സാംസ്‌കാരിക മന്ത്രാലയം
azadi ka amrit mahotsav

"സൊഹറായി കല ഇന്ത്യയുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നു": രാഷ്‌ട്രപതി ദ്രൗപദി മുർമു

രാഷ്ട്രപതി ഭവനിൽ നടന്ന കലാ ഉത്സവം- 2025 ൽ ശ്രദ്ധാകേന്ദ്രമായി ഝാർഖണ്ഡിലെ സൊഹറായി കല

Posted On: 26 JUL 2025 5:12PM by PIB Thiruvananthpuram

രാഷ്‌ട്രപതി ഭവനിൽ ആർട്ടിസ്റ്റ് ഇൻ റെസിഡൻസ് പ്രോഗ്രാമിന്റെ രണ്ടാം പതിപ്പായ കലാ ഉത്സവ് 2025 ൽ ഝാർഖണ്ഡിൽ നിന്നുള്ള തദ്ദേശീയ പാരമ്പര്യ ചുവർചിത്രകല 'സൊഹറായി' പ്രത്യേക ആകർഷണമായി. ഇന്ത്യയുടെ സമ്പന്നമായ നാടോടി, ഗോത്ര കലാ പാരമ്പര്യങ്ങൾ ആഘോഷിക്കുന്നതിനുള്ള ഒരു സുപ്രധാന നാഴികക്കല്ലായ, പത്ത് ദിവസത്തെ ഈ പരിപാടിയിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു പങ്കെടുത്തു.

 

 കലാ പ്രദർശനം വീക്ഷിച്ച രാഷ്ട്രപതി കലാകാരന്മാരുമായി നേരിട്ട് സംവദിച്ചു. കലാകാരന്മാരുടെ സമർപ്പണത്തെ അഭിനന്ദിച്ച രാഷ്ട്രപതി ഇങ്ങനെ പറഞ്ഞു: “ഈ കലാസൃഷ്ടികൾ ഇന്ത്യയുടെ ആത്മാവിനെ - പ്രകൃതി, പുരാണങ്ങൾ, സമൂഹജീവിതം എന്നിവയുമായുള്ള നമ്മുടെ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നു. അമൂല്യമായ ഈ പൈതൃക സമ്പത്തിനെ നിങ്ങൾ പരിപാലിക്കുന്ന രീതിയെ ഞാൻ അഭിനന്ദിക്കുന്നു "

 ഝാർഖണ്ഡിലെ ഗോത്ര സമൂഹങ്ങൾ പിന്തുടരുന്ന ആചാരപരമായ ഒരു ചുമർചിത്ര പാരമ്പര്യമാണ് സൊഹ്‌റായി. വിളവെടുപ്പ്, ഉത്സവ കാലങ്ങളിൽ സ്ത്രീകൾ സാധാരണയായി വരയ്ക്കുന്ന ചിത്രരൂപമാണിത്. മണ്ണിൽ നിന്നുള്ള പ്രകൃതിദത്ത വർണ്ണങ്ങളും മുള ബ്രഷുകളും ഉപയോഗിച്ച്, കലാകാരന്മാർ മൺ ചുവരുകളെ മൃഗങ്ങളുടെയും സസ്യങ്ങളുടെയും ജ്യാമിതീയ രൂപങ്ങളുടെയും ഉജ്ജ്വലമായ ചിത്രങ്ങളാക്കി മാറ്റുന്നു. ഇത് കാർഷിക ജീവിതവുമായും ആത്മീയ വിശ്വാസങ്ങളുമായും ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു.

 ഗോദ്‌ന, മിഥില, വർലി തുടങ്ങിയ പരമ്പരാഗത ചിത്ര കലകൾക്ക് സമാനമായ ദേശീയ ശ്രദ്ധ ഇതുവരെ നേടിയിട്ടില്ലാത്ത സൊഹ്‌റായി കല, ഇപ്പോൾ ഒരു മഹത്തായ വേദി നേടിയെടുത്തിരിക്കുന്നു എന്നത് ഝാർഖണ്ഡിന് അഭിമാനകരമാണ്. ഝാർഖണ്ഡിന്റെ പൈതൃക ജ്ഞാനത്തെയും സാംസ്കാരിക സമ്പന്നതയെയും രാജ്യത്തിന്റെ കലാഭൂമികയുടെ മുൻനിരയിലേക്ക് കൊണ്ടുവരാൻ ഈ അവസരം സഹായിച്ചു.

 

ഈ സാംസ്കാരിക സംരംഭത്തിനായി ഝാർഖണ്ഡിലെ വിദൂര ഗ്രാമങ്ങളിൽ നിന്നുള്ള സൊഹ്‌റായി കലാകാരന്മാരെ കണ്ടെത്തി, പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതും പിന്തുണച്ചതും ഐജിഎൻസിഎയും റാഞ്ചിയിലെ അതിന്റെ പ്രാദേശിക കേന്ദ്രവുമാണ്. അവരുടെ അശ്രാന്ത പരിശ്രമം ഈ സവിശേഷ ഗോത്ര കലാരൂപം ദേശീയ വേദിയിൽ പ്രദർശിപ്പിക്കുന്നതിന് വഴിയൊരുക്കി . ഇത് കലാകാരന്മാർക്ക് നാളിതുവരെ ലഭിക്കാത്ത അംഗീകാരം നേടിക്കൊടുത്തു. അത്തരം പരമ്പരാഗത കലാരൂപങ്ങളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഐജിഎൻസിഎ സമർപ്പണത്തോടെ പ്രവർത്തിക്കുന്നു.

 

കല ഉത്സവ് 2025 വഴി, സൊഹ്‌റായി കലയ്ക്ക് ദേശീയ അംഗീകാരം ലഭിച്ചു. ഝാർഖണ്ഡിലെ ഗോത്ര സമൂഹങ്ങളുടെ കലാ ചൈതന്യത്തിന് ഊർജ്ജസ്വലമായ അംഗീകാരമായി ഇത് മാറി. രാജ്യത്തിന്റെ തദ്ദേശീയ കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ഐജിഎൻസി യുടെ പ്രതിജ്ഞാബദ്ധത, സൊഹ്‌റായി കലയുടെ സാംസ്കാരിക പ്രാധാന്യവും സൗന്ദര്യവും രാജ്യത്തെ ഏറ്റവും പ്രൗഢമായ ഒരു വേദിയിൽ ആദരിക്കപ്പെടുന്നതിനും ആഘോഷിക്കപ്പെടുന്നതിനും സഹായിച്ചു.

 

*******************


(Release ID: 2148952)
Read this release in: English , Hindi , Urdu , Tamil