പരിസ്ഥിതി, വനം മന്ത്രാലയം
azadi ka amrit mahotsav

റാംസർ കരാർ കക്ഷികൾക്ക് മുമ്പാകെ ഇന്ത്യ വച്ച 'തണ്ണീർത്തടങ്ങളുടെ യുക്തിസഹമായ ഉപയോഗത്തിനായി സുസ്ഥിര ജീവിതശൈലി പ്രോത്സാഹിപ്പിക്കുക' എന്ന പ്രമേയം സിംബാബ്‌വെയിൽ നടന്ന റാംസർ CoP15 അംഗീകരിച്ചു.

Posted On: 30 JUL 2025 10:14PM by PIB Thiruvananthpuram

സിംബാബ്‌വെയിലെ വിക്ടോറിയ ഫാൾസിൽ നടന്ന റാംസർ കരാർ കക്ഷികളുടെ (റാംസർ ഉടമ്പടി അംഗീകരിച്ച രാജ്യങ്ങൾ) 15-ാമത് സമ്മേളനത്തിൽ, 'തണ്ണീർത്തടങ്ങളുടെ യുക്തിസഹമായ ഉപയോഗത്തിനായി സുസ്ഥിര ജീവിതശൈലി പ്രോത്സാഹിപ്പിക്കുക' എന്ന വിഷയത്തിൽ ഇന്ത്യ ഒരു പ്രമേയം അവതരിപ്പിച്ചു.ഈ പ്രമേയം സമ്മേളനം അംഗീകരിച്ചതായി കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവ് ഇന്ന് സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചു.

172 റാംസർ കരാർ കക്ഷികളിൽ നിന്നും, ആറ് അന്താരാഷ്ട്ര സംഘടനകളിൽ നിന്നും, മറ്റ് നിരീക്ഷകരിൽ നിന്നും പ്രമേയത്തിന് വലിയ പിന്തുണ ലഭിച്ചു. 2025 ജൂലൈ 30 ന് നടന്ന സമ്പൂർണ്ണ സമ്മേളനത്തിൽ ഇത് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു.

ഈ പ്രമേയം സ്വീകരിക്കുന്നതിലൂടെ, തണ്ണീർത്തട സംരക്ഷണത്തിൽ വ്യക്തിപരവും സാമൂഹികവുമായ പരിഗണനകൾ വഹിക്കുന്ന സുപ്രധാന പങ്കിനെ കക്ഷികൾ അംഗീകരിക്കുകയും, സ്വന്തം ദേശീയ സാഹചര്യങ്ങളിലും സന്ദർഭങ്ങളിലും ഗ്രഹാനുകൂല ജീവിതശൈലിക്കായി പ്രവർത്തിക്കുകയും ചെയ്യുമെന്ന് ഉറപ്പിക്കുന്നു. സമകാലിക ലോകത്ത് തണ്ണീർത്തട സംരക്ഷണം വിജയകരമായി നടപ്പാക്കുന്നതിന് ആവശ്യമായ 'സമഗ്ര സമൂഹ' സമീപനത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പ് കൂടിയാണ് ഈ പ്രമേയം.

''തണ്ണീർത്തടങ്ങളുടെ യുക്തിസഹമായ ഉപയോഗത്തിനായി സുസ്ഥിര ജീവിതശൈലി പ്രോത്സാഹിപ്പിക്കുക' എന്ന വിഷയത്തിൽ ഇന്ത്യ CoP15-ൽ കൊണ്ടുവന്ന പ്രമേയം, 'സുസ്ഥിര ഉത്പാദനവും ഉപഭോഗവും' എന്നതിനെക്കുറിച്ചുള്ള പ്രമേയം XIV.8 മായും - പുതിയ CEPA സമീപനവുമായും 10 വർഷത്തെ പദ്ധതികളുടെ ചട്ടക്കൂടുമായും യോജിക്കുന്നു. എല്ലാ തലങ്ങളിലുമുള്ള തണ്ണീർത്തട പരിപാലന പദ്ധതികളിലും പരിപാടികളിലും നിക്ഷേപങ്ങളിലും സുസ്ഥിര ജീവിതശൈലി അടിസ്ഥാനമാക്കിയുള്ള ഇടപെടലുകളുടെ സമന്വയം പരിഗണിക്കുന്നതിന് സ്വമേധയാ നടപടിയെടുക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. പൊതു-സ്വകാര്യ സഹകരണം പ്രോത്സാഹിപ്പിക്കൽ, എല്ലാ തലങ്ങളിലും വിദ്യാഭ്യാസം മെച്ചപ്പെടുത്തൽ, തണ്ണീർത്തടങ്ങളുടെ യുക്തിസഹമായ ഉപയോഗം വർദ്ധിപ്പിക്കുന്നതിന് അവബോധം വളർത്തുന്ന സംരംഭങ്ങൾ എന്നിവയുൾപ്പെടെ അനുഗുണമായ സാഹചര്യങ്ങൾ സൃഷ്ടിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

2025 ജൂലൈ 24-ന് ഉന്നതതല യോഗത്തിൽ നടത്തിയ പ്രസംഗത്തിൽ, ശ്രീ ഭൂപേന്ദർ യാദവ്, ഗ്രഹാനുകൂല മനോഭാവം സൃഷ്ടിക്കുന്നതിൽ സുസ്ഥിരമായ ജീവിതശൈലിയുടെ പ്രാധാന്യം ഉയർത്തിക്കാട്ടി. കൂടാതെ മേൽപ്പറഞ്ഞ പ്രമേയം അംഗീകരിക്കുന്നതിന് പിന്തുണ നൽകാൻ എല്ലാ രാജ്യങ്ങളെയും ക്ഷണിച്ചു.

സുസ്ഥിരമായ ജീവിതശൈലികൾ 'ജീവിതരീതികൾ, സാമൂഹിക ഇടപെടലുകൾ, തിരഞ്ഞെടുപ്പുകൾ' എന്നിവ ഇനിപ്പറയുന്നവയാണ്:

a) പരിസ്ഥിതി നാശം കുറയ്ക്കുക (വിഭവങ്ങൾ സംരക്ഷിച്ചും മാലിന്യ ഉത്പാദനം കുറച്ചും);

b) സംതുലിതമായ സാമൂഹിക-സാമ്പത്തിക വികസനത്തെ പിന്തുണയ്ക്കുക (സമൂഹത്തിലെ എല്ലാ തലങ്ങളിലും തലമുറകളിലും ജീവിതശൈലി തിരഞ്ഞെടുപ്പുകളുടെ സ്വാധീനത്തെക്കുറിച്ച് ബോധവാന്മാരായിരിക്കുക, പാരിസ്ഥിതിക അവബോധമുള്ള ഉപഭോഗം തിരഞ്ഞെടുക്കുക);

c) മെച്ചപ്പെട്ട ജീവിത നിലവാരം (ശാരീരികവും മാനസികവുമായ ആരോഗ്യം, സുരക്ഷ ഉൾപ്പെടെയുള്ള ഗുണാത്മക ജീവിതത്തിനുള്ള അടിസ്ഥാന ഭൗതിക സാഹചര്യങ്ങളിലേക്കുള്ള പ്രവേശനം, നല്ല സാമൂഹിക ബന്ധങ്ങൾ എന്നിവയാൽ സാധ്യമാകുന്നു).

ഇന്ത്യ മുൻകൈയെടുത്ത് 'സുസ്ഥിര ജീവിതശൈലി'യെ മുന്നോട്ടു നയിക്കുന്നു. UNFCCC CoP 26-ൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അവതരിപ്പിച്ച മിഷൻ ലൈഫ് (LiFE), 'പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള വ്യക്തികളുടെയും സമൂഹത്തിന്റെയും പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആഗോള ബഹുജന പ്രസ്ഥാനമാണ്'. ദേശീയ അഭിലാഷങ്ങളെ സമഗ്ര സാമൂഹിക ഉദ്യമങ്ങളാക്കി മാറ്റാൻ ഈ ദൗത്യം സഹായിക്കുന്നു.

2024 മാർച്ചിൽ ആറാമത് യുഎൻ പരിസ്ഥിതി പൊതുസഭയിൽ അംഗീകരിച്ച 'സുസ്ഥിര ജീവിതശൈലികൾ പ്രോത്സാഹിപ്പിക്കുക' എന്ന പ്രമേയം 6/8-നെ അടിസ്ഥാനമാക്കിയാണിത്. സുസ്ഥിര വികസനം കൈവരിക്കുന്നതിന് സുസ്ഥിര പരിവർത്തനങ്ങളുടെ സാധ്യതകൾ തിരിച്ചറിഞ്ഞുകൊണ്ട്, അംഗരാജ്യങ്ങളോടും പങ്കാളികളോടും പ്രമാണങ്ങൾ ആധാരമാക്കിയുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കാനും, പൊതു-സ്വകാര്യ സഹകരണം വളർത്താനും, എല്ലാ തലങ്ങളിലും വിദ്യാഭ്യാസം നേടാനും, സുസ്ഥിര ജീവിതശൈലികളെക്കുറിച്ച് അവബോധപൂർണ്ണമായ തിരഞ്ഞെടുപ്പുകൾ നടത്താൻ പൗരന്മാരെ ശാക്തീകരിക്കുന്നതിനും അവബോധം വളർത്തുന്ന സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാനും പ്രമേയം ആഹ്വാനം ചെയ്യുന്നു.

തണ്ണീർത്തട സംരക്ഷണത്തിനായുള്ള ദേശീയ ഉദ്യമങ്ങളിൽ ഭാരത സർക്കാരിന്റെ മിഷൻ ലൈഫിനെ അതീവപ്രാധാന്യത്തോടെ ഉൾപ്പെടുത്തിയിട്ടുണ്ട്. 'മിഷൻ സഹ്ഭാഗിത', 'സേവ് വെറ്റ്‌ലാൻഡ്‌സ്' പ്രചാരണങ്ങൾ മുഖേന കഴിഞ്ഞ 3 വർഷത്തിനുള്ളിൽ 170,000-ത്തിലധികം തണ്ണീർത്തടങ്ങളുടെ ഭൂപട നിർമ്മാണം പൂർത്തിയാക്കാനും ഏകദേശം 120,000 തണ്ണീർത്തടങ്ങളുടെ അതിർത്തി വ്യക്തമായി നിർണ്ണയിക്കാനും സാധിച്ചു. ഇതിനായി  2 ദശലക്ഷത്തിലധികം പൗരന്മാരെ സന്നദ്ധപ്രവർത്തകരായി നിയോഗിച്ചു.


(Release ID: 2150862)
Read this release in: English , Urdu , Hindi