ആണവോര്‍ജ്ജ വകുപ്പ്
100 ജിഗാവാട്ട് ശേഷിയുള്ള ആണവോർജ്ജ ദൗത്യത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഊർജ്ജവകുപ്പ് മന്ത്രി ശ്രീ. മനോഹർ ലാൽ ഖട്ടർ, ആണവോർജ്ജ സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് എന്നിവർ സംയുക്തമായി ഉന്നതതല യോഗം വിളിച്ചുചേർത്തു
Posted On:
08 AUG 2025 4:17PM by PIB Thiruvananthpuram
100 ജിഗാവാട്ട് ശേഷിയുള്ള ആണവോർജ്ജ ദൗത്യത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഊർജ്ജവകുപ്പ് മന്ത്രി ശ്രീ. മനോഹർ ലാൽ ഖട്ടർ, ആണവോർജ്ജവകുപ്പ് സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് എന്നിവർ സംയുക്തമായി ഇന്ന് ന്യൂഡൽഹിയിലെ പാർലമെന്റ് മന്ദിരത്തിൽ ഒരു ഉന്നതതല യോഗം വിളിച്ചുചേർത്തു.
ഇന്ത്യയുടെ ശുദ്ധ ഊർജ്ജ മേഖല വികസിപ്പിക്കുകയും നെറ്റ് സീറോ കാർബൺ ഉദ്വമനം കൈവരിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധത വീണ്ടും സ്ഥിരീകരിക്കുകയും ചെയ്യുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യത്തിന്റെ തുടർച്ചയായാണ് യോഗം സംഘടിപ്പിച്ചത്.
നിലവിൽ പുരോഗമിക്കുന്നതും ഉടൻ പ്രാവർത്തികമാവുന്നതുമായ വിവിധ പദ്ധതികളിൽ നിന്ന് 14 ജിഗാവാട്ട് ഊർജ്ജ ശേഷി കൂടി ഉൾപ്പെടുത്തി, 2032 ആകുമ്പോഴേക്കും ഇന്ത്യയുടെ ആണവോർജ്ജ ശേഷി നിലവിലുള്ള 8.8 ജിഗാവാട്ടിൽ നിന്ന് 22 ജിഗാവാട്ടായി ഉയർത്തുന്നതിനുള്ള കർമ്മപദ്ധതിയെക്കുറിച്ച് യോഗം സമഗ്രമായ അവലോകനം നടത്തി.
രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുന്നതിൽ ആണവോർജ്ജ മേഖലയുടെ നിർണായക പങ്ക് ഊന്നിപ്പറഞ്ഞ കേന്ദ്ര ശാസ്ത്ര സാങ്കേതിക വിദ്യ, പ്രധാനമന്ത്രിയുടെ ഓഫീസ്, പൊതുജന പരാതികൾ, പെൻഷൻ, ആണവോർജ്ജം, ബഹിരാകാശ വകുപ്പ് സഹമന്ത്രി (സ്വതന്ത്ര ചുമതല) ഡോ. ജിതേന്ദ്ര സിംഗ് ആണവോർജ്ജരംഗം സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തിനായി തുറന്നുകൊടുക്കുന്നതിനായി ഗവൺമെന്റ് സ്വീകരിച്ച പ്രധാന സംരംഭത്തെക്കുറിച്ചും എടുത്തുപറഞ്ഞു. ഭാരത് സ്മോൾ മോഡുലാർ റിയാക്ടർ (എസ്എംആർ) പദ്ധതിയോട് വ്യവസായ മേഖലയിൽ നിന്നുള്ള ശക്തവും ഊർജ്ജസ്വലവുമായ പ്രതികരണത്തെ തുടർന്ന് പങ്കാളിത്തം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രൊപ്പോസൽ (ആർഎഫ്‌പി) സമർപ്പിക്കാനുള്ള സമയപരിധി 2025 സെപ്റ്റംബർ 30 വരെ നീട്ടിയാതായി അദ്ദേഹം അറിയിച്ചു. ഏപ്രിലിൽ നടന്ന നാലാമത് കൺസൾട്ടേറ്റീവ് കമ്മിറ്റി യോഗത്തിന്റെ തീരുമാനങ്ങൾ അന്തിമമാക്കുന്ന നടപടി, അവ സമയബന്ധിതമായി നടപ്പിലാക്കുന്നതിനായി വേഗത്തിൽ പൂർത്തിയാക്കി.
നിയന്ത്രണവുമായി ബന്ധപ്പെട്ട ക്ലിയറൻസുകൾ കാര്യക്ഷമമാക്കുക, ഡോക്യുമെന്റേഷന് മാനദണ്ഡങ്ങൾ സൃഷ്ടിക്കുക , നിർവഹണ നടപടികൾക്കുള്ള സമയക്രമം പരമാവധി പ്രയോജനപ്പെടുത്തുക , പൊതുവായ നിർദ്ദേശങ്ങൾക്ക് പ്രാധാന്യം നൽകുക, ലൈസൻസുകൾ സമന്വയിപ്പിക്കുക, സാങ്കേതിക പരിഷ്കരണത്തിലും ശേഷി വികസനത്തിലും നിക്ഷേപിക്കുക എന്നിവയുൾപ്പെടെ പദ്ധതിയുടെ പുരോഗതി ത്വരിതപ്പെടുത്തുന്നതിനുള്ള നിരവധി പ്രധാന നിർദ്ദേശങ്ങൾ ഊർജ്ജ വകുപ്പ് മന്ത്രി ശ്രീ. മനോഹർ ലാൽ ഖട്ടറും ഡോ. ജിതേന്ദ്ര സിംഗും വിശദീകരിച്ചു.
സ്വകാര്യ കമ്പനികളെകൂടി ഭാഗമാക്കിക്കൊണ്ട് ആണവോർജ്ജ പദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള ഗവൺമെന്റിന്റെ പ്രതിജ്ഞാബദ്ധത ഡോ. ജിതേന്ദ്ര സിംഗ് പ്രത്യേകം പരാമർശിച്ചു. ആണവ മേഖലയെ സ്വകാര്യ പങ്കാളിത്തത്തിനായി തുറന്നുകൊടുത്തതിൽ പല സ്വകാര്യ കമ്പനികളും അത്ഭുതവും സന്തോഷവും രേഖപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. സമയക്രമങ്ങൾ പാലിക്കേണ്ടതിന്റെയും നിർദിഷ്ട കർമ്മരൂപരേഖ അനുസരിച്ച് പദ്ധതികൾ വേഗത്തിലാക്കേണ്ടതിന്റെയും പ്രാധാന്യം ഊർജ്ജ മന്ത്രി ആവർത്തിച്ചു.



**************
(Release ID: 2154378)