ബഹിരാകാശ വകുപ്പ്
ചന്ദ്രോപരിതലത്തിൽനിന്ന് 2040-ൽ ഒരു ഇന്ത്യക്കാരൻ 'വികസിത ഭാരതം 2047' പ്രഖ്യാപിക്കും; ഇത് പ്രപഞ്ചമൊട്ടാകെ ഇന്ത്യയുടെ വരവറിയിക്കും: ഡോ. ജിതേന്ദ്ര സിംഗ്
Posted On:
23 AUG 2025 5:14PM by PIB Thiruvananthpuram
2040-ൽ ചന്ദ്രോപരിതലത്തിൽനിന്ന് ഒരു ഇന്ത്യക്കാരൻ "വികസിത ഭാരതം 2047" പ്രഖ്യാപിക്കുമെന്നും ഇത് ഇന്ത്യയുടെ വരവറിയിക്കുന്ന സന്ദേശം പ്രപഞ്ചമെങ്ങും എത്തിക്കുമെന്നും കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ശാസ്ത്രവും കാവ്യവും തൻമയത്വങ്ങളും ഭാവി വാഗ്ദാനങ്ങളും സമന്വയിപ്പിച്ച പ്രസംഗത്തിലൂടെ ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തിൽ ദേശീയ ബഹിരാകാശ ദിന പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ ബഹിരാകാശ പദ്ധതി തുടക്കം മുതൽ റോക്കറ്റുകളേക്കാളും ഉപഗ്രഹങ്ങളേക്കാളുമുപരി ജനങ്ങളെ ശാക്തീകരിക്കുന്നതിലും ജനജീവിതം മെച്ചപ്പെടുത്തുന്നതിലും മികച്ച ഭാവി രൂപപ്പെടുത്തുന്നതിലുമാണ് ശ്രദ്ധകേന്ദ്രീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 2015-ലെ ആദ്യ മെഗാ ഉപയോക്തൃ മീറ്റിന് ഒരു ദശാബ്ദത്തിനുശേഷം അടുത്തിടെ സമാപിച്ച രണ്ടാംഘട്ട ദേശീയ മീറ്റിനെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.
ബഹിരാകാശ മേഖലയിലെ ഇന്ത്യയുടെ നേട്ടങ്ങൾ കേവലം ലക്ഷ്യ പൂർത്തീകരണമല്ലെന്നും ശാസ്ത്രവും നൂതനാശയങ്ങളും പൊതുജനക്ഷേമവും ചേർന്ന് രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്ന വലിയ കാഴ്ചപ്പാടിലേക്കുള്ള ചവിട്ടുപടിയാണെന്നും ദേശീയ ബഹിരാകാശ ദിനം ഓർമിപ്പിക്കുന്നതായി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ഗഗൻയാൻ ദൗത്യത്തിന് തയ്യാറെടുക്കുന്ന ഗ്രൂപ്പ് ക്യാപ്റ്റന്മാരായ ശുഭാൻഷു ശുക്ല, പ്രശാന്ത് ബാലകൃഷ്ണൻ നായർ, അജിത് കൃഷ്ണൻ, അംഗദ് പ്രതാപ് എന്നീ നാല് ബഹിരാകാശ യാത്രികരെ പ്രത്യേകം പരാമര്‍ശിച്ച ഡോ ജിതേന്ദ്ര സിംഗ് ISRO ഇന്ത്യയ്ക്ക് ഏറെ മൂല്യവത്തായ മുതൽക്കൂട്ടൊരുക്കിയതായി പറഞ്ഞു.
ഭരണനിര്‍വഹണത്തിൽ ബഹിരാകാശ സാങ്കേതികവിദ്യയുടെ ഉപയോഗം വ്യാപിപ്പിക്കാന്‍ 2014-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആഹ്വാനം അനുസ്മരിച്ച ഡോ. ജിതേന്ദ്ര സിംഗ് 2015-ൽ പ്രായോഗിക ബഹിരാകാശ സംരംഭങ്ങളെ മുൻനിര വികസന പരിപാടികളിൽ സംയോജിപ്പിക്കാന്‍ കാഴ്ചപ്പാട് അവലംബിച്ചതായി ചൂണ്ടിക്കാട്ടി. പത്ത് വർഷങ്ങൾക്കിപ്പുറം സർക്കാരും സ്വകാര്യ മേഖലയും ബഹിരാകാശ ശേഷികളിൽ ഗണ്യമായി വളർന്നുവെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മീറ്റിന്റെ രണ്ടാം പതിപ്പിന് മുന്നോടിയായി ഉപയോക്തൃ വകുപ്പുകളുമായി ഏകദേശം 300 കൂടിക്കാഴ്ചകൾ നടത്തുകയും 5,000-ത്തിലധികം പേജുകളുള്ള 90-ഓളം രേഖകൾ തയ്യാറാക്കുകയും ചെയ്തു. ഇത് 15 വർഷത്തെ കര്‍മപദ്ധതിയ്ക്ക് അടിത്തറയിട്ടതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നൂറിലേറെ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയില്‍ 70 ശതമാനവും ചെറു ഉപഗ്രഹങ്ങളായിരിക്കും. സർക്കാർ സാങ്കേതിക ദൗത്യങ്ങളും സ്വകാര്യ മേഖലയുടെ നേതൃത്വത്തില്‍ പ്രവർത്തന ദൗത്യങ്ങളും സംയോജിപ്പിച്ചാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ഭക്ഷ്യ-ജല സുരക്ഷ, ദുരന്ത നിവാരണം, പാരിസ്ഥിതിക സുസ്ഥിരത, സമഗ്ര വികസനം എന്നിവയ്ക്കായി ബഹിരാകാശ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി വികസിത ഭാരതമെന്ന കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്ന ഈ കർമപദ്ധതി 2040-ലേക്കും അതിനപ്പുറവും ഇന്ത്യയുടെ ബഹിരാകാശ യാത്രയെ മുന്നോട്ടുനയിക്കുമെന്നും ഡോ. ജിതേന്ദ്ര സിംഗ് അഭിപ്രായപ്പെട്ടു.
ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ബഹിരാകാശ പദ്ധതി ഒരു പരിവർത്തന ഘട്ടത്തിലെത്തിയതായും കേവലം പ്രതീകാത്മക നേട്ടങ്ങളിലൊതുങ്ങാതെ രാജ്യത്തിന്റെ ശാസ്ത്രീയ പുരോഗതിയ്ക്കും സാങ്കേതിക കണ്ടുപിടുത്തങ്ങൾക്കും പൊതുജനക്ഷേമത്തിനും നിർണായക സംഭാവനകൾ നൽകുന്നുണ്ടെന്നും ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ഭാരതീയ അന്തരീക്ഷ ഹാക്കത്തൺ-2025-ലും ഐ.എസ്.ആർ.ഒ റോബോട്ടിക്സ് ചലഞ്ച് - യു.ആർ.എസ്.സി 2025-ലും വിജയികളായ വിദ്യാർത്ഥികൾക്ക് അദ്ദേഹം ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിച്ചു.
ബഹിരാകാശ ഗവേഷണത്തിന്റെ ആദ്യകാലം മുതൽ രാജ്യം എത്രത്തോളം മുന്നോട്ടുപോയെന്നും അന്താരാഷ്ട്ര ദൗത്യങ്ങളിൽ ഇന്ത്യ എങ്ങനെ വിശ്വസ്ത പങ്കാളിയായി വളർന്നുവെന്നും ലോക ബഹിരാകാശ ദിനം ഓർമിപ്പിക്കുന്നതായി ദിനാചരണത്തിന്റെ പ്രാധാന്യം വിശദീകരിക്കവെ ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. മറ്റ് രാജ്യങ്ങളെ പിന്തുടരുന്ന രാജ്യമല്ല ഇനി ഇന്ത്യയെന്നും മറിച്ച് മറ്റു രാജ്യങ്ങൾ ഇന്ന് അവരുടെ ദൗത്യങ്ങളുടെ മൂല്യമുയര്‍ത്താന്‍ ഇന്ത്യയെയാണ് ഉറ്റുനോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുന്‍കാല നേട്ടങ്ങൾ ആഘോഷിക്കുന്നതിലുപരി ബഹിരാകാശ ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും ഭാവി അവസരങ്ങൾ തുറക്കാൻ ഇനിയും എന്തെല്ലാം ചെയ്യാനാവുമെന്ന് ആത്മപരിശോധന നടത്തേണ്ട സമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിനായി വിപുലമായ പരിശീലനത്തലേർപ്പെട്ടിരിക്കുന്ന ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ, ഗ്രൂപ്പ് ക്യാപ്റ്റൻ അജിത് കൃഷ്ണൻ, ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ്, വിങ് കമാൻഡർ ശുഭാൻഷു ശുക്ല എന്നീ നാല് ബഹിരാകാശ യാത്രികരും ആഘോഷങ്ങളിൽ പങ്കെടുത്തു.



******************
(Release ID: 2160205)