” -രാജ്യരക്ഷാ മന്ത്രി പറഞ്ഞു.

അന്താരാഷ്ട്ര തലത്തിൽ, രാജ്യം ശത്രുക്കളെ തിരയുന്നില്ല, പക്ഷേ നമ്മുടെ  താൽപ്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് ശ്രീ രാജ്‌നാഥ് സിംഗ് ആവർത്തിച്ചു. “ഒരു രാജ്യത്തെയും നമ്മുടെ ശത്രുവായി കണക്കാക്കുന്നില്ല. എന്നാൽ നമ്മുടെ ജനങ്ങളുടെയും കർഷകരുടെയും ചെറുകിട ബിസിനസുകളുടെയും സാധാരണ പൗരന്മാരുടെയും ക്ഷേമത്തിനാണ് മുൻ‌ഗണന. ലോകം കൂടുതൽ സമ്മർദ്ദം ചെലുത്തുന്തോറും ശക്തമായ ഇന്ത്യ ഉയർന്നുവരുന്നു” -അദ്ദേഹം പറഞ്ഞു.

യുദ്ധസമയത്ത് മാധ്യമങ്ങൾ സംവേദനക്ഷമത പുലർത്തണമെന്ന് അദ്ദേഹം നിർദേശിച്ചു. “ഒരു ചെറിയ റിപ്പോർട്ട് ദശലക്ഷക്കണക്കിന് ആളുകളുടെ മനോവീര്യം ഉയർത്തും, പക്ഷേ ഒരു തെറ്റ് നിരവധിപ്പേരുടെ ജീവഹാനിക്ക് കാ രണവുമാകും. സംഘർഷത്തിൽ, സ്വാതന്ത്ര്യവും ഉത്തരവാദിത്തവും പരസ്പരം കൈകോർക്കണം. ജനാധിപത്യത്തിന്റെ നാലാമത്തെ സ്തംഭമാണ് മാധ്യമങ്ങൾ. പക്ഷേ അത് ദേശീയ സുരക്ഷയുടെ കാവൽക്കാരനുമാണ്” -ശ്രീ രാജ്‌നാഥ് സിംഗ് മുന്നറിയിപ്പ് നൽകി.

 “പ്രതിരോധത്തിലെ ആത്മനിർഭർ ഭാരത് ഒരു മുദ്രാവാക്യമല്ല, മറിച്ച് ഇന്ത്യയുടെ സുരക്ഷ, പരമാധികാരം, പുരോഗതി എന്നിവയ്ക്കുള്ള ഒരു മാർഗരേഖയാണ്. വരും വർഷങ്ങളിൽ, ഇന്ത്യ സ്വന്തം ആവശ്യങ്ങൾ നിറവേറ്റുക മാത്രമല്ല, ലോകത്തിന് വിശ്വസിക്കാവുന്ന പങ്കാളിയായി മാറുകയും ചെയ്യും. ഈ ദർശനം ഇന്ത്യയെ 21-ാം നൂറ്റാണ്ടിൽ ഒരു നിർണായക ശക്തിയായി മറ്റും” -രാജ്യരക്ഷാ മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രതിരോധ സെക്രട്ടറി ശ്രീ രാജേഷ് കുമാർ സിങ്ങും ചടങ്ങിൽ സന്നിഹിതനായിരുന്നു.

 
**********************

(Release ID: 2162339) Visitor Counter : 13