രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

മൂന്ന് പ്രമുഖ ദേശീയ പര്‍വതാരോഹണ സ്ഥാപനങ്ങളില്‍ നിന്നുള്ള സംയുക്ത പര്യവേഷണ സംഘം പാംഗോങ് സോ മേഖലയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടികള്‍ വിജയകരമായി കീഴടക്കി

Posted On: 04 AUG 2025 5:24PM by PIB Thiruvananthpuram

പ്രമുഖ ദേശീയ പര്‍വതാരോഹണ സ്ഥാപനങ്ങളായ പഹല്‍ഗാമിലെ ജവഹര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങ്-വിന്റര്‍ സ്പോര്‍ട്സ് (ജെ.ഐ.എം-ഡബ്ല്യു.എസ്) പഹല്‍ഗാം, ഉത്തരകാശിയിലെ നെഹ്രു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങ് (എന്‍.ഐ.എം), ഡാര്‍ജിലിങ്ങിലെ ഹിമാലയന്‍ മൗണ്ടനെയ്റിങ് ഇന്‍സ്റ്റിറ്റ്യൂട്ട് (എച്ച്.എം.ഐ) എന്നിവിടങ്ങളില്‍ നിന്നുള്ള അധ്യാപകര്‍ അടങ്ങുന്ന സംയുക്ത പര്യവേഷണ സംഘം, കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ പാംഗോങ് സോ മേഖലയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടികളായ മൗണ്ട് മെരാഗ്-3 (6,480 മീറ്റര്‍), മൗണ്ട് കാങ്ജു കാന്‍ങ്രി (6,710 മീറ്റര്‍) എന്നിവ വിജയകരമായി കീഴടക്കി.

 

2025 ജൂലൈ 24 ന് സോനാമാര്‍ഗില്‍ വെച്ച് പഹല്‍ഗാമിലെ ജെ.ഐ.എം-ഡബ്ല്യു.എസ് പ്രിന്‍സിപ്പല്‍ കേണല്‍ ഹേം ചന്ദ്ര സിങ് ആണ് പര്യവേഷണം ഫ്ളാഗ് ഓഫ് ചെയ്തത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ജെ.ഐ.എം-ഡബ്ല്യു.എസിലെ സുബൈദാര്‍ മേജര്‍/ഹോണററി ലഫ്റ്റനന്റ് (റിട്ട.) ശ്രീ. റഫിഖ് അഹ്‌മദ് മാലിക്, ഹവില്‍ദാര്‍ സജാദ് ഹുസൈന്‍, നായ്ക് ഭരത് സിങ്, ഹവില്‍ദാര്‍/നഴ്സിങ് അസിസ്റ്റന്റ് യോഗേഷ്, എന്‍.ഐ.എമ്മിലെ നായ്ബ് സുബേദാര്‍ മേജര്‍ ഭൂപിന്ദര്‍ സിങ്, എച്ച്.എം.ഐയിലെ ശ്രീ. റോബിന്‍ ഗുരുങ്, ശ്രീ സുബിന്‍ റായ് എന്നിവരുള്‍പ്പെട്ട മൂന്ന് ദേശീയ സ്ഥാപനങ്ങളില്‍ നിന്നുള്ള പരിചയസമ്പന്നരുടെ സംഘമാണ് പര്യവേഷണം നടത്തിയത്.

 

അതിതീവ്ര കാലാവസ്ഥയ്ക്കും അത്യുന്നതത്തിലെ വെല്ലുവിളികള്‍ക്കുമിടയില്‍ മാതൃകാപരമായ ധൈര്യം, സഹിഷ്ണുത, കൂട്ടായ പ്രവര്‍ത്തനം എന്നിവ പ്രകടിപ്പിച്ചുകൊണ്ട് പര്യവേഷണസംഘം ഇന്ത്യന്‍ പര്‍വതാരോഹണ ചരിത്രത്തില്‍ ഒരു നാഴികകല്ലാണ് സ്ഥാപിച്ചത്. ഈ ചരിത്രസംഭവം നമ്മുടെ രാജ്യത്തെ പര്‍വതാരോഹകരുടെ അജയ്യമായ ചൈതന്യവും ക്ഷമതയും ഉള്‍ക്കൊള്ളുന്നുവെന്ന് മാത്രമല്ല, സാഹസിക കായിക വിനോദങ്ങളിലും അത്യുന്നതങ്ങളിലെ പര്യവേഷണങ്ങളിലുമുള്ള ഇന്ത്യയുടെ വളര്‍ന്നുവരുന്ന വൈദഗ്ധ്യത്തിന് അഭിമാനസാക്ഷ്യമായി നിലകൊള്ളുകയും ചെയ്യുന്നു.

 

********************


(Release ID: 2152307)
Read this release in: English , Urdu , Hindi , Bengali