ന്യൂനപക്ഷകാര്യ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര ന്യൂനപക്ഷസഹമന്ത്രി ശ്രീ ജോർജ് കുര്യൻ പിഎം വികാസിനു കീഴിലുള്ള നൈപുണ്യപരിശീലന-വനിത സംരംഭകത്വ വികസനപദ്ധതി കോട്ടയം IIIT-യിൽ ഉദ്ഘാടനം ചെയ്യും

പോസ്റ്റഡ് ഓണ്‍: 15 JUL 2025 7:08PM by PIB Thiruvananthpuram

കേന്ദ്ര ന്യൂനപക്ഷ-മത്സ്യബന്ധന-മൃഗസംരക്ഷണ-ക്ഷീരവികസന സഹമന്ത്രി ശ്രീ ജോർജ് കുര്യൻ ‘പ്രധാൻ മന്ത്രി വിരാസത് കാ സംവർധൻ’ (പിഎം വികാസ്) പദ്ധതിക്കു കീഴിലുള്ള നൈപുണ്യപരിശീലന-വനിത സംരംഭകത്വ വികസന പദ്ധതി ഉദ്ഘാടനം ചെയ്യും. 2025 ജൂലൈ 17നു കോട്ടയത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (IIIT)യിലാണു പരിപാടി.

പിഎം വികാസ് പദ്ധതിയുടെ ഭാഗമായി, കേരളത്തിലെ ന്യൂനപക്ഷസമുദായങ്ങളിലെ 450 ഉദ്യോഗാർഥികൾക്കുള്ള പരിശീലനപദ്ധതി ഏറ്റെടുക്കാനുള്ള ചുമതല കോട്ടയം IIIT-യെ ന്യൂനപക്ഷമന്ത്രാലയം ഏൽപ്പിച്ചിട്ടുണ്ട്. പിഎം വികാസ് പദ്ധതിയുടെ ലക്ഷ്യങ്ങൾക്കനുസൃതമായി, ഭാവിയിൽ ഉപയോഗപ്പെടുത്താനാകുന്ന കഴിവുകളും സംരംഭക കഴിവുകളും പ്രദാനംചെയ്യുന്നതിനു രൂപകൽപ്പന ചെയ്തിതാണ് ഈ പദ്ധതി.

ഈ സംരംഭത്തിന്റെ ഭാഗമായി:

·     150 യുവാക്കൾക്ക് ഇന്റർനെറ്റ് ഓഫ് തിങ്സ് (IoT) എന്ന ഉയർന്ന തൊഴിൽസാധ്യതയുള്ള പുതിയ സാങ്കേതിക മേഖലയിൽ പരിശീലനം നൽകും.

·     സ്വന്തം സംരംഭങ്ങൾ ആരംഭിക്കാൻ പ്രാപ്തരാക്കുന്നതു ലക്ഷ്യമിട്ട്, 300 സ്ത്രീകൾക്കു നേതൃത്വ-സംരംഭകത്വ വികസന പരിപാടി സംഘടിപ്പിക്കും.

പരിശീലന കാലയളവില്‍ എല്ലാ ഉദ്യോഗാർത്ഥികൾക്കും പരിശീലനകാലവേതനം ലഭിക്കും. പരിശീലനത്തിനുശേഷം, തൊഴിലവസരങ്ങളിലേക്കും സ്വയംതൊഴിലിലേക്കും പ്രവേശനം ഉറപ്പാക്കാൻ വ്യവസായബന്ധങ്ങൾവഴി പിന്തുണ നൽകും.

കോട്ടയം IIIT-യിൽ നടക്കുന്ന ഉദ്ഘാടനം, ധാരണാപത്രം ഒപ്പിടൽ ചടങ്ങുകളിൽ മന്ത്രാലയത്തിലെയും കോട്ടയം IIIT-യിലെയും ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുക്കും. സാങ്കേതികവിദ്യ, നവീകരണം, ആശയഉത്ഭവം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ പ്രശസ്തമായ IIIT കോട്ടയമാണ് ഈ പദ്ധതിക്കു കീഴിലുള്ള പങ്കാളികൾക്കു പരിശീലനവും മാർഗനിർദേശപിന്തുണയും നൽകുന്ന നിർവഹണ സ്ഥാപനം.

ഇന്ത്യയിലെ വിജ്ഞാപനം ചെയ്യപ്പെട്ട ആറു ന്യൂനപക്ഷസമൂഹങ്ങളുടെ സാമൂഹ്യ-സാമ്പത്തിക വികസനത്തിനു പിന്തുണയേകാൻ മന്ത്രാലയത്തിന്റെ മുൻകാല നൈപുണ്യ-വിദ്യാഭ്യാസ സംരംഭങ്ങളെ ഏകീകൃത സംവിധാനത്തിലേക്കു സംയോജിപ്പിക്കുന്ന ഒന്നാണു പിഎം വികാസ്. പിഎം വികാസിനുകീഴിൽ രാജ്യത്തുടനീളം നടപ്പാക്കുന്ന നിരവധി സംരംഭങ്ങളിൽ ഒന്നാണു കോട്ടയത്തേത്.

 

-NK-


( റിലീസ് ഐ.ഡി: 2145038) സന്ദര്‍ശക കൗണ്ടര്‍ : 13
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी