രാസവസ്തു, രാസവളം മന്ത്രാലയം
രാജ്യത്തെ രാസവളങ്ങളുമായി ബന്ധപ്പെട്ട സാഹചര്യം
Posted On:
22 AUG 2025 5:07PM by PIB Thiruvananthpuram
രാജ്യത്തുടനീളം രാസവളങ്ങളുടെ സമയബന്ധിതവും മതിയായതുമായ ലഭ്യത ഉറപ്പാക്കുന്നതിനുള്ള നിർണായക ഉത്തരവാദിത്തം കേന്ദ്ര വളം വകുപ്പിനാണ്(DoF). ഓരോ വിള സീസണും ആരംഭിക്കുന്നതിന് മുമ്പ്, കൃഷി, കർഷകക്ഷേമ വകുപ്പ് (DA&ഫിഡ )സംസ്ഥാനം തിരിച്ചുള്ള വളത്തിൻ്റെ ആവശ്യകതകൾ വിലയിരുത്തുന്നു. ഈ വിലയിരുത്തലിനെ അടിസ്ഥാനമാക്കി സംസ്ഥാനങ്ങളും കമ്പനികളും തിരിച്ചുള്ള പ്രതിമാസ വിതരണ പദ്ധതി DoF പുറത്തിറക്കുന്നു.
കഴിഞ്ഞ ദശകത്തിൽ ആഭ്യന്തര രാസവള ഉത്പാദനത്തിലും ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയെ ശക്തിപ്പെടുത്തുന്ന തന്ത്രപരമായ ആഗോള പങ്കാളിത്തത്തിലും രാജ്യം അഭൂതപൂർവമായ പരിവർത്തനത്തിന് സാക്ഷ്യം വഹിച്ചു. യൂറിയ ഉത്പാദനം 2013-14 ലെ 227.15 ലക്ഷം മെട്രിക് ടണ്ണിൽ(LMT) നിന്ന് 2024-25 ൽ 306.67 ലക്ഷം മെട്രിക് ടൺ (LMT) ആയി വർദ്ധിച്ചു. ഇത് 35 ശതമാനം ശ്രദ്ധേയമായ വളർച്ചയെയാണ് അടയാളപ്പെടുത്തുന്നത്. അതുപോലെ DAP, NPKS വളങ്ങളുടെ ഉത്പാദനം ഇതേ കാലയളവിൽ 110.09 ലക്ഷം മെട്രിക് ടൺ ആയിരുന്നത് 158.78 ലക്ഷം മെട്രിക് ടണ്ണായി ഉയർന്ന് 44% വർദ്ധനവ് രേഖപ്പെടുത്തി. വളം മേഖലയിലെ ആത്മനിർഭരത വർദ്ധിപ്പിക്കുന്നതിനുള്ള സർക്കാരിൻ്റെ തുടർച്ചയായ ശ്രമങ്ങളെ ഇത് പ്രതിഫലിപ്പിക്കുന്നു.
നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യം രാജ്യത്തേക്കുള്ള രാസവള വിതരണത്തെ ബാധിച്ചിട്ടുണ്ട്. നിലവിലുള്ള ചെങ്കടൽ പ്രതിസന്ധി രാജ്യത്തേക്കുള്ള വിതരണത്തെ തടസ്സപ്പെടുത്തി. അതിൻ്റെ ഫലമായി കേപ് ഓഫ് ഗുഡ് ഹോപ്പ് വഴി കയറ്റുമതി വീണ്ടും വഴിതിരിച്ചുവിടേണ്ടി വന്നതോടെ 6,500 കിലോമീറ്ററോളം അധികമായി സഞ്ചരിക്കേണ്ട സാഹചര്യമുണ്ടായി. ഇതിലൂടെ പ്രത്യേകിച്ച് DAP യുടെ കാര്യത്തിൽ ഗതാഗത സമയം ഗണ്യമായി വർദ്ധിച്ചു. കൂടാതെ റഷ്യ-യുക്രൈൻ യുദ്ധം, ഇസ്രായേൽ-ഇറാൻ യുദ്ധം എന്നിവ അന്താരാഷ്ട്ര വിപണിയിൽ വളങ്ങളുടെ വില വർദ്ധിക്കാൻ കാരണമായി.
എന്നിരുന്നാലും ഈ ആഗോള വെല്ലുവിളികൾക്കിടയിലും കേന്ദ്ര സർക്കാർ ശ്രദ്ധേയമായ പ്രതിരോധശേഷിയും ദീർഘവീക്ഷണവും പ്രകടിപ്പിച്ചിട്ടുണ്ട്. സമയബന്ധിതമായ നയതന്ത്ര ഇടപെടലുകൾ, ലോജിസ്റ്റിക്കൽ ഇടപെടലുകൾ, ദീർഘകാല ക്രമീകരണങ്ങൾ എന്നിവ നമ്മുടെ കർഷകർക്ക് രാസവളങ്ങളുടെ ക്ഷാമം നേരിടേണ്ടിവരില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ഇന്ത്യയിലെ വളം കമ്പനികളുടെ കൺസോർഷ്യവും മൊറോക്കോയും തമ്മിൽ 25 ലക്ഷം മെട്രിക് ടൺ DAP, TSP എന്നിവയുടെ ക്രമീകരണം ഉറപ്പാക്കിയിട്ടുണ്ട്. ഇത് കൂടാതെ 2025 ജൂലൈയിൽ, 2025-26 മുതൽ അഞ്ച് വർഷത്തേക്ക് 31 ലക്ഷം മെട്രിക് ടൺ DAP വാർഷിക വിതരണത്തിനായി സൗദി അറേബ്യയും ഇന്ത്യൻ കമ്പനികളും തമ്മിൽ ഒരു ദീർഘകാല കരാർ (LTA) ഒപ്പുവച്ചു.
ഇന്ത്യയുടെ ദീർഘകാല വള ആവശ്യങ്ങൾ നിറവേറ്റുന്നതിനും സംസ്ഥാനങ്ങളിലേക്ക് സമയബന്ധിതമായി വിതരണം ഉറപ്പാക്കുന്നതിനുമാണ് ഈ ശക്തമായ അന്താരാഷ്ട്ര ഇടപെടലുകൾ നടത്തുന്നത്. ഈ ശ്രമങ്ങളുടെ ഫലമായി നിലവിലെ 2025 ഖാരിഫ് സീസണിൽ ഇതുവരെ സംസ്ഥാനങ്ങളിൽ വളങ്ങളുടെ ലഭ്യത സുഗമമായി തുടരുന്നു. 143 ലക്ഷം മെട്രിക് ടൺ യൂറിയയുടെ പ്രോ-റാറ്റ ആവശ്യകതയിൽ, മൊത്തം ലഭ്യത 183 യൂറിയയും അതിന്റെ വിൽപ്പന 155 ലക്ഷം മെട്രിക് ടൺ യൂറിയയുമാണ്. അതുപോലെ DAP യിൽ 45 ലക്ഷം മെട്രിക് ടൺ പ്രോ-റാറ്റ ആവശ്യകതയിൽ 49 ലക്ഷം മെട്രിക് ടൺ ലഭ്യതയും 33 ലക്ഷം മെട്രിക് ടൺ വിൽപ്പനയും നടന്നിട്ടുണ്ട്.
മേൽപ്പറഞ്ഞ ഡാറ്റയിൽ നിന്ന് വ്യക്തമാകുന്നതുപോലെ നിലവിലുള്ള സീസണിൽ ഇതുവരെ വളങ്ങളുടെ ലഭ്യത സുഗമമായി തുടരുന്നു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2025 ഓഗസ്റ്റ് 20 വരെ യൂറിയ വിൽപ്പന 13 ലക്ഷം മെട്രിക് ടണ്ണിലധികം വർദ്ധിച്ചുവെന്നത് ശ്രദ്ധേയമാണ്. വിൽപ്പനയിൽ ഇത്രയും വർധനവ് ഉണ്ടായിട്ടും ആഗോള ടെൻഡറുകൾ വഴി ആഭ്യന്തര ഉത്പാദനവും സംഭരണവും പരമാവധി വർദ്ധിപ്പിച്ചുകൊണ്ട് രാജ്യത്തുടനീളം യൂറിയയുടെ തടസ്സമില്ലാത്ത ലഭ്യത വളം വകുപ്പ് ഉറപ്പാക്കിയിട്ടുണ്ട്.
ആഗോള വിപണിയിലെ ഉയർന്ന വിലകളിൽ നിന്ന് കർഷകരെ സംരക്ഷിക്കുന്നതിനായി താങ്ങാനാവുന്ന നിരക്കിൽ വളങ്ങൾ കർഷകർക്ക് യഥാസമയം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ വൻതോതിൽ സബ്സിഡി നൽകുന്നു. 45 കിലോഗ്രാം ബാഗിന് 242 രൂപ (വേപ്പ് പൂശൽ ചെലവും ബാധകമായ നികുതികളും ഒഴികെ) എന്ന് നിയമപരമായി വിജ്ഞാപനം ചെയ്ത MRP യിൽ കർഷകർക്ക് യൂറിയ ലഭ്യമാക്കുന്നത് തുടരുന്നു. കർഷകർക്ക് ഒരു ബാഗിന് 1350 രൂപ നിരക്കിൽ DAP (ഇറക്കുമതി ചെയ്തതും തദ്ദേശീയവുമായ) ലഭ്യത ഉറപ്പാക്കുന്നതിനായി കേന്ദ്ര സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. അതിൽ മറ്റ് ചെലവുകളുടെ റീഇംബേഴ്സ്മെൻ്റ്, റീഇംബേഴ്സ്മെൻ്റ് GST, ന്യായമായ വരുമാനം നല്കൽ, അന്താരാഷ്ട്ര വിപണിയിൽ DAP യുടെ വിലയിൽ ഉണ്ടാകുന്ന വർദ്ധനവിന് റീഇംബേഴ്സ്മെൻ്റ് എന്നിവ ഉൾപ്പെടുന്നു.
കൂടാതെ, ഉയർന്നുവരുന്ന തടസ്സങ്ങളെ മുൻകൂട്ടി പരിഹരിക്കുന്നതിനായി വളം വകുപ്പ് സംസ്ഥാന സർക്കാരുകൾ,തുറമുഖ അധികാരികൾ, റെയിൽവേ മന്ത്രാലയം,വളം കമ്പനികൾ എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. രാസവളങ്ങളുടെ കരിഞ്ചന്ത/പൂഴ്ത്തിവയ്പ്പ്/ അമിത വിലനിർണ്ണയം, വഴിതിരിച്ചുവിടൽ എന്നിവയ്‌ക്കെതിരെ ഫലപ്രദമായ നടപടി ഉറപ്പാക്കാൻ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. 2025 ഏപ്രിൽ മുതൽ രാജ്യത്തുടനീളം 1,99,581 പരിശോധനകൾ/ റെയ്ഡുകൾ നടത്തിയിട്ടുണ്ട്. ഇതേത്തുടർന്ന് 7,927 കാരണം കാണിക്കൽ നോട്ടീസുകൾ നല്കുകയും 3,623 ലൈസൻസുകൾ റദ്ദാക്കി/സസ്പെൻഡ് ചെയ്യുകയും EC നിയമപ്രകാരം 311 FIR കൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
കാർഷിക സുസ്ഥിരത, കർഷകരുടെ ക്ഷേമം, ദേശീയ ഭക്ഷ്യസുരക്ഷ എന്നിവയിൽ അചഞ്ചലമായ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് എല്ലാ കർഷകർക്കും വളങ്ങളുടെ സമയബന്ധിതവും തുല്യവുമായ ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
*******************
(Release ID: 2159938)