വാണിജ്യ വ്യവസായ മന്ത്രാലയം
വിദേശത്തുള്ള ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിലെ വാണിജ്യ വിഭാഗം മേധാവിമാരുമായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ സംവദിച്ചു
Posted On:
17 JUL 2025 8:35PM by PIB Thiruvananthpuram
ഇന്ത്യയുടെ ആഗോള വ്യാപാര, വാണിജ്യ വിനിമയ തന്ത്രം അവലോകനം ചെയ്യുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ 2025 ജൂലൈ 16-ന് 61 രാജ്യങ്ങളിലുള്ള 74 ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിലെ വാണിജ്യ വിഭാഗം മേധാവിമാരുമായി വീഡിയോ കോൺഫറൻസിംഗിലൂടെ സംവദിച്ചു.
യോഗത്തിൽ സംബന്ധിച്ച പ്രധാന ഇന്ത്യൻ നയതന്ത്ര മിഷനുകൾ, വ്യാപാര പ്രോത്സാഹന പ്രവർത്തനങ്ങൾ, വിപണി പ്രവേശനത്തിലെ വെല്ലുവിളികൾ, മേഖലാ സവിശേഷതകൾ എന്നിവ സംബന്ധിച്ച വിശദമായ അവതരണങ്ങൾ നടത്തി. ഇന്ത്യയുടെ വാണിജ്യ, സാമ്പത്തിക നയതന്ത്രത്തിലെ പ്രഥമ സമ്പർക്ക കേന്ദ്രമായി മിഷനുകളെ അംഗീകരിച്ച മന്ത്രി, ഇന്ത്യൻ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിലും ആതിഥേയ രാജ്യങ്ങളുമായി ശക്തമായ വ്യാപാര വിനിമയം സാധ്യമാക്കുന്നതിലും അവരുടെ ഉത്തരവാദിത്തം അടിവരയിട്ടു വ്യക്തമാക്കി.
തന്റെ പ്രസംഗത്തിൽ, മന്ത്രി ഇനിപ്പറയുന്ന കാര്യങ്ങളുടെ ആവശ്യകത ഊന്നിപ്പറഞ്ഞു:
- വിപണി പ്രവണതകൾ, മേഖലാ സംഭവവികാസങ്ങൾ, നിയന്ത്രണ ചട്ടക്കൂടുകൾ എന്നിവ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ ഉൾപ്പെടെ, ഭാവിസജ്ജമായി പ്രവർത്തിക്കുന്ന വ്യാപാര ഇന്റലിജൻസ് ശേഖരണം.
- വ്യാപാര പ്രോത്സാഹനത്തിലും ഇന്ത്യയിലേക്ക് നിക്ഷേപം ആകർഷിക്കുന്നതിലും ഗുണഫലങ്ങൾ ഉളവാക്കിയ നൂതന തന്ത്രങ്ങളുടെയും മികച്ച രീതികളുടെയും പങ്കിടൽ.
- രാജ്യത്തിന്റെ വളർച്ചയുടെ സ്തംഭങ്ങളായി ആദരണീയ പ്രധാനമന്ത്രി ഉദ്ധരിച്ച നിക്ഷേപം, വ്യാപാരം, വിനോദസഞ്ചാരം, സാങ്കേതികവിദ്യ എന്നീ 4 KPI-കളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
- ഇന്ത്യൻ കയറ്റുമതി സ്ഥാപനങ്ങൾ നേരിടുന്ന ആവശ്യകതാ -വിതരണ അന്തരങ്ങളും അവസരങ്ങളും തിരിച്ചറിയുന്നതിനുള്ള വ്യാപാര മാർഗ്ഗനിർദ്ദേശങ്ങളുടെ പതിവ് പ്രചരണം.
- തീരുവ ഇതര തടസ്സങ്ങൾ (NTBs), സാനിറ്ററി, ഫൈറ്റോസാനിറ്ററി നടപടികൾ (SPS), വ്യാപാരത്തിലേക്കുള്ള സാങ്കേതിക തടസ്സങ്ങൾ (TBT) എന്നിവയുൾപ്പെടെയുള്ള വിപണി പ്രവേശന തടസ്സങ്ങൾ പരിഹരിക്കുന്നതിനുള്ള തന്ത്രപരമായ ഇടപെടലുകൾ.
- ഡാറ്റാധിഷ്ഠിത ആസൂത്രണത്തിലൂടെയും DGFT ട്രേഡ് കണക്ട് പോർട്ടൽ പോലുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ ഫലപ്രദമായ ഉപയോഗത്തിലൂടെയും മിഷനുകളും വാണിജ്യ വകുപ്പും തമ്മിലുള്ള മെച്ചപ്പെട്ട സഹകരണം.
- ലോക വ്യാപാര സംഘടന (WTO) പോലുള്ള ബഹുമുഖ വേദികളിൽ, കൃഷി, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള സർക്കാർ സംഭരണം, മത്സ്യബന്ധന സബ്‌സിഡികൾ തുടങ്ങി പ്രധാന മേഖലകളിലെ ഇന്ത്യയുടെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള സഹകരണ ഉദ്യമങ്ങൾ.
- മതിയായ വിഭവങ്ങളുടെ ആവശ്യകത, വാണിജ്യ വിഭാഗം ഉദ്യോഗസ്ഥരുടെ കാര്യക്ഷമമായ നിയമനം, മെയ്ക്ക് ഇൻ ഇന്ത്യ, ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതികൾക്ക് (Production Linked Incentive -PLI) കീഴിലുള്ള സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിൽ മെച്ചപ്പെട്ട ഏകോപനം എന്നിവ ഉൾപ്പെടെയുള്ള പ്രവർത്തനപരമായ വെല്ലുവിളികളും ലോജിസ്റ്റിക്കൽ വെല്ലുവിളികളും യോഗം പരിഗണിച്ചു.
- ആഗോള കയറ്റുമതി കേന്ദ്രമായി മാറുക എന്ന രാജ്യത്തിന്റെ അഭിലാഷം കൈവരിക്കുന്നതിന് കയറ്റുമതി പ്രോത്സാഹന കൗൺസിലുകൾ (Export Promotion Councils -EPCs), ഇന്ത്യൻ വ്യവസായ പങ്കാളികൾ എന്നിവയുമായി മിഷനുകൾ കൂടുതൽ സഹകരിച്ച് പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു.
ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിലെ വാണിജ്യ വിഭാഗം മേധാവിമാരുമായുള്ള മന്ത്രിയുടെ ആശയവിനിമയത്തിന് മുന്നോടിയായി, 2047 ലെ ദർശന ലക്ഷ്യം കൈവരിക്കുന്നതിന് ഇന്ത്യൻ കയറ്റുമതിയുടെയും ഇന്ത്യയിലെ നിക്ഷേപത്തിന്റെയും സമഗ്ര വളർച്ചയിൽ വിദേശത്തുള്ള ഇന്ത്യൻ മിഷനുകളുടെ നിർണായക പങ്ക് ഊന്നിപ്പറഞ്ഞു കൊണ്ടാണ് വാണിജ്യ സെക്രട്ടറി ആശയവിനിമയത്തിന് തുടക്കമിട്ടത്.
****
(Release ID: 2145699)