ന്യൂനപക്ഷകാര്യ മന്ത്രാലയം
azadi ka amrit mahotsav

ന്യൂനപക്ഷകാര്യ മന്ത്രാലയം ഉമീദ് പോർട്ടലിൽ പുതിയ മൊഡ്യൂൾ ആരംഭിച്ചു

Posted On: 27 AUG 2025 7:46PM by PIB Thiruvananthpuram
എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ക്ഷേമ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി  കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം ഇന്ന് ഉമീദ് പോർട്ടലിൽ പുതിയ മൊഡ്യൂൾ ആരംഭിച്ചു. 1995-ലെ ഏകീകൃത വഖഫ് നിര്‍വഹണ - ശാക്തീകരണ കാര്യക്ഷമതാ വികസന നിയമത്തിലെ ഭാഗം 3(r)(iv) പ്രകാരം രൂപീകരിച്ച ചട്ടങ്ങളിലെ നിയമം 8(2)  ന് കീഴില്‍ വിധവകൾ, വിവാഹമോചിതരായ സ്ത്രീകൾ, അനാഥർ എന്നിവർക്ക് വഖഫ്-അലാൽ-ഔലാദ് സ്വത്തുക്കളിൽ നിന്ന് ജീവനാംശം ലഭിക്കുന്നതിന് അപേക്ഷിക്കാന്‍  പുതിയ സംവിധാനം അവസരമൊരുക്കുന്നു.

വഖഫ് ഭരണനിര്‍വഹണം  കൂടുതല്‍ ജനകേന്ദ്രീകൃതവും സുതാര്യവുമാക്കാനും  ഡിജിറ്റൽവല്‍ക്കരിക്കാനും ലക്ഷ്യമിടുന്ന ഭാവി അധിഷ്ഠിത ചുവടുവെയ്പ്പായാണ് പുതിയ മൊഡ്യൂള്‍ ആരംഭിച്ചത്. കുടുംബാംഗങ്ങളുടെയും മറ്റ് അർഹരായ വ്യക്തികളുടെയും പ്രയോജനത്തിനായി രൂപീകരിച്ച പ്രത്യേക വിഭാഗമായ വഖഫ്-അലാൽ-ഔലാദ് വഴി ലഭിക്കുന്ന വരുമാനത്തിൽ നിന്ന് യോഗ്യരായ ഗുണഭോക്താക്കൾക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ സുഗമമായി ലഭ്യമാക്കാനാണ്  സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഗുണഭോക്തൃ വിവരങ്ങളുടെ ആധാർ അധിഷ്ഠിത സ്ഥിരീകരണം,  അതത് സംസ്ഥാന - കേന്ദ്രഭരണ പ്രദേശങ്ങളിലെ  വഖഫ് ബോർഡുകൾ കൈകാര്യം ചെയ്യുന്ന ഓൺലൈൻ അപേക്ഷാ - അംഗീകാര പ്രക്രിയ, ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക്  ജീവനാശം നേരിട്ട് നല്‍കാന്‍ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (ഡിബിടി) എന്നിവ ഈ മൊഡ്യൂളിന്റെ പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു.

സാമ്പത്തിക സഹായത്തില്‍ സുതാര്യതയും കാര്യക്ഷമതയും ഉത്തരവാദിത്തവും    ഉറപ്പാക്കുന്ന ഈ സവിശേഷതകള്‍  കാലതാമസം ഇല്ലാതാക്കുകയും ഭരണപരമായ തടസങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു.

ന്യൂനപക്ഷ സമുദായങ്ങളിലെ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സമഗ്ര വികസനത്തിനും സാമൂഹ്യനീതിയ്ക്കും വേണ്ടി കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്ന ഉറച്ച പ്രതിബദ്ധത പദ്ധതിയിലൂടെ ആവര്‍ത്തിക്കുന്നു.   ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ച്  ദുർബല വിഭാഗങ്ങളെ ശാക്തീകരിക്കാനും വഖഫ് സംഭാവനകളുടെ ജീവകാരുണ്യ ലക്ഷ്യങ്ങൾ ഉയർത്തിപ്പിടിക്കാനും സദ്ഭരണ തത്വങ്ങൾക്കനുസൃതമായി വഖഫ് സ്വത്ത് കൈകാര്യം ചെയ്യുന്നതിൽ ആധുനികവൽക്കരണം കൊണ്ടുവരാനും മന്ത്രാലയം ലക്ഷ്യമിടുന്നു.  

പുതിയ മൊഡ്യൂളിന്റെ വ്യാപക  നടത്തിപ്പ് ഉറപ്പാക്കാനും യോഗ്യരായ ഗുണഭോക്താക്കൾക്കിടയിൽ അവബോധം പ്രോത്സാഹിപ്പിക്കാനും സംസ്ഥാന -  കേന്ദ്രഭരണ പ്രദേശങ്ങളിലെ  വഖഫ് ബോർഡുകളും മുതവല്ലികളും ഉൾപ്പെടെ എല്ലാ പങ്കാളികളോടും മന്ത്രാലയം ആഹ്വാനം ചെയ്യുന്നു.
 
 SKY
 
*******

(Release ID: 2161444)
Read this release in: English , Urdu , Hindi , Marathi