രാജ്യരക്ഷാ മന്ത്രാലയം
ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണത്തിന്റെയും പ്രതിരോധ സ്വാശ്രയത്വത്തിന്റെയും പ്രകടനം - 79-ാo സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി
Posted On:
15 AUG 2025 1:45PM by PIB Thiruvananthpuram
ഓപ്പറേഷൻ സിന്ദൂറിനെ ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണത്തിന്റെയും പ്രതിരോധ സ്വാശ്രയത്വത്തിന്റെയും മികച്ച ഉദാഹരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകീർത്തിച്ചു. 2025 ഓഗസ്റ്റ് 15-ന് 79-ാo സ്വാതന്ത്ര്യദിനത്തിൽ ഡൽഹിയിലെ ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത അദ്ദേഹം ഓപ്പറേഷനിൽ ഇന്ത്യൻ നിർമ്മിത ആയുധങ്ങൾ ഉപയോഗിച്ച് സായുധ സേന ഭീകര ശൃംഖലകളെയും പാകിസ്ഥാൻ ആസ്ഥാനമായ അടിസ്ഥാന സൗകര്യങ്ങളെയും തകർത്തുവെന്ന് ഊന്നിപ്പറഞ്ഞു. വിദേശത്തു നിന്നുള്ള ആണവ ഭീഷണിയോ മറ്റ് ഭീഷണികളോ ഏശാത്ത ഒരു പുതിയ യുഗത്തിലേക്ക് ഇന്ത്യ ചുവടുവച്ചുവെന്നും വ്യക്തമാക്കി.
ഭീഷണികളെ വ്യക്തമായി നേരിടുന്നതിനും സ്വാശ്രയത്വത്തെ ദേശീയ ശക്തിയുടെയും അന്തസ്സിന്റെയും അടിത്തറയാക്കുന്നതിനും 2047 ഓടെ വികസിത ഇന്ത്യയിലേക്കുള്ള യാത്രയ്ക്കും തന്ത്രപരമായ സ്വയംഭരണവും തദ്ദേശീയ കഴിവുകളും പ്രധാനമാണെന്ന് പ്രധാനമന്ത്രി മോദി വിവരിച്ചു. "ഇന്ത്യയിൽ നിർമ്മിച്ച ആയുധങ്ങൾ ഉൾപ്പെടെയുള്ള തദ്ദേശീയ മികവുകൾ ഇന്ത്യയെ വ്യക്തമായും സ്വതന്ത്രമായും പ്രവർത്തിക്കാൻ പ്രാപ്തമാക്കി. ഇത് ദേശീയ സുരക്ഷയ്ക്ക് വിദേശ ശക്തികളെ ആശ്രയിക്കേണ്ട കാര്യമില്ലെന്നതിന് തെളിവാണ്" -അദ്ദേഹം പറഞ്ഞു.
സിന്ധു നദീജല ഉടമ്പടി വിഷയത്തിലും പ്രധാനമന്ത്രി നയം നിസ്സംശയം വ്യക്തമാക്കി: “രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്ന് ഇന്ത്യ ഇപ്പോൾ തീരുമാനിച്ചു. സിന്ധു നദീജല ഉടമ്പടി ന്യായമല്ലെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു. നമ്മുടെ കർഷകർ കഷ്ടപ്പെടുമ്പോൾ സിന്ധു നദീജല സംവിധാനത്തിൽ നിന്നുള്ള വെള്ളം ശത്രുക്കളുടെ ഭൂമിക്ക് ജലസേചനം നൽകി''. ഇന്ത്യ ഇനി ദേശീയ താൽപ്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് ഈ പ്രസ്താവന വീണ്ടും ഉറപ്പിച്ചു. കൂടാതെ തദ്ദേശീയ സാങ്കേതിക വിദ്യകളിലും പ്രതിരോധ സംവിധാനങ്ങളിലും പൂർണമായും ഊന്നിനിന്നുകൊണ്ട് വേഗത്തിലും വ്യക്തമായും പ്രവർത്തിക്കാനുള്ള രാജ്യത്തിന്റെ കഴിവിനെ ഓപ്പറേഷൻ അടിവരയിടുന്നുവെന്നും വ്യക്തമാക്കി.
വികസിത ഭാരതത്തിന്റെ പ്രധാന അടിസ്ഥാന ആശയങ്ങളിലൊന്നായി ആത്മനിർഭർ ഭാരതിനെ അടിവരയിട്ട് പ്രധാനമന്ത്രി മോദി ഇങ്ങനെ പറഞ്ഞു-"മറ്റുള്ളവരെ ആശ്രയിക്കുന്നത് ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നു. ആശ്രിതത്വം ഒരു അപകടകരമായ ശീലമായി മാറുന്നത് നിർഭാഗ്യകരമാണ്. അതുകൊണ്ടാണ് സ്വാശ്രയത്വത്തെക്കുറിച്ച് നാം ബോധവാന്മാരാകുകയും പ്രതിജ്ഞാബദ്ധരാകുകയും വേണ്ടത്. സ്വാശ്രയത്വം എന്നത് കയറ്റുമതി, ഇറക്കുമതി, രൂപ, ഡോളർ എന്നിവ മാത്രമല്ല. അത് നമ്മുടെ കഴിവുകളെക്കുറിച്ചും സ്വന്തമായി നിൽക്കാനുള്ള നമ്മുടെ ശക്തിയെക്കുറിച്ചുമാണ്".
ഇന്ത്യയിൽ നിന്ന് ജെറ്റ് എഞ്ചിനുകൾ വികസിപ്പിക്കാൻ മുന്നോട്ടുവരാൻ ഇന്ത്യയിലെ നവീനാശയക്കാരോടും യുവാക്കളോടും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. പൂർണ്ണമായും രാജ്യത്ത് വളർത്തിയെടുത്തതും സ്വയംപര്യാപ്തവുമായ ഭാവി പ്രതിരോധ സാങ്കേതികവിദ്യയുടെ പ്രാധാന്യം പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു. “കോവിഡ് കാലത്ത് നമ്മൾ വാക്സിനുകളും ഡിജിറ്റൽ പേയ്‌മെന്റുകൾക്കായി യുപിഐയും നിർമ്മിച്ചതുപോലെ, നമ്മൾ സ്വന്തമായി ജെറ്റ് എഞ്ചിനുകൾ നിർമ്മിക്കണം. നമ്മുടെ ശാസ്ത്രജ്ഞരും യുവാക്കളും ഇത് ഒരു വെല്ലുവിളിയായി നേരിട്ട് ഏറ്റെടുക്കണം” -അദ്ദേഹം പറഞ്ഞു.
ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയുടെ ശ്രദ്ധേയമായ നേട്ടങ്ങളെ പ്രകീർത്തിച്ചുകൊണ്ട്, ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയത്തിനായുള്ള പദ്ധതികൾ പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു. ഇത് തദ്ദേശീയ ബഹിരാകാശ ശേഷികളുടെ ഒരു പുതിയ യുഗത്തിന് സൂചന നൽകുന്നു. ഉപഗ്രഹങ്ങൾ, പര്യവേക്ഷണം, അത്യാധുനിക ബഹിരാകാശ സാങ്കേതികവിദ്യകൾ എന്നിവയിൽ 300-ലധികം സ്റ്റാർട്ടപ്പുകൾ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് എടുത്തു പറഞ്ഞ അദ്ദേഹം ബഹിരാകാശ ശാസ്ത്രത്തിലും പര്യവേഷണത്തിലും ഇന്ത്യ പങ്കെടുക്കുക മാത്രമല്ല, ആഗോളതലത്തിൽ മുന്നിലാണെന്ന് ഉറപ്പാക്കുന്നുണ്ടെന്നും പറഞ്ഞു.
പ്രധാനമന്ത്രിയുടെ പ്രസംഗത്തെ "മികച്ചതും പ്രചോദനാത്മവും" എന്ന് രക്ഷാ മന്ത്രി രാജ്‌നാഥ് സിംഗ് സമൂഹ മാധ്യമമായ എക്‌സിൽ കുറിച്ചു. പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ ഇന്ത്യയുടെ പുരോഗതിയുടെയും ദേശീയ സുരക്ഷയുടെയും ഒരു റോഡ് മാപ്പാണ് അവതരിപ്പിച്ചതെന്നും രാജ്യം കൈവരിച്ച നാഴികക്കല്ലുകളും മുന്നിലുള്ള സാധ്യതകളും അവയിൽ ഉൾച്ചേർന്നിട്ടുണ്ടെന്നും രക്ഷാ മന്ത്രി പറഞ്ഞു.
****************
(Release ID: 2156951)