രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

പതിമൂന്നാമത് സംയുക്ത പ്രതിരോധ സഹകരണ സമിതി യോഗത്തിൽ പ്രതിരോധ പങ്കാളിത്തം ശക്തിപ്പെടുത്താന്‍ പ്രതിജ്ഞാബദ്ധതയറിയിച്ച് ഇന്ത്യയും യുഎഇയും

Posted On: 30 JUL 2025 6:21PM by PIB Thiruvananthpuram

സെക്രട്ടറി തലത്തിൽ ആദ്യമായി 2025 ജൂലൈ 30 ന് ന്യൂഡൽഹിയിൽ  ചേര്‍ന്ന പതിമൂന്നാമത് ഇന്ത്യ-യുഎഇ സംയുക്ത പ്രതിരോധ സഹകരണ സമിതി (ജെഡിസിസി) യോഗത്തിൽ ഇന്ത്യയും യുനൈറ്റഡ് അറബ് എമിറേറ്റ്‌സും (യുഎഇ) ഉഭയകക്ഷി പ്രതിരോധ സഹകരണം ശക്തിപ്പെടുത്താന്‍ പ്രതിജ്ഞാബദ്ധത ആവര്‍ത്തിച്ചു.  പ്രതിരോധ സെക്രട്ടറി ശ്രീ രാജേഷ് കുമാർ സിങിന്റെയും ദ്വിദിന ഔദ്യോഗിക ഇന്ത്യന്‍ സന്ദര്‍ശനത്തില്‍  ഉന്നതതല പ്രതിരോധ പ്രതിനിധി സംഘത്തെ നയിക്കുന്ന യുഎഇ പ്രതിരോധ അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ഇബ്രാഹിം നാസർ എം. അൽ അലവിയുടെയും സംയുക്ത അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.   വ്യാപാരം, നിക്ഷേപം, ജനങ്ങൾ തമ്മിലെ ബന്ധം തുടങ്ങിയ മേഖലകളിലെ വളര്‍ച്ചയ്ക്കനുസൃതമായി പ്രതിരോധ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇരുരാജ്യങ്ങളും ധാരണയായി.  

 

സൈനിക പരിശീലനത്തിലെ സഹകരണം വർധിപ്പിക്കാൻ സമ്മതിച്ച ഇരുരാജ്യങ്ങളും  പരിശീലന ആവശ്യകതകൾ ചർച്ച ചെയ്തു.  യുഎഇയുടെ ആവശ്യാനുസരണം പ്രത്യേകം തയ്യാറാക്കിയ പരിശീലന കോഴ്സുകൾ  ഇന്ത്യ വാഗ്ദാനം ചെയ്തു. വിവരങ്ങൾ പങ്കിടുന്നതിലൂടെ സമുദ്ര സുരക്ഷയിൽ സഹകരിക്കാനും ഇരുരാജ്യങ്ങളും ധാരണയായി. 

 

പ്രതിരോധ സഹകരണത്തിന്റെ പുതുവഴികൾ തേടുന്നതിന്  പരിശീലന സഹകരണവും പ്രതിരോധ വ്യാവസായിക പങ്കാളിത്തവും സേവനാധിഷ്ഠിത ഇടപെടലുകളും സംബന്ധിച്ച് ഇരു രാജ്യങ്ങളും ചർച്ച ചെയ്തു.  ചെറുകിട ആയുധ നിർമാണത്തിന് ഐസിഒഎംഎം (ഇന്ത്യ),  സിഎആര്‍എസിഎഎല്‍ (യുഎഇ) എന്നിവ തമ്മിലെ സഹകരണം ഉള്‍പ്പെടെ മാതൃകകളിലൂടെ സംയുക്ത നിർമാണ സംരംഭങ്ങൾക്കും ധാരണയായി. നിര്‍മിതബുദ്ധിയടക്കം വളര്‍ന്നുവരുന്ന മേഖലകളിൽ വരുംതലമുറ പ്രതിരോധ സാങ്കേതികവിദ്യകൾ സഹകരിച്ച് വികസിപ്പിക്കുന്നതിലെ സാധ്യതകള്‍ക്കൊപ്പം  കപ്പൽ നിർമാണത്തിലെ നവീകരണ അവസരങ്ങളും പൊതുവേദികള്‍ കാര്യക്ഷമമായി നിലനിര്‍ത്തുന്നതുമടക്കം വിഷയങ്ങളും ചർച്ച ചെയ്തു.

 

തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ, മലിനീകരണ പ്രതികരണം, കടൽക്കൊള്ള പ്രതിരോധ ശ്രമങ്ങൾ, അനുബന്ധ സമുദ്ര സുരക്ഷാ നടപടികള്‍ എന്നിവയിലെ മെച്ചപ്പെട്ട സഹകരണത്തിന് ചട്ടക്കൂട് വികസിപ്പിക്കാന്‍ ഇന്ത്യൻ തീരസേനയും  യുഎഇ നാഷണൽ ഗാർഡും തമ്മിൽ  ധാരണാപത്രം ഒപ്പുവെച്ചു.

 

ജെഡിസിസിക്ക് മുന്നോടിയായി   2025 ജൂലൈ 28, 29 തിയതികളില്‍  ഇന്ത്യ - യുഎഇ നാലാമത് സൈനികതല  ചര്‍ച്ചയും ഒന്‍പതാമത് നാവികസേനാതല ചര്‍ച്ചയും പ്രഥമ വ്യോമസേനാതല  ചർച്ചയും നടത്തി.  സൈനികാഭ്യാസം, പരിശീലനം, വിഷയ വിദഗ്ധരുടെ കൈമാറ്റം എന്നിവ മെച്ചപ്പെടുത്തുന്നതില്‍  ഈ ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചു.  

 

യുഎഇ പ്രതിനിധി സംഘം 2025 ജൂലൈ 31 ന്  രാജ്യരക്ഷാ സഹമന്ത്രി ശ്രീ സഞ്ജയ് സേഠിനെ സന്ദർശിക്കും. യുഎഇ അണ്ടർ സെക്രട്ടറിയും ഇന്ത്യന്‍ പ്രതിരോധ ഉൽപ്പാദന സെക്രട്ടറി ശ്രീ സഞ്ജീവ് കുമാറും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്ന  രണ്ടാമത്  ഇന്ത്യ-യുഎഇ പ്രതിരോധ വ്യവസായ പങ്കാളിത്ത ഫോറത്തിലും പ്രതിനിധി സംഘം പങ്കെടുക്കും.

 

2015-ൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനത്തിനിടെ രൂപം നല്‍കിയ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിൽ ശക്തവും വളര്‍ച്ചാപൂര്‍ണവുമായ പ്രതിരോധ ബന്ധമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളത്.   2025 നവംബറിൽ നടക്കുന്ന ദുബായ് എയർ ഷോയിലെ ഇന്ത്യയുടെ  പങ്കാളിത്തം  ഇതിന് കൂടുതല്‍ ശക്തിപകരും.  


(Release ID: 2150618)
Read this release in: English , Urdu , Marathi , Hindi