ഷിപ്പിങ് മന്ത്രാലയം
azadi ka amrit mahotsav

കൊളോണിയല്‍ കാലഘട്ടത്തിലെ നിയമം മാറ്റി സ്ഥാപിക്കുന്ന ഇന്ത്യന്‍ തുറമുഖ ബില്‍ 2025 രാജ്യസഭ പാസാക്കി

Posted On: 18 AUG 2025 6:23PM by PIB Thiruvananthpuram

ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള കൊളോണിയല്‍ കാലഘട്ടത്തിലെ നിയന്ത്രണം അവസാനിപ്പിക്കുകയും ഇന്ത്യയുടെ സമുദ്രമേഖലയ്ക്ക് ആധുനിക ചട്ടക്കൂട് കൊണ്ടുവരികയും ചെയ്ത 1908 ലെ ഇന്ത്യന്‍ തുറമുഖ നിയമത്തിന് പകരമായി രൂപകല്‍പ്പന ചെയ്ത ഇന്ത്യന്‍ തുറമുഖ ബില്‍ 2025 രാജ്യസഭ ഇന്ന് പാസാക്കി. കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഈ ബില്‍ രാജ്യസഭയില്‍ പാസാക്കുന്നതിനായി നേരത്തെ അവതരിപ്പിച്ചിരുന്നു.

ലോക്‌സഭ ഇതിനകം അംഗീകരിച്ച നിയമനിര്‍മ്മാണം രാഷ്ട്രപതിയുടെ അംഗീകാരത്തിനായി ഉടന്‍  അയയ്ക്കും. ഇത് നിയമമായി പ്രാബല്യത്തില്‍ വന്നാല്‍ ഇന്ത്യന്‍ തുറമുഖങ്ങളിലെ ഭരണസംവിധാനത്തില്‍ വന്‍ മാറ്റം വരുത്താനും തുറമുഖാധിഷ്ഠിത വികസനത്തിനായി കേന്ദ്ര-സംസ്ഥാന ഏകോപനം ശക്തിപ്പെടുത്താനും, രാജ്യത്തിന്റെ വാണിജ്യ സ്വപ്നങ്ങള്‍ക്ക് നിര്‍ണായകമായ തുറമുഖ മേഖലയിലെ നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

'ഇന്ത്യയുടെ സമുദ്ര സാധ്യതകള്‍ തുറന്നുകാട്ടുന്ന ഒരു നാഴികക്കല്ലായ പരിഷ്‌ക്കരണം' എന്നാണ് കേന്ദ്രമന്ത്രി ശ്രീ സര്‍ബാനന്ദ സോനോവാള്‍ ഈ നീക്കത്തെ വിശേഷിപ്പിച്ചത്. 'തുറമുഖങ്ങള്‍ ചരക്കുകളുടെ കവാടങ്ങള്‍ മാത്രമല്ല, അവ വളര്‍ച്ച, തൊഴില്‍, സുസ്ഥിര വികസനം എന്നിവയുടെ എഞ്ചിനുകളാണ്. 2025 ലെ ഇന്ത്യന്‍ തുറമുഖ ബില്ലിലൂടെ ഇന്ത്യ ക്യാച്ച്അപ്പ് മോഡില്‍ നിന്ന് ആഗോള സമുദ്രഗതാഗത നേതൃത്വത്തിലേക്ക് നീങ്ങുകയാണ്.'


ഒരു ദശാബ്ദം നീണ്ട പരിഷ്‌കാരങ്ങളുടെ വളര്‍ച്ച

കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യയുടെ സമുദ്ര മേഖല അഭൂതപൂര്‍വ്വമായി വികസിച്ചു. പ്രധാന തുറമുഖങ്ങളിലെ ചരക്ക് കൈകാര്യം ചെയ്യല്‍ 2014-15 ലെ 581 ദശലക്ഷം ടണ്ണിനെ അപേക്ഷിച്ച് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 855 ദശലക്ഷം ടണ്ണിലെത്തി. ഇതേ കാലയളവില്‍ തുറമുഖ ശേഷി ഏകദേശം 87 ശതമാനം വര്‍ദ്ധിച്ചു. ആഗോള മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി കപ്പലുകളുടെ ശരാശരി ടേണ്‍ എറൗണ്ട് സമയം പകുതിയായി കുറച്ച് 48 മണിക്കൂറാക്കി.


തീരദേശ ഷിപ്പിംഗ് അളവ് ഇരട്ടിയിലധികമായി, 118 ശതമാനം വര്‍ദ്ധിച്ചു. അതേസമയം ഉള്‍നാടന്‍ ജലപാതകളിലെ ചരക്ക് നീക്കം ഏകദേശം ഏഴിരട്ടിയായി ഉയര്‍ന്നു. ഇന്ത്യന്‍ തുറമുഖങ്ങള്‍ ആഗോള തലത്തില്‍ അംഗീകാരം നേടി വരികയാണ്. ലോക ബാങ്കിന്റെ കണ്ടെയ്‌നര്‍ പോര്‍ട്ട് പ്രകടന സൂചികയില്‍ രാജ്യത്തെ 9  തുറമുഖങ്ങള്‍  ഇടം നേടിയിട്ടുണ്ട്. എന്നിരുന്നാലും, കാലഹരണപ്പെട്ട 1908 ലെ ചട്ടക്കൂടിന് പകരമായി ഒരു ആധുനിക നിയമം വേണമെന്ന് വ്യവസായ പ്രമുഖര്‍ ദീര്‍ഘകാലമായി ആവശ്യപ്പെട്ടിരുന്നു.


പുതിയ ബില്ലിലെ പ്രധാന വ്യവസ്ഥകള്‍

കേന്ദ്രവും തീരദേശ സംസ്ഥാനങ്ങളും തമ്മില്‍ ഏകോപിപ്പിക്കുന്നതിനുള്ള നിയമപരമായ കണ്‍സള്‍ട്ടേറ്റീവ് ബോഡിയായി മാരിടൈം സ്‌റ്റേറ്റ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ (MSDC) സ്ഥാപിക്കുന്നതാണ്  ഇന്ത്യന്‍ തുറമുഖ ബില്‍ 2025. സംയോജിത തുറമുഖ വികസനം ഉറപ്പാക്കുന്നതിന് MSDC ഒരു ദേശീയ വീക്ഷണ പദ്ധതി തയ്യാറാക്കും.   .


ഇന്ത്യയിലെ 12 പ്രധാന തുറമുഖങ്ങളിലും പ്രധാനമല്ലാത്ത  200 ലധികം തുറമുഖങ്ങളിലും ഏകീകൃതവും സുതാര്യവുമായ ഭരണം കൊണ്ടുവരുന്നതിലൂടെ സംസ്ഥാന മാരിടൈം ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ തീരദേശ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കും. സമയബന്ധിതമായി മേഖലാധിഷ്ഠിത പരിഹാരം നല്കുന്നതിന് തര്‍ക്ക പരിഹാര സമിതികളും ബില്‍ സൃഷ്ടിക്കുന്നു.

മാര്‍പോള്‍, ബാലസ്റ്റ് വാട്ടര്‍ മാനേജ്‌മെന്റ് തുടങ്ങിയ അന്താരാഷ്ട്ര പരിസ്ഥിതി കരാറുകള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കണമെന്ന് നിയമം ആവശ്യപ്പെടുന്നു. അതേസമയം തുറമുഖങ്ങള്‍ അടിയന്തര തയ്യാറെടുപ്പ് സംവിധാനങ്ങള്‍ നിലനിര്‍ത്തേണ്ടതുണ്ട്. ഡിജിറ്റലൈസേഷനെ കേന്ദ്രീകരിച്ചുള്ള മാരിടൈം സിംഗിള്‍ വിന്‍ഡോ, നൂതന കപ്പല്‍ ഗതാഗത സംവിധാനങ്ങള്‍ എന്നിവ കാര്യക്ഷമത വര്‍ധിപ്പിക്കുകയും,തടസ്സങ്ങള്‍ കുറയ്ക്കുകയും, ചെലവ് ചുരുക്കുകയും ചെയ്യും.


ഇന്ത്യയുടെ ആഗോള സമുദ്ര അഭിലാഷം

സിംഗപ്പൂര്‍, ദക്ഷിണാഫ്രിക്ക, യൂറോപ്യന്‍ യൂണിയന്‍, അമേരിക്ക എന്നിവയുള്‍പ്പെടെ ലോകത്തിലെ മുന്‍നിര തുറമുഖ രാജ്യങ്ങളുമായി ഈ പരിഷ്‌കാരങ്ങള്‍  ഇന്ത്യയെ യോജിപ്പിക്കുന്നുവെന്ന് ശ്രീ സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു.

ഈ ബില്‍ കാര്യക്ഷമതയെക്കുറിച്ചു മാത്രമല്ല, മറിച്ച് കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിച്ച് തുറമുഖാധിഷ്ഠിത വളര്‍ച്ച ഉറപ്പാക്കുന്ന ഫെഡറല്‍ പങ്കാളിത്തത്തെക്കുറിച്ചുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


2047 ലെ വികസിത് ഭാരതത്തിലേക്ക്

മോദി സര്‍ക്കാര്‍ തുറമുഖാധിഷ്ഠിത വികസനത്തെ  'അമൃത്കാല്‍' റോഡ്മാപ്പിന്റെ ഒരു പ്രധാന ഘടകമാക്കിയിട്ടുണ്ട്. പുതിയ നിയമം വ്യാപാര മത്സരക്ഷമത വര്‍ദ്ധിപ്പിക്കുകയും സ്വകാര്യനിക്ഷേപങ്ങളെ  ആകര്‍ഷിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ഇന്ത്യയുടെ ഷിപ്പിംഗ്,തുറമുഖ പ്രവര്‍ത്തനങ്ങളില്‍ സുസ്ഥിരത ഉള്‍പ്പെടുത്തുകയും ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.


രാജ്യസഭയുടെ അംഗീകാരത്തോടെ ഇന്ത്യന്‍ തുറമുഖ ബില്‍ 2025 സ്വതന്ത്ര ഇന്ത്യയുടെ സമുദ്ര ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടനാപരമായ പരിഷ്‌കാരങ്ങളിലൊന്നായി വാഴ്ത്തപ്പെടുന്നു. ഇത് ഇന്തോ പസഫിക്കില്‍ ഒരു വികസിത രാഷ്ട്രമായും സമുദ്രാധിഷ്ഠിത നേതാവായും ഉയര്‍ന്നുവരാന്‍ ഇന്ത്യ ലക്ഷ്യമിടുന്ന 2047 ലേക്ക്
തുറമുഖ മേഖലയെ ഉറപ്പിച്ചു നിര്‍ത്തുന്നു.

****************


(Release ID: 2157754)
Read this release in: Odia , English , Urdu , Marathi , Hindi