ഉരുക്ക് മന്ത്രാലയം
ആഗോള സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സെയിൽ(SAIL) ദുബായിൽ ഓഫീസ് ഉദ്ഘാടനം ചെയ്തു
Posted On:
04 JUL 2025 11:34AM by PIB Thiruvananthpuram
20 ദശലക്ഷം ടണ്ണിലധികം വാർഷിക അസംസ്കൃത സ്റ്റീൽ ഉത്പാദക ശേഷിയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റീൽ ഉൽപ്പാദകരിൽ ഒന്നായ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (സെയിൽ), ദുബായിൽ ഓഫീസ് ഉദ്ഘാടനം ചെയ്തു. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ ആഗോള വിപുലീകരണ തന്ത്രത്തിലെ ഒരു സുപ്രധാന ചുവടുവയ്പ്പായാണ് മിഡിൽ ഈസ്റ്റിലെ അതിന്റെ ഈ പ്രഥമ അന്താരാഷ്ട്ര ഓഫീസ് വിലയിരുത്തപ്പെടുന്നത്.
കേന്ദ്ര സ്റ്റീൽ, ഹെവി ഇൻഡസ്ട്രീസ് മന്ത്രി ശ്രീ എച്ച്.ഡി. കുമാരസ്വാമി ഓഫീസ് ഉദ്ഘാടനം ചെയ്തു.ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ ശ്രീ സതീഷ് കുമാർ ശിവൻ, സെയിൽ സിഎംഡി ശ്രീ അമരേന്ദു പ്രകാശ്, എൻഎംഡിസി സിഎംഡി ശ്രീ അമിതാവ മുഖർജി, സ്റ്റീൽ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ശ്രീ വി കെ ത്രിപാഠി, സെയിൽ, സ്റ്റീൽ മന്ത്രാലയം, എൻഎംഡിസി, മെക്കോൺ എന്നിവിടങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
തന്ത്രപരമായ കേന്ദ്രമായി സ്ഥാപിച്ചിരിക്കുന്ന ദുബായ് ഓഫീസ്, സെയിലിനെ സ്റ്റീൽ കയറ്റുമതി വർദ്ധിപ്പിക്കാനും, വ്യവസായ ബന്ധങ്ങൾ വർദ്ധിപ്പിക്കാനും, ഇന്ത്യ-യുഎഇ വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്താനും സഹായിക്കും. മിഡിൽ ഈസ്റ്റ്- വടക്കൻ ആഫ്രിക്ക ((MENA) മേഖലയിലേക്കുള്ള ഒരു കവാടമായി വർത്തിക്കുന്ന ദുബായിയുടെ നിക്ഷേപക സൗഹൃദ അന്തരീക്ഷം ഉയർന്നുവരുന്ന വിപണികളിലേക്ക് വികസിക്കുന്നതിന് അനുയോജ്യമായ ഒരു ഇടമാക്കി അതിനെ മാറ്റുന്നു.
ഇന്ത്യയുടെ സ്റ്റീൽ വ്യവസായത്തിന്റെ ആഗോള സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനും 2030 ഓടെ ദേശീയ സ്റ്റീൽ ഉൽപ്പാദന ലക്ഷ്യം 300 ദശലക്ഷം ടൺ കൈവരിക്കുന്നതിനുമുള്ള ഇന്ത്യയുടെ കാഴ്ചപ്പാടുമായി ഈ പുതിയ നീക്കം പൊരുത്തപ്പെടുന്നു. ആഗോളതലത്തിൽ മത്സരാധിഷ്ഠിതമായ ഒരു സ്റ്റീൽ നിർമ്മാതാവായി സെയിലിന്റെ മാറ്റത്തിലെ ഒരു സുപ്രധാന നാഴികക്കല്ലിനെ ഇത് അടയാളപ്പെടുത്തുന്നു. കൂടാതെ അന്താരാഷ്ട്ര സ്റ്റീൽ രംഗത്ത് ഇന്ത്യയുടെ വളരുന്ന പങ്കിനെ ഇത് പ്രതിഫലിപ്പിക്കുന്നു.
SKY
******
(Release ID: 2142648)