തെരഞ്ഞെടുപ്പ് കമ്മീഷന്‍
azadi ka amrit mahotsav

ബിഹാറിൽ SIR സുഗമമായി നടപ്പാക്കുന്നു



ഏകദേശം 1.5 കോടി വീടുകളിലെ ബിഎൽഒമാരുടെ ആദ്യ സന്ദർശനം പൂർത്തിയായി

87 ശതമാനം എന്യുമെറേഷൻ ഫോമുകൾ വിതരണം ചെയ്തു

പോസ്റ്റഡ് ഓണ്‍: 04 JUL 2025 8:04PM by PIB Thiruvananthpuram

ബിഹാറിൽ തെരഞ്ഞെടുപ്പു കമ്മീഷന്റെ പ്രത്യേക തീവ്ര പുനഃപരിശോധനയുടെ (SIR) പശ്ചാത്തലത്തിൽ ഏകദേശം 1.5 കോടി വീടുകളിലേക്കുള്ള ബൂത്ത് ലെവൽ ഓഫീസർമാരുടെ (BLO) ആദ്യ സന്ദർശനം ഇന്നു പൂർത്തിയായി. 2025 ജൂൺ 24 വരെ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള, ബിഹാറിലെ ആകെ 7,89,69,844 (ഏകദേശം 7.90 കോടി) വോട്ടർമാരിൽ 87 ശതമാനത്തിലധികം (6,86,17,932) പേർക്കും എന്യുമെറേഷൻ ഫോം വിതരണം ചെയ്തു. അവശേഷിക്കുന്ന വീടുകൾ പൂട്ടിക്കിടക്കുന്നതോ, മരിച്ചുപോയ വോട്ടർമാരുടെയോ മറ്റെവിടേക്കെങ്കിലും കുടിയേറിയവരുടെയോ, അല്ലെങ്കിൽ യാത്രയിൽ ആയിരിക്കുന്നവരുടെയോ ആകാം. SIR പ്രക്രിയക്കിടെ വോട്ടർമാരുടെ വീടുകൾ BLO മൂന്നുതവണ സന്ദർശിക്കുന്നതിനാൽ, ഈ എണ്ണത്തിൽ വർധനയുണ്ടാകുമെന്നാണു പ്രതീക്ഷ.

ഭാഗികമായി പൂരിപ്പിച്ച ഫോമുകൾ ECI പോർട്ടലിലും (https://voters.eci.gov.in) ECINET ആപ്പിലും ഡൗൺലോഡ് ചെയ്യാനാകും. പൂരിപ്പിച്ച ഫോമുകൾ ECINET ആപ്പിൽ വോട്ടർക്കുതന്നെ അപ്ലോഡ് ചെയ്യാം.

കൂടാതെ, വിവിധ രാഷ്ട്രീയ കക്ഷികൾ നിയോഗിച്ച 1,54,977 ബൂത്ത് ലെവൽ ഏജന്റുമാരും (BLA) SIR പ്രക്രിയയിൽ സജീവ പിന്തുണയേകുന്നു. ജൂലൈ 2 വരെയുള്ള കണക്കുപ്രകാരം വിവിധ രാഷ്ട്രീയ കക്ഷികൾ നിയോഗിച്ച BLA-മാരുടെ എണ്ണം ഇനി പറയുന്നു: BJP - 52,689; RJD - 47,504; JD(U) - 34,669; INC - 16,500; രാഷ്ട്രീയ ലോക് ജൻ ശക്തി പാർട്ടി – 1913; CPI(ML)L – 1271; ലോക് ജൻ ശക്തി പാർട്ടി (രാംവിലാസ്) – 1153; CPI(M) – 578;  രാഷ്ട്രീയ ലോക് സമത പാർട്ടി – 270; BSP -74; NPP – 3; AAP -1. ഓരോ BLA-യ്ക്കും സാക്ഷ്യപ്പെടുത്തിയ 50 ഫോം വരെ പ്രതിദിനം സമർപ്പിക്കാം.

തെരഞ്ഞെടുപ്പു കമ്മീഷൻ ആവർത്തിച്ചു വ്യക്തമാക്കിയ ‘ഉൾപ്പെടുത്തൽ ആദ്യം’ എന്ന ലക്ഷ്യത്തോടെയാണ് BLO-മാർ പ്രവർത്തിക്കുന്നത്. BLO-മാർക്ക് ഇതുവരെ ലഭിച്ച, പൂരിപ്പിച്ചതും ഒപ്പിട്ടതുമായി സമർപ്പിച്ചിട്ടുള്ള, ഫോമുകൾ ഏകദേശം 38 ലക്ഷം (ആകെ ഫോമുകളുടെ 5%) ആണ്. SIR പ്രകാരം, 2025 ഓഗസ്റ്റ് ഒന്നിനു പ്രസിദ്ധീകരിക്കുന്ന താൽക്കാലിക വോട്ടർ പട്ടികയിൽ പേരുൾപ്പെടണമെങ്കിൽ, ഓരോ വോട്ടറും 2025 ജൂലൈ 25-നകം മുൻകൂട്ടി പൂരിപ്പിച്ച എന്യുമെറേഷൻ ഫോം നിർബന്ധമായും ഒപ്പിട്ടു സമർപ്പിക്കേണ്ടതുണ്ട്. അപ്ലോഡ് ചെയ്ത ഫോമുകളുടെ പരിശോധനയും ഇതിനകം ആരംഭിച്ചു. ചില കോണുകളിൽനിന്ന് ആശങ്കകൾ ഉയരുന്നുണ്ടെങ്കിലും, അർഹരായ എല്ലാ വ്യക്തികളും പട്ടികയിൽ ഉൾപ്പെടുമെന്ന് SIR ഉറപ്പാക്കും.

ഓരോ പേരിന്റെയും അര്ഹത പരിശോധിക്കുന്നത്, താൽക്കാലിക വോട്ടര് പട്ടികയില് ഉള്പ്പെടുത്തിയ ശേഷം, ഒപ്പിട്ട എന്യുമെറേഷൻ ഫോമിനൊപ്പം രേഖകൾ സമർപ്പിച്ചിട്ടുണ്ടോ ഇല്ലയോ എന്നതിന്റെ അടിസ്ഥാനത്തിലാകും. ഈ പരിശോധന തുടർച്ചയായി നടത്തും. കരടു വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച 2025 ഓഗസ്റ്റ് 2 മുതൽ കർശന പരിശോധന ആരംഭിക്കും. പ്രസിദ്ധീകരിക്കുന്ന കരടു വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ, 2025 ഓഗസ്റ്റ് 2 മുതൽ എല്ലാ രാഷ്ട്രീയ കക്ഷികളിൽനിന്നും പൊതുജനങ്ങളിൽനിന്നും അവകാശവാദങ്ങളും എതിർപ്പുകളും സ്വീകരിക്കും.

അന്തിമ വോട്ടർ പട്ടിക 2025 സെപ്റ്റംബർ 30-നു പ്രസിദ്ധീകരിക്കും. അതിനുശേഷം ജില്ലാ കലക്ടർക്കും സിഇഒയ്ക്കും അപ്പീലുകൾ സമർപ്പിക്കാൻ അവസരമുണ്ടാകും. 

 

-AT-

  
 


( റിലീസ് ഐ.ഡി: 2142371) സന്ദര്‍ശക കൗണ്ടര്‍ : 22
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी