ജൽ ശക്തി മന്ത്രാലയം
azadi ka amrit mahotsav

ദേശീയ ഗ്രാമീണ ശുചിത്വ ശില്പശാലയ്ക്ക് ഡി‌ഡി‌ഡബ്ല്യു‌എസും യുണിസെഫും സംയുക്തമായി ആതിഥേയത്വം വഹിച്ചു. സമഗ്രവും, പ്രതിരോധശേഷിയുള്ളതും, സുസ്ഥിരവുമായ എസ് ബി എം -ജി യുടെ അടുത്ത ഘട്ടത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടി

Posted On: 02 JUL 2025 4:23PM by PIB Thiruvananthpuram

ജലശക്തി മന്ത്രാലയത്തിന് കീഴിലെ കുടിവെള്ള, ശുചിത്വ വകുപ്പും (ഡി‌ഡി‌ഡബ്ല്യു‌എസ്) യുണിസെഫ് ഇന്ത്യയും ചേർന്ന് ഇന്ന് ന്യൂഡൽഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിൽ ദേശീയ ഗ്രാമീണ ശുചിത്വ ശില്പശാല സംഘടിപ്പിച്ചു. എസ്‌ബി‌എം-ജിയുടെ പുരോഗതി അവലോകനം ചെയ്യുന്നതിനും അതിന്റെ അടുത്ത ഘട്ടത്തിനായുള്ള മുൻഗണനകൾ തിരിച്ചറിയുന്നതിനുമായി സംഘടിപ്പിച്ച പരിപാടിയിൽ മുതിർന്ന ഗവൺമെന്റ് ഉദ്യോഗസ്ഥർ, സംസ്ഥാനങ്ങളിലെ മിഷൻ ഡയറക്ടർമാർ, വികസന പങ്കാളികൾ, മേഖലയിലെ വിദഗ്ധർ എന്നിവരുൾപ്പെടെ പ്രധാന പങ്കാളികൾ ഒത്തുചേർന്നു.

 ശില്പശാലയെ അഭിസംബോധന ചെയ്ത ഡി‌ഡി‌ഡബ്ല്യു‌എസ് സെക്രട്ടറി ശ്രീ അശോക് കെ കെ മീണ ഇങ്ങനെ പറഞ്ഞു: “എസ്‌ബി‌എം-ജി യാത്രയിൽ നാം മുന്നോട്ട് പോകുമ്പോൾ, ശുചിത്വം എന്നത് അടിസ്ഥാന സൗകര്യങ്ങൾ മാത്രമല്ല, ഇത് അന്തസ്, തുല്യത, സുസ്ഥിരത എന്നിവയും ഉൾക്കൊള്ളുന്നതാണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. നമ്മുടെ കാലത്തെ കാലാവസ്ഥാ വെല്ലുവിളികളുമായി പൊരുത്തപ്പെടുന്നതിനൊപ്പം ആരും പിന്തള്ളപ്പെടരുത് എന്ന ഗവൺമെന്റിന്റെ പ്രതിജ്ഞാബദ്ധതയാണ് ഈ പരിപാടിയും ഈ പ്രോട്ടോക്കോളുകളുടെ സമാരംഭവും പ്രതിഫലിപ്പിക്കുന്നത്. എസ്‌ബി‌എം-ജിയുടെ അടുത്ത ഘട്ടം, കഴിഞ്ഞ ദശകത്തിലെ കൂട്ടായ ശ്രമത്തെ ത്വരിതപ്പെടുത്തുകയും സേവന വിതരണത്തിൽ പ്രാദേശിക നേതൃത്വത്തിന്റെ പങ്കാളിത്തം ഉറപ്പിക്കുകയും വേണം.”

  ശുചിത്വ സേവനങ്ങൾ സുരക്ഷിതവും സമഗ്രവും മാത്രമല്ല, കാലാവസ്ഥാ-പ്രതിരോധശേഷിയുള്ളതും തുല്യവുമാണെന്ന് ഉറപ്പാക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പിനെ പ്രതിനിധീകരിച്ചു കൊണ്ട് രണ്ട് പ്രധാന സാങ്കേതിക പ്രസിദ്ധീകരണങ്ങൾ ശിൽപശാലയുടെ ഭാഗമായി പുറത്തിറങ്ങി:

•ഗ്രാമീണ ഇന്ത്യയിലെ ശുചീകരണ തൊഴിലാളികളുടെ സുരക്ഷയ്ക്കും അന്തസ്സിനും വേണ്ടിയുള്ള മാതൃക നിർവഹണ നടപടിക്രമങ്ങൾ(SOP)
•കാലാവസ്ഥാ-പ്രതിരോധശേഷിയുള്ള ശുചിത്വ സാങ്കേതിക മാതൃകകളും സേവനങ്ങളും വികസിപ്പിക്കുന്നതിനുള്ള പ്രോട്ടോക്കോൾ


സുരക്ഷിതവും ഉൾക്കൊള്ളുന്നതുമായ  ശുചിത്വരീതിയിൽ നിന്ന് സുസ്ഥിര ഗ്രാമവികസനത്തിന്റെ വിശാലമായ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നതും, പ്രതിരോധശേഷിയുള്ളതും ഭാവി സജ്ജവുമായ ശുചിത്വ രീതിയിലേക്ക് മാറേണ്ടതിന്റെ ആവശ്യകത യുണിസെഫ്, വാഷ് & സിസിഇഎസ് ചീഫ് കരീന മാൽക്‌സ്‌വെസ്‌ക സ്വാഗത പ്രസംഗത്തിൽ ആവർത്തിച്ചു വ്യക്തമാക്കി.

ജെജെഎം & എസ്ബിഎം-ജി അഡീഷണൽ സെക്രട്ടറിയും മിഷൻ ഡയറക്ടറുമായ ശ്രീ കമൽ കിഷോർ സോൻ ആമുഖ പ്രഭാഷണം നടത്തി. വിവിധ പ്രവർത്തനങ്ങളുടെ പ്രതിഫലനത്തിനും പുനഃക്രമീകരണത്തിനുമുള്ള ഒരു പ്രധാന വേദിയാണ് ഈ ശിൽപ്പശാല എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നാം എന്താണ് ചെയ്യുന്നതെന്ന് വിലയിരുത്താനും നമ്മുടെ ശ്രദ്ധ കൂടുതൽ ആവശ്യമുള്ള മേഖലകൾ തിരിച്ചറിയാനും ഈ യോഗം നമ്മെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. വേഗതയും ഗുണനിലവാരവും പരസ്പരപൂരകമായി നിലകൊള്ളുന്നു എന്ന് ഉറപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. കാലാവസ്ഥാ വെല്ലുവിളികൾ രൂക്ഷമാകുമ്പോൾ, ശുചിത്വ സംവിധാനങ്ങളിൽ പ്രതിരോധശേഷി സംയോജിപ്പിക്കുന്നത് സാധ്യതയല്ല, ഇനി അനിവാര്യതയാണ് എന്ന് അദ്ദേഹം പറഞ്ഞു.ഇതിനായി സംസ്ഥാനങ്ങൾക്ക് ആവശ്യമായ സംവിധാനങ്ങൾ, വിഭവങ്ങൾ, മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ നൽകി അവരെ പിന്തുണയ്ക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്നും അദ്ദേഹം വ്യക്തമാക്കി .

 ശുചിത്വം നിലനിർത്തുന്നതിൽ ഗ്രാമപഞ്ചായത്തുകളുടെ നിർണായക പങ്ക് എടുത്തുകാണിച്ചുകൊണ്ട് 'സുസ്ഥിര ശുചിത്വത്തിനായി പഞ്ചായത്തിരാജ് സ്ഥാപനങ്ങളെ ശക്തിപ്പെടുത്തൽ' എന്ന വിഷയത്തിൽ നടന്ന സെമിനാർ പഞ്ചായത്തിരാജ് മന്ത്രാലയത്തിന്റെ (എംഒപിആർ) അഡീഷണൽ സെക്രട്ടറി ശ്രീ സുശീൽ കുമാർ ലോഹാനി നയിച്ചു. ഇ-ഗ്രാം സ്വരാജ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് 2.5 ലക്ഷത്തിലധികം പഞ്ചായത്തുകൾ വിഷയാധിഷ്ഠിത വികസന പദ്ധതികൾ തയ്യാറാക്കുകയും പഞ്ചായത്ത് മുന്നേറ്റ സൂചിക വഴി അവയുടെ പ്രകടനം വിലയിരുത്തുകയും ചെയ്യുന്നതിലൂടെ, ഗ്രാമീണ ശുചിത്വ പരിപാടികളുടെ കേന്ദ്രബിന്ദുവായി തദ്ദേശഭരണ സംവിധാനം മാറിക്കൊണ്ടിരിക്കുന്നു.

 സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന വിധത്തിൽ മാലിന്യ സംസ്കരണം, മലിനജല പുനരുപയോഗം, സമഗ്രമായ ശുചിത്വ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ ദൃശ്യമായ ഫലങ്ങൾ കാഴ്ചവെക്കാൻ തദ്ദേശ സ്ഥാപനങ്ങളെ സഹായിക്കുന്ന' ക്ലീൻ ആൻഡ് ഗ്രീൻ പഞ്ചായത്ത്' സംരംഭത്തെക്കുറിച്ചും സെഷൻ വിശദമാക്കി. 100% മാലിന്യം വേർതിരിക്കൽ, വൻ തോതിലുള്ള കമ്പോസ്റ്റിംഗ് പ്രവർത്തനങ്ങൾ, പരിസ്ഥിതി സൗഹൃദ രീതികൾ, സുരക്ഷിതമായ ശുചിത്വ മാതൃകകൾ എന്നിവയിലെ ശ്രമങ്ങൾ ഉൾപ്പെടെ പുരസ്കാര ജേതാക്കളായ ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ള മികച്ച രീതികൾ ശില്പശാലയിൽ  പ്രദർശിപ്പിച്ചു.

 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുടനീളവുമുള്ള പുരോഗതിയുടെ സമഗ്രമായ ഒരു വിവരണം എസ്ബിഎം- ജി അവലോകന സെഷൻ നൽകി. പ്രധാന വസ്തുതകൾ:

•ലക്ഷ്യമിട്ട ഗ്രാമങ്ങളിൽ 80% ത്തിന് ODF പ്ലസ് മാതൃക പദവി ലഭിച്ചു. അതേസമയം 54% മാത്രമേ പരിശോധിച്ചുറപ്പിച്ചിട്ടുള്ളൂ.

• മലിനജല പരിപാലന സംവിധാനങ്ങൾ ദേശീയതലത്തിൽ 91% എന്ന നിരക്കിൽ പൂർത്തിയായി. 20-ലധികം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇത് 95% പിന്നിട്ടു

•ഖരമാലിന്യ പരിപാലന സംവിധാനങ്ങളുടെ നിരക്ക് 87% ആണ്. അതേസമയം പ്ലാസ്റ്റിക് മാലിന്യ പരിപാലന സംവിധാനങ്ങൾ ബ്ലോക്ക് തലത്തിൽ 70% പൂർത്തിയായി. എന്നിരുന്നാലും അവയുടെ പ്രവർത്തനക്ഷമത ഇപ്പോഴും ശ്രദ്ധ നൽകേണ്ട വിഷയമാണ്.

സ്വച്ഛ് ഭാരത് മിഷൻ ഒരു ദശകം പൂർത്തിയാക്കുമ്പോൾ, കാലാവസ്ഥാ അനുയോജ്യ നൂതനാശയങ്ങളും, സുസ്ഥിരതയും സംയോജിപ്പിച്ചുകൊണ്ട് പ്രാദേശിക നേതൃത്വത്താൽ നയിക്കപ്പെടുന്ന SBM-G യുടെ അടുത്ത ഘട്ടം മുന്നോട്ടുകൊണ്ടുപോകാനുള്ള ഗവൺമെന്റിന്റെ ദൃഢനിശ്ചയത്തെ ശില്പശാല സ്ഥിരീകരിച്ചു. സംയോജനം, നിരീക്ഷണം, ശീലങ്ങളിലെ മാറ്റം എന്നിവയോടെ, ശുചിത്വവും ആരോഗ്യപൂർണ്ണവും കൂടുതൽ നീതിയുക്തവുമായ ഒരു ഗ്രാമീണ ഇന്ത്യയിലേക്കുള്ള മാറ്റത്തിന് ശുചിത്വ ഭാരത ദൗത്യം പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുന്നു.

 

SKY

 

*****


(Release ID: 2141711)