യുവജനകാര്യ, കായിക മന്ത്രാലയം
2025 ലെ ദേശീയ കായിക ദിനത്തിൽ പൗരന്മാർ ഒരു മണിക്കൂർ വ്യായാമത്തിനായി മാറ്റിവയ്ക്കണം : ഡോ. മൻസുഖ് മാണ്ഡവ്യ
Posted On:
21 AUG 2025 8:31PM by PIB Thiruvananthpuram
ദേശീയ കായിക ദിനമായ 2025 ഓഗസ്റ്റ് 29 ന് ഒരു മണിക്കൂർ വ്യായാമത്തിനും കായിക വിനോദത്തിനുമായി നീക്കിവയ്ക്കാൻ കേന്ദ്ര യുവജനകാര്യ-കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തു. ഹോക്കി ഇതിഹാസം മേജർ ധ്യാൻ ചന്ദിനോടുള്ള ആദരസൂചകമായാണ് അദ്ദേഹത്തിന്റെ ജന്മദിനമായ ഓഗസ്റ്റ് 29 എല്ലാവർഷവും ദേശീയ കായിക ദിനമായി ആചരിക്കുന്നത്
ഈ വർഷം, ഇന്ത്യൻ കായിക ആവാസവ്യവസ്ഥയുമായി സഹകരിച്ച് ഫിറ്റ് ഇന്ത്യ മിഷനാണ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നത്.ഓഗസ്റ്റ് 29 മുതൽ 31 വരെയുള്ള മൂന്ന് ദിവസം ഇന്ത്യ മുഴുവൻ നീണ്ടുനിൽക്കുന്ന കായിക പ്രസ്ഥാനമായി ഇത് സംഘടിപ്പിക്കും.
2036-ൽ ഒളിമ്പിക്- പാരാലിമ്പിക് ഗെയിംസുകൾക്ക് ആതിഥേയത്വം വഹിക്കുക എന്ന ഇന്ത്യയുടെ കാഴ്ചപ്പാടുമായി യോജിപ്പിച്ചുകൊണ്ട് , കായികക്ഷമതാ പ്രവർത്തനങ്ങളിൽ ബഹുജന പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ ആഘോഷങ്ങളുടെ ഉദ്ദേശ്യം . ഇന്ത്യയിലെ കായിക രംഗം രാജ്യവ്യാപക ജനകീയ പ്രസ്ഥാനമായി അതിവേഗം മാറിക്കൊണ്ടിരിക്കുന്നുവെന്ന സന്ദേശം ലോകത്തിന് കാട്ടിക്കൊടുക്കുക എന്നതും ഇതിന്റെ ലക്ഷ്യത്തിൽപ്പെടുന്നു .
" ഹോക്കി ഇതിഹാസം മേജർ ധ്യാൻ ചന്ദിന്റെ സ്മരണാർത്ഥമാണ് ദേശീയ കായിക ദിനം നാം ആഘോഷിക്കുന്നത്. ഇത്തവണ ഓഗസ്റ്റ് 29 മുതൽ 31 വരെ മൂന്ന് ദിവസമായിട്ടാണ് ദേശീയ കായിക ദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത് . 'ഏക് ഘണ്ടാ ഖേൽ കെ മൈദാൻ മേ ജോ ഖേൽതേ ഹേ വോ ഖിൽതേ ഹേ ' എന്ന് നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിട്ടുണ്ട് . ആരോഗ്യമുള്ള പൗരന്മാർക്ക് മാത്രമേ സമ്പന്നമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കാൻ കഴിയൂ. അതിനാൽ, കളിസ്ഥലങ്ങളിൽ ഇറങ്ങി ഒരു മണിക്കൂർ കായിക വിനോദത്തിനും വ്യായാമത്തിനും വേണ്ടി ചെലവഴിക്കാൻ രാജ്യത്തുടനീളമുള്ള പൗരന്മാരോടും വിദ്യാർത്ഥികളോടും ജീവനക്കാരോടും സ്ഥാപനങ്ങളോടും ഞാൻ അഭ്യർത്ഥിക്കുന്നു” .ഡോ. മാണ്ഡവ്യ പറഞ്ഞു.
" ഈ വർഷത്തെ ദേശീയ കായിക ദിനാഘോഷങ്ങളെ ഒളിമ്പിക് -പാരാലിമ്പിക് പ്രസ്ഥാനങ്ങളുമായി സംയോജിപ്പിച്ചിരിക്കുകയാണ് . രാജ്യത്തെ എല്ലാ പൗരന്മാരും ഒളിമ്പിക് - പാരാലിമ്പിക് മൂല്യങ്ങൾ ഉൾക്കൊണ്ട് ആവേശത്തോടെ കായിക-കായിക ക്ഷമതാ പ്രവർത്തനങ്ങളിൽ പങ്കാളികളാകുകയും അതിനെ അവരുടെ ദൈനംദിന ജീവിതത്തിൽ ഒരു ശീലമാക്കുകയും ചെയ്യേണ്ടതുണ്ട് ," അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോഗ്യവും വ്യായാമവും മുഖമുദ്രയായുള്ള ഈ ദിനാചരണത്തിൽ ഭാഗഭാക്കാകാൻ സമൂഹത്തിലെ എല്ലാ പ്രായത്തിലുമുള്ള ആളുകളോട്,ഇന്ത്യയുടെ ആദ്യ ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്രയും ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രിയും സമൂഹ മാധ്യമങ്ങളിലൂടെ അഭ്യർത്ഥിച്ചു.
ഓരോ ജില്ലയിലുമുള്ള പ്രധാന സ്റ്റേഡിയങ്ങൾ പാർലമെന്റ് അംഗങ്ങളുടെ പങ്കാളിത്തത്തോടെയുള്ള ആഘോഷങ്ങളാൽ സജീവമാകും. രാജ്യത്തെ മുൻനിര കായികതാരങ്ങൾ പ്രാദേശിക പരിപാടികളിൽ അണിചേർന്ന് കായിക വിനോദം ഒരു ജീവിതശൈലിയായി സ്വീകരിക്കാൻ പങ്കാളികളെ പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
ആഘോഷങ്ങൾ ഓഗസ്റ്റ് 30-ന് രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ഫിറ്റ് ഇന്ത്യ കാർണിവൽ പരിപാടികളോടെ തുടരും. ജീവിതശൈലിയെക്കുറിച്ചുള്ള കൂടുതൽ അവബോധവും ആത്മവിശ്വാസവും വളർത്തുന്നതിനായി കായികം , വ്യായാമം തുടങ്ങിയവ കേന്ദ്രീകരിച്ചുള്ള സംവാദങ്ങൾ, പാനൽ ചർച്ചകൾ, പ്രസംഗങ്ങൾ, മത്സരങ്ങൾ എന്നിവ രാജ്യത്തുടനീളം സംഘടിപ്പിക്കും .
ഓഗസ്റ്റ് 31-ന്, രാജ്യത്തുടനീളമുള്ള പൗരന്മാർ ,ദേശീയ കായിക പ്രസ്ഥാനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഫിറ്റ് ഇന്ത്യ “സൺഡേയ്സ് ഓൺ സൈക്കിൾ” പരിപാടിയിൽ സജീവമായി പങ്കെടുക്കും. സൈക്കിൽ സവാരിയെ ഒരു പതിവ് വ്യായാമ പരിശീലനമായി സ്വീകരിക്കാനും അത് അവരുടെ ജീവിതശൈലിയുടെ അവിഭാജ്യ ഘടകമാക്കാനും ആളുകളെ പ്രോത്സാഹിപ്പിക്കും. കൂടാതെ, പരിസ്ഥിതി സൗഹൃദ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യകരവും സുസ്ഥിരവുമായ ജീവിതശൈലികൾ പിന്തുടരാൻ പൗരന്മാരെ പ്രചോദിപ്പിക്കുന്നതിനുമായി ഫിറ്റ് ഇന്ത്യ ആപ്പിൽ കാർബൺ സേവിംഗ്സ് ഇൻസെന്റിവൈസേഷൻ എന്ന സവിശേഷതയും അവതരിപ്പിക്കും.
ഖേലോ ഭാരത് നീതി 2025, ദേശീയ കായിക ഭരണ നിയമം 2025 എന്നിവയിലൂടെ, 2047 ആകുമ്പോഴേക്കും ഇന്ത്യ ഒരു വികസിത രാഷ്ട്രമായി മാത്രമല്ല, ആഗോള കായിക സൂപ്പർ പവർ ആയും മാറുമെന്ന് ഉറപ്പാക്കുന്നതിനുള്ള അടിത്തറ പാകുകയാണ് യുവജനകാര്യ-കായിക മന്ത്രാലയം.
വികസിത ഭാരതം എന്ന ലക്ഷ്യ സാക്ഷാത്ക്കാരത്തിനായുള്ള പ്രയാണത്തിൽ , കായികക്ഷമതയുള്ളതും അന്താരാഷ്ട്രതലത്തിൽ മത്സരശേഷിയുള്ളതുമായ ഒരു കായിക രാഷ്ട്രം സൃഷ്ടിക്കുന്നതിനുള്ള മറ്റൊരു നിർണായക ചുവടുവയ്പ്പായിരിക്കും 2025 ലെ ദേശീയ കായിക ദിനം.
SKY
******
(Release ID: 2159650)