രാജ്യരക്ഷാ മന്ത്രാലയം
ലോകം അസന്തുലിതമായ യുദ്ധങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന ഈ കാലത്ത്, സന്തുലിത സൈനിക പ്രതികരണമായിരുന്നു ഓപ്പറേഷൻ സിന്ദൂറെന്ന് രക്ഷാമന്ത്രി
79-ാം സ്വാതന്ത്ര്യദിനത്തിന്റെ പൂർവ്വ സായാഹ്നത്തിൽ 'സൈനികർക്കുള്ള സന്ദേശം' രക്ഷാമന്ത്രി കൈമാറി
Posted On:
14 AUG 2025 5:33PM by PIB Thiruvananthpuram
അസന്തുലിതമായ യുദ്ധക്രമങ്ങൾക്ക് ലോകം സാക്ഷ്യം വഹിക്കുന്ന വേളയിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യൻ സായുധ സേന നടത്തിയ ഓപ്പറേഷൻ സിന്ദൂർ ഒരു സന്തുലിത സൈനിക പ്രതികരണമായി മാറിയതായി രക്ഷാ മന്ത്രി ശ്രീ രാജ് നാഥ് സിംഗ്. 2025 ഓഗസ്റ്റ് 14-ന് 79-ാം സ്വാതന്ത്ര്യദിനത്തിന്റെ പൂർവ സായാഹ്നത്തിൽ ആകാശവാണിയിലൂടെ 'സൈനികർക്കുള്ള സന്ദേശം' അദ്ദേഹം കൈമാറി. കൃത്യവും വിജയകരവുമായ സൈനിക തന്ത്രത്തിന്റെയും നവീന കാഴ്ചപ്പാടിന്റെയും സാങ്കേതിക പുരോഗതിയുടെയും സ്വാശ്രയത്വത്തിന്റെയും നേർക്കാഴ്ചയായിട്ടാണ് അദ്ദേഹം ഓപ്പറേഷൻ സിന്ദൂറിലെ ഇന്ത്യയുടെ പ്രവർത്തനങ്ങളെ വിശേഷിപ്പിച്ചത്.
ഡ്രോൺ ആക്രമണങ്ങൾ, പലതലത്തിലുള്ള വ്യോമ പ്രതിരോധം, ഇലക്ട്രോണിക് & നെറ്റ്‌വർക്ക് കേന്ദ്രീകൃത യുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയ അത്യാധുനിക രീതികൾ ഇന്ത്യ വിജയകരമായി ഉപയോഗിച്ചതായും, ഇന്ത്യയ്ക്ക് ഇനി വിദേശ സാങ്കേതികവിദ്യയെ ആശ്രയിക്കേണ്ടതില്ലെന്ന് തെളിയിച്ചതായും ശ്രീ രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ സൈനിക ശക്തിയുടെ തെളിവ് മാത്രമല്ല, പ്രതിരോധ മേഖലയിൽ രാജ്യത്തിന്റെ അതിവേഗം വളരുന്ന സ്വാശ്രയത്വത്തിന്റെയും തദ്ദേശീയ സാങ്കേതികവിദ്യയോടുള്ള ഗവൺമെന്റിന്റെ പ്രതിജ്ഞാബദ്ധതയുടെയും പ്രതീകമാണെന്ന് പ്രധാനമന്ത്രി മോദിയെ ഉദ്ധരിച്ച്, അദ്ദേഹം പറഞ്ഞു. ഈ പ്രവർത്തനം ഇന്ത്യയുടെ സൈനിക സ്വയം പര്യാപ്തതയെ കൂടുതൽ ഉയരങ്ങളിൽ എത്തിച്ചതായി അദ്ദേഹം എടുത്തുപറഞ്ഞു.
ഇന്ത്യ പരമ്പരാഗത രീതികളാൽ ബന്ധിതമല്ലെന്നും, മറിച്ച് ആധുനിക സാങ്കേതികവിദ്യ, കൃത്യമായ ഇന്റലിജൻസ് സംവിധാനങ്ങൾ, സമർത്ഥമായ സൈനിക തന്ത്രങ്ങൾ എന്നിവ ഉപയോഗിക്കുന്ന പുതിയ യുദ്ധ രീതിയുടെ പ്രതീകമാണെന്നും ശ്രീ രാജ്‌നാഥ് സിംഗ് ഇന്ത്യയുടെ പ്രതികരണത്തെ വിശേഷിപ്പിച്ചു. “നാം സഹിഷ്ണുതയുള്ളവരാണെന്ന വ്യക്തമായ സന്ദേശമായിരുന്നു ഇത്. എന്നാൽ നമ്മുടെ പൗരന്മാരുടെ സുരക്ഷയുടെയും നമ്മുടെ രാജ്യത്തിന്റെ അന്തസ്സിന്റെയും കാര്യത്തിൽ, നാം ഒന്നിച്ചു എല്ലാ വെല്ലുവിളികളെയും ധൈര്യത്തോടെ നേരിടുന്നു. ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ പുതിയ നയത്തിന്റെ ഭാഗമാണ്. ഭീകരവാദത്തിന്റെ വേരുകൾ എത്ര ആഴത്തിലാണെങ്കിലും അതിന്റെ പൂർണ്ണ ഉന്മൂലനം ഉറപ്പാക്കുമെന്ന വ്യക്തമായ സന്ദേശം. ഭീകരവാദത്തിന്റെ സമ്പൂർണ്ണ ഉന്മൂലനം എന്ന ലക്ഷ്യം കൈവരിക്കുന്നതുവരെ ഈ പ്രവർത്തനം തുടരും. ”അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദശകത്തിൽ പ്രതിരോധ മേഖലയിൽ പ്രകടമായ പരിവർത്തനങ്ങളെ എടുത്തുപറഞ്ഞ രക്ഷാ മന്ത്രി ശക്തമായ ഒരു സാമ്പത്തിക ഘടനയുടെ ആദ്യ വ്യവസ്ഥയായി ആത്മനിർഭരതയെ വിശേഷിപ്പിച്ചു. ഇന്ന്, ഇന്ത്യ സ്വന്തം മണ്ണിൽ പ്രതിരോധ ഉത്പന്നങ്ങളുടെ 65 ശതമാനം നിർമ്മിക്കുന്നുണ്ടെന്നും, സുരക്ഷാ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രതിരോധ ഉപകരണങ്ങളുടെ 65-70 ശതമാനം ഇറക്കുമതി ചെയ്തിരുന്ന കാലവുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇന്ന് 35 ശതമാനം മാത്രമേ ഇറക്കുമതി ചെയ്യുന്നുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിരോധ ബജറ്റിലെ തുടർച്ചയായ വർദ്ധനയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഇത് 2013-14 സാമ്പത്തിക വർഷത്തിൽ 2.53 ലക്ഷം കോടി രൂപയായിരുന്നത് 2025-26 സാമ്പത്തിക വർഷത്തിൽ 6.81 ലക്ഷം കോടി രൂപയായി ഉയർന്നിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
2014-15 സാമ്പത്തിക വർഷത്തിൽ ഏകദേശം 46,000 കോടി രൂപയുടെ വാർഷിക പ്രതിരോധ ഉൽപ്പാദനമായിരുന്നു നടന്നത്. ഇതിപ്പോൾ 1.51 ലക്ഷം കോടി രൂപ എന്ന റെക്കോർഡ് നേട്ടം കൈവരിച്ചു. ഏകദേശം 1,900 കോടി രൂപയായിരുന്ന പ്രതിരോധ കയറ്റുമതി 23,622 കോടി രൂപയായി ഉയർന്നതായും അദ്ദേഹം പറഞ്ഞു. “2029 ആകുമ്പോഴേക്കും മൂന്ന് ലക്ഷം കോടി രൂപയുടെ പ്രതിരോധ ഉൽപ്പാദന ലക്ഷ്യവും 50,000 കോടി രൂപയുടെ പ്രതിരോധ കയറ്റുമതി ലക്ഷ്യവും ഞങ്ങൾ നിശ്ചയിച്ചിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.
യുദ്ധസമയത്ത് രാജ്യത്തെ സംരക്ഷിച്ചതിന് സായുധ സേനയെ ശ്രീ രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു. പ്രകൃതിദുരന്തങ്ങളിൽ ധൈര്യം, അച്ചടക്കം, സന്നദ്ധത എന്നിവ പ്രകടിപ്പിച്ചുകൊണ്ട് ദുരിതാശ്വാസ, രക്ഷാ ദൗത്യങ്ങളിൽ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്നതിന് സേനയെ അദ്ദേഹം പ്രകീർത്തിച്ചു. "അസമിലെ വെള്ളപ്പൊക്കമായാലും, തീരപ്രദേശങ്ങളിലെ ചുഴലിക്കാറ്റായാലും, ഉത്തരകാശിയിൽ അടുത്തിടെ ഉണ്ടായ ദുരന്തമായാലും, ജനങ്ങളുടെ സുരക്ഷ പരമപ്രധാനമാണെന്ന് നമ്മുടെ സേനകൾ ആവർത്തിച്ചു തെളിയിച്ചിട്ടുണ്ട്. ഇറാൻ-ഇസ്രായേൽ സംഘർഷത്തിനിടെ, ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി, വളരെ അപകടകരമായ സാഹചര്യങ്ങളിൽ നിന്ന് നൂറുകണക്കിന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിച്ച് രാജ്യത്ത് തിരികെ എത്തിക്കുന്നതിൽ അവരുടെ ധൈര്യവും വേഗത്തിൽ തീരുമാനമെടുക്കാനുള്ള കഴിവും പ്രകടമായിരുന്നു," അദ്ദേഹം പറഞ്ഞു.
79-ാമത് സ്വാതന്ത്ര്യദിനത്തിൽ രക്ഷാ മന്ത്രി ആശംസകൾ നേർന്നു. രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിനായി ദുർഘടമായ സാഹചര്യങ്ങളിൽ 24 മണിക്കൂറും അതിർത്തികൾ സംരക്ഷിക്കുന്നതിനായി ജീവൻ സമർപ്പിച്ചിരിക്കുന്ന ധീരരും പ്രതിജ്ഞാബദ്ധരുമായ സൈനികർക്കും, മാതൃരാജ്യത്തിനോടുള്ള സേവനത്തിൽ തങ്ങളുടെതായ പങ്ക് വഹിക്കുന്ന സൈനികരുടെ കുടുംബങ്ങൾക്കുമുള്ള കൃതജ്ഞത രക്ഷാ മന്ത്രി അറിയിച്ചു . “1947 ഓഗസ്റ്റ് 15 ന് ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടി. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി, ഷഹീദ് ഭഗത് സിംഗ്, നേതാജി സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളും വിപ്ലവകാരികളും ഉൾപ്പെടെയുള്ള അനവധി ദേശസ്നേഹികളുടെ ധൈര്യത്തിന്റെയും ത്യാഗത്തിന്റെയും ഫലമാണ് സ്വാതന്ത്ര്യം. ഈ സ്വാതന്ത്ര്യം നിലനിർത്താൻ, നിങ്ങൾ അതിന് സമാനമായ ആവേശത്തോടെയും പ്രചോദനത്തോടെയും രാജ്യത്തെ സേവിക്കുന്നു. ഇതിനായി, രാഷ്ട്രം എപ്പോഴും നിങ്ങളോട് കടപ്പെട്ടിരിക്കും,” അദ്ദേഹം സൈനികരോട് പറഞ്ഞു.
രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ജീവിതം സമർപ്പിച്ച സായുധ സേനയിലെ മുൻ സൈനികർക്ക് ശ്രീ രാജ്‌നാഥ് സിംഗ് ആശംസകൾ നേർന്നു. ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി ഉൾപ്പെടെ വിരമിച്ച സൈനികരുടെ ക്ഷേമത്തിനായി സ്വീകരിച്ച നടപടികൾ പരാമർശിച്ച അദ്ദേഹം വിമുക്തഭടന്മാരുടെ ക്ഷേമം ഉറപ്പാക്കുക എന്നത് ഗവൺമെന്റിന്റെ കടമയാണെന്ന് പറഞ്ഞു. “ പെൻഷൻ, ആരോഗ്യം, പുനരധിവാസം തുടങ്ങി എന്ത് തന്നെയായാലും, നമ്മുടെ വിമുക്ത സൈനികർക്ക് ഒരു ബുദ്ധിമുട്ടും നേരിടേണ്ടി വരരുത് എന്നതിനാണ് ഞങ്ങൾ നിരന്തരം ശ്രമിക്കുന്നത്" എന്ന് അദ്ദേഹം പറഞ്ഞു.
അതിർത്തി അടിസ്ഥാന സൗകര്യ വികസനത്തെക്കുറിച്ച് വിശദീകരിക്കവേ, കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്റെ 125 പദ്ധതികൾ ഉദ്ഘാടനം ചെയ്തതായി അദ്ദേഹം പറഞ്ഞു. ഇത് പ്രവർത്തനങ്ങൾക്കുള്ള ശേഷി, വിദൂര പ്രദേശങ്ങളിലെ കണക്റ്റിവിറ്റി, സമഗ്ര വികസനം എന്നിവ വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് രക്ഷാ മന്ത്രി പറഞ്ഞു. “അതിർത്തികളുടെ സുരക്ഷ ഇപ്പോൾ തോക്കുകളും ടാങ്കുകളും മാത്രമല്ല, റോഡുകളും തുരങ്കങ്ങളും വഴി ഉറപ്പാക്കുന്നു. ബിആർഒയുടെ പ്രധാന പദ്ധതികളിൽ ഒന്നാണ് ലഡാക്കിൽ 15,800 അടി ഉയരത്തിൽ നിർമ്മിക്കുന്ന ഷിൻകൻ ലാ തുരങ്കം. ഇത് പൂർത്തിയാകുമ്പോൾ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തുരങ്കമാകും. ഇത് സൈനികരുടെ നീക്കം സുഗമമാക്കുക മാത്രമല്ല, ലഡാക്കിന്റെ സാമൂഹികവും സാമ്പത്തികവുമായ വികസനത്തിന് വഴിയൊരുക്കുകയും ചെയ്യും,” അദ്ദേഹം പറഞ്ഞു.
സായുധ സേനയിൽ സ്ത്രീകളുടെ വർദ്ധിച്ചുവരുന്ന പങ്കിനെക്കുറിച്ച് ശ്രീ രാജ്‌നാഥ് സിംഗ് പരാമർശിച്ചു. നാരി ശക്തി ഇപ്പോൾ സാമൂഹിക മാറ്റത്തിന്റെ പ്രതീകം മാത്രമല്ല, മറിച്ച് ഭൂമി, ജലം, ആകാശം എന്നിങ്ങനെ എല്ലാ മേഖലകളിലും നേതൃത്വം നൽകിക്കൊണ്ട് ഇന്ത്യയുടെ ഭാവിക്ക് പുതിയ ദിശാബോധം നൽകുകയും ചെയ്യുന്നു. “ആദ്യമായി, ഖഡക് വസ്ലയിലെ എൻഡിഎയിൽ നിന്ന് 17 വനിതാ കേഡറ്റുകൾ വിജയകരമായി കോഴ്സ് പൂർത്തിയാക്കി. ഇത് രാജ്യത്തിന് ഒരു ചരിത്ര നിമിഷമായിരുന്നു. ഇന്ത്യൻ നാവികസേനയിലെ രണ്ട് ധീര വനിതാ ഓഫീസർമാരായ ലെഫ്റ്റനന്റ് കമാൻഡർ ദിൽന കെ, ലെഫ്റ്റനന്റ് കമാൻഡർ രൂപ എന്നിവർ നാവിക സാഗർ പരിക്രമ-II ന് കീഴിൽ 25,600 നോട്ടിക്കൽ മൈൽ ദൂരം ദുഷ്‌കരമായ സമുദ്ര പര്യവേക്ഷണം പൂർത്തിയാക്കി രാജ്യത്തിന് അഭിമാനം പകർന്നു. നമ്മുടെ നാവിക സേനയുടെ ശക്തിയുടെ തെളിവായിരുന്നു അത്. 1,800 നോട്ടിക്കൽ മൈൽ അന്താരാഷ്ട്ര സമുദ്ര പര്യവേക്ഷണം പൂർത്തിയാക്കിയ ശേഷം മൂന്ന് സേനകളിലും നിന്നുള്ള അംഗങ്ങൾ ഉൾപ്പെട്ട വനിതാ സെയിലിംഗ് സംഘം സീഷെൽസിൽ നിന്ന് വിജയകരമായി തിരിച്ചെത്തി ചരിത്രം സൃഷ്ടിച്ചു. ഇന്ത്യൻ സായുധ സേനയിലെ സ്ത്രീകൾ ഏറ്റെടുത്ത പ്രഥമ അന്താരാഷ്ട്ര സമുദ്ര പര്യവേക്ഷണ യാത്രയായിരുന്നു ഇത്. ഒരു വെല്ലുവിളിയും നമ്മുടെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം അസാധ്യമല്ല. രാജ്യത്തെ സംരക്ഷിക്കുന്നതിലും ആദരിക്കുന്നതിലും അവർ എപ്പോഴും മുൻപന്തിയിലായിരിക്കും, ”അദ്ദേഹം പറഞ്ഞു.
സ്റ്റാർട്ടപ്പുകൾ മുതൽ തന്ത്രപരമായ മേഖലകൾ വരെ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ യുവാക്കൾ വഹിക്കുന്ന നിർണായക പങ്കിനെക്കുറിച്ചും രക്ഷാ മന്ത്രി പരാമർശിച്ചു. ഡിജിറ്റൽ ഇന്ത്യ, മെയ്ക്ക്-ഇൻ-ഇന്ത്യ, സ്‌കിൽ ഇന്ത്യ എന്നിവ ഇനി കേവലം പദ്ധതികളല്ല - അവ യുവ ഇന്ത്യയുടെ അഭിലാഷങ്ങളുടെ പ്രതിഫലനമാണെന്ന് അദ്ദേഹം പറഞ്ഞു. 'വസുധൈവ കുടുംബകം' എന്ന മനോഭാവത്തോടെ ഇന്ത്യ സ്വന്തം ആവശ്യങ്ങൾക്ക് മാത്രമല്ല, ലോകത്തിനാകെയും പരിഹാരങ്ങൾ നൽകുന്നുണ്ടെന്നതിൽ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. കാഴ്ചക്കാരായി അല്ല, കടമയുള്ള പൗരന്മാരായി പുതിയ ഇന്ത്യയുടെ സൃഷ്ടിയിൽ പങ്കാളികളാകാൻ അദ്ദേഹം പൗരന്മാരോട് അഭ്യർത്ഥിച്ചു.
*****************
(Release ID: 2156640)