പഞ്ചായത്തീരാജ് മന്ത്രാലയം
ആഗോള വേദിയിൽ ഉജ്വല വിജയവുമായി "മേരി പഞ്ചായത്ത്" ആപ്പ്; സ്വിറ്റ്സർലൻഡിലെ ജനീവയിൽ 2025 ലെ WSIS ചാമ്പ്യൻ പുരസ്കാരം നേടി
"മേരി പഞ്ചായത്ത്- പൗര കേന്ദ്രീകൃത ഭരണം മെച്ചപ്പെടുത്തുന്നു; "വിജ്ഞാന വിടവ് പരിഹരിക്കുന്നതിനുള്ള പ്രധാന ഡിജിറ്റൽ സംവിധാനങ്ങൾ" : കേന്ദ്രമന്ത്രി ശ്രീ രാജീവ് രഞ്ജൻ സിംഗ്
Posted On:
21 JUL 2025 6:42PM by PIB Thiruvananthpuram
പരിവർത്തനാത്മക മൊബൈൽ ആപ്ലിക്കേഷനായ "മേരി പഞ്ചായത്ത്", പ്രശസ്തമായ വേൾഡ് സമ്മിറ്റ് ഓൺ ദി ഇൻഫർമേഷൻ സൊസൈറ്റി (WSIS) യുടെ 2025 ലെ ചാമ്പ്യൻ പുരസ്കാരം നേടി അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടു. 'പ്രവർത്തന വിഭാഗം: സാംസ്കാരിക വൈവിധ്യവും സ്വത്വവും, ഭാഷാ വൈവിധ്യവും, പ്രാദേശിക ഉള്ളടക്കവും' എന്ന വിഭാഗത്തിലാണ് ഈ ആപ്പ് പുരസ്കാരത്തിന് അർഹമായത്.WSIS സംരംഭത്തിന്റെ ഭാഗമായി ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ (ITU) സംഘടിപ്പിച്ച WSIS+20 ഉന്നതതല പരിപാടി 2025 ലാണ് ഈ ബഹുമതി ലഭിച്ചത്. ഇന്ത്യയുടെ ഡിജിറ്റൽ ഭരണ മാതൃകയുടെ ആഗോള മികവിന് തെളിവായി 'മേരി പഞ്ചായത്തിന്' ലഭിച്ച ഈ പുരസ്കാര നേട്ടം അടയാളപ്പെടുത്തപ്പെട്ടു. ഇന്ന് ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ WSIS ചാമ്പ്യൻ സർട്ടിഫിക്കറ്റ് കേന്ദ്ര പഞ്ചായത്തിരാജ് മന്ത്രി ശ്രീ രാജീവ് രഞ്ജൻ സിംഗ് അഥവാ ലാലൻ സിങ്ങിന് ഔദ്യോഗികമായി സമ്മാനിച്ചു. ചടങ്ങിൽ പഞ്ചായത്തിരാജ് സഹമന്ത്രി പ്രൊഫ. എസ്. പി. സിംഗ് ബാഗേൽ, പഞ്ചായത്തീരാജ് മന്ത്രാലയം സെക്രട്ടറി ശ്രീ വിവേക് ഭരദ്വാജ്, മന്ത്രാലയത്തിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ഡിജിറ്റൽ മാർഗങ്ങളിലൂടെ പൗരകേന്ദ്രീകൃത ഭരണം സുഗമമാക്കാൻ സഹായിച്ച 'മേരി പഞ്ചായത്ത്' സംരംഭത്തെ കേന്ദ്രമന്ത്രി ശ്രീ രാജീവ് രഞ്ജൻ സിംഗ് അഭിനന്ദിച്ചു. സുതാര്യത വർദ്ധിപ്പിക്കുന്നതിനും പങ്കാളിത്ത ജനാധിപത്യം പ്രോത്സാഹിപ്പിക്കുന്നതിനും താഴെത്തട്ടിലെ വിവര-വിജ്ഞാന വിടവ് നികത്തുന്നതിനും ഇത്തരം ഡിജിറ്റൽ സംവിധാനങ്ങൾ കൂടുതൽ പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം പ്രത്യേകം പരാമർശിച്ചു
2025 ജൂലൈ 7 മുതൽ 11 വരെ സ്വിറ്റ്സർലൻഡിലെ ജനീവയിലാണ് വിവര വിജ്ഞാന സമൂഹങ്ങളുടെ ലോക ഉച്ചകോടി /വേൾഡ് സമ്മിറ്റ് ഓൺ ദി ഇൻഫർമേഷൻ സൊസൈറ്റി (WSIS)+20 ഉന്നതതല പരിപാടി -2025 നടന്നത്. WSIS ഫോറം 2025 എന്നും അറിയപ്പെടുന്ന ഈ പരിപാടിയ്ക്ക് ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ (ITU), സ്വിസ് കോൺഫെഡറേഷൻ എന്നിവ സംയുക്തമായി ആതിഥേയത്വം വഹിച്ചു. ഐ ടി യു , യുനെസ്കോ, യു എൻ ഡി പി , യു എൻ സി ടി എ ഡി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. WSIS ആരംഭിച്ച് ഇരുപത് വർഷം പൂർത്തിയാകുന്ന അവസരത്തിൽ ഈ സംരംഭത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനും, ഉയർന്നുവരുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനും, എല്ലാവരെയും ഉൾക്കൊള്ളുന്ന വിവര സമൂഹങ്ങൾക്കായി ഭാവി പരിപാടികൾ രൂപപ്പെടുത്തുന്നതിനുമുള്ള ഒരു ആഗോള വേദിയാണിത്. ജൂലൈ 10 ന് ജനീവയിൽ നടന്ന WSIS+20 ഉന്നതതല പരിപാടി 2025 ൽ കേന്ദ്ര ഗവൺമെന്റിന് വേണ്ടി പഞ്ചായത്തീരാാജ് മന്ത്രാലയത്തിന്റെ എൻ ഐ സി സീനിയർ ഡയറക്ടർ Ms സുനിത ജെയിൻ, "മേരി പഞ്ചായത്ത്" ആപ്പിന് ലഭിച്ച അഭിമാനകരമായ ചാമ്പ്യൻ പുരസ്കാരം ഏറ്റുവാങ്ങി.
മേരി പഞ്ചായത്ത് ആപ്പിനെക്കുറിച്ച്:
"മേരി പഞ്ചായത്ത് ആപ്പ് - ഇന്ത്യയിലെ പഞ്ചായത്തുകൾക്കായുള്ള എം-ഗവേണൻസ് പ്ലാറ്റ്‌ഫോം"- രാജ്യത്തെ 2.65 ലക്ഷം ഗ്രാമപഞ്ചായത്തുകളിലുടനീളമുള്ള 25 ലക്ഷത്തിലധികം തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെയും ഏകദേശം 950 ദശലക്ഷം ഗ്രാമീണരെയും ശാക്തീകരിക്കുന്നു.ഇത് ഡിജിറ്റൽ ഉൾപ്പെടുത്തലിലൂടെയും സുതാര്യതയിലൂടെയും ഗ്രാമീണ മേഖലയിലെ ഭരണ സംവിധാനത്തെ പരിവർത്തനം ചെയ്യുന്നു. പഞ്ചായത്തിരാജ് മന്ത്രാലയത്തിന്റെയും ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിന്റെയും (എൻഐസി) ഒരു സംയുക്ത സംരംഭമാണിത്.
മേരി പഞ്ചായത്ത് ആപ്പ് വഴി, പൗരന്മാർക്ക് അവരുടെ മൊബൈൽ ഫോണുകളിൽ വിവിധ വിവരങ്ങൾ സുഗമമായി ലഭിക്കും:
•തത്സമയ പഞ്ചായത്ത് ബജറ്റുകൾ, രസീതുകൾ, പേയ്‌മെന്റുകൾ, വികസന പദ്ധതികൾ
•തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെയും പ്രവർത്തകരുടെയും വിശദാംശങ്ങൾ
• പഞ്ചായത്തിലെ പൊതു അടിസ്ഥാന സൗകര്യങ്ങളെയും പൗര സേവനങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ
•ഗ്രാമ പഞ്ചായത്ത് വികസന പദ്ധതികൾ (GPDP-കൾ) കൂടാതെ പദ്ധതി നിർദ്ദേശങ്ങൾ കണ്ടെത്തൽ
•ഗ്രാമ പഞ്ചായത്ത് തലത്തിൽ കാലാവസ്ഥാ പ്രവചനം
•ജിയോ-ടാഗ് ചെയ്‌തതും ജിയോ-ഫെൻസ് ചെയ്‌തതുമായ സവിശേഷതകളുള്ള സോഷ്യൽ ഓഡിറ്റ് സംവിധാനങ്ങൾ, ഫണ്ട് വിനിയോഗ ഡാറ്റ, പരാതി പരിഹാരം എന്നിവ
• എല്ലാവരെയും ഉൾക്കൊള്ളുന്നുവെന്ന് ഉറപ്പാക്കാൻ 12 ലധികം ഇന്ത്യൻ ഭാഷകളെ പിന്തുണയ്ക്കുന്ന ബഹുഭാഷാ ഇന്റർഫേസ്
പുതിയ പദ്ധതികൾ നിർദ്ദേശിക്കാനും, നടപ്പിലാക്കിയ പ്രവൃത്തികൾ അവലോകനം ചെയ്യാനും, മൂല്യനിർണയം നടത്താനും, ഗ്രാമസഭ അജണ്ടകളും തീരുമാനങ്ങളും ലഭിക്കാനും ഈ ആപ്പ് പൗരന്മാരെ പ്രാപ്തരാക്കുന്നു. അതുവഴി പങ്കാളിത്ത ജനാധിപത്യവും ഭരണ പ്രവർത്തനങ്ങളിൽ പൗരന്മാരുടെ ഇടപെടലും ശക്തിപ്പെടുത്തുന്നു.
(Release ID: 2146667)