ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ജഡ്ജിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഭരണഘടനാപരമായ പരിഹാരങ്ങൾ മാത്രം മതിയാകില്ല; കണ്ടെത്തിയ പണത്തിന്റെ ഉറവിടം ഏതാണ്? അത് ആരുടേതായിരുന്നു? - ഉപരാഷ്ട്രപതി

ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ഞാൻ പൂർണ്ണമായും പിന്തുണയ്ക്കുന്നു; എന്നാൽ സ്വന്തം സ്ഥാപനങ്ങൾക്കുള്ളിലെ അസുഖകരമായ സത്യങ്ങളെ നേരിടാൻ നമുക്ക് ധൈര്യമുണ്ടാകണം-ഉപരാഷ്ട്രപതി

ജഡ്ജിമാർക്ക് വിരമിച്ച ശേഷം ലഭിക്കുന്ന പദവികൾ ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ഗുരുതരമായി ബാധിക്കും -ഉപരാഷ്ട്രപതി

ഭരണഘടന സംരക്ഷിക്കാനും പരിപാലിക്കാനും പ്രതിരോധിക്കാനും പ്രതിജ്ഞയെടുക്കുന്ന ഭരണഘടനാ പദവികൾ മാത്രമാണ് രാഷ്ട്രപതിയും ഗവർണറും-ഉപരാഷ്ട്രപതി

നൂറുകണക്കിന്, ആയിരക്കണക്കിന് ആളുകൾ ജയിലിൽ കഴിഞ്ഞിരുന്ന കാലഘട്ടത്തിലാണ് നമ്മുടെ ഭരണഘടനയുടെ ആമുഖത്തിൽ മാറ്റം വരുത്തിയത് - ഉപരാഷ്ട്രപതി

ഉപരാഷ്ട്രപതി ശ്രീ ജഗദീപ് ധൻഖർ ഇന്ന് നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ് ലീഗൽ സ്റ്റഡീസിലെ (NUALS) വിദ്യാർത്ഥികളുമായും അധ്യാപകരുമായും സംവദിച്ചു

Posted On: 07 JUL 2025 3:10PM by PIB Thiruvananthpuram

" ജഡ്ജിയുമായി ബന്ധപ്പെട്ട് ഉയരുന്ന വിഷയങ്ങളിലുള്ള പരിഹാരങ്ങൾക്കായി ഭരണഘടനാ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ, ഭരണഘടന മുന്നോട്ടു വയ്ക്കുന്ന സംവിധാനങ്ങളുമായി മുന്നോട്ട് പോകുകയെന്നത് ഒരു പോംവഴിയാണ്, പക്ഷേ അത് മാത്രമല്ല പരിഹാരം. നമ്മുടേത് ഒരു ജനാധിപത്യമാണെന്നാണ് നാം അവകാശപ്പെടുന്നു. നിയമവാഴ്ചയും നിയമത്തിന് മുന്നിൽ തുല്യതയും ഉറപ്പാക്കേണ്ട പക്വമായ ജനാധിപത്യമായാണ് ലോകം നമ്മെ വീക്ഷിക്കുന്നത്. അതായത് എല്ലാ കുറ്റകൃത്യങ്ങളും അന്വേഷിക്കപ്പെടണം എന്ന് പ്രതീക്ഷിക്കുന്നു. വലിയ തോതിൽ പണം കണ്ടെത്തപ്പെടുകയാണെങ്കിൽ, അത് വലിയ തുകയാണെങ്കിൽ, നാം ഉറവിടം കണ്ടെത്തണം. അത് കളങ്കിതമായ പണമാണോ? ഈ പണത്തിന്റെ ഉറവിടം ഏതാണ്? ഒരു ജഡ്ജിയുടെ ഔദ്യോഗിക വസതിയിൽ അത് സൂക്ഷിക്കാനിടയാതെങ്ങനെ? അത് ആരുടേതായിരുന്നു? ഈ പ്രക്രിയയ്ക്കിടെ ശിക്ഷാ വിധിയ്ക്കുള്ള വ്യവസ്ഥകൾ ലംഘിക്കപ്പെടുന്നതെങ്ങനെ. ഒരു എഫ്‌ഐആർ രജിസ്റ്റർ ചെയ്യുമെന്ന് ഞാൻ ഇപ്പോഴും പ്രതീക്ഷിക്കുന്നു. ജനാധിപത്യത്തിൽ അത് പ്രധാനമായതിനാൽ നാം വിഷയത്തിന്റെ വേരുകളിലേക്ക് കടക്കണം. കാരണം നമ്മുടെ നീതിന്യായ വ്യവസ്ഥയിൽ അചഞ്ചലമായ വിശ്വാസം നിലനിൽക്കുന്നു. പക്ഷെ അതിന്റെ അടിത്തറ ഇളകിയിരിക്കുന്നു. ഈ സംഭവം കാരണം കോട്ട ആടിയുലയുകയാണ്.

നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ് ലീഗൽ സ്റ്റഡീസിലെ (NUALS) വിദ്യാർത്ഥികളുമായും അധ്യാപകരുമായും ഇന്ന് സംവദിക്കവേ, ഷേക്സ്പിയറിന്റെ പ്രശസ്തമായ "ജൂലിയസ് സീസർ" നാടകം പരാമർശിച്ചുകൊണ്ട് ശ്രീ ധൻഖർ പറഞ്ഞു, “എന്റെ യുവ സുഹൃത്തുക്കളേ, നിങ്ങൾ ഐഡ്‌സ് ഓഫ് മാർച്ച്-നെക്കുറിച്ച്  കേട്ടിട്ടുണ്ടാകും. ജൂലിയസ് സീസർ വായിച്ചിട്ടുള്ള നിങ്ങൾ അത് കേട്ടിട്ടുണ്ടാകും. അവിടെ ജ്യോത്സ്യൻ സീസറിന് മുന്നറിയിപ്പ് നൽകിയിരുന്നു,  ഐഡ്‌സ് ഓഫ് മാർച്ച്-നെ സൂക്ഷിക്കുക. സീസർ കൊട്ടാരത്തിൽ നിന്ന് കോടതിമുറിയിലേക്ക് പോകുമ്പോൾ ജ്യോത്സ്യനെ കണ്ടു. അദ്ദേഹം പറഞ്ഞു-  ഐഡ്‌സ് ഓഫ് മാർച്ച് ആഗതമായിരിക്കുന്നു. ജ്യോത്സ്യൻ പറഞ്ഞു, അതെ, പക്ഷേ അത് കഴിഞ്ഞു പോയില്ല, ആ ദിവസം കഴിയുന്നതിന് മുമ്പ് സീസർ കൊല്ലപ്പെട്ടു.  ഐഡ്‌സ് ഓഫ് മാർച്ച് ദൗർഭാഗ്യവും നാശവുമായി ബന്ധപ്പെട്ടിരിക്കുന്നു. മാർച്ച് 14 നും 15 നും ഇടയിലുള്ള രാത്രിയിൽ നമ്മുടെ ജുഡീഷ്യറിക്ക്  ഐഡ്‌സ് ഓഫ് മാർച്ച് ആയിരുന്നു. അത് ദുഷ്ക്കരമായ ഒരു കാലഘട്ടമായിരുന്നു! ഒരു ജഡ്ജിയുടെ വസതിയിൽ നിന്ന് വലിയ അളവിൽ പണം കണ്ടെത്തി. ഇപ്പോൾ പൊതുജനസമക്ഷം ഉള്ള കാര്യമായതിനാലാണ്  ഞാൻ ഇത് പറയുന്നത്. സുപ്രീം കോടതി ഔദ്യോഗികമായി അംഗീകരിച്ച ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വസതിയിൽ നിന്ന് വലിയ അളവിൽ പണം കണ്ടെത്തിയത്. അപ്പോൾ കാര്യം ഇതാണ്,  പണം കണ്ടെത്തി ന്നത് സത്യമാണ്, ഉടനടി സംവിധാനം ചലിക്കേണ്ടതായിരുന്നു. ആദ്യത്തെ പ്രക്രിയ അതിനെ ഒരു ക്രിമിനൽ പ്രവൃത്തിയായി കൈകാര്യം ചെയ്യുക എന്നതായിരുന്നു. കുറ്റവാളികളെ കണ്ടെത്തുക. അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക. എന്നാൽ ഇതുവരെ ഒരു എഫ്‌ഐആർ പോലും ഉണ്ടായില്ല. 90 കളുടെ തുടക്കത്തിൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഒരു വിധി മൂലം എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ കഴിയാത്ത വിധം കേന്ദ്ര സർക്കാർ അശക്തമാണ്. ”

പ്രശ്നങ്ങളെ നേരിടാൻ ധൈര്യം കാണിക്കാൻ വിദ്യാർത്ഥികളെ ആഹ്വാനം ചെയ്തുകൊണ്ട് അദ്ദേഹം അടിവരയിട്ടു വ്യക്തമാക്കി, "പ്രശ്നങ്ങളെ നേരിടാൻ നമുക്ക് ധൈര്യമുണ്ടായിരിക്കണം. പരാജയങ്ങളെ സഹജമെന്ന നിലയിൽ കാണരുത്. ആഗോള ആഖ്യാനത്തെ നിർവ്വചിക്കേണ്ട ഒരു രാഷ്ട്രത്തിന്റെ പ്രതിനിധികളാണെന്ന്  നാം സദാ ഓർമ്മിക്കണം. സമാധാനത്തിലും ഐക്യത്തിലും ജീവിക്കുന്ന  ലോകത്തിന്റെ ശിൽപികളാകണം നമ്മൾ. നമ്മുടെ സ്വന്തം സ്ഥാപനങ്ങൾക്കുള്ളിലെ അസുഖകരമായ സത്യങ്ങളെ നേരിടാനുള്ള ധൈര്യം ആദ്യം  സംഭരിക്കണം.. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് ഞാൻ നിലകൊള്ളുന്നത്. ജഡ്ജിമാരെ സംരക്ഷിക്കുന്നതിന് വേണ്ടി ശക്തമായി വാദിക്കുന്ന ആളാണ് ഞാൻ. ജഡ്ജിമാർ വളരെ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നു. എക്സിക്യൂട്ടീവിനെതിരായ കേസുകൾ അവർ തീരുമാനിക്കുന്നു. നിയമനിർമ്മാണ സഭയ്ക്ക് പ്രാധാന്യമുള്ള ചില മേഖലകളിൽ അവർ ഇടപെടുന്നു. നമ്മുടെ ജഡ്ജിമാരെ നിസ്സാരമായ വ്യവഹാരങ്ങളിൽ നിന്ന് സംരക്ഷിക്കണമെന്നത് അംഗീകരിക്കുന്നു. അതിനാൽ വികസിതമായ നിലവിലെ സംവിധാനത്തിന് ഞാൻ എതിരല്ല, പക്ഷേ ഇതുപോലെ എന്തെങ്കിലും സംഭവിക്കുമ്പോൾ, കാര്യങ്ങൾ ആശങ്കാജനകമാണെന്ന് പറയേണ്ടി വരും!"

 

"അടുത്തിടെ ജുഡീഷ്യറിയെ സംബന്ധിച്ചിടത്തോളം പ്രക്ഷുബ്ധമായ കാലമായിരുന്നു. എന്നാൽ ഒരു നല്ല കാര്യം - ആശ്വാസകരമായ കാര്യം - ഒരു വലിയ പരിവർത്തനം സംഭവിച്ചു എന്നതാണ്. ജുഡീഷ്യറിയുടെ   നല്ല കാലം ഇപ്പോൾ കാണുന്നു. ഇപ്പോഴത്തെ ചീഫ് ജസ്റ്റിസും അദ്ദേഹത്തിന്റെ മുൻഗാമിയും ഉത്തരവാദിത്തത്തിന്റെയും സുതാര്യതയുടെയും പുതു യുഗം നമുക്ക് സമ്മാനിച്ചു. അവർ കാര്യങ്ങൾ വീണ്ടും പഴയപടിയാക്കുകയാണ്. എന്നാൽ മുമ്പത്തെ രണ്ട് വർഷങ്ങൾ വളരെ അസ്വസ്ഥവും  വെല്ലുവിളി നിറഞ്ഞതുമായിരുന്നു. സാധാരണമായ ആ സംവിധാനം അത്ര സാധാരണമായിരുന്നില്ല. ചിന്താശൂന്യമായി, ഒട്ടേറെ  നടപടികൾ സ്വീകരിച്ചു - അവ പഴയപടിയാക്കാൻ കുറച്ച് സമയമെടുക്കും. കാരണം സ്ഥാപനങ്ങൾ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയെന്നത് വളരെ അടിസ്ഥാനപരമായ കാര്യമാണ്", അദ്ദേഹം കൂട്ടിച്ചേർത്തു.

 
"നമ്മുടെ രാജ്യത്തെ നീതിന്യായ വ്യവസ്ഥയോട് ജനങ്ങള്‍ക്ക് വലിയ വിശ്വാസ്യതയും ആദരവുമുണ്ട്.  മറ്റേതൊരു സ്ഥാപനത്തെക്കാള്‍ നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ വിശ്വാസമര്‍പ്പിക്കുന്നു.  അവരുടെ വിശ്വാസം തകർന്നാൽ - വ്യവസ്ഥിതിയ്ക്ക് ഇളക്കം തട്ടിയാൽ - നാമൊരു ഭയാനക സാഹചര്യത്തെ അഭിമുഖീകരിക്കേണ്ടിവരും. 1.4 ബില്യൺ ജനങ്ങള്‍ അധിവസിക്കുന്ന രാഷ്ട്രം കഷ്ടപ്പെടും" - അദ്ദേഹം കൂട്ടിച്ചേർത്തു.


ഒരു പബ്ലിക് സർവീസ് കമ്മീഷൻ അംഗത്തിന് സർക്കാരിന് കീഴിലെ ജോലികള്‍ ഏറ്റെടുക്കാനാവില്ലെന്നതുപോലെ ഭരണഘടനാപദവി വഹിക്കുന്ന ചില ഉദ്യോഗസ്ഥര്‍ക്ക് അവരുടെ സേവനകാലയളവിന് ശേഷം മറ്റ് ജോലികള്‍ ഏറ്റെടുക്കാന്‍ അനുവാദമില്ലെന്ന്  വിരമിക്കലിനു ശേഷമുള്ള ജഡ്ജിമാരുടെ നിയമനങ്ങള്‍ സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.  “CAG-ക്ക് ആ ചുമതല ഏറ്റെടുക്കാനാവില്ല.  മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർക്കും തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്കും അവർ സ്വതന്ത്രരായിരിക്കണമെന്നതിനാലും പ്രലോഭനങ്ങൾക്കും സ്വാധീനങ്ങള്‍ക്കും വിധേയരാകരുതെന്നതിനാലും അത്തരം ചുമതലകള്‍ ഏറ്റെടുക്കാനാവില്ല.  എന്നാല്‍  ജഡ്ജിമാര്‍ക്ക് ഇത് ബാധകമാവുന്നില്ല,  എന്തുകൊണ്ട്?  ജഡ്ജിമാര്‍ അതിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍  വിരമിക്കലിനുശേഷം അവർക്ക് പദവികളുണ്ട്.  ഞാൻ പറഞ്ഞത് ശരിയല്ലേ? എല്ലാവരെയും ഉൾക്കൊള്ളാനാവില്ലെന്നതിനാല്‍  ചിലരെ മാത്രം ഉള്‍പ്പെടുത്തുന്നു.   എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയാത്തപ്പോൾ ചിലരെ മാത്രം തിരഞ്ഞെടുക്കുന്നു.  ഈ തിരഞ്ഞെടുപ്പില്‍ പക്ഷപാതിത്വമുണ്ട്. ഇത് രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ ഗുരുതരമായി ദുർബലപ്പെടുത്തുന്നു.” - ഉപരാഷ്ട്രപതി പറഞ്ഞു.

ഇന്ത്യൻ രാഷ്ട്രപതിയും ഗവർണർമാരും സത്യപ്രതിജ്ഞയെടുക്കുന്ന രീതിയുടെ  പ്രാധാന്യം അടിവരയിട്ട് ശ്രീ ധൻഖർ പറഞ്ഞു:  “ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി, പാർലമെന്റ് അംഗങ്ങൾ, നിയമസഭ അംഗങ്ങൾ, ന്യായാധിപന്മാര്‍ ഉള്‍പ്പെടെ മറ്റ് ഉദ്യോഗസ്ഥർ എന്നിവരിൽ നിന്ന് വ്യത്യസ്തമായി സത്യപ്രതിജ്ഞ ചെയ്യുന്ന രണ്ട് പദവികളാണ്  രാഷ്ട്രപതിയും ഗവർണറും. കാരണം നാമെല്ലാം - ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും  മറ്റുള്ളവരും - ഭരണഘടന പാലിച്ച് മുന്നോട്ടുപോകുമെന്ന്  പ്രതിജ്ഞ ചെയ്യുന്നു. എന്നാൽ രാഷ്ട്രപതിയും ഗവർണറും ഭരണഘടനയെ സംരക്ഷിക്കാനും കാത്തുസൂക്ഷിക്കാനും പ്രതിരോധം തീര്‍ക്കാനുമാണ് പ്രതിജ്ഞ ചെയ്യുന്നത്. വ്യക്തമല്ലേ?  അവരുടെ സത്യപ്രതിജ്ഞ വ്യത്യസ്തമാണെന്ന് മാത്രമല്ല, ഭരണഘടനയെ സംരക്ഷിക്കാനും കാത്തുസൂക്ഷിക്കാനും പ്രതിരോധം തീര്‍ക്കാനും ഈ സത്യപ്രതിജ്ഞ അവരെ ബാധ്യസ്ഥരാക്കുന്നു. ഗവർണറുടെ ഈ ഭരണഘടനാ പദവി  സംബന്ധിച്ച് തിരിച്ചറിവ് എല്ലായിടത്തുമുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു… രണ്ടാമതായി ഉപരാഷ്ട്രപതി,  പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, മന്ത്രിമാർ എന്നിവരില്‍നിന്ന്  രാഷ്ട്രപതിയെയും ഗവർണറെയും വ്യത്യസ്തരാക്കുന്നത് ഈ രണ്ട് പദവികൾക്കും മാത്രം നിയമനടപടികളില്‍നിന്ന് ലഭിക്കുന്ന സംരക്ഷണമാണ്.  അത് മറ്റാർക്കുമില്ല. വിചാരണ നേരിടുന്നതോ പരിഗണിക്കപ്പെടുന്നതോ ആയ ഏതൊരു നിയമനടപടികളില്‍നിന്നും പദവി വഹിക്കുമ്പോൾ അവര്‍ മുക്തരാണ്.  ഗവർണർ എന്നത് എളുപ്പത്തിൽ വിമര്‍ശിക്കാനാവുന്ന പദവിയാണെന്നിരിക്കെ  ഗവർണറെന്ന നിലയിൽ ശ്രീ രാജേന്ദ്ര വി. അർലേക്കർ ഉന്നത നിലവാരം പുലർത്തുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്."


ഭരണഘടനയുടെ ആമുഖം സംബന്ധിച്ച് നിരവധി പ്രശ്നങ്ങൾ ഉയർന്നുവന്നിട്ടുണ്ടെന്ന് ഇന്ത്യൻ ഭരണഘടനയുടെ ആമുഖ ഭേദഗതികളെക്കുറിച്ച് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം കുട്ടികളുടെ രക്ഷാകർതൃത്വം പോലെയാണ്.  എത്ര ശ്രമിച്ചാലും  രക്ഷാകർതൃത്വം മാറ്റാനാവില്ലെന്നതുപോലെയാണ് ആമുഖം. രണ്ടാമതായി, ചരിത്രത്തില്‍ ഒരു രാജ്യത്തിന്റെയും ഭരണഘടന ആമുഖം ഒരിക്കലും മാറ്റിയിട്ടില്ല. മൂന്നാമതായി, നൂറുകണക്കിന്, ആയിരക്കണക്കിന് പേര്‍ ജയിലഴികള്‍ക്കുള്ളിലായിരുന്ന  ഒരു കാലഘട്ടത്തിൽ നമ്മുടെ ഭരണഘടനയുടെ ആമുഖം തിരുത്തപ്പെട്ടു. നമ്മുടെ ജനാധിപത്യത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടമായ അടിയന്തരാവസ്ഥ കാലം. നീതിന്യായ വ്യവസ്ഥ ജനങ്ങള്‍ക്ക് പ്രാപ്യമല്ലാതിരുന്ന ഒരു സമയത്ത് ആമുഖം മാറ്റുകയും ലോക്സഭയുടെ കാലാവധി അഞ്ചു വർഷത്തിനപ്പുറം വർധിപ്പിക്കുകയും ചെയ്തു.   മൗലികാവകാശങ്ങൾ പൂർണമായി നിര്‍ത്തലാക്കി.  ഇതിനെക്കുറിച്ച്  പഠിക്കേണ്ടതുണ്ടെന്നും  നമുക്ക് എന്തും ചെയ്യാമെങ്കിലും സ്വന്തം രക്ഷാകര്‍തൃത്വം മാറ്റാനാവില്ലെന്നും ഉപരാഷ്ട്രപതി പറഞ്ഞു.  


"42-ാം ഭരണഘടനാ ഭേദഗതി നിയമത്തിൽ എന്താണ് സംഭവിച്ചതെന്ന് നിങ്ങൾ ഗൗരവമായി ചിന്തിക്കേണ്ടിവരും. 44-ാം ഭരണഘടനാ ഭേദഗതി നിയമത്തിൽ എന്താണ് സംഭവിച്ചത്? എന്താണ് ബാക്കിയായത്? ലക്ഷക്കണക്കിന് പേര്‍ക്ക്  നീതിന്യായവ്യവസ്ഥ പ്രാപ്യാമാകാതെ  ജയിലില്‍ കഴിയേണ്ടിവന്നത് എന്തുകൊണ്ടാണ്? ഒന്‍പത് ഹൈക്കോടതികൾ പൗരന്മാര്‍ക്ക് അനുകൂലമായി വിധി പ്രസ്താവിച്ചിട്ടും ADM ജബൽപൂർ കേസിൽ രാജ്യത്തെ പരമോന്നത സുപ്രീം കോടതി  ജനങ്ങളെ പരാജയപ്പെടുത്തിയത് എങ്ങനെയാണ്. രണ്ട് കാര്യങ്ങൾ സൂചിപ്പിച്ചുകൊണ്ട് ഹൈക്കോടതി വിധികളെ സുപ്രീംകോടതി നിരാകരിച്ചു  - അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും എത്ര സമയത്തേക്ക് അത് നീട്ടിക്കൊണ്ടുപോകാനും  സര്‍ക്കാറിന് അവകാശമുണ്ട്. 1975-ൽ അത് 20 മാസത്തിലധികമായിരുന്നു. രണ്ടാമതായി, അടിയന്തരാവസ്ഥക്കാലത്ത് നീതിന്യായ വ്യവസ്ഥ പ്രാപ്യമാവില്ല. അതിനാൽ ഇക്കാലയളവില്‍  ജനാധിപത്യ രാഷ്ട്രമെന്ന അവകാശവാദം നാം പൂര്‍ണമായി നഷ്ടപ്പെടുത്തി" - അദ്ദേഹം കൂട്ടിച്ചേർത്തു.

 
അധികാര വിഭജന സിദ്ധാന്തത്തിന്റെ പ്രാധാന്യം അടിവരയിട്ട് അദ്ദേഹം പറഞ്ഞു: "ഭരണഘടനയുടെ ഓരോ സ്തംഭവും രാഷ്ട്രത്തെ ഐക്യപ്പെടുത്താന്‍ ഒരുമിച്ച് പ്രവർത്തിക്കുന്നതിലൂടെ മികച്ച രീതിയിൽ പരിപോഷിപ്പിച്ച് നിലനിർത്തുന്ന ഭരണഘടനയുടെ അന്തസ്സത്തയും ചൈതന്യവും  വിപുലീകരിക്കപ്പെടുന്നു.  എന്നാൽ നിയമനിർമാണ സഭയും ഭരണനിര്‍വഹണ സംവിധാനവും നീതിന്യായ വ്യവസ്ഥയും ഒരുമിച്ച്   മുന്നോട്ടുപോയില്ലെങ്കില്‍, അവ പരസ്പരം ചേര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍, അവയ്ക്കിടയിൽ ഐക്യമില്ലെങ്കിൽ സ്ഥിതി ആശങ്കാജനകമാകുന്നു. അതുകൊണ്ടാണ് നിയമ വിദ്യാർത്ഥികളായ നിങ്ങൾ അധികാരവിഭജന സിദ്ധാന്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഏതാണ് പരമോന്നതമെന്നതിന് പ്രസക്തിയില്ല,  മറിച്ച് ഭരണഘടനയുടെ ഓരോ സ്ഥാപനവും അതിന്റേതായ മേഖലയിൽ പരമോന്നതമാണ്."

" നീതിന്യായ വ്യവസ്ഥയോ ഭരണനിര്‍വഹണ സംവിധാനമോ നിയമനിര്‍മാണസഭയോ  മറ്റൊന്നിന്റെ മേഖലയില്‍ കൈകടത്തിയാല്‍ അത് വ്യവസ്ഥയെ തകര്‍ക്കും.  അത്  രാജ്യത്തെ ജനാധിപത്യത്തിന് ഏറെ അപകടകരമായേക്കാവുന്ന നിയന്ത്രണാതീത  പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. സാധാരണക്കാരുടെ ഭാഷയിൽ ഒരുദാഹരണം പറയാം.  നീതിന്യായ വ്യവസ്ഥയില്‍ വിധിന്യായങ്ങൾ നടക്കണം. വിധിന്യായങ്ങൾ എഴുതേണ്ടത് നീതിന്യായ സംവിധാനാണ് - നിയമനിര്‍മാണസഭയോ ഭരണനിര്‍വഹണ സംവിധാനമോ അല്ല. അതുപോലെ, ഭരണനിര്‍വഹണ പ്രവർത്തനങ്ങൾ ആരൊക്കെയാണ് മുന്നോട്ടുകൊണ്ടുപോകുന്നത്? അത് സര്‍ക്കാറാണ്. എന്തുകൊണ്ട്? കാരണം നിങ്ങൾ സര്‍ക്കാര്‍ വ്യവസ്ഥയെ - കക്ഷിരാഷ്ട്രീയ  സര്‍ക്കാരിനെ - തിരഞ്ഞെടുപ്പുകളിലൂടെ അധികാരത്തിലേറ്റുന്നു. അവർക്ക് നിങ്ങളോട് ഉത്തരവാദിത്തമുണ്ട്. അവരത് നിറവേറ്റണം.  അവർ തിരഞ്ഞെടുപ്പുകൾ നേരിടണം. എന്നാൽ നിയമനിര്‍മാണ സഭയോ നീതിന്യായ വ്യവസ്ഥയോ രാജ്യത്ത് ഭരണ നിര്‍വഹണ പ്രവർത്തനങ്ങൾ നടത്തുന്നത്  ജനാധിപത്യത്തിന്റെ അന്തസ്സത്തയ്ക്കും അധികാര വിഭജന സിദ്ധാന്തത്തിനും വിരുദ്ധമായി മാറും… സിബിഐ ഡയറക്ടറെപ്പോലെ  ഭരണനിര്‍വഹണ പദവിയിലെ ഉദ്യോഗസ്ഥന്റെ നിയമനം ഇന്ത്യൻ ചീഫ് ജസ്റ്റിസിന്റെ പങ്കാളിത്തത്തോടെയാകുന്നതില്‍ ഞാൻ അമ്പരക്കുന്നു. എന്തുകൊണ്ട്? ചിന്തിക്കുക. സ്വയം ആലോചിക്കുക.  സിബിഐ ഡയറക്ടർ ഈ ശ്രേണിയിലെ ഏറ്റവും മുതിർന്ന വ്യക്തിയല്ല. അദ്ദേഹത്തിന് മുകളിൽ നിരവധി തലങ്ങളുണ്ട് . സിവിസി, കാബിനറ്റ് സെക്രട്ടറി, സെക്രട്ടറിമാര്‍... എന്നാല്‍ അദ്ദേഹം ഒരു വകുപ്പിന്റെ തലവനാണ്. നിങ്ങൾ എഴുതണം,  ലോകത്ത് മറ്റെവിടെയെങ്കിലും ഇത് സംഭവിക്കുന്നുണ്ടോ? നമ്മുടെ ഭരണഘടന പ്രകാരം ഇത് സംഭവിക്കാമോ? ഭരണനിര്‍വഹണ ഉദ്യോഗസ്ഥനെ സര്‍ക്കാരല്ലാതെ  മറ്റാരെങ്കിലും നിയമിക്കേണ്ടിവരുന്നത് എന്തുകൊണ്ട്? ഞാൻ ശക്തമായി എതിര്‍ക്കുന്നു”  അദ്ദേഹം കൂട്ടിച്ചേർത്തു.
 
*****

(Release ID: 2142922)
Read this release in: English , Urdu , Hindi , Gujarati