രാജ്യരക്ഷാ മന്ത്രാലയം
പ്രതിരോധ സഹകരണത്തിനുള്ള ഇന്ത്യ-സൗദി അറേബ്യ സംയുക്ത സമിതിയുടെ ഏഴാമത് യോഗം ന്യൂഡൽഹിയിൽ നടന്നു.
Posted On:
28 AUG 2025 6:29PM by PIB Thiruvananthpuram
ഇന്ത്യ-സൗദി അറേബ്യ പ്രതിരോധ സഹകരണത്തിനുള്ള സംയുക്ത സമിതിയുടെ (ജെസിഡിസി) ഏഴാമത് യോഗം 2025 ഓഗസ്റ്റ് 28-ന് ന്യൂഡൽഹിയിൽ നടന്നു. യോഗത്തിൽ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ജോയിൻ്റ് സെക്രട്ടറി ശ്രീ അമിതാഭ് പ്രസാദും സൗദി ഭാഗത്ത് നിന്ന് സ്റ്റാഫ് മേജർ ജനറൽ സാദ് മുഹമ്മദ് എച്ച് അൽകാത്തിരിയും നേതൃത്വം നൽകി.
ഉഭയകക്ഷി പ്രതിരോധ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത ഇരുപക്ഷവും ആവർത്തിക്കുകയും മുൻ ജെസിഡിസി യോഗത്തിൽ എടുത്ത സുപ്രധാന തീരുമാനങ്ങളിൽ മിക്കവയും നടപ്പിലാക്കിയതിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതിനും സഹകരണത്തിൻ്റെ പുതിയ വഴികൾ കണ്ടെത്താനുമായി ഇരു രാജ്യങ്ങളും പരിശീലന സഹകരണം, വ്യാവസായിക പങ്കാളിത്തം, സമുദ്ര സഹകരണം, സൈനികാഭ്യാസങ്ങൾ തുടങ്ങിയ മേഖലകളിൽ ചർച്ച നടത്തി.
ഇരുവിഭാഗവും തങ്ങളുടെ പരിശീലന ശേഷികളെക്കുറിച്ചും ആവശ്യകതകളെ കുറിച്ചും ചർച്ച ചെയ്തു. സൗദി സായുധ സേനയ്ക്ക് പരിശീലനം നൽകാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്യുകയും സൈബർ, ഐടി, ദുരന്ത നിവാരണം, തന്ത്രപരമായ ആശയവിനിമയം എന്നിവയിലെ സഹകരണത്തെ കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.
പ്രതിരോധ നിർമ്മാണത്തിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന വൈദഗ്ദ്ധ്യം ഇന്ത്യൻ പക്ഷം ഉയർത്തിക്കാട്ടുകയും ഇന്ത്യയിൽ നിർമ്മിച്ച അത്യാധുനിക ഉപകരണങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തു. സൗദി അറേബ്യയുമായി ചേർന്ന് പ്രതിരോധ ഉപകരണങ്ങളുടെ സംയുക്ത നിർമ്മാണത്തിനും പങ്കാളിത്തത്തിനുമുള്ള അവസരങ്ങളും പരിശോധിച്ചു.ഈ വർഷം നാവിക സേനയിലേയും സൈന്യത്തിലെയും ജീവനക്കാർ വിജയകരമായി ചർച്ചകൾ നടത്തിയതിൽ സഹ-ചെയർമാർ സംതൃപ്തി പ്രകടിപ്പിക്കുകയും ചർച്ചകൾ തുടരാൻ അനുവദിക്കുകയും ചെയ്തു.
ഇന്ത്യയും സൗദി അറേബ്യയും ക്രമാനുഗതമായി ആഴത്തിലുള്ള പ്രതിരോധ പങ്കാളിത്തം പങ്കിടുന്നുണ്ട്.2025 ഏപ്രിലിൽ പ്രധാനമന്ത്രി സൗദി അറേബ്യ സന്ദർശിച്ചപ്പോൾ, സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന് കീഴിൽ പ്രതിരോധ സഹകരണത്തിനായുള്ള മന്ത്രിസഭാ സമിതിയെ ഉൾപ്പെടുത്തിയത് ഇത് പ്രതിഫലിപ്പിക്കുന്നു.
SKY
*****
(Release ID: 2161788)
Visitor Counter : 6