വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

ടെലികോം/ICT മേഖലകൾക്കുള്ള സുരക്ഷാ പരിശോധനാ മൂല്യനിർണ്ണയ ഫീസ് 95% വരെ വെട്ടിക്കുറച്ചു; അനുവർത്തന പ്രക്രിയകൾ ലളിതമാക്കി.

Posted On: 04 AUG 2025 5:40PM by PIB Thiruvananthpuram
ബിസിനസ്സ് സുഗമമാക്കുന്നതിനും ടെലികോം/ICT മേഖലകളിലെ അനുവർത്തന പ്രക്രിയകൾ ലളിതമാക്കുന്നതിനുമുള്ള സുപ്രധാന ചുവടുവയ്‌പ്പെന്ന നിലയിൽ, ടെലികോം/ICT  ഉത്പന്നങ്ങൾക്കുള്ള സുരക്ഷാ പരിശോധനാ മൂല്യനിർണ്ണയ ഫീസിൽ 95% വരെ കുറവ് വരുത്തുമെന്ന് ടെലികമ്മ്യൂണിക്കേഷൻസ്  വകുപ്പ് (DoT) പ്രഖ്യാപിച്ചു. 2025 ഓഗസ്റ്റ് 01 മുതൽ പ്രാബല്യത്തിൽ വരുന്ന കമ്മ്യൂണിക്കേഷൻ സെക്യൂരിറ്റി സർട്ടിഫിക്കേഷൻ സ്കീം (ComSec) പ്രകാരമുള്ള ഈ പുതുക്കിയ ഫീസ് ഘടന, ആഭ്യന്തര നിർമ്മാതാക്കൾക്ക്, പ്രത്യേകിച്ച് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് സുരക്ഷാ സർട്ടിഫിക്കേഷൻ പ്രക്രിയ കൂടുതൽ താങ്ങാനാവുന്നതാക്കി മാറ്റാൻ ലക്ഷ്യമിടുന്നു.

ഉപകരണ വിഭാഗത്തിൽ മുമ്പ് ₹2,00,000 മുതൽ ₹3,50,000 വരെയായിരുന്ന സുരക്ഷാ പരിശോധനാ മൂല്യനിർണ്ണയ ഫീസ്, ഇപ്പോൾ ഗണ്യമായി കുറച്ചിട്ടുണ്ട്. പരിഷ്ക്കരിച്ച ഘടന പ്രകാരം, ഗ്രൂപ്പ് എ ഉപകരണങ്ങളുടെ ഫീസ് ₹200,000 ൽ നിന്ന് ₹10,000 ആയും, ഗ്രൂപ്പ് ബി ₹200,000 ൽ നിന്ന് ₹20,000 ആയും, ഗ്രൂപ്പ് സി ₹250,000 ൽ നിന്ന് ₹30,000 ആയും, ഗ്രൂപ്പ് ഡി ₹350,000 ൽ നിന്ന് ₹50,000 ആയും കുറയും. ഇത് ആഭ്യന്തര നിർമ്മാതാക്കൾ ഉൾപ്പെടെയുള്ള ടെലികോം/ICT  ഉത്പന്ന നിർമ്മാതാക്കളുടെ സാമ്പത്തിക ക്ലേശം കുറയ്ക്കും.

പൊതുമേഖലാ ഗവേഷണത്തിൽ നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിപുലമായ ഉദ്യമങ്ങളുടെ ഭാഗമായി, CDOT, CDAC പോലുള്ള സർക്കാർ ഗവേഷണ വികസന സ്ഥാപനങ്ങൾ 2028 മാർച്ച് 31 വരെ ഉത്പന്ന സർട്ടിഫിക്കേഷനായി സമർപ്പിക്കുന്ന അപേക്ഷകൾക്കുള്ള സുരക്ഷാ പരിശോധനാ മൂല്യനിർണ്ണയ ഫീസുകൾ  പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.

ഹൈലി സ്പെഷ്യലൈസ്ഡ് ഉപകരണങ്ങൾ (HSE), വിൽപ്പന അവസാനിപ്പിച്ച/കാലാവധി കഴിഞ്ഞ ടെലികോം ഉത്പന്നങ്ങൾക്കായുള്ള സുരക്ഷാ പരിശോധനയും അനുവർത്തന പ്രക്രിയയും DoT ലളിതമാക്കിയിട്ടുണ്ട്.

നിലവിൽ, ഐപി റൂട്ടറുകൾ, വൈ-ഫൈ സിപിഇകൾ, 5ജി കോർ എസ്എംഎഫ് തുടങ്ങിയ ഉത്പന്നങ്ങൾ നിർബന്ധിത സുരക്ഷാ പരിശോധനാ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ഒപ്റ്റിക്കൽ ലൈൻ ടെർമിനലുകൾ, ഒപ്റ്റിക്കൽ നെറ്റ്‌വർക്കിംഗ് ടെർമിനലുകൾ എന്നിവ സ്വമേധയാ ഉള്ള സുരക്ഷാ സർട്ടിഫിക്കേഷന് വിധേയമാണ്. 2025 ഓഗസ്റ്റ് 31 വരെ ഫീസ് ഇളവുകൾ ബാധകമായിരിക്കും.

അപേക്ഷകർക്ക് MTCTE പോർട്ടൽ (https://mtcte.tec.gov.in) മുഖേന ഓൺലൈനായി ഫീസ് അടയ്ക്കാവുന്നതാണ്.

ഈ പദ്ധതിയ്ക്ക് കീഴിലുള്ള സുരക്ഷാ പരിശോധനയും സർട്ടിഫിക്കേഷനും DoT ക്ക് കീഴിലുള്ള നാഷണൽ സെന്റർ ഫോർ കമ്മ്യൂണിക്കേഷൻ സെക്യൂരിറ്റി (NCCS) നിർബന്ധിതമാക്കിയിരിക്കുന്നു. പുതുക്കിയ  ചട്ടക്കൂട് അനുസരിച്ച്, ഇന്ത്യയിൽ ടെലികോം ഉപകരണങ്ങൾ വിൽക്കാനോ ഇറക്കുമതി ചെയ്യാനോ ഉപയോഗിക്കാനോ ആഗ്രഹിക്കുന്ന OEM കൾ, ഇറക്കുമതിസ്ഥാപനങ്ങൾ, വ്യാപാരികൾ അടക്കമുള്ളവർ അവരുടെ ഉത്പന്നങ്ങൾ ComSec പദ്ധതിയ്ക്ക് കീഴിൽ സുരക്ഷാ പരിശോധനയ്ക്കും സർട്ടിഫിക്കേഷനും വിധേയമാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

ComSec പദ്ധതിയ്ക്ക് കീഴിലുള്ള ടെലികോം/ICT ഉപകരണങ്ങളുടെ സുരക്ഷാ പരിശോധനയ്ക്കും സർട്ടിഫിക്കേഷനും, OEM കൾ, ഇറക്കുമതിസ്ഥാപനങ്ങൾ, വ്യാപാരികൾ അടക്കമുള്ളവരിൽ നിന്ന് സുരക്ഷാ പരിശോധനാ മൂല്യനിർണ്ണയ ഫീസ് ഈടാക്കി വരുന്നു. ഉപകരണങ്ങൾ പരിശോധിക്കുന്നതിനോ പരിശോധനാ റിപ്പോർട്ടുകൾ വിലയിരുത്തുന്നതിനോ ഉള്ള കാലതാമസവും സങ്കീർണ്ണകളും അടിസ്ഥാനമാക്കി എ, ബി, സി, ഡി എന്നിങ്ങനെ തരംതിരിച്ചിരിക്കുന്ന ടെലികോം/ICT  ഉപകരണ വിഭാഗങ്ങളെ അടിസ്ഥാനമാക്കി ഈ ഫീസ് വ്യത്യാസപ്പെട്ടിരിക്കുന്നു. ടെലികോം/ICT ഉപകരണങ്ങളുടെ പട്ടികയിൽ റൂട്ടറുകൾ, മൊബൈൽ കോർ ഉപകരണങ്ങൾ, ബേസ് സ്റ്റേഷനുകൾ, ഉപഗ്രഹ, വാർത്താ വിനിമയ ഉപകരണങ്ങൾ, ഗതാഗത ഉപകരണങ്ങൾ, കസ്റ്റമർ പ്രിമൈസസ് എക്യുപ്‌മെന്റ്, സിം കാർഡുകൾ തുടങ്ങിയവ ഉൾപ്പെടുന്നു.

ടെലികോം ഉപകരണങ്ങളുടെ വിപുലമായ നിർബന്ധിത പരിശോധനയും സർട്ടിഫിക്കേഷനും (MTCTE) എന്ന ചട്ടക്കൂടിന് കീഴിലാണ് ഈ പദ്ധതി. ഇത് ആദ്യം 2017 സെപ്റ്റംബറിൽ വിജ്ഞാപനം ചെയ്യുകയും പിന്നീട് ടെലികമ്മ്യൂണിക്കേഷൻസ് (ഫ്രെയിംവർക്ക് ടു നോട്ടിഫൈ സ്റ്റാൻഡേർഡ്സ്, കൺഫോർമിറ്റി അസസ്‌മെന്റ്, സർട്ടിഫിക്കേഷൻ) ചട്ടങ്ങൾ, 2025 പ്രകാരം മാറ്റിസ്ഥാപിക്കപ്പെടുകയും ചെയ്തു.

ഫീസിലെ ഈ കുറവ് ഇന്ത്യൻ ടെലികോം നിർമ്മാതാക്കളുടെ മത്സരശേഷി വർദ്ധിപ്പിക്കുകയും, പ്രാദേശിക നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുകയും, ആഭ്യന്തര, അന്തർദേശീയ ഒറിജിനൽ എക്വിപ്മെന്റ് മാനുഫാക്ച്ചറേഴ്‌സിന് (OEM-കൾ) വിപണി പ്രവേശം കൂടുതൽ ലളിതമാക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ടെലികോം സുരക്ഷാ പരിശോധനയ്ക്കും സർട്ടിഫിക്കേഷനുമുള്ള കേന്ദ്രമാക്കി ഇന്ത്യയെ മാറ്റുക എന്ന സർക്കാരിന്റെ ലക്ഷ്യത്തിന് അനുപൂരകമാണിത്. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായ പരിശോധനാ ആവശ്യകതകൾ വിന്യസിക്കുന്നതിലൂടെ, രാജ്യത്തിന്റെ ടെലികോം അടിസ്ഥാന സൗകര്യങ്ങളുടെ ദീർഘകാല സുരക്ഷയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിനായി DoT പ്രവർത്തിച്ചു പോരുന്നു.
 
****

(Release ID: 2152393)
Read this release in: English , Urdu , Hindi