ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
ഇന്ത്യയിലെ ലോജിസ്റ്റിക്സ്, ഗതാഗത മേഖലയിലെ പ്രൊഫഷണലുകൾക്ക് ഡിജിറ്റൽ നൈപുണ്യം ലഭ്യമാക്കാൻ ഗതി ശക്തി വിശ്വവിദ്യാലയവും എസ്എപിയും ധാരണാപത്രത്തിൽ ഒപ്പുവച്ചു.
എസ്എപിയുടെ പുതിയ കാമ്പസ്, ഇന്ത്യയുടെ പ്രതിഭയും നവീകരണവും ഉൾക്കൊള്ളുന്ന ആവാസവ്യവസ്ഥയുടെ ആഗോളതലത്തിലുള്ള ആത്മവിശ്വാസത്തിന്റെ പ്രതിഫലനം : കേന്ദ്രമന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്
Posted On:
05 AUG 2025 6:28PM by PIB Thiruvananthpuram
ഡിജിറ്റൽ ഇന്ത്യ, സ്‌കിൽ ഇന്ത്യ, സാങ്കേതിക മേഖലയിലെ സുസ്ഥിര അടിസ്ഥാന സൗകര്യങ്ങളുടെ പുരോഗതി എന്നിവയെക്കുറിച്ചുള്ള കേന്ദ്ര സർക്കാരിന്റെ കാഴ്ചപ്പാടിന് അനുസൃതമായി, കർണാടകയിലെ ബെംഗളൂരുവിലെ ദേവനഹള്ളിയിൽ എസ്എപി ലാബ്സ് ഇന്ത്യ, അതിന്റെ അത്യാധുനിക ഇന്നൊവേഷൻ പാർക്ക് ഉദ്ഘാടനം ചെയ്തു. ഈ സുപ്രധാന നാഴികക്കല്ല് ഇന്ത്യയുടെ ഡിജിറ്റൽ ഭാവിയിൽ എസ്എപിയുടെ തുടർച്ചയായ നിക്ഷേപത്തെ അടയാളപ്പെടുത്തുക മാത്രമല്ല, ആഗോള സാങ്കേതികവിദ്യയിലും നവീകരണത്തിലും രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
" ഇന്ത്യയുടെ വികസന ചരിത്രത്തിൽ ബെംഗളൂരുവിലെ എസ്എപി ലാബ്സ് ഇന്ത്യ ഇന്നൊവേഷൻ പാർക്ക് ഒരു സുപ്രധാന നിക്ഷേപമാണ് . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'വികസിത് ഭാരത് 2047 ' എന്ന കാഴ്ചപ്പാടിന് ഇത് അടിവരയിടുന്നു ," ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്ര ഇലക്ട്രോണിക്‌സ് & ഇൻഫർമേഷൻ ടെക്‌നോളജി-റെയിൽവേ-വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇന്ത്യയുടെ കഴിവുകളിലും നവീകരണ ആവാസവ്യവസ്ഥയിലും ആഗോളതലത്തിൽ ആത്മവിശ്വാസം പ്രതിഫലിപ്പിക്കുന്നതാണ് ഈ ക്യാമ്പസ് എന്നും വിശ്വസനീയ സാങ്കേതിക പങ്കാളി എന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ഇത് കൂടുതൽ ഉയരങ്ങളിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു .
ഭൗമ രാഷ്ട്രീയം, ഭൗമ സാമ്പത്തികം , ഭൗമ സാങ്കേതിക വിദ്യ എന്നീ മേഖലകളിലെ മാറ്റം വേഗത്തിലാണ്. പുരോഗതിയുടെ ഈ കാലഘട്ടത്തിൽ ഇന്ത്യയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലുള്ള സ്ഥിരതയും ദീർഘവീക്ഷണവുമുള്ള ഒരു നേതൃത്വമുള്ളത് അഭിമാനകരമാണ്. കഴിഞ്ഞ 11 വർഷമായി വെല്ലുവിളികളെ അതിജീവിച്ച് രാജ്യത്തെ പുരോഗതിയുടെ പുതിയ യുഗത്തിലേക്ക് നയിക്കുന്ന അദ്ദേഹത്തിന്റെ നേതൃപാടവത്തെ ആഗോളതലത്തിൽ അംഗീകരിച്ചുകഴിഞ്ഞുവെന്നും കേന്ദ്ര മന്ത്രി പറഞ്ഞു
"11 വർഷം മുമ്പ് ലോകസമ്പദ്‌വ്യവസ്ഥയിൽ 11-ാം സ്ഥാനത്തായിരുന്ന ഇന്ത്യ, ഇപ്പോൾ വളരെവേഗത്തിൽ ലോകത്തെ വലിയ മൂന്നാം സമ്പദ്‌വ്യവസ്ഥയാകാനുള്ള പാതയിലാണ്. കഴിഞ്ഞ 11 വർഷങ്ങളിൽ ഇലക്ട്രോണിക്‌സ് കയറ്റുമതി എട്ടിരട്ടിയായി വർദ്ധിച്ചു. ഉടൻതന്നെ നാം ആദ്യ ‘മെയ്ഡ് ഇൻ ഇന്ത്യ’ ചിപ്പ് നിർമ്മാണം ആരംഭിക്കും. ബുള്ളറ്റ് ട്രെയിന് 0 മുതൽ 100 കിലോമീറ്റർ വേഗത്തിലെത്താൻ 54 സെക്കൻഡ് എടുക്കുമ്പോൾ, വന്ദേ ഭാരതിന് അത് 52 സെക്കൻഡ് മാത്രം മതിയാകും." റെയിൽവേ മേഖലയിലെ സാങ്കേതിക പുരോഗതികളെക്കുറിച്ച് സംസാരിക്കവേ മന്ത്രി കൂട്ടിച്ചേർത്തു.
41.07 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന പുതിയ ഇന്നൊവേഷൻ പാർക്ക്, ആഗോളതലത്തിൽ എസ്എപിയുടെ ഏറ്റവും പുരോഗമനാത്മകവും സുസ്ഥിരവുമായ ഇടമായി മാറാൻ പോകുകയാണ് . പൂർണ്ണമായും പ്രവർത്തനക്ഷമമായാൽ, ഇത് തൊഴിൽവൈദഗ്ധ്യമുള്ള പതിനയ്യായിരം പേരെ വരെ ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിൽ ഇന്ത്യയിലെ എസ്എപിയുടെ ഏറ്റവും വലിയ ഓഫീസായി മാറും. ഉൽപ്പന്ന എഞ്ചിനീയറിംഗിലും ഉപഭോക്തൃ സേവന-വിതരണത്തിലും ആഗോള നിർമ്മിതബുദ്ധീ ചുമതലകൾക്ക് ആധാരമായും ഇത് മാറും.
എസ്എപി ലാബ്സ് ഇന്ത്യ ഇന്നൊവേഷൻ പാർക്കിൽ ഗതി ശക്തി വിശ്വവിദ്യാലയവുമായി ധാരണാപത്രം ഒപ്പുവച്ചു.
അക്കാദമിയുടെയും വ്യവസായത്തിന്റെയും ഏകീകരണത്തിലേക്കുള്ള ഒരു ചരിത്ര മുന്നേറ്റമായി, ഉദ്ഘാടന ചടങ്ങിനിടെ എസ്എപിയും ഗതിശക്തി വിശ്വവിദ്യാലയവും (GSV) ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഈ തന്ത്രപ്രധാനമായ സഖ്യം ഇന്ത്യയുടെ ലോജിസ്റ്റിക്സ്, ഗതാഗത മേഖലകളെ ഡിജിറ്റൽ നൈപുണ്യമുള്ള പ്രൊഫഷണലുകളാൽ ശക്തിപ്പെടുത്തുകയും സർക്കാരിന്റെ സ്കിൽ ഇന്ത്യ മിഷന് മഹത്തായ സംഭാവന നൽകുകയും ചെയ്യും.
ഈ ധാരണാപത്രം മൂന്ന് പ്രധാന സ്തംഭങ്ങളെ ആസ്പദമാക്കിയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
1 . വ്യവസായവുമായി ബന്ധപ്പെട്ട കഴിവുകൾ മുഖേന ഗതിശക്തി വിശ്വവിദ്യാലയത്തിൽ പരിശീലനം നേടുന്ന ബിരുദ-ബിരുദാനന്തര വിദ്യാർത്ഥികൾക്ക് തൊഴിൽസാധ്യതകൾ സൃഷ്ടിക്കൽ.
2 .വിദ്യാർത്ഥികൾക്കും സർക്കാർ പ്രൊഫഷണലുകൾക്കും വർത്തമാനകാലത്തിന്റെ ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിൽ പാഠ്യപദ്ധതി മെച്ചപ്പെടുത്തലും ശേഷിവികസിപ്പിക്കലും .
3. ഗവേഷണം, വികസനം, തൊഴിൽസാദ്ധ്യതകൾ എന്നിവയ്ക്കായി വ്യവസായ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ദേശീയ ലോജിസ്റ്റിക്സ് ശേഷി വർദ്ധിപ്പിക്കൽ.
നവീകരണം, സുസ്ഥിരത, വൈദഗ്ദ്ധ്യം എന്നിവയിൽ ആഴത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന എസ്.എ.പി. ലാബ്സ് ഇന്ത്യ ഇന്നൊവേഷൻ പാർക്ക് ഡിജിറ്റൽ ഇന്ത്യയുടെ നിരവധി നാഴികക്കല്ലുകളിൽ ഒന്നാണ്.
**********
(Release ID: 2152887)