യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

എല്ലാ തലങ്ങളിലുമുള്ള കായിക ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായുള്ള 'ഖേലോ ഭാരത് നീതി' പ്രധാനമന്ത്രി മോദി ഉയർത്തിക്കാട്ടി

Posted On: 15 AUG 2025 6:01PM by PIB Thiruvananthpuram

രാജ്യത്ത് ചലനാത്മകവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു കായിക സംസ്കാരം പരിപോഷിപ്പിക്കുന്നതിനുള്ള ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധത സ്വാതന്ത്ര്യ ദിനത്തിൽ നടത്തിയ അഭിസംബോധനയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആവർത്തിച്ചു. സ്കൂളുകൾ, കോളേജുകൾ തുടങ്ങി താഴെത്തട്ടിലുള്ള പങ്കാളിത്തം മുതൽ കായികതാരങ്ങളുടെ നൂതന വികസനം  വരെ എല്ലാ തലങ്ങളിലുമായി കായിക ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സമഗ്ര ചട്ടക്കൂടായ 'ഖേലോ ഭാരത് നീതിയെ' പ്രധാനമന്ത്രി ചുവപ്പ് കോട്ടയുടെ കൊത്തളത്തിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഉയർത്തിക്കാട്ടി

ഇന്ത്യയുടെ കായിക അഭിലാഷങ്ങളെ ആഗോള നിലവാരവുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പായിട്ടാണ് ഖേലോ ഭാരത് നീതി അവതരിപ്പിച്ചിരിക്കുന്നത്. കായികരംഗത്തെ മികവ് പ്രോത്സാഹിപ്പിക്കുന്നതിന് കായിക അടിസ്ഥാന സൗകര്യങ്ങൾ, പരിശീലന ലഭ്യത, പരിശീലന സൗകര്യങ്ങൾ, മറ്റ് അവശ്യ വിഭവങ്ങൾ എന്നിവ അടങ്ങുന്ന ശക്തമായ ഒരു പിന്തുണാ സംവിധാനം സ്ഥാപിക്കുക എന്നതാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

 "കായിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി, നിരവധി പതിറ്റാണ്ടുകൾക്ക് ശേഷം ഞങ്ങൾ ദേശീയ കായിക നയം കൊണ്ടുവന്നു. രാജ്യത്ത് കായിക മേഖലയുടെ സമഗ്ര വികസനത്തിനുള്ള ശ്രമമെന്ന നിലയിൽ ഖേലോ ഇന്ത്യ നയം ആവിഷ്കരിച്ചു. പരിശീലനം, ഫിറ്റ്നസ് സംബന്ധിച്ച വിഷയങ്ങൾ, കായിക മൈതാനങ്ങൾ, കായിക അടിസ്ഥാന സൗകര്യങ്ങൾ, ഗെയിമുകൾക്ക് ആവശ്യമായ ഉപകരണങ്ങളുടെ ലഭ്യത, അല്ലെങ്കിൽ കായിക ഉപകരണങ്ങൾ നിർമ്മിക്കാൻ ചെറുകിട വ്യവസായങ്ങൾക്കുള്ള സഹായം തുടങ്ങി സ്കൂൾ തലം മുതൽ ഒളിമ്പിക്സ് വരെ എല്ലാ തലങ്ങളിലും കായിക ആവാസവ്യവസ്ഥയെ വികസിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കായിക ആവാസവ്യവസ്ഥയെ പൂർണമായും ഏറ്റവും വിദൂര പ്രദേശങ്ങളിലെ കുട്ടികളിലേക്ക് പോലും എത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു" -അദ്ദേഹം പറഞ്ഞു.

ഖേലോ ഭാരത് നീതി 2025 ഇന്ത്യയുടെ കായിക യാത്രയിലെ ഒരു സുപ്രധാന വഴിത്തിരിവായി അടയാളപ്പെടുത്തപ്പെടുന്നു. ഇന്ത്യയെ, ഒരു ആഗോള കായിക ശക്തികേന്ദ്രമാക്കി മാറ്റാനുള്ള ഗവൺമെന്റിന്റെ കാഴ്ചപ്പാടിനെ ഇത് ശക്തിപ്പെടുത്തുകയും ഇന്ത്യയിലെ ഓരോ യുവതക്കും കായികരംഗത്ത് തുടരാനും മികവ് പുലർത്താനുമുള്ള അവസരം ഉറപ്പാക്കുകയും ചെയ്യുന്നു.

*******************


(Release ID: 2156968)
Read this release in: English , Urdu , Hindi , Gujarati