യുവജനകാര്യ, കായിക മന്ത്രാലയം
ലഹരിക്കെതിരായ പോരാട്ടത്തിൽ കായിക വിനോദങ്ങൾക്ക് വലിയ പങ്ക് : കേന്ദ്ര സഹമന്ത്രി ശ്രീമതി രക്ഷാ നിഖിൽ ഖഡ്സെ
സായി എൽഎൻസിപിഇയിലെ പുതിയ മെഡിക്കൽ സെന്റർ കേന്ദ്ര സഹമന്ത്രി ഉദ്ഘാടനം ചെയ്തു
Posted On:
10 JUL 2025 6:06PM by PIB Thiruvananthpuram

കായിക വിനോദങ്ങൾ കുട്ടികളെ ലഹരി ആസക്തിയിൽ നിന്നും, വിഷാദം പോലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളിൽ നിന്നും രക്ഷിക്കുമെന്ന് കേന്ദ്ര യുവജനകാര്യ & കായിക സഹമന്ത്രി ശ്രീമതി രക്ഷാ നിഖിൽ ഖഡ്സെ. തിരുവനന്തപുരം കാര്യവട്ടത്തുള്ള സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ - ലക്ഷ്മിഭായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷനിലെ പുതിയ മെഡിക്കൽ സെന്ററിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു കേന്ദ്ര സഹമന്ത്രി. യുവതലമുറയുടെ ശാരീരികവും മാനസികവുമായ ക്ഷമതയ്ക്കും ഏറ്റവും പ്രധാനമാണ് സ്പോർട്സെന്നും അവർ കൂട്ടിച്ചേർത്തു. രാജ്യത്തെ എല്ലാ വീട്ടിലും കായിക സംസ്കാരം വളർത്തുക എന്നത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദർശനമാണെന്നും അവർ പറഞ്ഞു. പരിശീലകരും കായിക താരങ്ങളും ഈ കായിക സംസ്കാരം വളർത്തിയെടുക്കാൻ പ്രവർത്തിക്കണമെന്നും കേന്ദ്ര സഹമന്ത്രി അഭ്യർത്ഥിച്ചു. ലോകത്തിലെ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളോടെ അത്‌ലറ്റുകളെ പരിശീലിപ്പിക്കുന്നതിനുള്ള ഏറ്റവും മികച്ച സ്ഥാപനമാണ് സായ്. രാജ്യത്തെ കായിക താരങ്ങൾക്കായി മികച്ച അടിസ്ഥാന സൗകര്യങ്ങൾ, ഭക്ഷണക്രമം, പരിശീലകർ എന്നിവ ടോപ്സ് പദ്ധതിയിലൂടെ നൽകുന്നു. തിരുവനന്തപുരത്തെ സായി കേന്ദ്രവും മികച്ച കായിക താരങ്ങളെ വാർത്തെടുത്തിട്ടുണ്ടെന്നും കേന്ദ്ര സഹമന്ത്രി എടുത്തുപറഞ്ഞു. വികസിത ഭാരതത്തിന്റെ ഒരു പ്രധാന ഘടകമാണ് സ്പോർട്സ്. കായിക വിനോദങ്ങളിലൂടെ നമുക്ക് നമ്മുടെ രാജ്യത്തെയും യുവ ജനങ്ങളെയും പുരോഗതിയിലേക്ക് നയിക്കാനും സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവന നൽകാൻ കഴിയുമെന്നും കേന്ദ്ര സഹമന്ത്രി വ്യക്തമാക്കി. താഴെ തട്ടിൽ നിന്ന് കായിക പ്രതിഭകളെ കണ്ടെത്തുന്നതിനായി ഖേലോ ഭാരത് അടക്കമുള്ള പദ്ധതികൾ നടപ്പിലാകുന്നുണ്ട്. കായികതാരങ്ങൾക്കും പരിശീലകർക്കും ഒപ്പമാണ് ഇന്ത്യാ ഗവൺമെന്റെന്നും കേന്ദ്ര സഹമന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസത്തിലും, അച്ചടക്കത്തിലും കേരളം സൃഷ്ടിച്ച മാതൃകയെ കേന്ദ്ര സഹമന്ത്രി പ്രശംസിച്ചു. സോഫ്റ്റ് പവറിന്റെ രൂപത്തിൽ കായിക വിനോദങ്ങൾ ഇന്ത്യയെ ആഗോളതലത്തിൽ മുൻപന്തിയിലേക്ക് ഉയർത്തുമെന്നും, പുതിയ ദേശീയ കായിക നയം ഇന്ത്യയെ ലോകത്തിന് മുന്നിൽ കായിക ശക്തി കേന്ദ്രമാക്കുമെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു. പുതിയ മെഡിക്കൽ സെന്റർ കെട്ടിടത്തിന്റെ ശിലാഫലകം കേന്ദ്ര സഹമന്ത്രി അനാച്ഛാദനം ചെയ്തു. പുതിയ സൗകര്യങ്ങൾ ശ്രീമതി രക്ഷാ ഖഡ്സെ വിലയിരുത്തി. തുടർന്ന് മികച്ച കായികതാരങ്ങൾ, പരിശീലകർ, ഫാക്കൽറ്റി എന്നിവരെ കേന്ദ്ര സഹമന്ത്രി ആദരിച്ചു. തുടർന്ന് ക്യാമ്പസ് പരിസരത്ത് ശ്രീമതി രക്ഷാ ഖഡ്സെ വൃക്ഷത്തൈയും നട്ടു.മുൻ വോളിബോൾ താരം എസ് ഗോപിനാഥ് ഐപിഎസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സായി ആർസി എൽഎൻസിപിഇ പ്രിൻസിപ്പൽ & റീജിയണൽ ഹെഡ് ഡോ. ജി. കിഷോർ സ്വാഗതം ആശംസിച്ചു. സായി ഡയറക്ടർ ദണ്ഡപാണി പുതിയ മെഡിക്കൽ സെൻ്ററിൻ്റെ നിർമ്മാണ റിപ്പോർട്ട് അവതരിപ്പിച്ചു. സായി ഡയറക്ടർ എൻ എസ് രവി നന്ദി പറഞ്ഞു. അർജുന അവാർഡ് ജേതാക്കളായ ശ്രീമതി, എസ് ഓമനകുമാരി ,ക്യാപ്റ്റൻ സജി തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കളരിപ്പയറ്റ്, തായ്‌ക്വോണ്ടോ, യോഗ, വോളിബോൾ എന്നിവയുടെ പ്രദർശനവും നടന്നു. പരിശീലകരും അധ്യാപകരും, സ്പോർട്സ് സയൻസ് വിദഗ്ധരുമായും കേന്ദ്ര സഹമന്ത്രി സംവദിച്ചു. തിരുവനന്തപുരത്തെ ഗോൾഫ് ക്ലബും ശ്രീമതി രക്ഷാ നിഖിൽ ഖഡ്സെ സന്ദർശിച്ചു.



***
NK
(Release ID: 2143829)
Visitor Counter : 3