ഷിപ്പിങ് മന്ത്രാലയം
സമുദ്രസംബന്ധമായ രണ്ട് സുപ്രധാന ബില്ലുകൾ ഒരേദിവസം പാർലമെന്റ് പാസാക്കി, ഷിപ്പിംഗ് മന്ത്രാലയത്തിന്റെ ചരിത്രത്തിൽ ഇത് ആദ്യം
“ഇന്ത്യയിലെ ഷിപ്പിംഗ് മേഖലയുടെ ആധുനികവത്ക്കരണത്തിനായുള്ള മോദി സർക്കാരിന്റെ ഉദ്യമങ്ങൾക്ക് പാർലമെന്റിന്റെ ഇരട്ട അംഗീകാരം:” ശ്രീ സർബാനന്ദ സോനോവാൾ
ആധുനിക, അന്തർദേശീയ നയങ്ങൾക്ക് അനുപൂരകമായ ‘മർച്ചന്റ് ഷിപ്പിംഗ് ബിൽ, 2025’ ലോക്സഭ പാസാക്കിയതോടെ ഇന്ത്യയുടെ സമുദ്രസംബന്ധമായ നിയമ ചട്ടക്കൂടുകൾക്ക് ആധുനികത കൈവന്നു
ഇന്ത്യയുടെ ഷിപ്പിംഗ് മേഖലയുടെ സുഗമമായ പ്രവർത്തനത്തിനും ഭാവി ശോഭനമാക്കുന്നതിനുമായി ‘കാരിയേജ് ഓഫ് ഗുഡ്സ് ബൈ സീ ബിൽ, 2025’ രാജ്യസഭ പാസാക്കി.
Posted On:
06 AUG 2025 9:19PM by PIB Thiruvananthpuram
ചരിത്രപരമായ ഒരു സംഭവവികാസമെന്ന നിലയിൽ, സമുദ്രസംബന്ധമായ രണ്ട് സുപ്രധാന ബില്ലുകൾ ഒരേദിവസം പാർലമെന്റ് പാസാക്കി, ഷിപ്പിംഗ് മന്ത്രാലയത്തിന്റെ (MoPSW) ചരിത്രത്തിൽ ആദ്യമായാണിത് - ഇന്ത്യയിൽ ആധുനികവും കാര്യക്ഷമവും ആഗോളപ്രസക്തവുമായ ഒരു സമുദ്ര നയ ചട്ടക്കൂടിന് ഇതോടെ വഴിയൊരുങ്ങി. ആധുനികവും അന്തർദേശീയ അനുവർത്തനവും എന്ന സമീപനത്തിലൂടെയും സമുദ്രസംബന്ധമായ കാര്യങ്ങളിലെ നിയന്ത്രണം കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള 'മർച്ചന്റ് ഷിപ്പിംഗ് ബിൽ, 2025' ലോക്സഭ അംഗീകരിച്ചു. ഒപ്പം, നൂറ്റാണ്ടുകൾ പഴക്കമുള്ള കൊളോണിയൽ കാലഘട്ടത്തിലെ നിയമത്തിന് പകരം ബിസിനസ്സ് സുഗമമാക്കുന്നതിനും ഇന്ത്യയുടെ ഷിപ്പിംഗ് മേഖലയെ ഭാവി സജ്ജമാക്കുന്നതിനുമായി രൂപകൽപ്പന ചെയ്ത പുതുക്കിയ നിയമനിർമ്മാണമായ,കാരിയേജ് ഓഫ് ഗുഡ്സ് ബൈ സീ ബിൽ, 2025' രാജ്യസഭയും പാസാക്കി.
"മന്ത്രാലയത്തിലെ നമുക്കെല്ലാവർക്കും ഇന്ന് ഒരു ചരിത്ര ദിനമാണ്. രണ്ട് പ്രധാന നിയമനിർമ്മാണങ്ങൾ പാർലമെന്റ് പാസാക്കി - മർച്ചന്റ് ഷിപ്പിംഗ് ബിൽ, 2025 ഉം കാരിയേജ് ഓഫ് ഗുഡ്സ് ബൈ സീ ബിൽ, 2025 ഉം - ഇന്ത്യയുടെ സമുദ്ര മേഖലയെ നയപരമായും പ്രവർത്തനപരമായും ആധുനികവത്ക്കരിക്കാനുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിയുടെ ദർശനത്തെ അംഗീകരിച്ചു. ഇന്ന്, ബില്ലുകൾ പാസായതോടെ, ഇന്ത്യയിലെ ഷിപ്പിംഗ് ആധുനികവത്ക്കരണത്തിനായുള്ള മോദി സർക്കാരിന്റെ ഉദ്യമങ്ങൾക്ക് പാർലമെന്റിൽ നിന്ന് ഇരട്ട അംഗീകാരം ലഭിച്ചു."
1958 ലെ കാലഹരണപ്പെട്ട മർച്ചന്റ് ഷിപ്പിംഗ് നിയമത്തിന് പകരമായി കൊണ്ടുവന്ന പുരോഗമനപരവും ഭാവി സജ്ജവുമായ ഒരു നിയമനിർമ്മാണമാണ് മർച്ചന്റ് ഷിപ്പിംഗ് ബിൽ, 2025. ഇന്ത്യയുടെ സമുദ്ര നിയമ ചട്ടക്കൂടിനെ ആഗോള മാനദണ്ഡങ്ങൾക്ക് അനുപൂരകമാക്കുന്നതിനും വിശ്വസനീയമായ ഒരു സമുദ്ര വ്യാപാര കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ ബിൽ.
ലോക്‌സഭയിൽ മർച്ചന്റ് ഷിപ്പിംഗ് ബിൽ 2025 അവതരിപ്പിച്ചുകൊണ്ട് കേന്ദ്രമന്ത്രി ശ്രീ സർബാനന്ദ സോനോവാൾ പറഞ്ഞു, "ഇന്ത്യയെ സമുദ്ര വ്യാപാരത്തിലും സമുദ്ര ഭരണത്തിലും ആഗോള നേതൃത്വത്തിലേക്ക് ഉയർത്തുന്നതിനുള്ള നിർണായക ചുവടു വയ്പ്പിനെയാണ് ഈ ബിൽ പ്രതിനിധീകരിക്കുന്നത്. അന്താരാഷ്ട്ര സമുദ്ര കൺവെൻഷനുകൾക്കനുസൃതമായി ആധുനീകരിച്ചതും പ്രമുഖ രാജ്യങ്ങളുടെ മികച്ച സമുദ്ര രീതികളാൽ പരിപോഷിപ്പിക്കപ്പെട്ടതുമായ പുരോഗമനപരവുമായ നിയമനിർമ്മാണമാണിത്."
ഷിപ്പിംഗ്, സമുദ്ര മേഖലകളിൽ ശക്തമായ വളർച്ച സാധ്യമാക്കുക ലക്ഷ്യമിട്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 11 വർഷമായി നടപ്പിലാക്കിയ പ്രധാന നിയമ പരിഷ്‌ക്കാരങ്ങളുടെ പരമ്പരയുടെ ഭാഗമാണ് ഈ ബില്ലുകൾ. ഈ പരിഷ്‌ക്കാരങ്ങൾ കാര്യക്ഷമത, സുതാര്യത, ആഗോള മത്സരക്ഷമത എന്നിവ ഗണ്യമായി വർദ്ധിപ്പിക്കും. പരിഷ്‌ക്കരിച്ച ഒരു ചട്ടക്കൂടിന്റെ ആവശ്യകത ഉയർത്തിക്കാട്ടവേ, 561 വകുപ്പുകളുള്ളതും സങ്കീർണ്ണവും കാലഹരണപ്പെട്ടതുമായ 1958 ലെ മർച്ചന്റ് ഷിപ്പിംഗ് ആക്റ്റ് സമകാലിക സമുദ്ര വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിലും പ്രധാന അന്താരാഷ്ട്ര സമുദ്ര സംഘടന (IMO) കൺവെൻഷനുകൾക്ക് കീഴിലുള്ള ഇന്ത്യയുടെ ബാധ്യതകൾ പൂർണ്ണമായി നടപ്പിലാക്കുന്നതിലും പരാജയപ്പെട്ടുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
"16 ഭാഗങ്ങളും 325 ക്ലോസുകളുമുള്ള മർച്ചന്റ് ഷിപ്പിംഗ് ബിൽ, 2025, അന്താരാഷ്ട്ര കൺവെൻഷനുകളുമായി പൊരുത്തപ്പെടുത്തുന്നതിലൂടെയും, സമുദ്ര സുരക്ഷ വർദ്ധിപ്പിക്കുന്നതിലൂടെയും, അടിയന്തര പ്രതികരണം മെച്ചപ്പെടുത്തുന്നതിലൂടെയും, പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിലൂടെയും ഇന്ത്യയുടെ സമുദ്ര നിയമ ചട്ടക്കൂടിനെ ആധുനികവത്ക്കരിക്കുന്നു. ഇത് അനുവർത്തന ഭാരങ്ങൾ ലഘൂകരിക്കുന്നു, ഇന്ത്യൻ ചരക്ക് നീക്കം വർദ്ധിപ്പിക്കുന്നു, കൂടാതെ നാവികരുടെ ക്ഷേമത്തിനും കപ്പൽ സുരക്ഷയ്ക്കും മുൻഗണന നൽകുന്നു. ഇന്ത്യയെ ആഗോളതലത്തിൽ ആദരിക്കപ്പെടുന്ന ഒരു സമുദ്ര പരിധിയുള്ള രാജ്യമാക്കാനും ഈ മേഖലയിൽ സുസ്ഥിര വളർച്ച, നിക്ഷേപം, നൂതനാശയങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കാനും ബിൽ ലക്ഷ്യമിടുന്നു," ശ്രീ സർബാനന്ദ സോനോവാൾ പറഞ്ഞു.
ഒപ്പം, കാരിയേജ് ഓഫ് ഗുഡ്സ് ബൈ സീ ബിൽ 2025 രാജ്യസഭ പാസാക്കി. നൂറ്റാണ്ടുകൾ പഴക്കമുള്ള ഇന്ത്യൻ കാരിയേജ് ഓഫ് ഗുഡ്സ് ബൈ സീ ആക്ട്, 1925 ഇതോടെ റദ്ദാക്കപ്പെട്ടു. കൊളോണിയൽ കാലഘട്ടത്തിലെ കാലഹരണപ്പെട്ട നിയമങ്ങൾ ഇതോടെ ഇല്ലാതായി. ബിസിനസ്സ് സുഗമമാക്കുന്നതിനും ആഗോള തലത്തിലെ മികച്ച രീതികളുമായി സമന്വയിപ്പിച്ച് ഇന്ത്യയുടെ നിയമ ചട്ടക്കൂടിനെ നവീകരിക്കാനുള്ള സർക്കാരിന്റെ വിശാലമായ ഉദ്യമങ്ങളുടെ ഭാഗമാണ് പുതിയ നിയമനിർമ്മാണം.
ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട സമുദ്ര മാനദണ്ഡമായ Hague-Visby ചട്ടങ്ങൾ ഈ ബിൽ അംഗീകരിക്കുന്നു, യുണൈറ്റഡ് കിംഗ്ഡം പോലുള്ള രാജ്യങ്ങൾ ഇത് പിന്തുടരുന്നു. സങ്കീർണ്ണതയെ വ്യക്തത കൊണ്ട് മാറ്റിസ്ഥാപിക്കുന്നതിലൂടെ, നിയമനിർമ്മാണം സമുദ്ര വ്യാപാര നിയമങ്ങൾ ലളിതമാക്കുകയും, വ്യവഹാര, അപകടസാധ്യതകൾ കുറയ്ക്കുകയും, കടൽ വഴിയുള്ള ചരക്ക് നീക്കത്തിൽ സുതാര്യതയും വാണിജ്യ കാര്യക്ഷമതയും വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത സഹമന്ത്രി (MoPSW) ശ്രീ ശന്തനു താക്കൂർ രാജ്യസഭയിൽ ബിൽ അവതരിപ്പിച്ചു.
ഇന്ത്യയുടെ സമുദ്ര വ്യാപാര നിയമങ്ങൾ ഭാവി സജ്ജമാക്കുന്നതിലും യുകെയുമായുള്ള സമഗ്ര സാമ്പത്തിക, വ്യാപാര കരാർ (CETA) ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വ്യാപാര കരാറുകൾക്ക് അനുപൂരകമാക്കുന്നതിലും ഈ ബിൽ ഒരു പ്രധാന ചുവടുവയ്പ്പാണ്. ഈ വർഷം മാർച്ച് 28 ന് ലോക്സഭ ഈ ബിൽ പാസാക്കി. രാജ്യസഭാ ചർച്ചയ്ക്കിടെ, സമുദ്ര സുരക്ഷയും കള്ളക്കടത്തും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ അംഗങ്ങൾ ഉന്നയിച്ചു, നിയമപരമായതും പ്രവർത്തനപരവുമായ സുരക്ഷാ മാർഗങ്ങളിലൂടെ ഇത് പരിഹരിക്കപ്പെടുമെന്ന് സർക്കാർ ഉറപ്പുനൽകി. പാർലമെന്റിന്റെ ഇരുസഭകളിലും ബില്ലിന് വിപുലമായ പിന്തുണ ലഭിച്ചു.
(Release ID: 2153420)