പ്രധാനമന്ത്രിയുടെ ഓഫീസ്
ബാഗേശ്വർ ധാം മെഡിക്കൽ & സയൻസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശിലാസ്ഥാപന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
Posted On:
23 FEB 2025 6:11PM by PIB Thiruvananthpuram
भैया हरौ बोलो मतंगेश्वर भगवान की जै, बागेश्वर धाम की जै, जय जटाशंकर धाम की जै, अपुन ओंरण खाँ मोरी तरफ सें दोई हाँथ, जोर के राम-राम जू।
മധ്യപ്രദേശ് ഗവർണർ ശ്രീ മങ്കുഭായ് പട്ടേൽ; മുഖ്യമന്ത്രി ഭായ് മോഹൻ യാദവ് ജി; ജഗത്ഗുരു പൂജ്യ റാംഭദ്രാചാര്യ ജി; ബാഗേശ്വർ ധാമിലെ പീഠാധീശ്വർ ശ്രീ ധീരേന്ദ്ര ശാസ്ത്രി ജി; സാധ്വി ഋതംഭര ജി; സ്വാമി ചിദാനന്ദ് സരസ്വതി ജി; മഹന്ത് ശ്രീ ബാലക് യോഗേഷ്ചാർദാസ് ജി; ഈ മേഖലയിലെ പാർലമെന്റ് അംഗം വിഷ്ണുദേവ് ശർമ്മ ജി; മറ്റ് വിശിഷ്ട വ്യക്തികളെ എന്റെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാരെ!
വളരെക്കാലത്തിനുശേഷം ധീരന്മാരുടെ നാടായ ബുന്ദേൽഖണ്ഡ് സന്ദർശിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ച രണ്ടാമത്തെ സന്ദർഭമാണിത്. ഇത്തവണ എന്നെ വിളിച്ചത് ബാലാജിയാണ്. ഭഗവാൻ ഹനുമാന്റെ കൃപയാൽ, ഈ ആദരണീയമായ മതകേന്ദ്രം ഇപ്പോൾ ആരോഗ്യ സംരക്ഷണ കേന്ദ്രമായി മാറാൻ ഒരുങ്ങുകയാണ്. ശ്രീ ബാഗേശ്വർ ധാം മെഡിക്കൽ സയൻസ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനായി ഞാൻ ഭൂമി പൂജ നടത്തി. 10 ഏക്കർ സ്ഥലത്ത് ഈ സ്ഥാപനം സ്ഥാപിക്കും, ആദ്യ ഘട്ടത്തിൽ 100 കിടക്കകളുള്ള ഒരു സൗകര്യം പൂർത്തിയാകും. ഈ മഹത്തായ സംരംഭം ഏറ്റെടുത്തതിന് ശ്രീ ധീരേന്ദ്ര ശാസ്ത്രി ജിയെ ഞാൻ ഹൃദയംഗമമായി അഭിനന്ദിക്കുന്നു, കൂടാതെ ബുന്ദേൽഖണ്ഡിലെ ജനങ്ങൾക്ക് എന്റെ ആശംസകൾ അറിയിക്കുന്നു.
സുഹൃത്തുക്കളെ,
മതത്തെ പരിഹസിക്കുകയും നിന്ദിക്കുകയും ഭിന്നിപ്പിക്കൽ തന്ത്രങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന ഒരു പ്രത്യേക വിഭാഗം നേതാക്കളെ ഇന്ന് നാം കാണുന്നു. നിരവധി സന്ദർഭങ്ങളിൽ, അത്തരം വ്യക്തികൾക്ക് പിന്തുണ നൽകിക്കൊണ്ട് വിദേശ ശക്തികൾ നമ്മുടെ രാഷ്ട്രത്തെയും അതിന്റെ ആത്മീയ അടിത്തറയെയും ദുർബലപ്പെടുത്താൻ ശ്രമിക്കുന്നു. ഹിന്ദു വിശ്വാസത്തോട് ശത്രുത പുലർത്തുന്നവർ, ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ, നൂറ്റാണ്ടുകളായി നിലനിൽക്കുന്നു. കൊളോണിയൽ മനോഭാവത്തിൽ കുടുങ്ങിക്കിടക്കുന്നവർ നമ്മുടെ വിശ്വാസങ്ങളെയും, നമ്മുടെ ക്ഷേത്രങ്ങളെയും, നമ്മുടെ സന്യാസിമാരെയും, നമ്മുടെ സംസ്കാരത്തെയും, നമ്മുടെ മൂല്യങ്ങളെയും നിരന്തരം ആക്രമിക്കുന്നു. നമ്മുടെ ഉത്സവങ്ങളോടും, പാരമ്പര്യങ്ങളോടും, ആചാരങ്ങളോടും അവർ കടുത്ത അനാദരവ് കാണിക്കുന്നു. സ്വതസിദ്ധമായി പുരോഗമനപരമായ ഒരു മതത്തെയും സംസ്കാരത്തെയും അവർ കുറ്റപ്പെടുത്താൻ പോലും ധൈര്യപ്പെടുന്നു. നമ്മുടെ സമൂഹത്തെ വിഘടിപ്പിക്കുകയും അതിന്റെ ഐക്യം തകർക്കുകയും ചെയ്യുക എന്നതാണ് അവരുടെ അജണ്ട.
ഈ സാഹചര്യങ്ങളിൽ, എന്റെ ഇളയ സഹോദരൻ ധീരേന്ദ്ര ശാസ്ത്രി ജി, രാജ്യമെമ്പാടുമുള്ള ഐക്യത്തിന്റെ മന്ത്രം കൊണ്ട് ജനങ്ങളെ പ്രബുദ്ധരാക്കാൻ വളരെക്കാലമായി പരിശ്രമിച്ചുവരികയാണ്. ഇപ്പോൾ, സമൂഹത്തിന്റെയും മാനവികതയുടെയും സേവനത്തിനായി അദ്ദേഹം മറ്റൊരു മഹത്തായ ദൃഢനിശ്ചയം എടുത്തിട്ടുണ്ട് - ഈ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ, ഇവിടെ ബാഗേശ്വർ ധാമിൽ, ഭജനയും പ്രസാദവും മാത്രമല്ല, ആരോഗ്യകരമായ ജീവിതത്തിന്റെ സമ്മാനവും ലഭിക്കും.
സുഹൃത്തുക്കളെ,
നമ്മുടെ ക്ഷേത്രങ്ങളും മഠങ്ങളും പുണ്യസ്ഥലങ്ങളും എല്ലായ്‌പ്പോഴും ആരാധനയുടെയും ധ്യാനത്തിന്റെയും കേന്ദ്രങ്ങളായി വർത്തിച്ചിട്ടുണ്ട്. അതേസമയം, അവ ശാസ്ത്രീയ അന്വേഷണത്തിന്റെയും സാമൂഹിക ചിന്തയുടെയും കൂട്ടായ ബോധത്തിന്റെയും കേന്ദ്രങ്ങളുമായിരുന്നു. ആയുർവേദ ശാസ്ത്രവും യോഗയും നമുക്ക് പകർന്നു നൽകിയത് നമ്മുടെ ഋഷിമാരാണ് - ഇവ രണ്ടും ഇപ്പോൾ ലോകമെമ്പാടും ആഘോഷിക്കപ്പെടുന്നു. ഞങ്ങളുടെ വിശ്വാസം ലളിതമാണ്: നിസ്വാർത്ഥ സേവനത്തേക്കാൾ വലിയ മതമില്ല, എന്റെ സുഹൃത്തുക്കളെ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, മറ്റുള്ളവരെ സേവിക്കുക, അവരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുക എന്നതാണ് യഥാർത്ഥ മതത്തിന്റെ സത്ത. അതിനാൽ, എല്ലാ മനുഷ്യരിലും ദൈവികത വസിക്കുന്നു - നരനിൽ നാരായണൻ, എല്ലാ ജീവനിലും ശിവൻ എന്ന ബോധ്യത്തോടെ എല്ലാ ജീവജാലങ്ങളെയും സേവിക്കുക എന്നതാണ് ഞങ്ങളുടെ സുദീർഘമായ പാരമ്പര്യം.
നിലവിൽ, മഹാകുംഭമേളയെക്കുറിച്ചുള്ള ചർച്ചകൾ എല്ലായിടത്തും പ്രതിധ്വനിക്കുന്നു. മഹത്തായ പരിപാടി ഇപ്പോൾ അവസാനിക്കാറാക്കുമ്പോൾ കോടിക്കണക്കിന് ആളുകൾ ഇതിനകം ഒത്തുകൂടി, പുണ്യസ്നാനം നടത്തി, സന്യാസിമാരിൽ നിന്ന് അനുഗ്രഹം തേടി. ഈ മഹാകുംഭം നാം ആചരിക്കുമ്പോൾ, നമുക്ക് ഒരു ആഴത്തിലുള്ള തിരിച്ചറിവ് ഉദിക്കുന്നു - ഇത് യഥാർത്ഥത്തിൽ ഐക്യത്തിന്റെ ഒരു മഹാകുംഭമാണ് (ഏക്താ കാ മഹാകുംഭം). 144 വർഷങ്ങൾക്ക് ശേഷം നടക്കുന്ന ഈ മഹാ കുംഭമേള, ഐക്യത്തിന്റെ പ്രതീകമായി വരും തലമുറകൾക്ക് പ്രചോദനം നൽകും, നമ്മുടെ രാജ്യത്തിന്റെ കൂട്ടായ ചൈതന്യത്തെ അമൃതപ്രവാഹം പോലെ ശക്തിപ്പെടുത്തും. ജനങ്ങൾക്കിടയിൽ ശ്രദ്ധേയമായ ഒരു സേവനബോധം നിലനിൽക്കുന്നു. കുംഭമേളയിൽ പങ്കെടുക്കുന്ന ഓരോ സന്ദർശകനും നിസ്സംശയമായും ഈ ഐക്യം നേരിട്ട് കണ്ടിട്ടുണ്ട്. എന്നിരുന്നാലും, ഞാൻ കണ്ടുമുട്ടിയ, ഇന്ത്യയുടെ എല്ലാ കോണുകളിൽ നിന്നുമുള്ള, മഹാ കുംഭത്തിൽ പങ്കെടുത്ത എല്ലാവരിലും പ്രതിധ്വനിക്കുന്ന രണ്ട് പൊതു വികാരങ്ങളുണ്ട്. ഒന്നാമതായി, അവർ ശുചീകരണ തൊഴിലാളികളെ പൂർണ്ണഹൃദയത്തോടെ പ്രശംസിക്കുന്നു. ഈ ഐക്യത്തിൻ്റെ മഹാ കുംഭത്തിൽ 24 മണിക്കൂറും ശുചിത്വം പാലിക്കുന്നതിൽ അവരുടെ സമർപ്പണവും അക്ഷീണ പരിശ്രമവും ശരിക്കും പ്രശംസനീയമാണ്. ഇന്ന്, ഈ എല്ലാ ശുചീകരണ തൊഴിലാളികളോടും അവരുടെ അചഞ്ചലമായ സേവന മനോഭാവത്തിന് ഞാൻ എന്റെ അഗാധമായ ആദരവും നന്ദിയും അറിയിക്കുന്നു.
നമ്മുടെ രാജ്യത്ത് വളരെ അപൂർവമായി മാത്രമേ അംഗീകരിക്കപ്പെടുന്ന - രണ്ടാമത്തെ ശ്രദ്ധേയമായ വശം - നമ്മുടെ പോലീസ് ഉദ്യോഗസ്ഥരുടെ അസാധാരണ സംഭാവനയാണ്. ഇത്തവണ, മഹാ കുംഭത്തിൽ നിന്ന് മടങ്ങിയെത്തുന്ന ഓരോ തീർത്ഥാടകനും, പോലീസുകാർ അങ്ങേയറ്റം വിനയത്തോടും സമർപ്പണത്തോടും കൂടി, കോടിക്കണക്കിന് ഭക്തരെ തീർത്ഥാടകരെ പോലെ നിന്ന് - യഥാർത്ഥ സേവകർ (നിസ്വാർത്ഥ സേവകർ) എന്ന നിലയിൽ - പരിപാലിച്ചതിനെക്കുറിച്ച് സംസാരിക്കുന്നത് ഞാൻ നിരീക്ഷിച്ചു. മാതൃകാപരമായ സേവനത്തിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ ഈ പോലീസുകാർ നമ്മുടെയും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അർഹിക്കുന്നു.
പക്ഷേ, സഹോദരീ സഹോദരന്മാരേ,
പ്രയാഗ്‌രാജിലെ ഈ മഹാ കുംഭമേളയിൽ, നിസ്വാർത്ഥ സേവന മനോഭാവത്തോടെ നിരവധി സാമൂഹിക സേവന സംരംഭങ്ങൾ നടക്കുന്നുണ്ട്. നിർഭാഗ്യവശാൽ, മാധ്യമങ്ങൾക്ക് അവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രയാസമാണ്, അതിന്റെ ഫലമായി അവയ്ക്ക് വലിയ ശ്രദ്ധ ലഭിച്ചിട്ടില്ല. ഈ സേവന പദ്ധതികളെല്ലാം വിശദമായി ചർച്ച ചെയ്താൽ, അത് എന്റെ അടുത്ത പരിപാടിയെ തടസ്സപ്പെടുത്തിയേക്കാം. എന്നിരുന്നാലും, ഈ ഐക്യത്തിൻ്റെ മഹാ കുംഭത്തിൽ നടക്കുന്ന ഒരു ശ്രദ്ധേയമായ സംരംഭം - നേത്ര മഹാ കുംഭം - എടുത്തുകാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
ഈ നേത്ര മഹാ കുംഭമേളയിൽ, രാജ്യമെമ്പാടുമുള്ള തീർത്ഥാടകർക്ക്, പ്രത്യേകിച്ച് പിന്നോക്ക പശ്ചാത്തലങ്ങളിൽ നിന്നുള്ളവർക്ക്, സൗജന്യ നേത്ര പരിശോധന ലഭിക്കുന്നു. കഴിഞ്ഞ രണ്ട് മാസമായി, രാജ്യത്തുടനീളമുള്ള ആദരണീയരായ നേത്രരോഗവിദഗ്ദ്ധർ അവരുടെ സേവനങ്ങൾ സ്വമേധയാ നൽകിവരുന്നു. ഇതുവരെ, എന്റെ രണ്ട് ലക്ഷത്തിലധികം സഹോദരീ സഹോദരന്മാരുടെ കണ്ണുകൾ പരിശോധിച്ചു. കൂടാതെ, ഏകദേശം 1.5 ലക്ഷം വ്യക്തികൾക്ക് സൗജന്യ മരുന്നുകളും കണ്ണടകളും ലഭിച്ചു. തിമിരം കണ്ടെത്തിയ ഏകദേശം 16,000 പേരെ ചിത്രകൂടിലേക്കും സമീപത്തെ ആശുപത്രികളിലേക്കും വിപുലമായ നേത്ര പരിചരണ സൗകര്യങ്ങളോടെ റഫർ ചെയ്തു, അവിടെ അവർക്ക് തിമിര ശസ്ത്രക്രിയ പൂർണ്ണമായും സൗജന്യമായി നടത്തി. ഈ ഐക്യത്തിൻ്റെ മഹാ കുംഭത്തിൽ ഇത്തരം നിരവധി മഹത്തായ സംരംഭങ്ങൾ നടക്കുന്നുണ്ട്.
സഹോദരീ സഹോദരന്മാരെ,
ഈ ശ്രമങ്ങൾക്ക് പിന്നിൽ ആരാണ്? നമ്മുടെ ആദരണീയരായ സന്യാസിമാരുടെയും ഋഷിമാരുടെയും മാർഗ്ഗനിർദ്ദേശത്തിൽ, ആയിരക്കണക്കിന് ഡോക്ടർമാരും സന്നദ്ധപ്രവർത്തകരും നിസ്വാർത്ഥമായി ഈ ലക്ഷ്യത്തിനായി സ്വയം സമർപ്പിച്ചു, അചഞ്ചലമായ പ്രതിബദ്ധതയോടും ആഴമേറിയ സേവനബോധത്തോടും കൂടി പ്രവർത്തിക്കുന്നു. ഈ ഐക്യത്തിൻ്റെ മഹാ കുംഭം സന്ദർശിക്കുന്നവർ ഈ ശ്രമങ്ങളെ ശരിക്കും വിലമതിക്കുന്നു.
സഹോദരീ സഹോദരന്മാരേ,
അതുപോലെ, ഇന്ത്യയിലെ ഏറ്റവും വലിയ ആശുപത്രികളിൽ പലതും നമ്മുടെ മത സ്ഥാപനങ്ങളാണ് നടത്തുന്നത്. ആരോഗ്യത്തിനും ശാസ്ത്രത്തിനും വേണ്ടി സമർപ്പിച്ചിരിക്കുന്ന നിരവധി ഗവേഷണ സ്ഥാപനങ്ങളും മത ട്രസ്റ്റുകളാണ് നടത്തുന്നത്. ഈ സ്ഥാപനങ്ങൾ കോടിക്കണക്കിന് പിന്നോക്കം നിൽക്കുന്ന വ്യക്തികൾക്ക് വൈദ്യസഹായം നൽകുന്നു, അവർക്ക് സുപ്രധാന ചികിത്സയും പിന്തുണയും വാഗ്ദാനം ചെയ്യുന്നു. എന്റെ 'ദീദി മാ' ഇവിടെയുണ്ട്. അനാഥരായ പെൺകുട്ടികളെ സേവിക്കുന്നതിനുള്ള അവരുടെ സമർപ്പണം ശരിക്കും പ്രചോദനാത്മകമാണ്. ഈ പെൺമക്കളുടെ ക്ഷേമത്തിനായി അവർ തന്റെ ജീവിതം മുഴുവൻ സമർപ്പിച്ചു.
സുഹൃത്തുക്കളെ,
ശ്രീരാമനുമായി അടുത്ത ബന്ധമുള്ള ബുന്ദേൽഖണ്ഡിലെ പുണ്യഭൂമിയായ ചിത്രകൂട്, രോഗികളെയും ദിവ്യാംഗരെയും (ഭിന്നശേഷിക്കാർ) സേവിക്കുന്നതിനുള്ള ഒരു പ്രധാന കേന്ദ്രമാണ്. ബാഗേശ്വർ ധാം വഴി ഈ ശ്രേഷ്ഠമായ പാരമ്പര്യത്തിലേക്ക് മറ്റൊരു മഹത്തായ അധ്യായം കൂടി ചേർക്കപ്പെടുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ഇപ്പോൾ, ബാഗേശ്വർ ധാം വിശ്വാസത്തിന്റെയും ആത്മീയതയുടെയും ഒരു സ്ഥലമായി മാത്രമല്ല, നല്ല ആരോഗ്യത്തിന്റെ അനുഗ്രഹങ്ങൾ നൽകപ്പെടുന്ന രോഗശാന്തിയുടെ കേന്ദ്രമായും മാറും.
വെറും രണ്ട് ദിവസത്തിനുള്ളിൽ, മഹാശിവരാത്രിയുടെ ശുഭകരമായ വേളയിൽ, 251 പെൺമക്കളുടെ സമൂഹ വിവാഹ ചടങ്ങും ഇവിടെ സംഘടിപ്പിക്കുമെന്ന് എനിക്ക് വിവരം ലഭിച്ചു. ഈ പുണ്യ സംരംഭം ഏറ്റെടുത്ത ബാഗേശ്വർ ധാമിനെ ഞാൻ അഗാധമായി അഭിനന്ദിക്കുന്നു. എല്ലാ നവദമ്പതികൾക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുകയും എന്റെ പെൺമക്കളെ മുൻകൂട്ടി അനുഗ്രഹിക്കുകയും ചെയ്യുന്നു, അവർക്ക് സന്തോഷവും സമൃദ്ധിയും നിറഞ്ഞ ജീവിതം ആശംസിക്കുന്നു.
സുഹൃത്തുക്കളെ,
നമ്മുടെ വേദങ്ങൾ പറയുന്നു: शरीर-माद्यं खलु धर्म-साधनम्. —അതായത് നമ്മുടെ ശരീരവും ആരോഗ്യവുമാണ് നമ്മുടെ കടമകൾ നിറവേറ്റുന്നതിനും സന്തോഷം നേടുന്നതിനും വിജയം കൈവരിക്കുന്നതിനുമുള്ള പ്രധാന ഉപകരണങ്ങൾ. അതുകൊണ്ടാണ്, രാഷ്ട്രം എന്നെ സേവിക്കാനുള്ള അവസരം ഏൽപ്പിച്ചപ്പോൾ, ഞാൻ എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനം എന്നത് നമ്മുടെ ഗവൺമെൻ്റിൻ്റെ മാർഗ്ഗനിർദ്ദേശ തത്വമാക്കി മാറ്റിയത്. ഈ പ്രതിജ്ഞയുടെ നിർണായക അടിത്തറ സബ്കാ ഇലാജ്, സബ്കാ ആരോഗ്യ (എല്ലാവർക്കും ആരോഗ്യ സംരക്ഷണം, എല്ലാവർക്കും ക്ഷേമം) എന്നതാണ്.
ഈ ദർശനം നിറവേറ്റുന്നതിനായി, രോഗ പ്രതിരോധത്തിൽ ശക്തമായ ഊന്നൽ നൽകിക്കൊണ്ട് ഞങ്ങൾ ഒന്നിലധികം തലങ്ങളിൽ പ്രവർത്തിക്കുന്നു. ഞാൻ നിങ്ങളോട് ചോദിക്കട്ടെ - സ്വച്ഛ് ഭാരത് അഭിയാന്റെ കീഴിൽ, എല്ലാ ഗ്രാമങ്ങളിലും ശൗചാലയങ്ങൾ നിർമ്മിച്ചിട്ടുണ്ടോ ഇല്ലയോ? അവ നിങ്ങൾക്ക് പ്രയോജനകരമായിരുന്നോ അല്ലയോ? ശൗചാലയങ്ങൾ നിർമ്മിക്കുന്നത് മറ്റൊരു പ്രധാന നേട്ടം നൽകുന്നുവെന്ന് നിങ്ങൾക്കറിയാം - ശുചിത്വമില്ലായ്മ മൂലമുണ്ടാകുന്ന രോഗങ്ങൾ കുറയ്ക്കുന്നു. ശരിയായ ശൗചാലയങ്ങളുള്ള വീടുകൾ മെഡിക്കൽ ചെലവുകൾക്കായി ചെലവഴിക്കുന്ന ആയിരക്കണക്കിന് രൂപ ലാഭിക്കുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
സുഹൃത്തുക്കളെ,
2014-ൽ നമ്മുടെ ഗവൺമെൻ്റ് അധികാരത്തിൽ വരുന്നതിനുമുമ്പ്, ദരിദ്രർ രോഗത്തേക്കാൾ ചികിത്സാച്ചെലവിനെ ഭയക്കുന്ന തരത്തിലായിരുന്നു രാജ്യത്തെ സ്ഥിതി. ഒരു കുടുംബാംഗത്തിന് പോലും ഗുരുതരമായ രോഗം ബാധിച്ചാൽ, മുഴുവൻ കുടുംബവും കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടേണ്ടിവരും. നിങ്ങളിൽ പലരെയും പോലെ, ഞാനും ഒരു എളിയ പശ്ചാത്തലത്തിൽ നിന്നാണ് വരുന്നത്. ഈ പ്രതിസന്ധികൾ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. അതുകൊണ്ടാണ് ഞാൻ ഒരു ഗൗരവമേറിയ പ്രതിജ്ഞ എടുത്തത് - ചികിത്സാ ചെലവുകളുടെ ഭാരം കുറയ്ക്കാനും നിങ്ങളുടെ കഠിനാധ്വാനത്തിലൂടെ സമ്പാദിച്ച പണത്തിന്റെ പരമാവധി ലാഭിക്കാനും.
അർഹതയുള്ള ആരും അവഗണിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ ഞാൻ ആഗ്രഹിക്കുന്നതിനാൽ, നമ്മുടെ ഗവൺമെൻ്റിൻ്റെ ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ ഞാൻ ഇടയ്ക്കിടെ പങ്കിടുന്നു. ഇന്ന്, ചില നിർണായക വിശദാംശങ്ങൾ ഞാൻ വീണ്ടും ആവർത്തിക്കുന്നു, നിങ്ങൾ അവ ഓർമ്മിക്കുക മാത്രമല്ല, നിങ്ങളുടെ പരിചയക്കാരുമായി പങ്കിടുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങൾ അത് ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട് - കാരണം അവബോധം പ്രചരിപ്പിക്കുന്നത് ഒരു സേവന പ്രവൃത്തിയാണ്. ചികിത്സാച്ചെലവിന്റെ ഭാരം കുറയ്ക്കേണ്ടതല്ലേ?
അതുകൊണ്ടാണ് ഞാൻ എല്ലാ പിന്നോക്ക വ്യക്തികൾക്കും സൗജന്യ ചികിത്സയ്ക്കുള്ള ഒരു വ്യവസ്ഥ അവതരിപ്പിച്ചത് - 5 ലക്ഷം രൂപ വരെ സൗജന്യമായി മെഡിക്കൽ കവറേജ്! മാതാപിതാക്കളുടെ ചികിത്സയ്ക്കായി 5 ലക്ഷം രൂപ ചെലവഴിക്കുന്നതിനെക്കുറിച്ച് ഒരു മകനും വിഷമിക്കേണ്ടതില്ല - ഡൽഹിയിൽ താമസിക്കുന്ന നിങ്ങളുടെ മകൻ നിങ്ങൾക്കായി അത് നോക്കി ചെയ്യും. എന്നിരുന്നാലും, ഈ ആനുകൂല്യം ലഭിക്കാൻ, നിങ്ങൾ ഒരു ആയുഷ്മാൻ കാർഡ് എടുക്കണം. നിങ്ങളിൽ പലരും ഇതിനകം തന്നെ നിങ്ങളുടെ ആയുഷ്മാൻ കാർഡ് നേടിയിട്ടുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. ഇല്ലാത്തവർ എത്രയും വേഗം അത് ചെയ്യണം. കൂടാതെ, ഈ മേഖലയിലെ നടപ്പാക്കലിൽ ഏന്തെങ്കിലും വിടവുകൾ ഉണ്ടെങ്കിൽ വേഗത്തിൽ പരിഹരിക്കണമെന്ന് ഞാൻ മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുന്നു.
സുഹൃത്തുക്കളെ,
നിങ്ങൾ ഓർമ്മിക്കേണ്ട മറ്റൊരു പ്രധാന കാര്യം കൂടിയുണ്ട്. ഇപ്പോൾ, 70 വയസ്സിനു മുകളിലുള്ള എല്ലാ വൃദ്ധർക്കും സൗജന്യ വൈദ്യചികിത്സ നൽകുന്നതിനായി ആയുഷ്മാൻ കാർഡുകൾ വിതരണം ചെയ്യുന്നു - അവർ ദരിദ്രരോ മധ്യവർഗക്കാരോ സമ്പന്നരോ ആകട്ടെ. ഈ കാർഡുകൾ ഓൺലൈനായി സൃഷ്ടിക്കപ്പെടും, പണമടയ്ക്കേണ്ടതില്ല. ആരെങ്കിലും അതിന് പണം ആവശ്യപ്പെട്ടാൽ, നിങ്ങൾ എനിക്ക് നേരിട്ട് എഴുതണം - ബാക്കിയുള്ള കാര്യങ്ങൾ ഞാൻ നോക്കിക്കൊള്ളാം. അപ്പോൾ, ആരെങ്കിലും പണം ആവശ്യപ്പെട്ടാൽ, നിങ്ങൾ എന്തു ചെയ്യും? നിങ്ങൾ എനിക്ക് എഴുതും! നമ്മുടെ ആദരണീയരായ സന്ന്യാസിമാരോടും ആത്മീയ നേതാക്കളോടും അവരുടെ ആയുഷ്മാൻ കാർഡുകൾ ഉറപ്പാക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു, അങ്ങനെ അവർ എപ്പോഴെങ്കിലും രോഗബാധിതരായാൽ, അവരെ സേവിക്കാനുള്ള അവസരം എനിക്ക് ലഭിക്കും. തീർച്ചയായും, നിങ്ങൾ എല്ലാവരും നല്ല ആരോഗ്യത്തോടെയിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, പക്ഷേ എപ്പോഴെങ്കിലും ആവശ്യം വന്നാൽ, ഈ സൗകര്യം എളുപ്പത്തിൽ ലഭ്യമായിരിക്കണം.
സഹോദരീ സഹോദരന്മാരെ,
പല കേസുകളിലും, ആശുപത്രിയിൽ കിടക്കേണ്ടത് ആവശ്യമില്ല - രോഗികൾ വീട്ടിൽ നിർദ്ദേശിച്ച മരുന്നുകൾ മാത്രം കഴിച്ചാൽ മതി. മരുന്നുകൾ കൂടുതൽ താങ്ങാനാവുന്നതാക്കി മാറ്റാൻ, രാജ്യത്തുടനീളം 14,000-ത്തിലധികം ജൻ ഔഷധി കേന്ദ്രങ്ങൾ ഞങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങൾ വളരെ കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ വാഗ്ദാനം ചെയ്യുന്നു - വിപണിയിൽ ഒരു മരുന്നിന് 100 രൂപ വില വരുമെങ്കിലും, ജൻ ഔഷധി കേന്ദ്രത്തിൽ നിന്ന് 15, 20, അല്ലെങ്കിൽ 25 രൂപയ്ക്ക് ഇത് ലഭിക്കും. ഇപ്പോൾ, എന്നോട് പറയൂ - ഇത് പണം ലാഭിക്കാൻ സഹായിക്കില്ലേ? ജൻ ഔഷധി കേന്ദ്രങ്ങളിൽ നിന്ന് നിങ്ങളുടെ മരുന്നുകൾ വാങ്ങേണ്ടതല്ലേ?
മറ്റൊരു ആശങ്ക കൂടി ഞാൻ എടുത്തുകാണിക്കാൻ ആഗ്രഹിക്കുന്നു. ഗ്രാമങ്ങളിൽ വൃക്കരോഗം കൂടുതൽ വ്യാപകമാകുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വൃക്കരോഗങ്ങൾ വഷളാകുമ്പോൾ, രോഗികൾക്ക് പതിവായി ഡയാലിസിസ് ആവശ്യമാണ്, ഇതിന് പലപ്പോഴും ദീർഘദൂര യാത്രയും ഉയർന്ന ചെലവും ആവശ്യമാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിന്, രാജ്യത്തെ 700 ലധികം ജില്ലകളിലായി 1,500 ലധികം ഡയാലിസിസ് കേന്ദ്രങ്ങൾ ഞങ്ങൾ സ്ഥാപിച്ചിട്ടുണ്ട്, സൗജന്യ ഡയാലിസിസ് സൗകര്യങ്ങൾ നൽകുന്നു.
ഈ ഗവൺമെൻ്റ് പദ്ധതികൾ പ്രയോജനപ്പെടുത്തുക മാത്രമല്ല, മറ്റുള്ളവരിൽ അവബോധം പ്രചരിപ്പിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. നിങ്ങൾ ഇത് എനിക്ക് വേണ്ടി ചെയ്യുമോ? നിങ്ങളുടെ കൈകൾ ഉയർത്തി എന്നോട് പറയൂ - നിങ്ങൾ അത് ചെയ്യുമോ? ഇത് ഒരു സേവന പ്രവൃത്തിയാണ്, നിങ്ങൾക്ക് പുണ്യം നേടിത്തരുന്ന ഒരു ഉത്തമ പ്രവൃത്തിയാണ്.
സുഹൃത്തുക്കളെ,
ബാഗേശ്വർ ധാമിൽ കാൻസർ രോഗികൾക്കായി ഒരു പ്രധാന ആശുപത്രി ഉടൻ സ്ഥാപിക്കാൻ പോകുന്നു. എല്ലായിടത്തും കാൻസർ ഒരു ഗുരുതരമായ ആശങ്കയായി മാറിക്കൊണ്ടിരിക്കുന്നതിനാൽ, ഗവൺമെന്റും സമൂഹവും ആത്മീയ നേതാക്കളും എല്ലാവരും ഈ രോഗത്തെ ചെറുക്കാൻ കൂട്ടായ ശ്രമങ്ങൾ നടത്തുകയാണ്.
സഹോദരീ സഹോദരന്മാരെ,
കാൻസറിനെതിരെ പോരാടുന്നത് എത്ര വെല്ലുവിളി നിറഞ്ഞതാണെന്ന് ഞാൻ മനസ്സിലാക്കുന്നു, പ്രത്യേകിച്ച് ഗ്രാമങ്ങളിൽ. പല കേസുകളിലും, ആളുകൾക്ക് ദിവസങ്ങളോളം, മാസങ്ങളോളം പോലും, തങ്ങൾക്ക് കാൻസർ ഉണ്ടെന്ന് അറിയില്ല. തുടക്കത്തിൽ, പനിക്കും വേദനയ്ക്കും അവർ വീട്ടിലെ പൊടിക്കൈകൾ തേടുന്നു, ചിലർ പ്രാർത്ഥനകളിലേക്കും ആചാരങ്ങളിലേക്കും തിരിയുന്നു, മറ്റുള്ളവർ വ്യാജ രോഗശാന്തിക്കാരുടെ കൈകളിൽ അകപ്പെടുന്നു. വേദന രൂക്ഷമാകുമ്പോഴോ ഒരു മുഴ ദൃശ്യമാകുമ്പോഴോ മാത്രമാണ് അവർ വൈദ്യസഹായം തേടുന്നത്, പക്ഷേ അവർക്ക് കാൻസർ ഉണ്ടെന്ന നിരാശാജനകമായ രോഗനിർണയം ലഭിക്കുന്നു. രോഗത്തെക്കുറിച്ചുള്ള ഒരു പരാമർശം മാത്രം ഒരു വീടിനെ മുഴുവൻ ദുഃഖവും ഭയവും കൊണ്ട് നിറയ്ക്കുന്നു, സ്വപ്നങ്ങൾ തകർക്കുന്നു, ചികിത്സയ്ക്കായി എവിടേക്ക് തിരിയണമെന്ന് കുടുംബങ്ങളെ അനിശ്ചിതത്വത്തിലാക്കുന്നു. മിക്കവർക്കും, ഡൽഹിയും മുംബൈയും മാത്രമാണ് അറിയപ്പെടുന്ന ഓപ്ഷനുകൾ.
അതുകൊണ്ടാണ് നമ്മുടെ ഗവൺമെൻ്റ് ഈ വെല്ലുവിളികളെ സജീവമായി അഭിസംബോധന ചെയ്യുന്നത്. ഈ വർഷത്തെ ബജറ്റിൽ, കാൻസറിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന് നിരവധി പ്രധാന പ്രഖ്യാപനങ്ങൾ നടത്തിയിട്ടുണ്ട്. കാൻസർ മരുന്നുകൾ കൂടുതൽ താങ്ങാനാവുന്നതാക്കി മാറ്റാൻ മോദി പ്രതിജ്ഞാബദ്ധനാണ്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ, രാജ്യത്തുടനീളമുള്ള എല്ലാ ജില്ലകളിലും കാൻസർ ഡേ കെയർ സെന്ററുകൾ സ്ഥാപിക്കും, പരിശോധനയ്ക്കും വിശ്രമത്തിനും സൗകര്യങ്ങൾ ഒരുക്കും. കൂടാതെ, ചികിത്സയ്ക്ക് മികച്ച പ്രാപ്യത ഉറപ്പാക്കുന്നതിനായി ജില്ലാ ആശുപത്രികളിലും നിങ്ങളുടെ സമീപ പ്രദേശങ്ങളിലെ മെഡിക്കൽ സെന്ററുകളിലും കാൻസർ ക്ലിനിക്കുകൾ സ്ഥാപിക്കും.
എന്നാൽ, സഹോദരീ സഹോദരന്മാരെ,
ഒരു കാര്യം എനിക്ക് പറയണം - കേൾക്കാൻ സുഖകരമായിരിക്കില്ല, പക്ഷേ നാമെല്ലാവരും അതനുസരിച്ച് പ്രവർത്തിക്കുകയും ഓർമ്മിക്കുകയും അത് നമ്മുടെ ജീവിതവുമായി സംയോജിപ്പിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. കാൻസറിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിൽ നിങ്ങൾ ജാഗ്രത പാലിക്കുകയും മുൻകൈയെടുക്കുകയും വേണം. ആദ്യത്തേതും പ്രധാനവുമായ ഘട്ടം നേരത്തെയുള്ള രോഗ നിർണയമാണ്. ഒരിക്കൽ കാൻസർ പടർന്നുപിടിച്ചാൽ, അത് ചികിത്സിക്കാൻ അവിശ്വസനീയമാംവിധം ബുദ്ധിമുട്ടായിത്തീരുന്നു. അതുകൊണ്ടാണ് 30 വയസ്സിന് മുകളിലുള്ള വ്യക്തികൾക്കായി ഞങ്ങൾ രാജ്യവ്യാപകമായി ഒരു സ്‌ക്രീനിംഗ് കാമ്പയിൻ നടത്തുന്നത്. ഈ സംരംഭം പൂർണ്ണമായി പ്രയോജനപ്പെടുത്താൻ ഞാൻ നിങ്ങളിൽ ഓരോരുത്തരോടും അഭ്യർത്ഥിക്കുന്നു - അത് അവഗണിക്കരുത്. ചെറിയൊരു സംശയം പോലും ഉണ്ടെങ്കിൽ, ഉടൻ തന്നെ ഒരു കാൻസർ സ്‌ക്രീനിംഗ് നടത്തുക. മറ്റൊരു നിർണായക വശം അവബോധമാണ്. കാൻസർ ഒരു പകർച്ചവ്യാധിയല്ല - ഇത് ശാരീരിക സമ്പർക്കത്തിലൂടെ പടരുന്നില്ല. എന്നിരുന്നാലും, ചില ജീവിതശൈലി ശീലങ്ങൾ അപകടസാധ്യത ഗണ്യമായി വർദ്ധിപ്പിക്കുന്നു. ബീഡി, സിഗരറ്റ് വലിക്കൽ, ഗുഡ്ക, പുകയില, മസാലകൾ കൂടുതലായി ചേർത്ത ഭക്ഷണങ്ങൾ എന്നിവ കഴിക്കുന്നത് കാൻസറിന് പ്രധാന കാരണമാകുന്നു. നമ്മുടെ ഇടയിലുള്ള അമ്മമാരും സഹോദരിമാരും ഇത് കേൾക്കുന്നതിൽ പ്രത്യേകിച്ചും സന്തോഷിക്കുന്നുണ്ടെന്ന് എനിക്ക് ഇതിനകം കാണാൻ കഴിയും. അതിനാൽ, ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു - ഈ ദോഷകരമായ വസ്തുക്കളിൽ നിന്ന് അകന്നു നിൽക്കുകയും മറ്റുള്ളവരെയും അങ്ങനെ ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. നിങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും മുൻഗണന നൽകുക. നമ്മൾ പ്രതിരോധ നടപടികൾ സ്വീകരിച്ചാൽ, ബാഗേശ്വർ ധാമിൽ നിർമ്മിക്കുന്ന ആശുപത്രി പോലുള്ള ആശുപത്രികളുടെ ഭാരം കുറയ്ക്കാൻ കഴിയും. ഒരു രോഗിയായി ഇവിടെ വരേണ്ടി വന്നില്ലെങ്കിൽ നല്ലതല്ലേ? നിങ്ങൾ മുൻകരുതലുകൾ എടുക്കും, അല്ലേ? നിങ്ങൾ അശ്രദ്ധ കാണിക്കില്ല, അല്ലേ?
സുഹൃത്തുക്കളെ,
നിങ്ങളുടെ എളിയ സേവകനെന്ന നിലയിൽ നിങ്ങളെ സേവിക്കുന്നതിൽ മോദി സമർപ്പിതനാണ്. ഛത്തർപുരിലേക്കുള്ള എന്റെ അവസാന സന്ദർശന വേളയിൽ, ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യാനും തറക്കല്ലിടാനും എനിക്ക് അവസരം ലഭിച്ചു, മുഖ്യമന്ത്രി ഇപ്പോൾ പറഞ്ഞതുപോലെ. 45,000 കോടി രൂപയുടെ കെൻ-ബെത്വ ലിങ്ക് പദ്ധതിയും അവയിൽ ഉൾപ്പെട്ടിരുന്നുവെന്ന് നിങ്ങൾ ഓർക്കുന്നുണ്ടാകും. പതിറ്റാണ്ടുകളായി ഈ പദ്ധതി മുടങ്ങിക്കിടന്നിരുന്നു - നിരവധി ഗവൺമെൻ്റുകൾ വന്നു പോയി, എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും നേതാക്കൾ ബുന്ദേൽഖണ്ഡ് സന്ദർശിച്ചു, പക്ഷേ ഇവിടുത്തെ ജലപ്രതിസന്ധി കൂടുതൽ രൂക്ഷമായി. പറയൂ, മുൻ ഗവൺമെൻ്റുകളിൽ ഏതെങ്കിലും അവരുടെ വാഗ്ദാനങ്ങൾ പാലിച്ചോ? മോദിയെ നിങ്ങൾ അനുഗ്രഹിച്ചപ്പോഴാണ് ദീർഘകാലമായി മുടങ്ങിക്കിടന്ന ഈ പദ്ധതിയിൽ പുരോഗതി ഉണ്ടായത്.
കുടിവെള്ള പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളും ത്വരിതഗതിയിൽ നടക്കുന്നു. ജൽ ജീവൻ മിഷൻ - ഹർ ഘർ ജൽ പദ്ധതി പ്രകാരം - ബുന്ദേൽഖണ്ഡിലെ എല്ലാ ഗ്രാമങ്ങളിലേക്കും പൈപ്പ് ലൈനുകൾ വഴി വെള്ളം ഇപ്പോൾ വിതരണം ചെയ്യുന്നു. നമ്മുടെ കർഷക സഹോദരീ സഹോദരന്മാരുടെ പ്രതിസന്ധികൾ ലഘൂകരിക്കാനും ഒടുവിൽ അവരുടെ വരുമാനം വർദ്ധിപ്പിക്കാനും ഞങ്ങൾ അക്ഷീണം പ്രവർത്തിക്കുന്നു.
സഹോദരീ സഹോദരന്മാരെ,
ബുന്ദേൽഖണ്ഡ് യഥാർത്ഥത്തിൽ അഭിവൃദ്ധി പ്രാപിക്കണമെങ്കിൽ, നമ്മുടെ അമ്മമാരും സഹോദരിമാരും ഒരുപോലെ ശാക്തീകരിക്കപ്പെടേണ്ടത് അത്യാവശ്യമാണ്. ഇത് കൈവരിക്കുന്നതിന്, ലഖ്പതി ദീദി, ഡ്രോൺ ദീദി തുടങ്ങിയ സംരംഭങ്ങൾ ഞങ്ങൾ ആരംഭിച്ചിട്ടുണ്ട്. മൂന്ന് കോടി സഹോദരിമാരെ ലഖ്പതി ദീദികളാക്കി മാറ്റുക അവർക്ക് സാമ്പത്തിക സ്വാതന്ത്ര്യം നേടാൻ അവരെ പ്രാപ്തരാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. സ്ത്രീകളെയും ഡ്രോണുകൾ പ്രവർത്തിപ്പിക്കാൻ പരിശീലിപ്പിക്കുന്നു. ബുന്ദേൽഖണ്ഡിലേക്ക് ജലസേചനം നടക്കുന്നത്, നമ്മുടെ സഹോദരിമാർ ഡ്രോണുകൾ ഉപയോഗിച്ച് വിളകൾ തളിക്കുന്നത്, കൃഷിയിൽ സജീവമായി പങ്കെടുക്കുന്നത് എന്നിവ സങ്കൽപ്പിക്കുക. ഇത് ബുന്ദേൽഖണ്ഡിനെ വേഗത്തിൽ അഭിവൃദ്ധിയുടെ പാതയിലേക്ക് നയിക്കും.
സഹോദരീ സഹോദരന്മാരെ,
ഡ്രോൺ സാങ്കേതികവിദ്യയിലൂടെ നമ്മുടെ ഗ്രാമങ്ങളിൽ മറ്റൊരു പ്രധാന പരിവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്. സ്വാമിത്വ യോജന പ്രകാരം, കൃത്യമായ ഭൂമി സർവേകൾ നടത്താൻ ഡ്രോണുകൾ ഉപയോഗിക്കുന്നു, ശരിയായ ഉടമസ്ഥാവകാശ രേഖകൾ നൽകുന്നു. മധ്യപ്രദേശിൽ, ഇക്കാര്യത്തിൽ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. വ്യവസായങ്ങൾ ആരംഭിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ആത്യന്തികമായി വരുമാനം വർദ്ധിപ്പിക്കുന്നതിനും ഉപയോഗിക്കുന്ന ഈ നിയമപരമായ രേഖകൾ ഉപയോഗിച്ച് ആളുകൾക്ക് ഇപ്പോൾ എളുപ്പത്തിൽ ബാങ്ക് വായ്പകൾ നേടാൻ കഴിയും.
സുഹൃത്തുക്കളെ,
ബുന്ദേൽഖണ്ഡ് എന്ന പുണ്യഭൂമിയെ വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ ഇരട്ട എഞ്ചിൻ ഗവൺമെൻ്റ് അക്ഷീണം പ്രവർത്തിക്കുന്നു. ഇന്ന്, ബാഗേശ്വർ ധാമിൽ, ബുന്ദേൽഖണ്ഡ് സമൃദ്ധിയുടെയും പുരോഗതിയുടെയും പാതയിലൂടെ മുന്നേറുന്നത് തുടരട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഹനുമാൻ ദാദയുടെ കാൽക്കൽ എത്തിയപ്പോൾ, ഒരു ചിന്ത എന്റെ മനസ്സിലൂടെ കടന്നുപോയി - ഇന്ന് ധീരേന്ദ്ര ശാസ്ത്രിയ്ക്ക് മാത്രമാണോ പവിത്രമായ കുറിപ്പ് എടുക്കാൻ സാധിക്കുക, അതോ എനിക്കും ഒന്ന് എടുക്കാനുള്ള അവസരം ലഭിക്കുമോ? ഹനുമാൻ ദാദ ജി എന്നെ അനുഗ്രഹിക്കുമോ എന്ന് കാണാൻ ഞാൻ ആഗ്രഹിച്ചു. തീർച്ചയായും, അദ്ദേഹത്തിന്റെ ദിവ്യകാരുണ്യത്താൽ, ഇന്ന് ഞാൻ ആദ്യത്തെ കുറിപ്പ് എടുക്കുന്നു - അദ്ദേഹത്തിന്റെ മാതാവിൻ്റെ സന്ദേശം - ശാസ്ത്രി ജി ഇതിനകം നിങ്ങളുമായി അതിന്റെ പ്രാധാന്യം പങ്കുവെച്ചിട്ടുണ്ട്.
ശരി, എന്റെ മിത്രങ്ങളെ,
ഇതൊരു മഹത്തായ അവസരമാണ്, ഒരു മഹത്തായ ദൗത്യമാണ്. ദൃഢനിശ്ചയം ശക്തമാകുമ്പോൾ, സന്യാസിമാരുടെ അനുഗ്രഹങ്ങളും ദിവ്യകൃപയും നമ്മോടൊപ്പമുണ്ടെങ്കിൽ, ഓരോ ലക്ഷ്യവും അതിന്റെ നിശ്ചിത സമയപരിധിക്കുള്ളിൽ കൈവരിക്കപ്പെടും. നിങ്ങളിൽ ചിലർ ഉദ്ഘാടനത്തിന് വരാൻ എന്നോട് ആവശ്യപ്പെട്ടു, മറ്റുള്ളവർ അവരുടെ വിവാഹ ഘോഷയാത്രകളിൽ പങ്കെടുക്കാൻ എന്നെ ക്ഷണിച്ചു. ഇന്ന്, ഞാൻ ഒരു പൊതു വാഗ്ദാനം ചെയ്യുന്നു - ഞാൻ രണ്ട് പ്രതിബദ്ധതകളും നിറവേറ്റും!
ഒരിക്കൽ കൂടി നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. വളരെ നന്ദി. ഹർ ഹർ മഹാദേവ്!
ഡിസ്ക്ലെയ്മർ: പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവർത്തനമാണിത്. യഥാർത്ഥ പ്രസംഗം ഹിന്ദിയിലായിരുന്നു.
****
(Release ID: 2141977)
Visitor Counter : 6
Read this release in:
Assamese
,
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada