ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
azadi ka amrit mahotsav

CETA തരംഗത്തിൽ യുകെയിലേക്കുള്ള കയറ്റുമതിയിൽ 70% വളർച്ച കൈവരിക്കുമെന്ന് കണക്കാക്കപ്പെടുന്ന ഇന്ത്യൻ സമുദ്രോത്പന്ന വ്യവസായം നേട്ടത്തിലേക്ക് കുതിക്കാൻ തയ്യാറെടുക്കുന്നു

ഇന്ത്യൻ ചെമ്മീൻ, കണവ, ഞണ്ട് തുടങ്ങിയവയ്ക്ക് യുകെ വിപണി പ്രവേശനത്തിനുള്ള തീരുവ CETA നിലവിൽ വന്നതോടെ പൂർണ്ണമായും ഒഴിവായി

Posted On: 26 JUL 2025 1:09PM by PIB Thiruvananthpuram
2025 ജൂലൈ 24-ന് സമഗ്ര സാമ്പത്തിക, വ്യാപാര കരാർ (CETA) ഒപ്പുവെച്ചതോടെ ഇന്ത്യ-യുകെ സാമ്പത്തിക ബന്ധങ്ങളിൽ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെയും യുകെ പ്രധാനമന്ത്രി സർ കെയർ സ്റ്റാർമറിന്റെയും സാന്നിധ്യത്തിലാണ് കരാർ ഔപചാരികമായി ഒപ്പുവച്ചത്, കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയലും യുകെ ബിസിനസ്, വ്യാപാര സ്റ്റേറ്റ് സെക്രട്ടറി ശ്രീ ജോനാഥൻ റെയ്നോൾഡും കരാറിൽ ഔദ്യോഗികമായി ഒപ്പുവച്ചു.
 
CETA നിലവിൽ വന്നതോടെ 99% ഉത്‌പന്നങ്ങളിലും തീരുവരഹിത പ്രവേശനം സാധ്യമാവുകയും പ്രധാന സേവന മേഖലകൾ തുറക്കപ്പെടുകയും ചെയ്തു. സമുദ്രമേഖലയെ സംബന്ധിച്ചിടത്തോളം, കരാർ നിലവിൽ വന്നതോടെ വിവിധ സമുദ്രോത്പന്നങ്ങളുടെ ഇറക്കുമതി തീരുവകൾ ഒഴിവാകുന്നു. ഇത് യുകെ വിപണിയിലേക്ക് കയറ്റുമതി ചെയ്യാനുള്ള ഇന്ത്യൻ സ്ഥാപനങ്ങളുടെ മത്സരശേഷി വർദ്ധിപ്പിക്കുന്നു. ചെമ്മീൻ, ശീതീകരിച്ച മത്സ്യം, മൂല്യവർദ്ധിത സമുദ്രോത്പന്നങ്ങൾ എന്നിവയുടെ കയറ്റുമതിക്ക് വിശിഷ്യാ ഗുണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു - തുണിത്തരങ്ങൾ, തുകൽ, രത്നങ്ങൾ, ആഭരണങ്ങൾ തുടങ്ങിയ തൊഴിൽ പ്രാധാന്യമുള്ള മേഖലകൾക്കൊപ്പം, ഇന്ത്യയുടെ പ്രധാന സമുദ്രോത്പന്ന ലക്ഷ്യസ്ഥാനങ്ങളിലൊന്നിൽ രാജ്യത്തിൻറെ സാന്നിധ്യം വർദ്ധിപ്പിക്കുന്നു.
 
നിലവിൽ യുകെയിലേക്കുള്ള ഇന്ത്യയുടെ പ്രധാന സമുദ്രോത്പന്ന കയറ്റുമതിയിൽ വനാമി ചെമ്മീൻ (Litopenaeus vannamei), ശീതീകരിച്ച കണവ, ഞണ്ടുകൾ, ശീതീകരിച്ച ആവോലി, ബ്ലാക്ക് ടൈഗർ ചെമ്മീൻ എന്നിവ ഉൾപ്പെടുന്നു - ഇവയെല്ലാം CETA യുടെ തീരുവരഹിത പ്രവേശനം പ്രയോജനപ്പെടുത്തി കൂടുതൽ വിപണി വിഹിതം നേടുമെന്ന് പ്രതീക്ഷിക്കുന്നു.
 
ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ (CETA) പ്രകാരം, 'എ' എന്ന് രേഖപ്പെടുത്തിയിരിക്കുന്ന യുകെ താരിഫ് ഷെഡ്യൂൾ വിഭാഗങ്ങളിൽ പെടുന്ന എല്ലാ മത്സ്യ, മത്സ്യബന്ധന ഉത്പന്നങ്ങൾക്കും കരാർ പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ 100% തീരുവരഹിത പ്രവേശനം ലഭ്യമാകും.
 
i. HS കോഡ് 03: മത്സ്യം, കവചിത സമുദ്ര ജീവികൾ, കല്ലിന്മേൽ കായ്, മറ്റ് ജല അകശേരു ജീവികൾ (ഉദാ. ചെമ്മീൻ, ട്യൂണ, അയല, മത്തി, കണവ, കട്ടിൽഫിഷ്, ശീതീകരിച്ച ആവോലി, ഞണ്ട്)
 
ii. HS കോഡ് 05: പവിഴപ്പുറ്റ്, കക്ക, ചെമ്മീൻ മുട്ട മുതലായവ.
 
iii. HS കോഡ് 15: മത്സ്യ എണ്ണകളും സമുദ്ര കൊഴുപ്പുകളും
 
iv. HS കോഡ് 1603/1604/1605: പാകം ചെയ്തതോ സംസ്‌ക്കരിച്ചു സൂക്ഷിക്കുന്നതോ ആയ സമുദ്രവിഭവങ്ങൾ, മീന്മുട്ട, സത്ത്, ജ്യൂസുകൾ
 
v. HS കോഡ് 23: ഉണക്കമീൻ, മത്സ്യം, ചെമ്മീൻ തീറ്റ, മൃഗങ്ങളുടെ തീറ്റയിൽ ഉപയോഗിക്കുന്ന അവശിഷ്ടങ്ങൾ
 
vi. HS കോഡ് 95: മത്സ്യബന്ധന ഉപകരണങ്ങൾ (ദണ്ഡുകൾ, കൊളുത്തുകൾ, റീലുകൾ മുതലായവ)
 
 
ഈ ഉത്പന്നങ്ങൾക്ക് മുമ്പ് 0% മുതൽ 21.5% വരെ നികുതി ചുമത്തിയിരുന്നു. ഇപ്പോൾ നികുതി പൂർണ്ണമായും ഒഴിവാക്കിയിരിക്കുന്നു. ഇത് യുകെ വിപണിയിലെ ഇന്ത്യൻ ഉത്പന്നങ്ങളുടെ മത്സരക്ഷമതയെ ഗണ്യമായി മെച്ചപ്പെടുത്തുന്നു. എന്നാൽ, HS 1601 (സോസേജുകളും സമാനമായ ഇനങ്ങളും) പ്രകാരം നിർമ്മിച്ച ഉത്പന്നങ്ങൾ 'U' വിഭാഗത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു. കൂടാതെ മുൻഗണനാ പരിഗണനയും ലഭിക്കുന്നില്ല.
 
2024–25 കാലയളവിൽ ഇന്ത്യയുടെ മൊത്തം സമുദ്രോത്പന്ന കയറ്റുമതി 7.38 ബില്യൺ (₹60,523 കോടി) ഡോളറിലെത്തി. അതായത് 1.78 ദശലക്ഷം മെട്രിക് ടൺ ആയി ഉയർന്നു. ശീതീകരിച്ച ചെമ്മീനാണ് ഏറ്റവും കൂടുതൽ കയറ്റുമതി നടത്തിയ ഉത്പന്നം. വരുമാനത്തിന്റെ 66% അതായത് 4.88 ബില്യൺ ഡോളർ വരുമിത്. യുകെയിലേക്കുള്ള സമുദ്ര കയറ്റുമതിയുടെ മൂല്യം 104 മില്യൺ ഡോളറാണ് (₹879 കോടി). ശീതീകരിച്ച ചെമ്മീൻ മാത്രം 80 മില്യൺ ഡോളർ (77%) സംഭാവന ചെയ്തു. എന്നിരുന്നാലും, യുകെയുടെ 5.4 ബില്യൺ ഡോളറിന്റെ സമുദ്രോത്പന്ന ഇറക്കുമതി വിപണിയിൽ ഇന്ത്യയുടെ പങ്ക് വെറും 2.25% മാത്രമാണ്. CETA നിലവിൽ വന്നതോടെ, വരും വർഷങ്ങളിൽ യുകെയിലേക്കുള്ള സമുദ്രോത്പന്ന കയറ്റുമതിയിൽ 70% വർധനവുണ്ടാകുമെന്ന് വ്യവസായിക കണക്കുകൾ പ്രവചിക്കുന്നു.
 
ഏകദേശം 28 ദശലക്ഷം ഇന്ത്യക്കാരുടെ ഉപജീവനമാർഗ്ഗത്തെ പിന്തുണയ്ക്കുന്ന മത്സ്യബന്ധന മേഖല ആഗോള മത്സ്യ ഉത്പാദനത്തിന്റെ ഏകദേശം 8% സംഭാവന ചെയ്യുന്നു. 2014–15 നും 2024–25 നും ഇടയിൽ, ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി 10.51 ലക്ഷം മെട്രിക് ടണ്ണിൽ നിന്ന് 16.85 ലക്ഷം മെട്രിക് ടണ്ണായി (60% വളർച്ച) ഉയർന്നു. കയറ്റുമതി മൂല്യം ₹33,441.61 കോടിയിൽ നിന്ന് ₹62,408 കോടിയായി (88% വളർച്ച) വർദ്ധിച്ചു. കയറ്റുമതി ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം 100 രാജ്യങ്ങളെന്നതിൽ നിന്ന് 130 രാജ്യങ്ങളിലേക്ക് വളർന്നു, മൂല്യവർദ്ധിത ഉത്പന്ന കയറ്റുമതി മൂന്നിരട്ടിയായി ഉയർന്ന് ₹7,666.38 കോടിയായി. സമുദ്രോത്പന്ന കയറ്റുമതിയിൽ ഇതിനോടകം പ്രധാന പങ്ക് നേടിയിട്ടുള്ള ആന്ധ്രാപ്രദേശ്, കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത് തുടങ്ങിയ തീരദേശ സംസ്ഥാനങ്ങൾക്ക് CETA യിൽ നിന്ന് നേട്ടമുണ്ടാക്കാൻ മികച്ച അവസരങ്ങൾ സംജാതമായിട്ടുണ്ട്. യുകെയിലെ സാനിറ്ററി, ഫൈറ്റോസാനിറ്ററി (SPS) മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള ലക്ഷ്യവേധിയായ ശ്രമങ്ങളിലൂടെ, ഈ സംസ്ഥാനങ്ങൾക്ക് കയറ്റുമതി കൂടുതൽ വിപുലീകരിക്കാനും അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ പാലനം മെച്ചപ്പെടുത്താനും കഴിയും.
 
ഉന്നത നിലവാരമുള്ള ഉത്പന്നങ്ങളുടെ വിപണിയിലേക്ക് തീരുവ രഹിത പ്രവേശനം വാഗ്ദാനം ചെയ്യുന്നതിലൂടെ മാത്രമല്ല, തീരദേശ ജീവിതനിലവാരം ഉയർത്തുന്നതിലൂടെയും, വ്യവസായിക വരുമാനം വർദ്ധിപ്പിക്കുന്നതിലൂടെയും, ഉന്നത നിലവാരമുള്ളതും സുസ്ഥിരവുമായ സമുദ്രോത്പന്നങ്ങളുടെ വിശ്വസനീയമായ വിതരണക്കാർ എന്ന നിലയിലുള്ള ഇന്ത്യയുടെ പ്രശസ്തി ശക്തിപ്പെടുത്തുന്നതിലൂടെയും ഇന്ത്യ–യുകെ CETA ഇന്ത്യൻ മത്സ്യബന്ധന മേഖലയെ സംബന്ധിച്ചിടത്തോളം ഒരു വഴിത്തിരിവായി കണക്കാക്കപ്പെടുന്നു. മത്സ്യത്തൊഴിലാളികൾക്കും, സംസ്ക്കരണ സംരംഭങ്ങൾക്കും, കയറ്റുമതി സ്ഥാപനങ്ങൾക്കും വൻകിട ആഗോള വേദിയിലേക്ക് ചുവടുവെക്കാനുള്ള സവിശേഷ അവസരമാണിത്. സുസ്ഥിര സമുദ്ര വ്യാപാരത്തിൽ ആഗോള നേതൃത്വത്തിലേക്ക് ഉയരുക എന്ന ഇന്ത്യയുടെ വിശാലമായ ലക്ഷ്യത്തിന് ഈ കരാർ അർത്ഥവത്തായ സംഭാവനകൾ നൽകുന്നു.
 
യുകെയുമായുള്ള FTA ൽ നിന്ന് - അതായത് യുണൈറ്റഡ് കിംഗ്ഡം–വിയറ്റ്നാം സ്വതന്ത്ര വ്യാപാര കരാർ -UK-VFTA, യുകെ–സിംഗപ്പൂർ സ്വതന്ത്ര വ്യാപാര കരാർ -UK-SFTA എന്നിവയിൽ നിന്ന് - കൂടുതൽ പ്രയോജനം നേടുന്ന വിയറ്റ്നാം, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യൻ സമുദ്രവിഭവങ്ങൾ ഇപ്പോൾ മത്സരിക്കുന്നുണ്ട്. പുതിയ കരാർ നിലവിൽ വന്നതോടെ മത്സരരംഗത്ത് സംതുലിതാവസ്ഥ സൃഷ്ടിക്കപ്പെടുകയും, ചെമ്മീൻ, മൂല്യവർധിത വസ്തുക്കൾ അടക്കമുള്ള ഉന്നത മൂല്യമുള്ള ഉത്പന്നങ്ങളുടെ കാര്യത്തിൽ ഇന്ത്യൻ കയറ്റുമതി സംരംഭകർ മുമ്പ് നേരിട്ടിരുന്ന നികുതി പരിമിതികൾ ഇല്ലാതാവുകയും ചെയ്യും. ഇന്ത്യയുടെ വിപുലമായ ഉത്പാദന ശേഷി, വൈദഗ്ധ്യമുള്ള മാനവവിഭവശേഷി, മെച്ചപ്പെട്ട കണ്ടെത്തൽ സംവിധാനങ്ങൾ എന്നിവയിലൂടെ, യുകെ വിപണിയുടെ വലിയൊരു പങ്ക് പിടിച്ചെടുക്കാനും യുഎസ്, ചൈന പോലുള്ള പരമ്പരാഗത പങ്കാളികൾക്ക് അപ്പുറത്തേക്ക് വൈവിധ്യവത്കരിക്കാനും CETA ഇന്ത്യൻ കയറ്റുമതി സംരംഭകരെ പ്രാപ്തരാക്കുന്നു.
 
 
****
 

(Release ID: 2148851)