ബഹിരാകാശ വകുപ്പ്
കൃത്യതയും ആഗോള ഡാറ്റ ലഭ്യതയും മുഖമുദ്രയാക്കി ഭൗമനിരീക്ഷണത്തിൽ വിപ്ലവം സൃഷ്ടിക്കാൻ നിസാർ (NISAR)
ബഹിരാകാശ ശാസ്ത്രത്തിൽ ഇന്ത്യ-യുഎസ് സഹകരണം ഒരു നാഴികക്കല്ല് കൂടി പിന്നിടുന്നു
ഐഎസ്ആർഒ-നാസ സംയുക്ത സംരംഭത്തെ മന്ത്രി പ്രശംസിച്ചു. വ്യോമയാന, ഷിപ്പിംഗ് മേഖലകളിലെ വിപുലമായ സ്വാധീനം ഉയർത്തിക്കാട്ടി.
Posted On:
30 JUL 2025 7:51PM by PIB Thiruvananthpuram
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് നിസാർ (NISAR) ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചതിൽ കേന്ദ്ര ഭൗമശാസ്ത്ര,ശാസ്ത്ര സാങ്കേതിക വകുപ്പ് (സ്വതന്ത്ര ചുമതല), പ്രധാനമന്ത്രിയുടെ ഓഫീസ്, ആണവോർജ്ജ വകുപ്പ്, ബഹിരാകാശ വകുപ്പ്, ഉദ്യോഗസ്ഥകാര്യ, പൊതുജന പരാതി പരിഹാര, പെൻഷൻ വകുപ്പ് സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഐഎസ്ആർഒയിലെയും നാസയിലെയും ശാസ്ത്രജ്ഞരെ ഇന്ന് അഭിനന്ദിച്ചു.
പാർലമെന്ററി ഉത്തരവാദിത്തങ്ങൾ കാരണം ന്യൂഡൽഹിയിൽ തന്നെ തുടരേണ്ടി വന്നെങ്കിലും സിഎസ്‌ഐആർ ഓഡിറ്റോറിയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരുമായി ചേർന്ന് തത്സമയ സംപ്രേക്ഷണത്തിലൂടെ ചരിത്രപരമായ വിക്ഷേപണം അദ്ദേഹം വീക്ഷിക്കുകയും ജിഎസ്‌എൽവി-എഫ് 16 റോക്കറ്റ് മുഖാന്തിരം ഉപഗ്രഹം കുറ്റമറ്റ രീതിയിൽ വിക്ഷേപിച്ചതിനെ അഭിനന്ദിക്കുകയും ചെയ്തു.
ഇന്ത്യ-യുഎസ് ശാസ്ത്ര സഹകരണത്തിലെ "ആഗോള മാനദണ്ഡം" എന്ന് നിസാർ സംരംഭത്തെ വിശേഷിപ്പിച്ച ഡോ. ജിതേന്ദ്ര സിംഗ്, ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള പങ്കാളിത്തത്തിൽ പ്രകടമാകുന്ന ശക്തിയുടെ പ്രതീകമാണ് ഈ ദൗത്യമെന്ന് വ്യക്തമാക്കി. "നിസാർ കേവലമൊരു ഉപഗ്രഹമല്ല; ലോകവുമായുള്ള ഇന്ത്യയുടെ ശാസ്ത്രീയ ഹസ്തദാനമാണ്," അദ്ദേഹം പറഞ്ഞു.
ജിഎസ്എൽവി-എഫ് 16 ൽ വിക്ഷേപിച്ച ഇസ്രോയുടെ ജിഎസ്എൽവി വാഹനം ഇതാദ്യമാണ് സൂര്യസമന്വിത ധ്രുവീയ ഭ്രമണപഥത്തില്‍ ഒരു ഉപഗ്രഹത്തെ വിജയകരമായി വിക്ഷേപിക്കുന്നത്. ജിഎസ്എൽവിയുടെ 18-ാമത്തെ വിക്ഷേപണം - തദ്ദേശീയ ക്രയോജനിക് ഘട്ടം ഉപയോഗിച്ചുള്ള 12-ാമത്തെ വിക്ഷേപണം - കൂടിയായ ഇത് ബഹിരാകാശ സംവിധാനങ്ങളിൽ ഇന്ത്യയുടെ വളരുന്ന സാങ്കേതിക ശേഷി പ്രകടമാക്കുന്നു.
നാസയും ഇസ്രോയും സംയുക്തമായി വികസിപ്പിച്ചെടുത്ത നാസ-ഐഎസ്ആർഒ സിന്തറ്റിക് അപ്പർച്ചർ റഡാർ (NISAR) ഇരട്ട-ഫ്രീക്വന്‍സി റഡാര്‍ സംവിധാനങ്ങള്‍ - നാസയുടെ എൽ-ബാൻഡും ഇസ്രോയുടെ എസ്-ബാൻഡും - ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ വഹിക്കുന്ന ലോകത്തിലെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ്. ഇത് ഭൂമിയുടെ കര, ഹിമ പ്രതലങ്ങളുടെ ഉയർന്ന റെസല്യൂഷനിലുള്ള ദൃശ്യങ്ങൾ എല്ലാ കാലാവസ്ഥയിലും, പകലും രാത്രിയും ലഭ്യമാക്കും. ഓരോ 12 ദിവസം കൂടുമ്പോഴും ഒരേ സ്ഥലത്തുകൂടി വീണ്ടും ഉപഗ്രഹം കടന്നു പോകും.
ദുരന്തനിവാരണം, കാലാവസ്ഥാ നിരീക്ഷണം, ഹിമാനി നിരീക്ഷണം, കൃഷി എന്നീ മേഖലകളിൽ നിസാറിന്റെ പ്രയോജനങ്ങൾ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഉപഗ്രഹത്തിന്റെ സ്വാധീനം അതിലുമേറെയായിരിക്കുമെന്ന് ഡോ. ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.
"വ്യോമയാന സുരക്ഷ, സമുദ്ര പര്യവേക്ഷണം, തീരദേശ പരിപാലനം, നഗര അടിസ്ഥാന സൗകര്യ ആസൂത്രണം തുടങ്ങിയ നിർണ്ണായക മേഖലകളെ നാം എങ്ങനെ സമീപിക്കുന്നു എന്നതിൽ നിസാർ ശ്രദ്ധേയമായ പരിവർത്തനം സൃഷ്ടിക്കും" അദ്ദേഹം പറഞ്ഞു. "കപ്പൽ പാതകൾ, വ്യോമ ഗതാഗത സംവിധാനങ്ങൾ, ദേശീയ അടിസ്ഥാന സൗകര്യ ആസൂത്രണം എന്നിവയിൽ പോലും ഏറ്റവും അനുഗുണവും ശാസ്ത്രാധിഷ്ഠിതവുമായ തീരുമാനങ്ങൾക്ക് നിസാറിൽ നിന്നുള്ള ഡാറ്റ ആധാരമായി വർത്തിക്കും."
747 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു സൂര്യസമന്വിത ധ്രുവീയ ഭ്രമണപഥത്തിലാണ് 2,393 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം സ്ഥാപിച്ചത്. അഞ്ച് വർഷത്തെ ദൗത്യ കാലയളവിൽ, നിസാർ ആഗോള കാലാവസ്ഥാ ശാസ്ത്രം, ഭൂകമ്പ, അഗ്നിപർവ്വത നിരീക്ഷണം, വന ഭൂപടനിർമ്മാണം, വിഭവ പരിപാലനം എന്നിവയ്ക്കായി വിലമതിക്കാനാവാത്ത ഡാറ്റ ലഭ്യമാക്കും. എല്ലാവർക്കും ഡാറ്റ ലഭ്യമാക്കുകയെന്ന നിസാറിന്റെ നയം ശാസ്ത്രജ്ഞരെയും ഗവേഷകരെയും മാത്രമല്ല, ലോകമെമ്പാടുമുള്ള വികസ്വര രാജ്യങ്ങളെയും ദുരന്ത പ്രതികരണ ഏജൻസികളെയും കാലാവസ്ഥാ വ്യതിയാന പഠിതാക്കളെയും ശാക്തീകരിക്കുമെന്ന് ഡോ. ജിതേന്ദ്ര സിംഗ് എടുത്തുപറഞ്ഞു.
ഐ.എസ്.ആർ.ഒയുടെ ഐ-3കെ സ്‌പേസ്‌ക്രാഫ്റ്റ് ബസിനെ അടിസ്ഥാനമാക്കി നിർമ്മിച്ച നിസാർ ഉപഗ്രഹം നാസയും ഇസ്രോയും തമ്മിലുള്ള ആഴത്തിലുള്ള സഹകരണത്തെ പ്രതിഫലിപ്പിക്കുന്നു. എൽ-ബാൻഡ് റഡാർ, GPS റിസീവർ, ഹൈ-റേറ്റ് ടെലികോം സിസ്റ്റം, സോളിഡ്-സ്റ്റേറ്റ് റെക്കോർഡർ, 12 മീറ്റർ ഡിപ്ലോയബിൾ ആന്റിന എന്നിവ നാസയാണ് ലഭ്യമാക്കിയത്. എസ്-ബാൻഡ് റഡാർ, സ്‌പേസ്‌ക്രാഫ്റ്റ് ബസ്, GSLV-F16 വിക്ഷേപണ വാഹനം, അനുബന്ധ സംവിധാനങ്ങളും സേവനങ്ങളും ഇസ്രോ സംഭാവന ചെയ്തു. 1.5 ബില്യൺ ഡോളറിലധികം ചെലവ് പ്രതീക്ഷിക്കുന്ന ഈ ദൗത്യത്തിന്റെ ചെലവ് രണ്ട് ഏജൻസികളും ചേർന്ന് വഹിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദാർശനിക നേതൃത്വത്തിൽ ഇന്ത്യയുടെ ബഹിരാകാശ പദ്ധതി ഭൗതിക പ്രയോജനങ്ങളിൽ അധിഷ്ഠിതമായ ദൗത്യങ്ങളിൽ നിന്ന് വിജ്ഞാനാധിഷ്ഠിത സംരംഭങ്ങളിലേക്ക് പരിണമിക്കുകയാണെന്ന് പ്രസ്താവിച്ചുകൊണ്ട് ഡോ. ജിതേന്ദ്ര സിംഗ് ഉപസംഹരിച്ചു. "ചന്ദ്രയാൻ മുതൽ നിസാർ വരെ കേവലം ഉപഗ്രഹങ്ങൾ വിക്ഷേപിക്കുകയല്ല - മറിച്ച് ആഗോള ശാസ്ത്രം, സുസ്ഥിരത, സംയുക്ത പുരോഗതി എന്നിവയ്‌ക്കായി പുതിയ സാധ്യതകൾ കൂടിയാണ് വിക്ഷേപിക്കപ്പെടുന്നത്."
SKY
****
(Release ID: 2150635)